Thursday, February 11, 2010

ശിവസേനയ്ക്ക് തൊഴിലാളിവര്‍ഗം ശത്രുക്കള്‍: കാരാട്ട്

തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന തെറ്റായ സാമ്പത്തികനയങ്ങള്‍ക്കും ജനങ്ങളെ ചൂഷണംചെയ്യുന്ന ബഹുരാഷ്ട്ര കുത്തകകള്‍ക്കുമെതിരെ സമരം ചെയ്യാത്ത ശിവസേനയും എംഎന്‍എസും തൊഴിലാളിവര്‍ഗത്തെ ശത്രുക്കളായാണ് കാണുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. മറാത്തക്കാരല്ലാത്തവരാണ് മറാത്തികളുടെ തൊഴിലില്ലായ്മക്ക് കാരണമെന്നാണ് ശിവസേന പ്രചരിപ്പിക്കുന്നത്. വിപണി കേന്ദ്രീകൃത സമ്പദ്വ്യവസ്ഥയില്‍ തൊഴിലില്ലായ്മയും അസമത്വവും പെരുകി ജനങ്ങളുടെ ജീവിതഭാരം വര്‍ധിക്കും. അസമത്വം വിഘടന, പ്രാദേശികവാദികള്‍ക്ക് വളമൊരുക്കുമെന്നും കാരാട്ട് പറഞ്ഞു. ഡിവൈഎഫ്ഐ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ദേശീയ തൊഴിലവകാശ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലിനുവേണ്ടിയുള്ള പോരാട്ടം രാജ്യത്തെ തെറ്റായ സാമ്പത്തിക, ഭരണ നയങ്ങള്‍ക്കെതിരായത് കൂടിയാണ്. തൊഴിലിനുവേണ്ടിയുള്ള സമരം ഒറ്റതിരിഞ്ഞ് നടത്തേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്ന മുതലാളിത്ത ചൂഷണത്തിനും അതിന് കുടപിടിക്കുന്ന ഭരണവര്‍ഗത്തിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ക്കുമെതിരായ പോരാട്ടംകൂടിയാണ് തൊഴിലിനുവേണ്ടിയുള്ളസമരം. ട്രേഡ് യൂണിയനുകള്‍, കര്‍ഷകപ്രസ്ഥാനം, വനിത, വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ എന്നിവര്‍ നടത്തുന്ന സമരവുമായി കൂട്ടിയിണക്കി വേണം ഈ പോരാട്ടം ശക്തിപ്പെടുത്താന്‍. തൊഴിലാളിവര്‍ഗമെന്നാല്‍ തൊഴില്‍ അന്വേഷിക്കുന്ന യുവജനങ്ങള്‍കൂടി അടങ്ങുന്നതാണ്. കാര്‍ഷികമേഖലയിലെ പ്രതിസന്ധിമൂലം തൊഴിലവസരം വന്‍തോതില്‍ കുറയുന്നു. ഗ്രാമീണജനത നഗരങ്ങളിലേക്ക് കുടിയേറുന്നു. സംഘടിതമേഖലയും തൊഴിലാളികളെ പുറന്തള്ളുന്നു. പുറന്തള്ളപ്പെടുന്നവരും ഗ്രാമീണ കര്‍ഷകരും അസംഘടിതമേഖലയിലാണ് എത്തുന്നത്. തൊഴില്‍നിയമങ്ങളില്ലാത്ത ഈ മേഖലയില്‍ വലിയ ചൂഷണമാണ്. സുരക്ഷയില്ലാത്തതും വന്‍ ചൂഷണം നടക്കുന്നതുമായ അസംഘടിതമേഖലയെ കേന്ദ്രീകരിച്ചാണ് ഇന്ത്യ കൊട്ടിഘോഷിക്കുന്ന സാമ്പത്തികവളര്‍ച്ച ഉണ്ടാകുന്നത്. 40 കോടി വരുന്ന ഈ വിഭാഗത്തിന് തൊഴില്‍, വരുമാന, സാമൂഹ്യ സുരക്ഷ ഒട്ടുമില്ല. ഭൂപരിഷ്കരണം, പൊതുമേഖല, സേവനമേഖല എന്നിവയുമായി ബന്ധപ്പെട്ടുമാത്രമേ തൊഴില്‍ ഉറപ്പുവരുത്താന്‍ കഴിയൂ. പൊതുമേഖല സ്വകാര്യവല്‍ക്കരിക്കുമ്പോള്‍ തൊഴിലും തൊഴില്‍ സുരക്ഷയും കുറയും. മാര്‍ച്ച് 12ന് ഇടതുപക്ഷ പാര്‍ടികള്‍ നടത്തുന്ന ദേശീയ റാലിയോടെ തൊഴിലില്ലായ്മയ്ക്കും തെറ്റായ സാമ്പത്തികനയങ്ങള്‍ക്കുമെതിരെ വമ്പിച്ച പ്രക്ഷോഭം ആരംഭിക്കും. അതില്‍ യുവജനപ്രസ്ഥാനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും കാരാട്ട് പറഞ്ഞു.

'മൈ നെയിം ഈസ് ഖാന്' കനത്ത സുരക്ഷ

ശിവസേന പ്രവര്‍ത്തകരുടെ പ്രതിഷേധം അക്രമാസക്തമായി തുടരവെ വെള്ളിയാഴ്ച തിയറ്ററുകളിലെത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം 'മൈ നെയിം ഈസ് ഖാന്' കനത്ത സുരക്ഷാവലയം തീര്‍ക്കാന്‍ മുംബൈ പൊലീസ് നടപടി തുടങ്ങി. 1,023 ശിവസേനക്കാരെ കസ്റഡിയിലെടുത്തു. 955 പേരെ കരുതല്‍തടങ്കലിലാക്കിയെന്നും മറ്റുള്ളവര്‍ വിവിധ ആക്രമണക്കേസുകളില്‍ പ്രതികളാണെന്നും പൊലീസ് വ്യക്തമാക്കി. ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തടയുമെന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുംബൈയിലെ 63 റിലീസിങ് കേന്ദ്രത്തിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. തിയറ്ററുകളില്‍ ഏര്‍പ്പെടുത്തേണ്ട സുരക്ഷ സംബന്ധിച്ച് സിറ്റി പൊലീസ് കമീഷണര്‍ സ്റേഷനുകളിലേക്ക് മാര്‍ഗനിര്‍ദേശം അയച്ചു. അവധി റദ്ദാക്കി മുഴുവന്‍ പൊലീസുകാരെയും മടക്കിവിളിച്ചു. സംസ്ഥാന റിസര്‍വ് പൊലീസിനെയും ഹോം ഗാര്‍ഡുകളെയും തിയറ്ററുകള്‍ക്കു മുന്നില്‍ വിന്യസിക്കും. അതേസമയം, ശിവസേനയുടെ ഭീഷണി ഭയന്ന തിയറ്റര്‍ ഉടമകള്‍ ചിത്രത്തിന്റെ സീറ്റ് ബുക്കിങ് നിര്‍ത്തിവച്ചു. അനിശ്ചിതാവസ്ഥ ഉള്ളതിനാലാണ് ബുക്കിങ് നിര്‍ത്തിയതെന്നും വ്യാഴാഴ്ചയോടെ സ്ഥിതി വ്യക്തമാകുമെന്നും മെഹുള്‍ തിയറ്റര്‍ ജനറല്‍ മാനേജര്‍ ഗിരീഷ് വാങ്കഡെ പറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പാകിസ്ഥാന്‍ കളിക്കാരെ ഉള്‍പ്പെടുത്തുന്നതിന് അനുകൂലമായി പ്രതികരിച്ചതിന്റെ പേരില്‍ ഷാരൂഖ് ഖാനെതിരെ വാളെടുത്ത ശിവസേന പുതിയ ചിത്രത്തിന്റെ റിലീസിങ് അനുവദിക്കില്ലെന്ന ഭീഷണിയില്‍ ഉറച്ചുനില്‍ക്കുകയാണ്. മുംബൈയില്‍ പലയിടത്തും ചിത്രത്തിന്റെ പ്രചാരണബോര്‍ഡുകളും പോസ്ററുകളും നശിപ്പിച്ചു. തിയറ്ററുകള്‍ക്കുനേരെ കല്ലേറുണ്ടായി. ഷാരൂഖ് പ്രസ്താവന പിന്‍വലിച്ച് ബാല്‍ താക്കറെയോട് മാപ്പുപറയാതെ പ്രശ്നം അവസാനിക്കില്ലെന്ന് ശിവസേന നേതാവ് മനോഹര്‍ ജോഷി പറഞ്ഞു.

തിയറ്ററുകള്‍ക്കു മുന്നില്‍ ശിവസേന അക്രമം

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ 'മൈ നെയിം ഈസ് ഖാന്‍' റിലീസ്ചെയ്യുന്ന മുംബൈയിലെ തിയറ്ററുകള്‍ക്കുമുന്നില്‍ ശിവസേന പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. അക്രമത്തിന് തുനിഞ്ഞ 46 പേരെ പൊലീസ് അറസ്റ് ചെയ്തു. പല തിയറ്ററുകള്‍ക്കു മുന്നിലും പ്രതിഷേധം അക്രമത്തില്‍ കലാശിച്ചു. മുലുന്ദിലെ മെഹുല്‍ തിയറ്ററിനു നേര്‍ക്ക് കല്ലേറുണ്ടായി. കന്‍ജുര്‍മാര്‍ഗില്‍ ഹ്യൂമ തിയറ്ററിനു മുന്നിലും ഖതഎകോപര്‍ ആര്‍-സിറ്റി മാളിലും അക്രമമുണ്ടായി. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് ശിവസേനക്കാര്‍ തിയറ്റര്‍ ഉടമകളെ ഭീഷണിപ്പെടുത്തി. സിനിമയുടെ പോസ്ററുകള്‍ വ്യാപകമായി നശിപ്പിച്ചു. കൂടുതല്‍പേരെ ഉടന്‍ അറസ്റുചെയ്യുമെന്ന് അഡീഷണല്‍ പൊലീസ് കമീഷണര്‍ റിതേഷ്കുമാര്‍ പറഞ്ഞു. വെള്ളിയാഴ്ച പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംവിധായകന്‍ കര ജോഹര്‍ സിറ്റി പൊലീസ് കമീഷണര്‍ ഡി ശ്രീനിവാസനുമായി ചര്‍ച്ച നടത്തി. അക്രമം തടയാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്നും മതിയായ സുരക്ഷ ഉറപ്പാക്കുമെന്നും കമീഷണര്‍ പറഞ്ഞു. ഷാരൂഖും കാജോളും മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ സുഗമമായ റിലീസിങ്ങിന് സൌകര്യമൊരുക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനും ഉറപ്പുനല്‍കി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പാകിസ്ഥാന്‍ കളിക്കാരെ ഉള്‍പ്പെടുത്തുന്നതിന് അനുകൂലമായി ഷാരൂഖ് പ്രതികരിച്ചതാണ് ശിവസേനയെ ചൊടിപ്പിച്ചത്. എന്നാല്‍, ഖാന്റെ പ്രദര്‍ശനം തടസ്സപ്പെടുത്തില്ലെന്ന് ശിവസേനാ തലവന്‍ ബാല്‍ താക്കറെ പ്രഖ്യാപിച്ചിരുന്നു.

ദേശാഭിമാനി

1 comment:

  1. തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന തെറ്റായ സാമ്പത്തികനയങ്ങള്‍ക്കും ജനങ്ങളെ ചൂഷണംചെയ്യുന്ന ബഹുരാഷ്ട്ര കുത്തകകള്‍ക്കുമെതിരെ സമരം ചെയ്യാത്ത ശിവസേനയും എംഎന്‍എസും തൊഴിലാളിവര്‍ഗത്തെ ശത്രുക്കളായാണ് കാണുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. മറാത്തക്കാരല്ലാത്തവരാണ് മറാത്തികളുടെ തൊഴിലില്ലായ്മക്ക് കാരണമെന്നാണ് ശിവസേന പ്രചരിപ്പിക്കുന്നത്. വിപണി കേന്ദ്രീകൃത സമ്പദ്വ്യവസ്ഥയില്‍ തൊഴിലില്ലായ്മയും അസമത്വവും പെരുകി ജനങ്ങളുടെ ജീവിതഭാരം വര്‍ധിക്കും. അസമത്വം വിഘടന, പ്രാദേശികവാദികള്‍ക്ക് വളമൊരുക്കുമെന്നും കാരാട്ട് പറഞ്ഞു.

    ReplyDelete