Friday, February 26, 2010

ബജറ്റ് വാര്‍ത്തകള്‍

എല്ലാത്തിനും ഇനിയും വില കൂടും

അസംസ്കൃത പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അടിസ്ഥാന കസ്റ്റംസ് തീരുവ അഞ്ച് ശതമാനം പുനസ്ഥാപിച്ചു. ഡീസല്‍, പെട്രോള്‍ എന്നിവയ്ക്കുള്ള ഏഴ് ശതമാനം കസ്റ്റംസ് തീരുവയും മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ള പത്ത് ശതമാനം കസ്റ്റംസ് തീരുവയും കേന്ദ്രബജറ്റില്‍ പുനസ്ഥാപിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂടിയപ്പോള്‍ 2008ല്‍ ഒഴിവാക്കിയതാണ് ഈ മൂന്ന് നികുതികളും. ഇതോടൊപ്പം പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരുരൂപ എക്സൈസ് തീരുവ ഏര്‍പ്പെടുത്താനും ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി അവതരിപ്പിച്ച ബജറ്റില്‍ നിര്‍ദേശമുണ്ട്. ഫലത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം വിലകൂട്ടുന്ന നിര്‍ദേശങ്ങളാണ് ബജറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. വിലക്കയറ്റംമൂലം പൊറുതിമുട്ടുന്ന ജനങ്ങളെ ഇത് കൂടുതല്‍ ദുരിതത്തിലാക്കും. ബജറ്റിലെ ഈ നിര്‍ദേശത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷം അതിരൂക്ഷമായ പ്രതിഷേധം ഉയര്‍ത്തി. പ്രതിഷേധംമൂലം ബജറ്റ് പ്രസംഗം തുടരാന്‍ കുറെ നേരം മന്ത്രിക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് ചരിത്രത്തിലാദ്യമായി ബജറ്റ് പ്രസംഗത്തിനിടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. കോര്‍പ്പറേറ്റ് നികുതിക്കുള്ള സര്‍ചാര്‍ജ് പത്തില്‍നിന്ന് ഏഴ് ശതമാനമായി കുറച്ചു. മുന്തിയ കാറുകള്‍ക്കുള്ള എക്സൈസ് നികുതി 20 ല്‍നിന്ന് 22 ആയി ഉയര്‍ത്തി. സിമന്റിനുള്ള എക്സൈസ് തീരുവ പുനസ്ഥാപിച്ചു. സിഗററ്റുകള്‍ക്കുള്ള എക്സൈസ് തീരുവ കൂട്ടി. സിഎഫ്എല്‍ എക്സൈസ് ഡ്യൂട്ടി നാലു ശതമാനമായി കുറച്ചു. സോളാര്‍ പാനലുകള്‍ക്കുള്ള എക്സൈസ് നികുതി ഒഴിവാക്കി. സേവന നികുതി പത്തുശതമാനമായി തുടരും. എക്സൈസ് വരുമാനം 43,500 കോടിയായി ഉയരുമെന്ന് മന്ത്രി പറഞ്ഞു. നികുതി നിര്‍ദേശങ്ങളില്‍നിന്നുള്ള മൊത്തം റവന്യൂ വരുമാനം 20,500 കോടി. ചില അക്രഡിറ്റഡ് ന്യൂസ് ഏജന്‍സികളെ സേവന നികുതിയില്‍നിന്ന് ഒഴിവാക്കി. സ്വര്‍ണത്തിനും വെള്ളിയ്ക്കുമുള്ള ഇറക്കുമതി തീരുവ കൂട്ടി. ഇന്ത്യയില്‍ ഉണ്ടാക്കുന്ന കല്‍ക്കരിക്ക് 50രൂപ സെസ്. ടൂ സ്റ്റാര്‍ ഹോട്ടലുകള്‍ക്കെല്ലാം നിക്ഷേപവുമായി ബന്ധപ്പെടുത്തി നികുതി ഇളവ്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ദേശീയ സുരക്ഷാ ഫണ്ട്. അര്‍ധസൈനിക വിഭാഗത്തില്‍ രണ്ടായിരം യുവാക്കളെ നിയമിക്കും. സമഗ്ര ഭക്ഷ്യ സുരക്ഷാബില്‍ കൊണ്ടുവരും. കൂടുതല്‍ സ്വകാര്യ ബാങ്കിങ്ങ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ്.

ബജറ്റ്: പെട്രോള്‍, ഡീസല്‍ വില ഇന്ന് രാത്രി കൂടും

കേന്ദ്രബജറ്റില്‍ നികുതി കൂട്ടിയതുമൂലം പെട്രോളിനും ഡീസലിനും ഉണ്ടായ വില വര്‍ധന വെള്ളിയാഴ്ച രാത്രിതന്നെ നിലവില്‍ വരും. പെട്രോളിന് ലിറ്ററിന് 2രൂപ 75 പൈസയും ഡീസലിന് 2രൂപ 60 പൈസയും വര്‍ധിക്കുമെന്നാണ് സൂചന. എ ല്ലാ മേഖലയിലും വില വര്‍ധന ഉണ്ടാക്കുന്നതാണ് കേന്ദ്രബജറ്റില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വരുത്തിയ നികുതി വര്‍ധന. വിലക്കയറ്റം നിയന്ത്രിക്കാര്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന മുറവിളി ഉയരുന്നതിനിടെ കൂനുമ്മേല്‍ കുരു എന്നപോലെ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ബസ് ഉടമകള്‍ ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് പല തവണ സമരത്തിന് ഇറങ്ങിയിരുന്നു. ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും ഇടപെടല്‍മൂലം തല്‍ക്കാലം സമരം നിര്‍ത്തിയ ബസ് ഉടമകള്‍ വീണ്ടും ഈ ആവശ്യവുമായി രംഗത്തിറങ്ങും.

വിലക്കയറ്റം ആളിക്കത്തിക്കും: ഐസക്

വിലക്കയറ്റം സൃഷ്ടിക്കുന്ന ബജറ്റാണ് മന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി അവതരിപ്പിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സാമ്പത്തിക മുരടിപ്പിന് ഇത് കാരണമാകും. കേരളതാല്‍പ്പര്യങ്ങള്‍ അവഗണിച്ചിരിക്കുകയാണ്. ഭക്ഷ്യസാധനങ്ങളുടെ വില കൂടിയിരിക്കുന്ന പശ്ചാത്തലത്തില്‍ എണ്ണനികുതിവര്‍ധന വിലക്കയറ്റം ആളിക്കത്തിക്കും. എപിഎല്‍ റേഷന്‍ വിഹിതം വെട്ടിക്കുറക്കുന്നത് നിയമാനുസൃതമാക്കുകയാണ് ബജറ്റ്. പ്രത്യക്ഷനികുതി 25000 കോടി കുറച്ചത് കോര്‍പ്പറേറ്റ് മേഖലയുടെ കൈയടിക്കുവേണ്ടിയാണ്. ഓഹരിവിപണി ഉയര്‍ന്നത് ഇതിനു തെളിവാണ്. കാര്‍ഷിക ഉല്‍പ്പാദനം കുറഞ്ഞ സാഹചര്യത്തില്‍ കാര്‍ഷിക മേഖലയെ സംരക്ഷിക്കാനുള്ള ഒന്നും ബജറ്റിലില്ലെന്നും ഐസക് പറഞ്ഞു.

വരും നാളുകള്‍ പ്രത്യാശയുടേതെന്ന് പ്രണബ് മുഖര്‍ജി

സാമ്പത്തിക മേഖലയില്‍ ഭീകരമായ നാളുകള്‍ കഴിഞ്ഞുവെന്നും വരുംദിനങ്ങള്‍ പ്രത്യാശയുടേതാണെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി അതിജീവിച്ചു കഴിഞ്ഞു. എന്നാല്‍ ഇന്നത്തെ വെല്ലുവിളികള്‍ ഒമ്പതു മാസം മുമ്പത്തേതിനെക്കാള്‍ കടുത്തതല്ലെന്ന് ഇതിന് അര്‍ഥമില്ല. എങ്കിലും ഇത് അതിജീവിക്കാനാകും. സാമ്പത്തിക വളര്‍ച്ച രണ്ടക്കത്തിലേക്ക് പോകാന്‍ കഴിയും എന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഇക്കുറി ബജറ്റ് അവതരിപ്പിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

കാര്‍ വില കൂടും; സിഡി, സിഎഫ്എല്‍ വില കുറയും

കേന്ദ്രബജറ്റില്‍ പെട്രോളിനും ഡീസലിനും നികുതി കൂട്ടിയതിനാല്‍ ബഹുഭൂരിപഷം സാധനങ്ങളുടെയും വിലകൂടും. ബജറ്റിലെ മറ്റ് നികുതി നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വില ഉയരുന്ന സാധനങ്ങളുടെ പട്ടികയില്‍ കാര്‍, ടി വി, സിഗരറ്റ്, എയര്‍ കണ്ടീഷണര്‍, പുകയില, സ്വര്‍ണം, വെള്ളി തുടങ്ങിയവപെടുന്നു. അതേസമയം മൊബൈല്‍ ഫോ സാമഗ്രികള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സിഎഫ്എല്‍, സെറ്റ്ടോപ് ബോക്സുകള്‍, സിഡികള്‍, കളിപ്പാട്ടങ്ങള്‍, പുസ്തകങ്ങള്‍ തുടങ്ങിയവയ്ക്ക് നികുതി ഇളവ്മൂലം വില കുറയും.

ധനക്കമ്മി 5.5 ശതമാനമാക്കും

അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ധനക്കമ്മി ജിഡിപിയുടെ 5.5 ശതമാനമായി ചുരുക്കുമെന്ന് മന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി അറിയിച്ചു. മൊത്തം ചെലവും റെവന്യൂ വരുമാനവും തമ്മിലുള്ള അന്തരമായ ധനക്കമ്മി ഇപ്പോള്‍ പുതിക്കിയ എസ്റ്റിമേറ്റ് പ്രകാരം 6.9 ശതമാനമാണ്.

കരട് ഭക്ഷ്യസുരക്ഷാ ബില്‍ ഉടനെ

അടുത്തുതന്നെ കരട് ഭക്ഷ്യസുരാ ബില്‍ കൊണ്ടുവരുമെന്ന് മന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. ബിപിഎല്ലുകാര്‍ക്ക് മൂന്നു രൂപക്ക് അരിയോ ഗോതമ്പോ നല്‍കാന്‍ നിയമം കൊണ്ടുവരുമെന്ന് തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ നടപ്പായിട്ടില്ല.

പ്രതിരോധത്തിന് വര്‍ധന 4 ശതമാനം

കേന്ദ്ര ബജറ്റില്‍ പ്രതിരോധത്തിന് 1,47344 കോടിരുപ വകയിരുത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാലു ശതമാനം വര്‍ധന മാത്രം. കഴിഞ്ഞ വര്‍ഷം 34 ശതമാനം വര്‍ധിപ്പിച്ചിരുന്നു.

വളര്‍ച്ചാനിരക്ക് 7.2ല്‍ കൂടുമെന്ന്

ഈ വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ സംഘടന പ്രവചിച്ച 7.2 ശതമാനത്തില്‍കൂടുമെന്ന് ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി പാര്‍ലമെന്റില്‍ പറഞ്ഞു. രണ്ടാം പാദ വര്‍ഷത്തില്‍ നിരക്ക് 7.9 ആണ്.

ഭവനവായ്പയുടെ പലിശ ഇളവ് ഒരുവര്‍ഷം കൂടി

ഭവന വായ്പയുടെ പലിശയ്ക്ക് ഏര്‍പ്പെടുത്തിയ ഒരു ശതമാനം കിഴിവ് ഒരു വര്‍ഷംകൂടി തുടരുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. ഇതിനായി ഒരുകോടിരൂപ നീക്കിവെച്ചു.

1.6 ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ 10 ശതമാനം ആദായനികുതി

1,60,000രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഇല്ല. ഇതിന് മുകളില്‍ അഞ്ച് ലക്ഷംരൂപ വരെയുള്ളവര്‍ക്ക് 10 ശതമാനം വരെയും അഞ്ച് ലക്ഷം മുതല്‍ എട്ടുലക്ഷം വരെയുള്ളവര്‍ക്ക് 20 ശതമാനവും എട്ടുലക്ഷത്തിനുമുകളില്‍ 30 ശതമാനവുമാണ് നികുതി.

ദേശാഭിമാനിയില്‍ നിന്ന്..

3 comments:

  1. കേന്ദ്രബജറ്റില്‍ നികുതി കൂട്ടിയതുമൂലം പെട്രോളിനും ഡീസലിനും ഉണ്ടായ വില വര്‍ധന വെള്ളിയാഴ്ച രാത്രിതന്നെ നിലവില്‍ വരും. പെട്രോളിന് ലിറ്ററിന് 2രൂപ 75 പൈസയും ഡീസലിന് 2രൂപ 60 പൈസയും വര്‍ധിക്കുമെന്നാണ് സൂചന. എ ല്ലാ മേഖലയിലും വില വര്‍ധന ഉണ്ടാക്കുന്നതാണ് കേന്ദ്രബജറ്റില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വരുത്തിയ നികുതി വര്‍ധന. വിലക്കയറ്റം നിയന്ത്രിക്കാര്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന മുറവിളി ഉയരുന്നതിനിടെ കൂനുമ്മേല്‍ കുരു എന്നപോലെ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ബസ് ഉടമകള്‍ ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് പല തവണ സമരത്തിന് ഇറങ്ങിയിരുന്നു. ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും ഇടപെടല്‍മൂലം തല്‍ക്കാലം സമരം നിര്‍ത്തിയ ബസ് ഉടമകള്‍ വീണ്ടും ഈ ആവശ്യവുമായി രംഗത്തിറങ്ങും.

    ReplyDelete
  2. then y dont the common man frndly left govt here in kerala cut the Sales tax for petrol and diesel to reduce the prices and bear the burden?

    ReplyDelete
  3. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ ബഡ്ജറ്റ് തീര്‍ത്തും നിരാശാജനകമാണ്. പെട്രോള്‍, ടിസല്‍ വില വര്‍ദ്ധന ഒരു ഉപഭോക്ത സംസ്ഥാനമെന്ന നിലയില്‍ നമ്മെ പ്രതികൂലമായി ബാധിക്കും.

    ReplyDelete