ജനകീയാസൂത്രണത്തിന്റെ ആരംഭംമുതല്‍ പുതുമയാര്‍ന്നതും സാധാരണ ജനങ്ങള്‍ക്ക് പ്രയോജനം നല്‍കുന്നതുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ആരോഗ്യരംഗത്ത് മുഹമ്മ ഗ്രാമ പഞ്ചായത്ത് കാഴ്ചവെച്ചിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടവയെക്കുറിച്ച് ഹ്രസ്വമായി പ്രതിപാദിക്കട്ടെ.
സാന്ത്വനം പദ്ധതി
ആരോഗ്യസര്‍വ്വേയില്‍ മാറാരോഗികളായി തീരെ കിടപ്പിലായ നൂറ്റമ്പതിലേറെപ്പേരെ 2006ല്‍ കണ്ടെത്തിയിരുന്നു. 2007-2008 വര്‍ഷത്തില്‍ ഇത്തരം രോഗികളെ ശുശ്രൂഷിക്കാന്‍ മുഹമ്മ പഞ്ചായത്ത് 'സാന്ത്വനം' എന്ന ഒരു പദ്ധതിക്ക് രൂപംകൊടുത്തു. വോളണ്ടിയര്‍മാരും നഴ്സും ഡോക്ടറും കിടപ്പിലായ രോഗികളെ വീട്ടില്‍ച്ചെന്നു പരിചരിക്കുന്ന പരിപാടിയാണിത്. പഞ്ചായത്തിലെ 15 വാര്‍ഡുകളില്‍നിന്നുമുള്ള 85 വാളണ്ടിയര്‍മാര്‍ക്കും ഒരു നഴ്സിനും ആദ്യഘട്ടത്തില്‍ പരിശീലനം കൊടുത്തു. 2007-2008ല്‍ സാന്ത്വനം പദ്ധതിക്ക് പഞ്ചായത്ത് ഒരു ലക്ഷം രൂപയാണ് നീക്കിവെച്ചത്. അടുത്തവര്‍ഷം അത് രണ്ടുലക്ഷമായി ഉയര്‍ന്നു. 2009-2010ല്‍ 2,49,500 രൂപ ഈ പദ്ധതിക്കുവേണ്ടി നീക്കിവെച്ചിട്ടുണ്ട്.
കേരളത്തില്‍ ആദ്യമായി സാന്ത്വന പരിചരണത്തിനായി ഒരു ഗ്രാമപഞ്ചായത്ത് നേരിട്ടിടപെടുന്നതും പദ്ധതിയില്‍ പണം നീക്കിവെയ്ക്കുന്നതും മുഹമ്മയിലാണ്. പല പഞ്ചായത്തുകളില്‍നിന്നും ഈ പദ്ധതിയെക്കുറിച്ചു മനസ്സിലാക്കുന്നതിന് ഇതില്‍ താല്‍പര്യമുള്ളവര്‍ എത്തുന്നുണ്ട്. അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി എന്നീ മൂന്നു വിഭാഗത്തിലെയും ഡോക്ടര്‍മാര്‍ ഈ പദ്ധതിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ 205 രോഗികളാണ് ഈ പദ്ധതിയുടെ പരിധിയില്‍ വരുന്നത്. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും രോഗികളുടെ പരിചരണത്തിനായി ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തുന്നുണ്ട്. മരുന്നുകള്‍, 'വാട്ടര്‍ബഡ്' എന്നിവ ആവശ്യമുള്ള രോഗികള്‍ക്ക് നല്‍കുന്നു. ആഹാരവും മറ്റു ചില സഹായങ്ങളും ചില രോഗികള്‍ക്ക് എത്തിക്കേണ്ടതുണ്ടെന്ന് പഞ്ചായത്തുകമ്മിറ്റി മനസ്സിലാക്കുന്നു. അടുത്ത പദ്ധതിയില്‍ അതിനുള്ള തുക കണ്ടെത്തുന്നതിനെക്കുറിച്ച് ആലോചനയുണ്ട്. നഴ്സിന് ചെറിയ 'ഓണറേറിയം' പഞ്ചായത്തുനല്‍കുന്നു. വാളണ്ടിയര്‍മാരുടെ സേവനം തികച്ചും സൌജന്യമാണ്. നഴ്സിനോടൊപ്പം ഹോം കെയറിനു പോകുമ്പോള്‍ അവരുടെ ഭക്ഷണച്ചെലവുമാത്രമാണ് പഞ്ചായത്തുവഹിക്കുന്നത്. വാടകയ്ക്കെടുത്ത ഒരു വണ്ടിയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ 'ഹോംകെയറിനു' പോകുന്നത്. സാന്ത്വനം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഒ പി വിഭാഗം ആരംഭിക്കുന്നതിനുമായി പഞ്ചായത്ത് ഒരു കെട്ടിടം പണി കഴിപ്പിച്ചിട്ടുണ്ട്. തീര്‍ച്ചയായും, അവഗണിക്കപ്പെട്ട് വീടിന്റെ മൂലയില്‍ നിരാശയില്‍ കഴിഞ്ഞിരുന്ന പഞ്ചായത്തു പ്രദേശത്തെ കിടപ്പിലായ രോഗികള്‍ ഇന്ന് ഏറെ സന്തുഷ്ടരാണ്. കാരണം അവരെ ശ്രദ്ധിക്കാന്‍, അവരോടു കുശലംപറയാന്‍, അവര്‍ക്കു മരുന്നും മറ്റു സഹായങ്ങളുമായി സേവനസന്നദ്ധരായ ആള്‍ക്കാര്‍ എത്തുന്നു എന്നതുതന്നെ. ഏകാന്തതയില്‍നിന്നും സാന്ത്വന പരിചരണത്തിന്റെ തൂവല്‍സ്പര്‍ശം അവര്‍ക്കു മോചനം നല്‍കുകയാണ്. പാലിയേറ്റീവ് കെയര്‍രംഗത്ത് സര്‍ക്കാരിന്റെ പ്രോത്സാഹനവും ഇപ്പോഴുണ്ട്. എന്‍ആര്‍എച്ച്എംന്റെ ഒരു ഡോക്ടറുടെ സേവനവും ചില ദിവസങ്ങളില്‍ ലഭ്യമാകുന്നുണ്ട്.
ആരോഗ്യസേന
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ഏകോപിപ്പിച്ചുനടത്തുന്നതിനായിട്ടാണ് കേരളത്തില്‍തന്നെ ആദ്യമായി ഒരു 'ആരോഗ്യസേന' ഹെല്‍ത്ത് കമ്മിറ്റി എന്ന പേരില്‍ ഒരു ദശകത്തിനുമുമ്പ് ഇവിടെ സംഘടിപ്പിച്ചത്. ഇരുപത്തഞ്ചുവീടിന് ഒരാള്‍ എന്ന നിലയില്‍ വാളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുകയും ഇവര്‍ക്ക് കാലാകാലങ്ങളില്‍ പരിശീലനം നല്‍കുകകയും ചെയ്യുന്നു. ഇവരിലൂടെ ആരോഗ്യസേവനങ്ങള്‍ ജനങ്ങളിലെത്തിക്കുവാനും ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും കഴിയുന്നുണ്ട്. വാര്‍ഡുതലങ്ങളില്‍ ഇങ്ങനെ രൂപംകൊണ്ട ആരോഗ്യകമ്മിറ്റി പിന്നീട് എന്‍ആര്‍എച്ച്എം പരിപാടി വന്നപ്പോള്‍ ഹെല്‍ത്ത് & സാനിട്ടേഷന്‍ കമ്മിറ്റിയായി രൂപാന്തരപ്പെട്ടു. ആശാവാളണ്ടിയര്‍മാരും ഇതില്‍ ഉള്‍പ്പെടും.
കൌണ്‍സലിംഗ് സെന്റര്‍
കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ജ്യോത്സ്യന്മാരെയും പുരോഹിതന്മാരെയും കണ്ട് അശാസ്ത്രീയമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടുന്നതിനാണ് നാട്ടിന്‍പുറത്തെ ജനങ്ങള്‍ പലപ്പോഴും ശ്രമിച്ചിരുന്നത്. അന്ധവിശ്വാസപരമായ ഇത്തരം നടപടികളില്‍നിന്ന് വഴിമാറി ചിന്തിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും പ്രേരണ നല്‍കുന്നതിനായി മുഹമ്മ പിഎച്ച്സി (ഇപ്പോള്‍ സിഎച്ച്സി)യുടെ കീഴില്‍ ഒരു കൌണ്‍സലിംഗ് സെന്ററിന്റെ പ്രവര്‍ത്തനം മുഹമ്മ പഞ്ചായത്ത് ആരംഭിക്കുകയുണ്ടായി. കേരളത്തില്‍ ആദ്യമായി, ഒരു പക്ഷേ ഇന്ത്യയില്‍ത്തന്നെ ആദ്യമായി ഒരു പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കേന്ദ്രീകരിച്ച് കൌണ്‍സലിംഗ് സെന്റര്‍ ആരംഭിച്ച പഞ്ചായത്ത് എന്ന ബഹുമതി മുഹമ്മയ്ക്കുള്ളതാണ്. പിന്നീട് മുഹമ്മ പിഎച്ച്സി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി മാറിയപ്പോള്‍ കുറെക്കൂടി വിപുലമായ കൌണ്‍സലിംഗ് പരിപാടി കഞ്ഞിക്കുഴി ബ്ളോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഇവിടെ ആരംഭിച്ചിട്ടുണ്ട്.
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട്, പൊതുവെ കേരളത്തില്‍ വ്യാപകമാകുന്ന ആത്മഹത്യാ പ്രവണതയ്ക്കെതിരെ' ബോധവല്‍ക്കരണം നടത്തുന്നതിനായി സന്നദ്ധ പ്രവര്‍ത്തകരെ പരിശീലിപ്പിക്കുവാന്‍ 2006 മെയ് മാസത്തില്‍ ഒരു പരിപാടി പഞ്ചായത്ത് സംഘടിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശിശുമനോരോഗ വിദഗ്ധനായ ഡോ. ജയപ്രകാശാണ് ഈ പരിപാടിക്ക് നേതൃത്വം നല്‍കിയത്. പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ ആത്മഹത്യയ്ക്കെതിരായ സന്ദേശം വായനശാലകളിലും വിദ്യാലയങ്ങളിലും കുടുംബശ്രീയുള്‍പ്പെടെയുള്ള സ്വയംസഹായ സംഘങ്ങളിലും മറ്റും എത്തിക്കുന്നതില്‍ നല്ല പങ്കുവഹിക്കുകയുണ്ടായി.
രക്താതിസമ്മര്‍ദ്ദ പരിശോധനാ ക്ളിനിക്
2003ല്‍ മുഹമ്മ പിഎച്ച്സിയുടെ കീഴിലുള്ള നൂറ് കുടുംബ ക്ഷേമ ഉപ കേന്ദ്രങ്ങളിലും ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസിലും സൌജന്യ ബി പി പരിശോധനാ ക്ളിനിക്കുകള്‍ പ്രവര്‍ത്തനം തുടങ്ങി. കഞ്ഞിക്കുഴി-ആര്യാട് ബ്ളോക്ക് പഞ്ചായത്തുകള്‍ ചേര്‍ന്നുള്ള ജോയിന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോ. തോമസ് ഐസക് എംഎല്‍എയുടെ നേതൃത്വത്തില്‍ ആവിഷ്കരിച്ച സമഗ്ര ആരോഗ്യപദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇത്. തുടക്കത്തില്‍ മുഹമ്മ ഗ്രാമപഞ്ചായത്തുമാത്രമാണ് ഈ രംഗത്തേക്ക് കടന്നുവന്നത്. ബി പി ക്ളിനിക്കിന് ആവശ്യമായ ബി പി അപ്പാരറ്റസും മറ്റുപകരണങ്ങളും പഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ് വാങ്ങി നല്‍കിയത്.
മന്തുരോഗ പരിചരണ പദ്ധതി
നിലവില്‍ മന്തുരോഗം ബാധിച്ചിട്ടുള്ളവര്‍ക്ക് അത് മൂര്‍ച്ഛിക്കാതിരിക്കുന്നതിനുള്ള പരിചരണത്തിനും പ്രതിരോധത്തിനുമായി 'ഫൈലേറിയാ മോര്‍ബിഡിറ്റി ക്ളിനിക്' കേരളത്തില്‍ ആദ്യമായി ആരംഭിച്ചത് മുഹമ്മയിലാണ്. മന്തുരോഗികളുടെ ഒരു ക്യാമ്പ് മുഹമ്മയില്‍ സംഘടിപ്പിച്ചു. മുപ്പതുപേരാണതില്‍ പങ്കെടുത്തത്. അവരെ ബോധവല്‍ക്കരിക്കുകയും പരിചരിക്കുകയും ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സോണിയുടെ നേതൃത്വത്തില്‍ തുടര്‍ പരിചരണം നടത്തിവരുന്നു.
ക്ഷയരോഗികളുടെ പരിരക്ഷയ്ക്കായുള്ള 'മുക്തി' പദ്ധതി
നിലവിലുണ്ടായിരുന്ന ക്ഷയരോഗികള്‍ക്ക് സൌജന്യമായി മരുന്നുനല്‍കുന്നതിനോടൊപ്പം പോഷകാഹാരംകൂടി ലഭ്യമാക്കുന്നതിനായി 2005ല്‍ മുഹമ ഗ്രാമപഞ്ചായത്ത് രൂപംകൊടുത്തതാണ് 'മുക്തി' (ങഇഠകങൌവമാാമ ഇീിൃീഹ ഠ.ആ കി 2005)പദ്ധതി. പഞ്ചായത്ത് പ്രസിഡന്റിന്റെ പേരില്‍ സ്വരൂപിച്ച ദുരിതാശ്വാസനിധിയില്‍ നിന്നുമാണ് പാലും മുട്ടയും അടങ്ങുന്ന പോഷകാഹാരം രോഗികള്‍ക്ക് ലഭ്യമാക്കിയത്. ഉദാരമതികളില്‍നിന്ന് ലഭിക്കുന്ന സംഭാവനകൊണ്ട് കുറെക്കാലം ഈ പദ്ധതി നന്നായി പ്രവര്‍ത്തിച്ചിരുന്നു.
തിമിര വിമുക്ത ഗ്രാമം
ആലപ്പുഴ ടൌണ്‍ ഈസ്റ്റ് റോട്ടറി ക്ളബിന്റെയും അങ്കമാലി ലിറ്റില്‍ഫ്ളവര്‍ കണ്ണാശുപത്രിയുടെയും സഹകരണത്തോടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി പന്ത്രണ്ട് നേത്ര പരിശോധനാ ക്യാമ്പുകള്‍ നടത്തുകയുണ്ടായി. ഗ്രന്ഥശാലകളുടെയും മറ്റ് പ്രാദേശിക സന്നദ്ധ സംഘടനകളുടെയും സേവനവും ക്യാമ്പുകളുടെ സംഘാടനത്തിന് പ്രയോജനപ്പെടുത്തിയിരുന്നു. സാധാരണ നേത്ര രോഗങ്ങള്‍ക്ക് ചികിത്സാ നിര്‍ദ്ദേശങ്ങളും സൌജന്യ ഔഷധങ്ങളും നല്‍കിയിരുന്നു. തിമിരബാധിതരായി കണ്ടെത്തിയ 313 പേരെ പല ബാച്ചുകളിലായി അങ്കമാലി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയക്ക് വിധേയരാക്കി. ശസ്ത്രക്രിയ തികച്ചും സൌജന്യമായിട്ടാണ് നടത്തിക്കൊടുത്തത്. അങ്ങനെ 2008ല്‍ മുഹമ്മ 'തിമിര വിമുക്ത ഗ്രാമ'മായി പ്രഖ്യാപിക്കപ്പെട്ടു. ഇനിയും ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ പഞ്ചായത്തുദ്ദേശിക്കുന്നു.
പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍
പുകവലി, പൊടിവലി, പുകയില ചേര്‍ത്തുള്ള വെറ്റില മുറുക്ക്, പാന്‍മസാലകളുടെ ഉപയോഗം ഇവയെല്ലാം നമ്മുടെ ജനതയുടെ ആരോഗ്യത്തെ കാര്‍ന്നുതിന്നു നശിപ്പിക്കുകയാണ്. പുകയില ജന്യ രോഗങ്ങള്‍മൂലം ലക്ഷക്കണക്കിനാളുകളാണ് ഓരോവര്‍ഷവും നമ്മുടെ രാജ്യത്തു മരിക്കുന്നത്. പുകവലിയില്‍നിന്നും പുകയിലയുടെ മറ്റു രീതിയിലുള്ള തെറ്റായ ഉപയോഗങ്ങളില്‍നിന്നും ജനങ്ങളെ പിന്‍തിരിപ്പിക്കുവാന്‍ മുഹമ്മ പഞ്ചായത്തില്‍ പലവിധ ബോധവല്‍ക്കരണ പരിപാടികള്‍ ആരോഗ്യവകുപ്പുദ്യോഗസ്ഥരുടെ സഹകരണത്തോടെ നടപ്പിലാക്കിയിട്ടുണ്ട്. വിദ്യാലയങ്ങളുടെ പരിസരത്തെ കടകളില്‍ സിഗററ്റും മറ്റു പുകയില ഉല്‍പന്നങ്ങളും വില്‍ക്കുന്നത് നിരോധിക്കുകയൂം കടകളില്‍ വില്‍പനയ്ക്കുവെച്ചിരുന്ന പാന്‍മസാല പായ്ക്കറ്റുകള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയുമുണ്ടായി. പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 2001ല്‍ സംസ്ഥാനതല അവാര്‍ഡും 2006ല്‍ ജില്ലാതല അവാര്‍ഡുകളും മുഹമ്മ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് ലഭിക്കുകയുണ്ടായി.
ചിക്കുന്‍ഗുനിയയ്ക്കെതിരെ
2006ല്‍ കേരളത്തെയാകെ പിടിച്ചുകുലുക്കിയ 'ചിക്കന്‍ഗുനിയ' എന്ന പകര്‍ച്ചവ്യാധി മുഹമ്മയിലും ബാധിച്ചിരുന്നു. നിരവധി ബോധവല്‍ക്കരണ പരിപാടികള്‍ പഞ്ചായത്തു പ്രദേശത്താകെ നടത്തി. കൂടാതെ അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി എന്നീ മൂന്നു ചികില്‍സാ പദ്ധതികളുടെ നിരവധി മെഡിക്കല്‍ ക്യാമ്പുകളും രോഗപ്രതിരോധ നടപടികളും സംഘടിപ്പിച്ചു. മുഹമ്മപഞ്ചായത്തിലെ 12-ാം വാര്‍ഡിനെ തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദകോളേജ് ദത്തെടുക്കുകയുണ്ടായി. ഒരു വര്‍ഷം മുഴുവന്‍ രോഗപ്രതിരോധത്തിനുതകുന്ന ഔഷധങ്ങള്‍ സൌജന്യമായി അവര്‍ അവിടെ വിതരണംചെയ്തു. വിപുലമായ മൂന്ന് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പുകള്‍ അതോടനുബന്ധിച്ച് മുഹമ്മയില്‍ നടത്തുകയുമുണ്ടായി. ഹെല്‍ത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കൊതുകുനശീകരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും ഒരു തുടര്‍ പ്രക്രിയയായി നടത്തിവരുന്നു. 2006ല്‍ത്തന്നെ പഞ്ചായത്തു പ്രദേശം പ്ളാസ്റ്റിക് നിരോധിതമേഖലയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ജീവിത ശൈലീ രോഗക്ളിനിക്
ബിപി ക്ളിനിക്കുകള്‍ പ്രവര്‍ത്തിച്ചുവരുന്ന വിവരം നേരത്തേ സൂചിപ്പിച്ചുവല്ലോ. എല്ലാ വാര്‍ഡുകളിലും പ്രത്യേക പരിശോധനയിലൂടെ പ്രമേഹരോഗ സാദ്ധ്യതയുള്ളവരെ കണ്ടെത്തി അവരുടെ രക്തപരിശോധനയിലൂടെ രോഗനിര്‍ണ്ണയം നടത്തുകയുണ്ടായി. പ്രമേഹരോഗികള്‍ക്കും രോഗ സാദ്ധ്യതയുള്ളവര്‍ക്കുമായി പഞ്ചായത്തുതലത്തില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുത്ത ബോധവല്‍ക്കരണ പരിപാടികള്‍ കഴിഞ്ഞമാസത്തില്‍ നടത്തുകയുണ്ടായി. മുഹമ്മ സിഎച്ച്സിയില്‍ ഒരു പ്രമേഹരോഗ ക്ളിനിക് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. മുഹമ്മ സിഎച്ചിസിയിലും ആറ് സബ് സെന്ററുകളിലും ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ുള്ള ക്ളിനിക്കുകള്‍ ആരംഭിക്കുന്നതിനു പരിപാടിയുണ്ട്.
സമഗ്ര ആരോഗ്യ പദ്ധതിയിലേക്ക്
ഇന്ന് ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുപുറമെ കാലിക പ്രാധാന്യമുള്ള ചില പ്രവര്‍ത്തനങ്ങളും ആരോഗ്യരംഗത്ത് ആവശ്യമായിരിക്കുന്നു. അങ്ങനെ ഒരു ഗ്രാമപഞ്ചായത്തിന് ചെയ്യാവുന്ന കാര്യങ്ങളൊക്കെ ഉള്‍പ്പെടുത്തി ഒരു സമഗ്ര ആരോഗ്യ പദ്ധതിയുടെ കരടുരൂപത്തിന് മുഹമ്മ ഗ്രാമപഞ്ചായത്ത് രൂപം നല്‍കിയിട്ടുണ്ട്. പ്രധാനമായും ആ പദ്ധതി ആവിഷ്കരിക്കുന്നതിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ പ്രൊഫസറായ ഡോ. വിജയകുമാറും ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പ്രൊഫസറായ ഡോ: സൈറുഫിലിപ്പും മുഹമ്മ കമ്യൂണിറ്റിഹെല്‍ത്തുസെന്ററിലെയും ആയുര്‍വേദാശുപത്രിയിലെയും ഹോമിയോ ആശുപത്രിയിലെയും മെഡിക്കല്‍ ഓഫീസര്‍മാരും മറ്റു സ്റ്റാഫുമാണ് സഹായിച്ചിട്ടുള്ളത്. ഇതുസംബന്ധിമായി കുറെക്കൂടി വിശദമായ ചര്‍ച്ചനടത്തി പദ്ധതിക്ക് അന്തിമരൂപം നല്‍കാനാണ് തീരുമാനം.
മുഹമ്മ രവീന്ദ്രനാഥ് ചെയര്‍മാന്‍, മുഹമ്മ ഗ്രാമപഞ്ചായത്ത് ക്ഷേമാര്യ സ്റ്റാന്റിങ് കമ്മിറ്റി
ജനകീയാസൂത്രണത്തിന്റെ ആരംഭംമുതല്‍ പുതുമയാര്‍ന്നതും സാധാരണ ജനങ്ങള്‍ക്ക് പ്രയോജനം നല്‍കുന്നതുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ആരോഗ്യരംഗത്ത് മുഹമ്മ ഗ്രാമ പഞ്ചായത്ത് കാഴ്ചവെച്ചിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടവയെക്കുറിച്ച് ഹ്രസ്വമായി പ്രതിപാദിക്കട്ടെ.
ReplyDelete