Saturday, February 27, 2010

അല്പം കൂടി ബജറ്റ് വാര്‍ത്തകള്‍

40,000 കോടിയുടെ ഓഹരി വില്‍ക്കും

പൊതുമേഖല ഓഹരിവില്‍പ്പനയിലൂടെ 40,000 കോടി രൂപ സ്വരൂപിക്കാന്‍ കേന്ദ്രബജറ്റ് ലക്ഷ്യമിടുന്നു. നടപ്പുസാമ്പത്തികവര്‍ഷം 25,000 കോടി രൂപ പൊതുമേഖല ഓഹരികള്‍ വിറ്റതിലൂടെ നേടിയെന്ന് അഭിമാനത്തോടെ പറയാനും ധനമന്ത്രി തയ്യാറായി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം സാധാരണക്കാര്‍ക്ക് നല്‍കുന്നുവെന്ന പേരിലാണ് ഈ കൊള്ള നടക്കുന്നത്. ഓയില്‍ ഇന്ത്യ ലിമിറ്റഡ്, എന്‍എച്ച്പിസി, എന്‍ടിപിസി, ഗ്രാമീണ വൈദ്യുതി കോര്‍പറേഷന്‍, നാഷണല്‍ മിനറല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍, സത്ലജ് ജല്‍ വിദ്യുത് നിഗം ലിമിറ്റഡ് എന്നിവയാണ് നടപ്പുസാമ്പത്തികവര്‍ഷം ഓഹരി വിറ്റ കമ്പനികള്‍. എന്നാല്‍, എത്ര തുകയാണ് അടുത്തവര്‍ഷം ലക്ഷ്യമാക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞില്ല. പലവക മൂലധന വരവ് എന്ന ശീര്‍ഷകത്തിലാണ് 40,000 കോടി രൂപ സംഭരിക്കുമെന്ന് പറയുന്നത്. ഗവമെന്റിന്റെ ചെലവ് നടത്താനാണ് പൊതുസ്വത്ത് വിറ്റുകിട്ടുന്ന പണം ഉപയോഗിക്കുകയെന്ന് ബജറ്റില്‍ പറയുന്നു. സര്‍ക്കാര്‍ നടപ്പാക്കുന്ന സാമൂഹ്യക്ഷേമപദ്ധതികള്‍ക്കാണ് ഈ തുക ചെലവാക്കുക. കോര്‍പറേറ്റ് ഭരണം മെച്ചപ്പെടുത്തുന്നതോടൊപ്പം ഓഹരിമൂല്യം വര്‍ധിപ്പിക്കാനും ഇത് സഹായിക്കുമെന്ന് ബജറ്റില്‍ പറഞ്ഞു. 2004നുശേഷം ഓഹരിക്കമ്പോളത്തില്‍ പ്രവേശിച്ച അഞ്ചു കമ്പനികളുടെ ഓഹരിമൂല്യം 3.8 ശതമാനം വര്‍ധിച്ചു. 71,841 കോടിയായിരുന്ന മൂലധനമൂല്യം 2,98,929 കോടിയായി ഉയര്‍ന്നുവെന്ന് ധനമന്ത്രി അവകാശപ്പെട്ടു. കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ച പബ്ളിക് എന്റര്‍പ്രൈസസ് സര്‍വേ പറയുന്നത് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിമൂല്യം 27.41 ശതമാനം ഇടിഞ്ഞുവെന്നാണ്. ഇത് മറച്ചുവച്ചാണ് ധനമന്ത്രിയുടെ അവകാശവാദം.

കൃഷിക്ക് ഒന്നുമില്ല; കര്‍ഷകനും

രാജ്യത്തിന്റെ കാര്‍ഷികമേഖലയെ കൈപിടിച്ചുയര്‍ത്താനുള്ള പദ്ധതികളോ ദീര്‍ഘകാലവളര്‍ച്ച ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങളോ ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി അവതരിപ്പിച്ച ബജറ്റിലില്ല. കാര്‍ഷികമേഖലയെ നെഗറ്റീവ് വളര്‍ച്ചയിലേക്ക് നയിച്ച അടിസ്ഥാനകാരണങ്ങളെ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കര്‍ഷകരക്ഷയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കുമെന്ന പേരില്‍ ബജറ്റില്‍ നിര്‍ദേശിച്ച പദ്ധതികളില്‍ മിക്കതും സ്വകാര്യമേഖലയ്ക്കും ഇടത്തട്ടുകാര്‍ക്കും നേട്ടമുണ്ടാക്കുന്നതാണ്. കാര്‍ഷികവായ്പയുടെ പലിശനിരക്ക് ഒരു ശതമാനം കുറച്ച് അഞ്ചുശതമാനമാക്കുമെന്ന പ്രഖ്യാപനമാണ് നേട്ടമായി കൊണ്ടാടുന്നത്. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്കുമാത്രമാണ് ഈ ഇളവ് ലഭിക്കുക. വരള്‍ച്ചയിലും വെള്ളപ്പൊക്കത്തിലും നിത്യവൃത്തിക്കുപോലും വകയില്ലാതായ ദരിദ്രര്‍ക്ക് ഈ നടപടി പ്രയോജനപ്പെടില്ല. കാര്‍ഷികവായ്പ തിരിച്ചടയ്ക്കാന്‍ അനുവദിച്ച സമയപരിധി ആറുമാസത്തേക്കുമാത്രമാണ് നീട്ടിയത്. കാര്‍ഷിക വിലത്തകര്‍ച്ചയും പ്രകൃതിക്ഷോഭവും കാരണം പട്ടിണിയിലായ കര്‍ഷകര്‍ കുടിശ്ശിക ജൂ മുപ്പതിനകം തിരിച്ചടയ്ക്കണമെന്ന കര്‍ശന നിര്‍ദേശമാണിത്. കാര്‍ഷികവായ്പ നല്‍കുന്നതിന്റെ പരിധി 50,000 കോടി ഉയര്‍ത്തി 3.75 ലക്ഷം കോടിയാക്കിയെന്ന പ്രഖ്യാപനം വലിയ നേട്ടമായാണ് ധനമന്ത്രി അവതരിപ്പിച്ചത്. എന്നാല്‍, വായ്പ നല്‍കുന്ന ബാങ്കുകളോട് പരിധി ഉയര്‍ത്താന്‍ അഭ്യര്‍ഥിക്കുകയല്ലാതെ മറ്റൊന്നും സര്‍ക്കാര്‍ ചെയ്യുന്നില്ല.

വളം സബ്സിഡി നേരിട്ട് കര്‍ഷകര്‍ക്ക് നല്‍കുമെന്ന വാഗ്ദാനം കഴിഞ്ഞ ബജറ്റിലേതുപോലെ ആവര്‍ത്തിക്കുന്നു. സബ്സിഡി കൂപ്പണ്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത് വളം നിര്‍മാണ ലോബിയെ സഹായിക്കാനാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കാര്‍ഷികമേഖലയ്ക്കായി പദ്ധതി-പദ്ധതിയിതര വിഭാഗത്തില്‍ 15,537.45 കോടി രൂപയാണ് നീക്കിവച്ചത്. കാര്‍ഷികവളര്‍ച്ചയ്ക്ക് നാലിനപരിപാടിയും നിര്‍ദേശിക്കുന്നു. എന്നാല്‍, കാര്‍ഷികമുരടിപ്പിന് പരിഹാരം കാണാനുള്ള പദ്ധതി ഇതിലില്ല. സ്വകാര്യ ഗോഡൌണുകള്‍ എഫ്സിഐക്ക് വാടകയ്ക്ക് എടുക്കാവുന്ന കാലാവധി ഏഴുവര്‍ഷമായി ഉയര്‍ത്തിയ സര്‍ക്കാര്‍ സംഭരണകേന്ദ്രങ്ങള്‍ തുറക്കുമെന്ന് പറയുന്നില്ല. കേരളത്തിലെ കര്‍ഷകരെ അവഗണിക്കുന്നതാണ് ബജറ്റ്. ആസിയന്‍ കരാറിന്റെ ദോഷമനുഭവിക്കുന്ന സംസ്ഥാനത്തിന്റെ കാര്‍ഷികമേഖലയെ സംരക്ഷിക്കാന്‍ ഒരു പദ്ധതിപോലും ഉള്‍പ്പെടുത്തിയില്ല. പാടത്ത് പണിയെടുക്കുന്നവരെമാത്രമാണ് ബജറ്റില്‍ കര്‍ഷരായി കാണുന്നത്. കാലികളെ വളര്‍ത്തുന്നവരെയും പാല്‍, മാംസം, മുട്ട, മത്സ്യം തുടങ്ങിയവ ഉല്‍പ്പാദിപ്പിക്കുന്ന അനുബന്ധമേഖലകളെയും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിച്ചു. കാര്‍ഷികമേഖലയുടെ നെഗറ്റീവ് വളര്‍ച്ചയ്ക്ക് കാരണം കൃഷിഭൂമിയുടെ വിസ്തൃതിയും ഉല്‍പ്പാദനക്ഷമതയും കുറഞ്ഞതാണെന്ന് കഴിഞ്ഞദിവസം പുറത്തുവിട്ട സാമ്പത്തികസര്‍വേതന്നെ ചൂണ്ടിക്കാട്ടുന്നു. ഇതിന് പരിഹാരം കാണാനുള്ള നടപടിയും ബജറ്റിലില്ല. കാര്‍ഷികമേഖലയെ അവഗണിച്ചാലും വ്യാവസായിക-സേവന മേഖലകളില്‍നിന്നുള്ള നേട്ടം ഒമ്പത് ശതമാനം സാമ്പത്തികവളര്‍ച്ചയിലേക്ക് നയിക്കുമെന്ന നിഗമനത്തിലാണ് ബജറ്റ് തയ്യാറാക്കിയതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
(വിജേഷ് ചൂടല്‍)

പ്രവാസികളും ബജറ്റിനു പുറത്ത്

കേന്ദ്രബജറ്റില്‍ പ്രവാസി ഇന്ത്യക്കാരെ പൂര്‍ണമായി തഴഞ്ഞു. ക്ഷേമനിധി അടക്കം നിരവധി ആവശ്യങ്ങള്‍ പ്രവാസികള്‍ സര്‍ക്കാരിനു മുന്നില്‍ ഉന്നയിച്ചിരുന്നെങ്കിലും ഒന്നുപോലും ബജറ്റിലില്ല. വയലാര്‍ രവിയുടെ ചുമതലയിലുള്ള പ്രവാസിവകുപ്പിന് 80 കോടി രൂപയാണ് ബജറ്റിലുള്ളത്. കേരളസര്‍ക്കാര്‍ നടപ്പാക്കിയ മാതൃകയില്‍ പ്രവാസികള്‍ക്കായി ക്ഷേമനിധി കൊണ്ടുവരണമെന്ന ആവശ്യം ദീര്‍ഘകാലമായി നിലനില്‍ക്കുന്നതാണ്. ഇക്കാര്യം പരിഗണിക്കാമെന്ന് വയലാര്‍ രവി അടക്കമുള്ളവര്‍ ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍, ബജറ്റില്‍ ഈ ആവശ്യങ്ങളെല്ലാം നിരാകരിക്കപ്പെട്ടു. പല രാജ്യങ്ങളും സാമ്പത്തികമാന്ദ്യത്തില്‍നിന്ന് ഇപ്പോഴും കരകയറാത്ത അവസ്ഥയിലാണ്. മാന്ദ്യത്തിന്റെ ദോഷവശങ്ങള്‍ ആദ്യം ബാധിക്കുക അവിടെ ജോലിചെയ്യുന്ന പ്രവാസികളെയാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ജോലിനഷ്ടപ്പെട്ടും മറ്റും ആയിരക്കണക്കിനു പ്രവാസികള്‍ മടങ്ങിയെത്തിയതായി കേന്ദ്രസര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ പറയുന്നു. ജോലിനഷ്ടമായി എത്തുന്നവരെ സഹായിക്കാനാണ് ക്ഷേമനിധി രൂപീകരിക്കണമെന്ന ആവശ്യം. വിദേശത്തു പോകുന്ന ഇന്ത്യാക്കാരില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ മൈഗ്രേഷന്‍ ഫീസ് വര്‍ഷങ്ങളായി ഈടാക്കുന്നുണ്ട്. ഇതിപ്പോള്‍ 20,000 കോടിയോളം വരുമെന്നാണ് കണക്ക്. സര്‍ക്കാരിന്റെ പക്കലുള്ള ഈ പണം പ്രവാസികളുടെ ക്ഷേമത്തിനായി വിനിയോഗിക്കണമെന്ന ആവശ്യവും നിലവിലുണ്ട്. എന്നാല്‍, ബജറ്റില്‍ പ്രവാസികളെ കുറിച്ച് ഒരക്ഷരംപോലും പരാമര്‍ശിക്കപ്പെട്ടില്ല. പുതുക്കിയ കണക്കുപ്രകാരം ഹജ്ജ് സബ്സിഡിക്ക് 941 കോടി രൂപയാണ് നടപ്പുവര്‍ഷം സര്‍ക്കാര്‍ ചെലവഴിച്ചത്. എന്നാല്‍, ബജറ്റില്‍ ഹജ്ജ് സബ്സിഡിക്ക് 800 കോടി രൂപ മാത്രമാണുള്ളത്.

കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങളെ വീണ്ടും അവഗണിച്ചു

സംസ്ഥാനത്തെ കേന്ദ്രപൊതുമേഖലസ്ഥാപനങ്ങള്‍ക്ക്് ഈ ബജറ്റിലും കടുത്ത അവഗണന. കൊച്ചി തുറമുഖത്തിന്റെയും കൊച്ചി കപ്പല്‍ശാലയുടെയും ഫാക്ടിന്റെയും വികസനവും ഭാവിപ്രവര്‍ത്തനങ്ങളും ലക്ഷ്യമിട്ട് ഒന്നുംതന്നെ ബജറ്റില്‍ അനുവദിച്ചിട്ടില്ല. അനുവദിച്ചിരിക്കുന്ന നാമമാത്രമായ തുകയാകട്ടെ വാര്‍ഷിക പദ്ധതിവിഹിതമാണുതാനും. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ ഈ വര്‍ഷം കമീഷന്‍ ചെയ്യാനിരിക്കേ കൊച്ചി തുറമുഖത്തിന്റെ വികസനത്തിനോ ടെര്‍മിനല്‍ നിര്‍മാണത്തിനോ ബജറ്റില്‍ ഒന്നും നീക്കിവച്ചില്ല. ടെര്‍മിനല്‍ നിര്‍മാണം ആരംഭിച്ചശേഷം കൊച്ചി തുറമുഖത്തിന്റെ എല്ലാ ശ്രദ്ധയും ടെര്‍മിനലിലേക്ക് മാത്രമായിരിക്കുകയാണ്. തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങളെത്തന്നെ സാരമായി ബാധിക്കുംവിധം പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോഴും തുറമുഖത്തിന്റെ നവീകരണത്തിനോ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കോ ഒന്നും അനുവദിച്ചിട്ടില്ല. അനുവദിച്ചുവെന്നുപറയുന്ന 21.9 കോടി രൂപവാര്‍ഷിക പദ്ധതിവിഹിതമാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്കും വൈവിധ്യവല്‍ക്കരണത്തിനും ഫാക്ട് 2500 കോടി രൂപയുടെ പ്രോജക്ട് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അനുവദിച്ച 89.99 കോടി വാര്‍ഷിക പദ്ധതി വിഹിതം മാത്രമാണെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെ ചന്ദ്രന്‍പിള്ള പറഞ്ഞു. ഉദ്യോഗമണ്ഡലില്‍ യൂറിയ പ്ളാന്റ് സ്ഥാപിക്കുന്നതിനും കൊച്ചിന്‍ ഡിവിഷനില്‍ കോപ്ളക്സ് ശേഷി വര്‍ധിപ്പിക്കുന്നതിനുമുള്ള 685 കോടി രൂപയുടേയും 289 കോടി രൂപയുടേയും പദ്ധതികള്‍ക്ക് പച്ചക്കൊടി ഇക്കുറി ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു മാനേജ്മെന്റും തൊഴിലാളികളും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ എക്സൈസ് തീരുവ ഉയര്‍ത്തിയത് ഫാക്ടിന്റെ പ്രവര്‍ത്തനച്ചെലവ് വര്‍ധിക്കാനിടയാക്കും. പെട്രോളിയം ഉല്‍പ്പന്നങ്ങളായ നാഫ്തയും ബെന്‍സീനും ഉപയോഗിച്ചാണ് ഫാക്ട് പ്രവര്‍ത്തിക്കുന്നത്. കൊച്ചി കപ്പല്‍ശാലക്ക് 237.97 കോടി രൂപയാണ് വാര്‍ഷിക പദ്ധതിവിഹിതമായി നീക്കിവച്ചിട്ടുള്ളത്. മൃതപ്രായത്തിലുള്ള എച്ച്എംടി കളമശ്ശേരി യൂണിറ്റിനെ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നവര്‍ക്കും മെട്രോ റെയില്‍ അടക്കമുള്ള പദ്ധതികള്‍ക്ക് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിച്ചിരുന്നവവര്‍ക്കും ബജറ്റ് നിരാശയാണ് നല്‍കിയത്.

ഉത്തേജക നടപടികളില്‍നിന്നു പിന്മാറ്റം

ആഗോള സാമ്പത്തികപ്രതിസന്ധി മൂര്‍ച്ഛിച്ചഘട്ടത്തില്‍ സമ്പദ്വ്യവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ മറ്റു രാജ്യങ്ങളുടെ ചുവടുപിടിച്ച് ഏര്‍പ്പെടുത്തിയ ഉത്തേജക നടപടികളില്‍നിന്നുള്ള പിന്മാറ്റത്തിന് തുടക്കംകുറിക്കുന്നതാണ് ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ്. എക്സൈസ് തീരുവ രണ്ട് ശതമാനം ഉയര്‍ത്തിയത് ഈ ദിശയിലെ ആദ്യചുവടാണ്. സേവനനികുതി ഉയര്‍ത്തിയിട്ടില്ലെങ്കിലും കൂടുതല്‍ വിഭാഗങ്ങളെ അതിന്റെ പരിധിയിലാക്കിയിട്ടുണ്ട്. 2008 ഡിസംബറിനുശേഷം രണ്ടുതവണയായി എക്സൈസ് തീരുവ കുറച്ചിരുന്നു. തുടര്‍ന്ന്, പ്രതിസന്ധി മറികടന്ന് സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടു എന്ന വാദം ഉയര്‍ത്തിയാണ് ഉത്തേജക നടപടികളില്‍നിന്ന് പിന്‍വാങ്ങുന്നത്. എന്നാല്‍, സാമ്പത്തികവളര്‍ച്ച ഈ സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപാദത്തിലെ 7.9 ശതമാനത്തില്‍നിന്ന് മൂന്നാംപാദത്തില്‍ ആറ് ശതമാനമായി ഇടിഞ്ഞെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന ദിവസംതന്നെയാണ് എക്സൈസ് തീരുവ വര്‍ധിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്.

ധനകമ്മി കുറയ്ക്കാന്‍ സബ്സിഡിയും ഗ്രാന്റും വെട്ടിച്ചുരുക്കുന്നു

ധനകമ്മി കുറയ്ക്കാനെന്ന പേരില്‍ വളം, ഭക്ഷ്യവസ്തു, ഇന്ധന സബ്സിഡികള്‍ കേന്ദ്രസര്‍ക്കാര്‍ ഗണ്യമായി വെട്ടിച്ചുരുക്കുന്നു. പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ബജറ്റില്‍ സബ്സിഡി ചെലവില്‍ അടുത്ത സാമ്പത്തികവര്‍ഷം 14,801 കോടി രൂപയുടെ വെട്ടിക്കുറവാണ് ലക്ഷ്യമിടുന്നത്. ഇന്ധനവിലകളും എക്സൈസ് തീരുവയും കൂട്ടുന്നതിനു പുറമെ സബ്സിഡികള്‍കൂടി ഇല്ലാതാക്കുന്നത് സാധാരണക്കാരുടെ ദുരിതംകൂട്ടും. വിവിധ ഗ്രാന്റുകളും സര്‍ക്കാര്‍ വന്‍തോതില്‍ വെട്ടുക്കുറച്ചു. സബ്സിഡികള്‍ വെട്ടിക്കുറയ്ക്കണമെന്നത് അമേരിക്കയടക്കമുള്ള മുതലാളിത്തശക്തികളുടെ പ്രധാന അജന്‍ഡകളിലൊന്നാണ്. രണ്ടാം യുപിഎ സര്‍ക്കാര്‍ നീങ്ങുന്നത് ഈ ദിശയിലേക്കാണ്. ബജറ്റില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ കൂട്ടിയതും വളംസബ്സിഡി സമ്പ്രദായം മാറ്റുന്നതും സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായാണ്. നടപ്പു സാമ്പത്തികവര്‍ഷം പ്രതീക്ഷിത സബ്സിഡി ചെലവ് 1,31,024.94 കോടി രൂപയാണ്. എന്നാല്‍, 2010-11 വര്‍ഷത്തേക്കുള്ള ബജറ്റില്‍ സബ്സിഡി ചെലവുകള്‍ക്ക് അനുവദിച്ചത് 1,16,224.04 കോടി രൂപയാണ്- മുന്‍വര്‍ഷത്തേക്കാള്‍ 14,800.90 കോടി രൂപയുടെ കുറവ്. പെട്രോളിയം സബ്സിഡിയിലാണ് വലിയ വെട്ടിക്കുറവ് ലക്ഷ്യമിടുന്നത്- 11,846 കോടി രൂപ. നടപ്പുവര്‍ഷം പെട്രോളിയം സബ്സിഡിക്ക് 14,954 കോടി രൂപയാണ് ചെലവഴിച്ചത.് 2010-11 വര്‍ഷത്തേക്ക് നീക്കിവച്ചത് തുച്ഛമായ 3108 കോടി രൂപയാണ്. ഭക്ഷ്യസബ്സിഡി ചെലവില്‍ 423.83 കോടിയുടെ വെട്ടിക്കുറവാണ് വരുത്തിയത്. നടപ്പുവര്‍ഷം 56,002.01 കോടി രൂപ നീക്കിവച്ച സ്ഥാനത്ത് ഇപ്പോള്‍ അനുവദിച്ചത് 55,578.18 കോടി രൂപയാണ്. വളംസബ്സിഡിയില്‍ 3000 കോടിയാണ് വെട്ടിക്കുറയ്ക്കുന്നത്. 52,980.25 രൂപ ഇത്തവണ 49,980.73 കോടിയാക്കി കുറച്ചു. വിദ്യാഭ്യാസരംഗത്തെ സേവനങ്ങള്‍ക്കുള്ള ചെലവില്‍ 1200 കോടിയോളം രൂപ വെട്ടിക്കുറച്ചു. യുജിസി, ഐഐടി, ഐഐഎം തുടങ്ങിയ കേന്ദ്രസ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഗ്രാന്റില്‍ 706.62 കോടി രൂപയാണ് കുറച്ചത്. ആരോഗ്യസേവനങ്ങള്‍ക്കുള്ള തുകയില്‍ 548.18 കോടി രൂപയും സാമൂഹ്യക്ഷേമമേഖലകളില്‍ വരുന്ന സേവനങ്ങള്‍ക്കുള്ള തുകയില്‍ 3674 കോടി രൂപയും വെട്ടിക്കുറച്ചു. കാര്‍ഷികസേവനങ്ങള്‍ക്കുള്ള തുകയില്‍ 3890 കോടി രൂപയാണ് കുറച്ചത്. സംസ്ഥാനങ്ങള്‍ക്കുള്ള പദ്ധതിയിതര ഗ്രാന്റിലും കുറവുവരുത്തി.
(എം പ്രശാന്ത്)

ആവേശം ഓഹരി വിപണിയില്‍

കേന്ദ്രബജറ്റ് പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ജീവിതഭാരം കൂട്ടുന്നതാണെങ്കിലും ഉപരിമധ്യവര്‍ഗവും ബിസിനസ് രംഗവും ആഹ്ളാദത്തിലാണ്. രാജ്യത്തെ ഓഹരി വിപണികളില്‍ വെള്ളിയാഴ്ചയുണ്ടായ കുതിപ്പും ലാഭംകൊയ്യലിനെ തുടര്‍ന്ന് ഉച്ച കഴിഞ്ഞുണ്ടായ താഴ്ചയും ഈ ആഹ്ളാദം പ്രതിഫലിപ്പിക്കുന്നതായി. ധനമന്ത്രിയുടെ ബജറ്റ് വായന പ്രഖ്യാപനങ്ങളിലേക്ക് കടന്നപ്പോള്‍തന്നെ ഓഹരി സൂചികകളില്‍ കുതിപ്പ് കണ്ടു തുടങ്ങി. പ്രധാന സൂചികയായ സെന്‍സെക്സ് ഒരുഘട്ടത്തില്‍ രണ്ട് ശതമാനത്തിലേറെ ഉയര്‍ന്ന് 16669 പോയിന്റ് വരെയെത്തി. 420 പോയിന്റിന്റെ വര്‍ധന. എന്നാല്‍, ലാഭം മുതലാക്കാന്‍ ഇടപാടുകാര്‍ വില്‍പ്പനയിലേക്ക് കടന്നതോടെ സൂചിക താഴ്ന്ന് അവസാനം 16429 പോയിന്റിലാണ് ക്ളോസ് ചെയ്തത്. അപ്പോഴും തലേന്നത്തേക്കാള്‍ 175 പോയിന്റ്(1.08ശതമാനം) വര്‍ധന. നിഫ്റ്റി 4992 പോയിന്റ് വരെ ഉയര്‍ന്ന ശേഷം 4922 പോയിന്റിലാണ് ക്ളോസ് ചെയ്തത്. തലേന്നത്തേക്കാള്‍ 62.55 പോയിന്റ് അധികം. ഉപഭോക്തൃ ചരക്കുല്‍പ്പാദകരുടെയും ഐടി മേഖലയുടെയും ഒഴികെ എല്ലാ ഓഹരികളും ബജറ്റ് ലഹരിയില്‍ വര്‍ധന രേഖപ്പെടുത്തി.

അടിസ്ഥാനസൌകര്യ വികസനം: ഊന്നല്‍ സ്വകാര്യമേഖലയ്ക്ക്

അടിസ്ഥാനസൌകര്യ വികസനത്തിന് 1,73,552 കോടി രൂപ നീക്കിവയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനം ഗുണംചെയ്യുക സ്വകാര്യമേഖലയ്ക്ക്. മൊത്തം പദ്ധതിവിഹിതത്തിന്റെ 46 ശതമാനം വരുന്ന ഈ തുക വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂന്നിയായിരിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പാലം, റോഡ്, വിമാനത്താവളം, തുറമുഖം, റെയില്‍വേ എന്നിവയുടെ നിര്‍മാണങ്ങളില്‍ സ്വകാര്യ ഏജന്‍സികളുടെ കടന്നുകയറ്റത്തിനാണ് ബജറ്റ് പ്രഖ്യാപനം വഴിയൊരുക്കുക. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ അടിസ്ഥാനസൌകര്യ വികസനപ്രക്രിയ ത്വരിതപ്പെടുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിദിനം 20 കിലോമീറ്റര്‍ ദേശീയപാത പുതുതായി പണിയാനാണ് പദ്ധതി. സ്വകാര്യ-പൊതു പങ്കാളിത്തത്തോടെയുള്ള ദേശീയപാത വികസനം എളുപ്പത്തിലാക്കാന്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിന്റെ നയപരമായ ചട്ടക്കൂടില്‍ മാറ്റം വരുത്തിയിട്ടുണ്ട്. റോഡുഗതാഗത സൌകര്യവികസനത്തിന് അടുത്ത 13 ശതമാനം തുകയാണ് അധികം വകയിരുത്തിയത്്. അതായത് 17,520 കോടിയില്‍നിന്ന് 19,894 കോടിയിലേക്കുള്ള വര്‍ധന. റെയില്‍വികസനത്തിന് ബജറ്റ് വിഹിതമായി 16,752 കോടി അനുവദിച്ചു. മുന്‍വര്‍ഷത്തേതിനേക്കാള്‍ 950 കോടി രൂപ അധികമാണിത്. ഈ തുകയുടെ മുഖ്യ ഉപയോക്താക്കള്‍ സ്വകാര്യകമ്പനികളായിരിക്കും. ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കമ്പനി ലിമിറ്റഡ് അടിസ്ഥാനസൌകര്യ പദ്ധതികള്‍ക്കായി നല്‍കുന്ന തുക 2010 മാര്‍ച്ച് അവസാനം 9000 കോടിയാകും. 2011 മാര്‍ച്ചില്‍ ഇത് 20,000 കോടി രൂപയായി മാറുമെന്നാണ് ധനമന്ത്രി പ്രതീക്ഷിക്കുന്നത്.

സ്വര്‍ണത്തിനും വെള്ളിക്കും വിലയേറും

കുഞ്ഞുങ്ങള്‍ക്ക് ഒരുതരി പൊന്നുവാങ്ങാന്‍ കൊതിക്കുന്നവരുടെയും വിവാഹപ്രായമെത്തിയ പെണ്‍കുട്ടികളുടെയും രക്ഷിതാക്കളുടെയും മനസ്സില്‍ തീകോരിയിടുന്നതാണ് കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങള്‍. ഇപ്പോള്‍ത്തന്നെ ബഹുഭൂരിപക്ഷത്തിനും അപ്രാപ്യമായ സ്വര്‍ണത്തിന് ഇനിയും വിലയേറ്റുന്നതാണ് ഇറക്കുമതിത്തീരുവ ഒറ്റയടിക്ക് 50 ശതമാനം വര്‍ധിപ്പിച്ച നടപടി. 10 ഗ്രാമിന് നിലവിലുള്ള 200 രൂപ തീരുവ 300 രൂപയായാണ് വര്‍ധിപ്പിച്ചത്. ഒരു കിലോ വെള്ളിക്ക് 1000 രൂപ ഇറക്കുമതിത്തീരുവ ഉണ്ടായിരുന്നത് 1500 രൂപയായും വര്‍ധിപ്പിച്ചു. സ്വര്‍ണവില 10 ഗ്രാമിന് ഇപ്പോള്‍ 16500-16700 തോതിലാണ് വില. ഇത് ഇനിയും കൂടുമെന്ന് സാരം. കൂടാതെ അന്താരാഷ്ട്രവിപണികളിലെ മാറ്റങ്ങള്‍ക്കനുസരിച്ച് പിന്നെയും ഉയരാമെന്നതിനാല്‍ സ്വര്‍ണം സ്വപ്നം കാണാന്‍പോലും കഴിയാത്ത സ്ഥിതിയാകാം. അസംസ്കൃതവസ്തു നികുതി കുറച്ചത് ഇവിടെ സംസ്കരണം വര്‍ധിപ്പിക്കുമെന്നും അതുമൂലം പഴയ സ്വര്‍ണത്തിന്റെ ഇടപാട് വര്‍ധിക്കുന്നത് ഇറക്കുമതി കുറയ്ക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് സ്വര്‍ണവ്യാപാരികള്‍.

കാര്‍ വില 41,000 രൂപവരെ കൂടും

കേന്ദ്രബജറ്റില്‍ എക്സൈസ് തീരുവ എട്ട് ശതമാനത്തില്‍നിന്ന് പത്ത് ശതമാനമാക്കിയത് കാര്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് പ്രഹരമായി. ആഡംബരക്കാറുകള്‍ക്ക് തീരുവ 20 ശതമാനത്തില്‍നിന്ന് 22 ശതമാനമാക്കി. തീരുവയുടെ ഭാരം ഉപയോക്താക്കളുടെ ചുമലിലേക്ക് തട്ടുമെന്ന് കാര്‍ നിര്‍മാതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു. പുതിയ കാറിന് 41000 രൂപവരെ വര്‍ധിപ്പിക്കുമെന്നാണ് അവര്‍ നല്‍കുന്ന സൂചന. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായ മാരുതി സുസുക്കി ഇന്ത്യ കാറുകള്‍ക്ക് 3000 മുതല്‍ 13000 രൂപവരെ വില കൂടുമെന്ന് അറിയിച്ചു. ഹോണ്ട കാറുകള്‍ക്ക് 41000 രൂപവരെ വിലകൂടും. ഹ്യുണ്ടായി കാറുകള്‍ക്ക് 6500 മുതല്‍ 25000 രൂപ വരെ വില വര്‍ധിക്കുമെന്ന് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ വക്താവ് പറഞ്ഞു. വോള്‍വോ ഓട്ടോ ഇന്ത്യയും കാറുകള്‍ക്ക് വില കൂട്ടുമെന്ന് അറിയിച്ചു. തീരുവ വര്‍ധനയില്‍ നിരാശരാണെന്നും ഇതിന്റെ ഭാരം ഉപയോക്താക്കളിലേക്ക് കൈമാറുമെന്നും ജനറല്‍ മോട്ടോഴ്സ് ഇന്ത്യ പ്രസിഡന്റ് കാള്‍ സ്ളൈം പറഞ്ഞു. ഭാരം ഉപയോക്താക്കളിലേക്ക് നല്‍കുമെന്നതിനാല്‍ തങ്ങള്‍ക്ക് തീരുവ വര്‍ധനയില്‍ വലിയ ഉല്‍ക്കണ്ഠയില്ലെന്ന് ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജ് പറഞ്ഞു.

വിമാനയാത്ര ചെലവേറും

കേന്ദ്ര ബജറ്റ് വിമാനയാത്രയുടെയും ചെലവുയര്‍ത്തും. എല്ലാ ക്ളാസില്‍പ്പെട്ട യാത്രക്കാരെയും സേവനനികുതിയുടെ പരിധിയില്‍പ്പെടുത്തിയതോടെ നിത്യവൃത്തിക്കായി വിദേശത്ത് പോകുന്നവരുടെപോലും കീശ കാലിയാകും. നിലവില്‍ ഒന്നാംക്ളാസിലും ബിസിനസ് ക്ളാസിലുമുള്ള യാത്രക്കാര്‍ക്കുമാത്രമാണ് 10 ശതമാനം സേവനനികുതിയുള്ളത്. സേവനനികുതി യാത്രക്കാരില്‍നിന്ന് ഈടാക്കുന്ന കാര്യത്തില്‍ വ്യോമയാന കമ്പനികള്‍ സമവായത്തിലെത്തണം. സേവനനികുതി ചുമത്തുന്നത് മൊത്തം ടിക്കറ്റ് നിരക്കിന്മേലായിരിക്കുമോ അടിസ്ഥാനനിരക്കിലായിരിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഭാരം. മൊത്തം ടിക്കറ്റ് നിരക്കിന്മേല്‍ നികുതി ചുമത്തിയാല്‍ 10 ശതമാനത്തോളം നിരക്ക് കൂടും. ബജറ്റിലെ എണ്ണവില വര്‍ധനയുടെ പേരില്‍ എണ്ണക്കമ്പനികള്‍ നിരക്ക് കൂട്ടുന്നതോടെ വിമാനയാത്രയുടെ ചെലവ് പിന്നെയും കൂടും. കൂടാതെ എക്സൈസ് തീരുവ രണ്ട് ശതമാനം കൂട്ടിയത് വ്യോമയാന കമ്പനികള്‍ ഇറക്കുമതിചെയ്യുന്ന ഘടകഭാഗങ്ങളുടെ വിലയും ഉയര്‍ത്തും.

വീടൊരു വ്യാമോഹം

കിടപ്പാടം സ്വപ്നം കാണുന്ന സാധാരണക്കാര്‍ക്ക് കേന്ദ്രബജറ്റ് തിരിച്ചടിയായി. സിമന്റ് ഉള്‍പ്പടെയുള്ള പ്രധാന നിര്‍മാണസാമഗ്രികളുടെ വില ഉയര്‍ത്തുന്ന വിധത്തിലാണ് ബജറ്റ് നിര്‍ദേശങ്ങള്‍. പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധന വഴിയുണ്ടാകുന്ന സാര്‍വത്രിക വിലക്കയറ്റം നിര്‍മാണമേഖലയെ ശ്വാസംമുട്ടിക്കും. വൈദ്യുതിമേഖലയെ സേവനനികുതിയുടെ പരിധിയില്‍ കൊണ്ടുവന്നത് വൈദ്യുതിനിരക്കുകള്‍ ഉയര്‍ത്തും. അമ്പത് കിലോഗ്രാം ഭാരമുള്ള സിമന്റ് ചാക്കിന്റെ ചില്ലറവില്‍പ്പന വിലയനുസരിച്ച് ടണ്ണിന് 185 മുതല്‍ 315 രൂപ വരെയാണ് പുതിയ എക്സൈസ് തീരുവ. ഇതിന്റെ ഫലമായി സിമന്റ് ടണ്ണിന് 40 മുതല്‍ 65 വരെ വില വര്‍ധിക്കും. ഡീസലിന്റെ വര്‍ധിച്ച വില സാധനങ്ങളുടെ കടത്തുകൂലി ഉയര്‍ത്തും. എല്ലാ ഉല്‍പ്പന്നങ്ങളുടെയും എക്സൈസ് തീരുവ കൂട്ടിയതും കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ നിര്‍മാണമേഖലയെ പ്രതികൂലമായി ബാധിക്കും.

അവശ്യവസ്തുക്കളുടെ കുതിച്ചുയരുന്ന വില കാരണം സമ്പാദ്യം സാധാരണക്കാര്‍ക്ക് അസാധ്യമായി മാറും. ഭവനനിര്‍മാണംപോലുള്ള കാര്യങ്ങള്‍ക്കുള്ള മുതല്‍മുടക്ക് കുറയും. ഉപഭോക്തൃ-ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയും നിര്‍മാണമേഖലയ്ക്ക് പരോക്ഷമായി ദോഷംചെയ്യും. ആഭരണവിലവര്‍ധനയും കേരളത്തിലെ ഇന്നത്തെ സാഹചര്യത്തില്‍ ഗുണംചെയ്യില്ല. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് നികുതി ചുമത്തി. ബിസിനസ് സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്കായി നടപ്പാക്കുന്ന ആരോഗ്യപരിശോധനയ്ക്കും സേവനനികുതി ഏര്‍പ്പെടുത്തി.


30,000 കോടി സമാഹരിക്കാന്‍ എല്ലാ സേവനങ്ങള്‍ക്കും നികുതി

സേവനനികുതിയുടെ വല വിപുലമാക്കി ധനമന്ത്രി കൂടുതല്‍ ധനാഗമമാര്‍ഗങ്ങള്‍ തേടുന്നു. എല്ലാ സേവനങ്ങള്‍ക്കും സേവനനികുതി ബാധകമാക്കാനാണ് പദ്ധതിയെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. ചരക്ക്-സേവന നികുതി സംവിധാനത്തിന് വഴിയൊരുക്കുന്നതിന്റെ ഭാഗമായി സേവനനികുതി പത്തുശതമാനമാക്കി നിലനിര്‍ത്തും. നികുതിചോര്‍ച്ച തടയുന്നതിന് നിയമങ്ങളില്‍ മാറ്റംവരുത്തുമെന്നും മന്ത്രി പറഞ്ഞു. സേവനനികുതിയിലൂടെ 30,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഓലൈനില്‍ വാര്‍ത്ത നല്‍കുന്ന അംഗീകൃത വാര്‍ത്താ ഏജന്‍സികള്‍ക്ക് സേവനനികുതി ചുമത്തും. നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സികളെ നികുതിയില്‍നിന്ന് ഒഴിവാക്കും. വിവരസാങ്കേതിക, ബിപിഒ മേഖലകളില്‍ കയറ്റുമതി, സേവനം, നടപടിക്രമങ്ങളില്‍ എന്നീ നിര്‍വചനങ്ങളില്‍ ആവശ്യമായ മാറ്റംവരുത്തും. കുന്നുകൂടിയ വായ്പതിരിച്ചടവ് എളുപ്പമാക്കുന്നതിനുവേണ്ടിയാണിത്.

കായികരംഗത്തിന് വിഹിതം കുറച്ചു

ന്ത്യ കോമവെല്‍ത്ത് ഗെയിംസിന് ആതിഥ്യംവഹിക്കുന്ന വര്‍ഷം കേന്ദ്രബജറ്റില്‍ കായികരംഗത്തിന് നീക്കിവച്ച വിഹിതം തുച്ഛം. കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചതിനേക്കാള്‍ 141 കോടി രൂപ കുറവാണ് ഇത്തവണ കായികരംഗത്തിന്. പ്രഖ്യാപിച്ച 3565 കോടി രൂപയില്‍ 60 ശതമാനത്തോളം പണവും കോമവെല്‍ത്ത് ഗെയിംസിനുവേണ്ടിയാണ്. കായികരംഗത്തെ മറ്റ് ആവശ്യങ്ങള്‍ക്ക് 1500 കോടി രൂപയില്‍ താഴെമാത്രമാണ് അനുവദിച്ചത്. കഴിഞ്ഞവര്‍ഷം കായികരംഗത്തിന് 3706 കോടി രൂപ അനുവദിച്ചിരുന്നു. ഇത്തവണത്തെ 3565 കോടിയില്‍ 2069 കോടി കോമവെല്‍ത്ത് ഗെയിംസിനാണ്. അതില്‍ 1175.54 കോടി ഗെയിംസ് സംഘാടകസമിതിക്കും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യക്കുമാ (സായ്)ണ്. ഗെയിംസിന് സ്റേഡിയങ്ങളും പരിശീലനകേന്ദ്രങ്ങളും തയ്യാറാക്കുന്നതിന് 433.98 കോടി നീക്കിവച്ചു. 82 കോടി രൂപ ഗെയിംസിന് ഗംഭീര പ്രചാരണത്തിന് 'പശ്ചാത്തല'സൌകര്യത്തിനാണ്. ഗെയിംസ് സംഘാടനത്തിന്റെ പ്രാരംഭഘട്ടംമുതലുള്ള പരാജയങ്ങള്‍ വന്‍ വിമര്‍ശത്തിനിടയാക്കിയ സാഹചര്യത്തിലാണ് ബജറ്റില്‍ കായികരംഗത്തിനുള്ള വിഹിതത്തില്‍ സിംഹഭാഗവും അതിന് നല്‍കുന്നത്. കായികരംഗത്തെ മറ്റ് ഇനങ്ങളില്‍ 11.50 കോടി രൂപ ഉത്തേജക മരുന്ന് പരിശോധനയ്ക്കുള്ള ദേശീയ ലബോറട്ടറിക്കാണ്. മൂന്നുകോടി ദേശീയ ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സിക്കാണ്. ലോക ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സിക്ക് സംഭാവനയായി 50 ലക്ഷം നീക്കിവച്ചിട്ടുണ്ട്.

ആദായനികുതി പരിധി മാറ്റമില്ല ഇളവ് ഉയര്‍ന്ന വരുമാനക്കാര്‍ക്ക്

വ്യക്തികളുടെ ആദായനികുതിയുടെ ഒഴിവുപരിധിയില്‍ മാറ്റമില്ല. ഇളവ് പരിധി ഒന്നരലക്ഷത്തില്‍നിന്ന് 1.6 ലക്ഷം രൂപയാക്കിയ മുന്‍ ബജറ്റിലെ തീരുമാനം അടുത്ത സാമ്പത്തികവര്‍ഷവും തുടരും. 1.6 ലക്ഷംമുതല്‍ അഞ്ചു ലക്ഷംവരെ വരുമാനമുള്ളവര്‍ പത്തുശതമാനം നികുതി നല്‍കിയാല്‍ മതി. നിലവില്‍ 1.6 ലക്ഷംമുതല്‍ മൂന്നുലക്ഷംവരെ വരുമാനമുള്ളവരായിരുന്നു പത്തുശതമാനത്തിന്റെ സ്ലാബില്‍. പ്രതിമാസശമ്പളം മുപ്പതിനായിരത്തില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്കാണ് മാറ്റത്തിന്റെ പ്രയോജനം. അഞ്ചു ലക്ഷംമുതല്‍ എട്ടു ലക്ഷംവരെ വാര്‍ഷിക വരുമാനമുള്ളവര്‍ 20 ശതമാനം നികുതി നല്‍കണം. എട്ടു ലക്ഷത്തില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ 30 ശതമാനവും. 65 വയസ്സിനു താഴെയുള്ള സ്ത്രീകള്‍ക്കും മുതിര്‍ന്ന പൌരന്മാര്‍ക്കും സമാനമായ ഇളവുകള്‍ ലഭിക്കും. ഇപ്പോള്‍ 3 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ 20 ശതമാനവും അതിന് മുകളില്‍ 30 ശതമാനവുമാണ് നികുതി. അറുപത്തഞ്ചു വയസ്സിനുതാഴെയുള്ള സ്ത്രീകള്‍ക്ക് 1.9 ലക്ഷം വരെ നികുതിയില്ല. 1.9 ലക്ഷംമുതല്‍ അഞ്ചു ലക്ഷംവരെ 10 ശതമാനവും അഞ്ചു ലക്ഷംമുതല്‍ എട്ടു ലക്ഷംവരെ 20 ശതമാനവും എട്ടു ലക്ഷത്തിനു മുകളില്‍ 30 ശതമാനവും എന്ന നിലയിലാകും നികുതി. മുതിര്‍ന്ന പൌരന്മാരില്‍ 2.4 ലക്ഷംവരെ വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. 2.4 ലക്ഷംമുതല്‍ അഞ്ചു ലക്ഷംവരെ 10 ശതമാനവും അഞ്ചു ലക്ഷംമുതല്‍ എട്ടു ലക്ഷംവരെ 20 ശതമാനവും എട്ടു ലക്ഷത്തിനുമേല്‍ 30 ശതമാനവുമാകും ആദായനികുതി. കേന്ദ്രസര്‍ക്കാര്‍ ആരോഗ്യപദ്ധതി (സിജിഎച്ച്എസ്)ക്കായി കേന്ദ്രജീവനക്കാര്‍ അടയ്ക്കുന്ന തുകയും നികുതിയിളവിന് പരിഗണിക്കും. നിലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ വിഹിതവും നികുതി ഇളവിന്റെ പരിധിയില്‍പ്പെടുന്നുണ്ട്.

കേരളത്തിന് ഒരു പദ്ധതിപോലുമില്ല

റെയില്‍ബജറ്റിനു പിന്നാലെ പൊതുബജറ്റിലും കേരളത്തിന് കടുത്ത അവഗണന. കേരളത്തിന് പുതുതായി ഒരു പദ്ധതിപോലും ബജറ്റിലില്ല. ഐഐടി, കൊച്ചി മെട്രോ തുടങ്ങിയ കേരളത്തിന്റെ സ്വപ്നപദ്ധതികളൊക്കെ തഴയപ്പെട്ടു. കൊച്ചി മെട്രോയെക്കുറിച്ച് പരാമര്‍ശമൊന്നുമില്ല. എന്നാല്‍, ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത മെട്രോ പദ്ധതികള്‍ക്ക് വലിയ തുക പ്രണബ് മുഖര്‍ജി വകയിരുത്തി. വിനോദസഞ്ചാരകേന്ദ്രമായ ഗോവയിലെ കടല്‍ത്തീരങ്ങളും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കുന്നതിന് 200 കോടി രൂപ നീക്കിവച്ച കേന്ദ്രസര്‍ക്കാര്‍ ഇതേ രംഗത്ത് മുമ്പന്തിയില്‍ നില്‍ക്കുന്ന കേരളത്തെ തഴഞ്ഞു. തിരുപ്പൂരിലെ വസ്ത്രവ്യവസായമേഖലയ്ക്ക് 200 കോടി അനുവദിച്ച് തമിഴ്നാടിനെ തൃപ്തിപ്പെടുത്തിയ ധനമന്ത്രി സ്വന്തം സംസ്ഥാനമായ ബംഗാളിലെ സാഗര്‍ ദ്വീപില്‍ പുതിയ തുറമുഖത്തിനും ബജറ്റില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും കേന്ദ്രസ്ഥാപനങ്ങള്‍ക്കും ബജറ്റില്‍ നീക്കിവച്ച തുക ഇപ്രകാരം: കൊച്ചി കപ്പല്‍ശാല (55 കോടി രൂപ, ഇതിനു പുറമെ 120 കോടി സബ്സിഡിയും). കൊച്ചിന്‍ പോര്‍ട്ട് (21.90 കോടി). ഫാക്ട് (89.99 കോടി). വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് (12.34). കൊച്ചി പ്രത്യേകസാമ്പത്തികമേഖല (5.61). തിരുവനന്തപുരത്തേത് അടക്കം അഞ്ച് ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന് 300 കോടി. രാജീവ്ഗാന്ധി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജി അടക്കം 14 സ്ഥാപനത്തിന് 320 കോടി. കൊച്ചി തുറമുഖത്തെ ഡ്രെഡ്ജിങ് പദ്ധതിക്ക് (237.97 കോടി). തുമ്പ വിഎസ്എസ്സി (583.66 കോടി). ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി (140 കോടി). റബര്‍ബോര്‍ഡിന് 140 കോടിയും സ്പൈസസ് ബോര്‍ഡിന് 98 കോടിയും അനുവദിച്ചിട്ടുണ്ട്. കശുവണ്ടി കയറ്റുമതി പ്രോത്സാഹന കൌസിലിന് തുകയൊന്നുമില്ല. ടീബോര്‍ഡിന് 70 കോടിയും കോഫീബോര്‍ഡിന് 98 കോടിയും അനുവദിച്ചു. വിദേശസഹായത്തോടെയുള്ള സുസ്ഥിര നഗരവികസനപദ്ധതിക്ക് 354.92 കോടിയാണ് അനുവദിച്ചത്. ജപ്പാന്‍ കുടിവെള്ളപദ്ധതി രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് യഥാക്രമം 393 കോടിയും 300 കോടിയും അനുവദിച്ചു. കെഎസ്ടിപി പദ്ധതിക്ക് 263 കോടിയാണ് അനുവദിച്ചത്.

ദേശാഭിമാനി 270210

1 comment:

  1. പൊതുമേഖല ഓഹരിവില്‍പ്പനയിലൂടെ 40,000 കോടി രൂപ സ്വരൂപിക്കാന്‍ കേന്ദ്രബജറ്റ് ലക്ഷ്യമിടുന്നു. നടപ്പുസാമ്പത്തികവര്‍ഷം 25,000 കോടി രൂപ പൊതുമേഖല ഓഹരികള്‍ വിറ്റതിലൂടെ നേടിയെന്ന് അഭിമാനത്തോടെ പറയാനും ധനമന്ത്രി തയ്യാറായി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം സാധാരണക്കാര്‍ക്ക് നല്‍കുന്നുവെന്ന പേരിലാണ് ഈ കൊള്ള നടക്കുന്നത്. ഓയില്‍ ഇന്ത്യ ലിമിറ്റഡ്, എന്‍എച്ച്പിസി, എന്‍ടിപിസി, ഗ്രാമീണ വൈദ്യുതി കോര്‍പറേഷന്‍, നാഷണല്‍ മിനറല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍, സത്ലജ് ജല്‍ വിദ്യുത് നിഗം ലിമിറ്റഡ് എന്നിവയാണ് നടപ്പുസാമ്പത്തികവര്‍ഷം ഓഹരി വിറ്റ കമ്പനികള്‍. എന്നാല്‍, എത്ര തുകയാണ് അടുത്തവര്‍ഷം ലക്ഷ്യമാക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞില്ല. പലവക മൂലധന വരവ് എന്ന ശീര്‍ഷകത്തിലാണ് 40,000 കോടി രൂപ സംഭരിക്കുമെന്ന് പറയുന്നത്.

    ReplyDelete