മഞ്ഞിനും തണുപ്പിനും മീതെ അദൃശ്യമായ അധികാരശക്തിയായി മാറിയ ടാറ്റയ്ക്ക് മൂന്നാര്‍ അവരുടെ നാട്ടുരാജ്യമാണ്. പാട്ടക്കൃഷിക്കെത്തിയവര്‍ ഭരണംതന്നെ കൈയിലെടുത്തതിന്റെ രൂക്ഷത തിരിച്ചറിയാന്‍ മൂന്നാര്‍ മാര്‍ക്കറ്റിലെ സ്ഥിതി മാത്രം അറിഞ്ഞാല്‍ മതി. വൈകിട്ട് 6.30 ആയാല്‍ മാര്‍ക്കറ്റ് അടച്ചുപൂട്ടിയിരിക്കണം. ടാറ്റയുടെ കല്‍പ്പന ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ല. കേരളത്തിന്റെ ഭാഗമായ മൂന്നാറില്‍ പഞ്ചായത്തിന് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ ടാറ്റയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ടാറ്റയുടെ അനുമതിയില്ലാതെ നിര്‍മാണപ്രവര്‍ത്തനം നടത്തിയാലുള്ള അനുഭവത്തിന് ഒരു ഉദാഹരണം ഇങ്ങനെ- ദേവികുളം ബ്ളോക്ക് പഞ്ചായത്ത് ടാറ്റയുടെ അനുമതി വാങ്ങാതെ ടൌണില്‍ ഇരുനിലക്കെട്ടിടം പണിതു. ടാറ്റ സ്റ്റേ വാങ്ങി. ഒടുവില്‍, കോടതി ആവശ്യപ്പെടുമ്പോള്‍ കെട്ടിടം പൊളിച്ചുകൊടുക്കാമെന്ന് സമ്മതിച്ചതിനെ തുടര്‍ന്നാണ് ബ്ളോക്ക് പഞ്ചായത്തിന് കെട്ടിടം തുറക്കാനായത്. പഴയ മൂന്നാറിലെ 10 ഏക്കര്‍ വരുന്ന ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്പോര്‍ട്സ് സെന്റര്‍ കായികാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനായി സ്പോര്‍ട്സ് കൌസിലിന് ടാറ്റയുടെ ദയാവായപ് തേടേണ്ടി വന്നു. ഈ സ്ഥലം സ്പോര്‍ട്സ് കൌസില്‍ ടാറ്റയില്‍നിന്ന് 30 വര്‍ഷത്തെ പാട്ടത്തിനെടുത്തിരിക്കുകയാണ്. 93.07 ഏക്കര്‍ വരുന്ന മൂന്നാര്‍ ടൌണ്‍ രേഖകളില്‍ സര്‍ക്കാരിന്റേതാണെന്നു പറയാമെങ്കിലും ഇതിന്റെ അവകാശം കൈയാളുന്നത് ടാറ്റയാണ്. പഴയ മൂന്നാര്‍ മൂലക്കട മുതല്‍ ഗ്രഹാം സ്ളാന്റ് റോഡ്, മാട്ടുപ്പെട്ടി റോഡ്, ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് വരെയുള്ള 530 ഏക്കര്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുള്ളതാണ്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളടക്കമുള്ള കെട്ടിടങ്ങള്‍ ടാറ്റ പണികഴിപ്പിച്ചതാണ്. ഇതിന്റെയെല്ലാം വാടക പിരിക്കുന്നതും ടാറ്റയാണ്. പിന്നീട് ടാറ്റയില്‍നിന്ന് പഞ്ചായത്ത് നികുതി ഈടാക്കുകയാണ് പതിവ്. അല്ലാതെ മറ്റിടങ്ങളിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ചെയ്യുന്നതുപോലെ മൂന്നാര്‍ പഞ്ചായത്തിന് നേരിട്ട് നികുതി പിരിക്കാന്‍ കഴിയുന്നില്ല.
കോണ്‍ക്രീറ്റ് കാടായി മാറിയ ഇന്നത്തെ മൂന്നാര്‍ 1800 കളുടെ തുടക്കത്തില്‍ നിബിഡവനമായിരുന്നു. മണ്ണിന്റെ വളക്കൂറും തണുപ്പിന്റെ സുഖകരമായ സാധ്യതകളും തിരിച്ചറിഞ്ഞ് ജെഡി മറോ എന്ന സായ്പ്പ് പൂഞ്ഞാര്‍ രാജാവില്‍നിന്ന് ഈ പ്രദേശം പാട്ടത്തിന് വാങ്ങുകയും കൃഷി ആരംഭിക്കുകയും ചെയ്തതോടെയാണ് മൂന്നാറിന്റെ മുഖഛായ മാറുന്നത്. കൈയേറ്റവും വിവാദവും വിളയുന്ന ഭൂമിയായി മൂന്നാര്‍ മാറുന്നതിന്റെ ചരിത്രവും ഇവിടെ തുടങ്ങുന്നു. കണ്ണന്‍-ദേവന്‍ സഹോദരന്മാരുടെ സഹായത്തോടെ തേയിലക്കൃഷിയുടെ സാധ്യതകള്‍ സായ്പ്പ് പ്രയോജനപ്പെടുത്തിയതോടെ തമിഴ്നാട്ടില്‍നിന്നും കൊച്ചിയില്‍നിന്നുമൊക്കെ തൊഴിലാളികള്‍ ധാരാളമായി ഇവിടെ വന്നുചേര്‍ന്നു. തേയിലത്തോട്ടങ്ങളായി രൂപംമാറിയ മൂന്നാറിന്റെ കേന്ദ്രമായി മൂന്നാര്‍ ടൌ വളര്‍ന്നു. മൂന്നാര്‍ ടൌണിലടക്കം പാട്ടത്തിന് ലഭിച്ച ഭൂമി ടാറ്റ സ്വന്തം സാമ്രാജ്യം കെട്ടിപ്പൊക്കാന്‍ ഉപയോഗിച്ചു. തോട്ടംമേഖലയില്‍ മാത്രമായിരുന്നു അവകാശമെങ്കിലും വ്യാപാരസ്ഥാപനങ്ങളും വീടുകളും ഉള്‍ക്കൊള്ളുന്ന മൂന്നാര്‍ ടൌണും ടാറ്റ നാട്ടുരാജ്യം പോലെയാക്കി മാറ്റി. തൊഴിലിനും കച്ചവടത്തിനുമൊക്കെയായി വന്നവര്‍ തേയിലത്തോട്ടങ്ങളുടെ ഓരങ്ങളില്‍ വീടുവച്ച് കുടിപാര്‍പ്പും തുടങ്ങി. പാവപ്പെട്ട ഈ മനുഷ്യര്‍ക്ക് മണ്ണിലുള്ള അവകാശം കാലങ്ങളായി നിഷേധിച്ചപ്പോഴുണ്ടായ സാമൂഹ്യ അസംതൃപ്തി ഒരുവശത്ത്. ഭൂമിയാകെ കൈവശം വച്ചിരിക്കുന്ന കണ്ണന്‍ദേവന്‍ കമ്പനി മറുഭാഗത്ത്. റിസോര്‍ട്ട്ലോബികള്‍ സൃഷ്ടിക്കുന്ന സങ്കീര്‍ണതകള്‍, ലാഘവബുദ്ധിയോടെ മാത്രം പ്രശ്നങ്ങളെ സമീപിക്കുന്ന ചില മാധ്യമ-പരിസ്ഥിതി പ്രവര്‍ത്തകരുടെ പക്വതയില്ലാത്ത ഇടപെടലുകള്‍, ഇതെല്ലാം ചേരുമ്പോഴാണ് മൂന്നാറിലെ ഭൂമിപ്രശ്നം അനന്തമായി തര്‍ക്കങ്ങളിലും വിവാദങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത്. കുടിയേറിയവര്‍ക്ക് 1980ലും 87ലും 96ലുമായി സര്‍ക്കാര്‍ഭൂമി പതിച്ചുനല്‍കിയെങ്കിലും പട്ടയം നല്‍കിയിട്ടില്ല. ഇതിനിടയില്‍ കണ്ണന്‍ദേവന്‍ കമ്പനിയുടെ ഉടമസ്ഥതയ്ക്ക്് രൂപമാറ്റങ്ങളുണ്ടായി. ആംഗ്ളോ-അമേരിക്കന്‍ ഡയറക്ട് ടീ ട്രേഡിങ് കമ്പനിയായും ടാറ്റ-ഫിന്‍ലേ കമ്പനിയായും ഒടുവില്‍ ഇപ്പോഴത്തെ ടാറ്റ ടീ ലിമിറ്റഡ് കമ്പനിയായും മാറി. കണ്ണന്‍ദേവന്‍ ഹില്‍സ്(കെഡിഎച്ച്) വില്ലേജിലെ തോട്ടംമേഖലയൊഴികെയുള്ള ഭൂമി സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കുന്നതിനുള്ള 1971ലെ കണ്ണന്‍ദേവന്‍ ഹില്‍സ് റിസംപ്ഷന്‍ ആക്ട് നിലവില്‍വന്നെങ്കിലും നിയമം ഏട്ടിലെ പശുവായി മാറി.
റിസോര്‍ട്ടുകള്‍ ഉയര്‍ത്തുന്നത് പാവങ്ങളുടെ സ്വപ്നങ്ങള്‍ക്ക് മേല്‍
സ്വന്തമായി ഒരു തുണ്ട് ഭൂമിക്കുവേണ്ടി ഇടുക്കി ജില്ലയില്‍ അലയുന്നത് ഒരു ലക്ഷത്തോളം പേര്‍. കൊടുംവനമായിരുന്ന ഇവിടെ കാട് വെട്ടിത്തെളിച്ച് കൃഷിചെയ്യാന്‍ സര്‍ക്കാര്‍ ക്ഷണിച്ചുകൊണ്ടുവന്ന തൊഴിലാളികളുടെ പിന്‍തലമുറക്കാരാണ് ഇവര്‍. സ്വന്തമായി ഒരു തുണ്ട് ഭൂമിക്കുവേണ്ടി ഇടുക്കി ജില്ലയില്‍ അലയുന്നത് ഒരു ലക്ഷത്തോളം പേര്‍. കൊടുംവനമായിരുന്ന ഇവിടെ കാട് വെട്ടിത്തെളിച്ച് കൃഷിചെയ്യാന്‍ സര്‍ക്കാര്‍ ക്ഷണിച്ചുകൊണ്ടുവന്ന തൊഴിലാളികളുടെ പിന്‍തലമുറക്കാരാണ് ഇവര്‍. ഭൂമി കിട്ടാന്‍ കനിവുതേടി കൊച്ചുകൂരകളില്‍ കഴിയുന്ന ഇവരുടെ ആഗ്രഹങ്ങള്‍ക്കു മുകളിലാണ് ആഡംഭരറിസോര്‍ട്ടുകള്‍ അനധികൃതമായി കൂണുപോലെ ഉയരുന്നത്. വ്യാജരേഖകളില്‍ ലഭിച്ച പട്ടയത്തിന്റെ അടിത്തറയില്‍ സാമൂഹ്യ അസന്തുലിതാവസ്ഥയുടെ മണിമന്ദിരങ്ങളാണ് മൂന്നാറിലുള്ളത്. ലയങ്ങളിലും കൊച്ചുകൂരകളിലും പാവങ്ങള്‍ കനിവ് കാത്ത് കഴിയുമ്പോഴാണ് മൂന്നാറിലെങ്ങും ആഡംഭരറിസോര്‍ട്ടുകള്‍ അനധികൃതമായി ഉയരുന്നത്. പട്ടയത്തിനായി പാവങ്ങള്‍ പരക്കം പായുമ്പോള്‍ വ്യാജരേഖകളില്‍ ലഭിച്ച പട്ടയത്തിന്റെ അടിത്തറയില്‍ സാമൂഹ്യ അസന്തുലിതാവസ്ഥയുടെ മണിമന്ദിരങ്ങള്‍ മൂന്നാറില്‍ ഉയരുന്നു. സര്‍ക്കാരില്‍നിന്ന് കൃഷിക്ക് പാട്ടത്തിനെടുത്ത ഭൂമി മറിച്ചുവില്‍ക്കാന്‍ നിലവിലുള്ള നിയമം അനുവദിക്കുന്നില്ല. എന്നാല്‍, നിയമം ലംഘിച്ചും ഭൂമികച്ചവടം തകൃതിയായി നടക്കുന്നെന്നാണ് മൂന്നാറിലെങ്ങും കാണുന്ന അനധികൃത റിസോര്‍ട്ട് നിര്‍മാണം തെളിയിക്കുന്നത്.
സംസ്ഥാനത്തെ ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ സഹോദരന് ഇവിടെ കാറ്ററിങ് കോളജുണ്ട്. ഇതിന് പട്ടയമുണ്ടെങ്കിലും പട്ടയത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്നു. ശീതകാല പച്ചക്കറികൃഷിയില്‍ സമൃദ്ധമായ വട്ടവടയില്‍ യുഡിഎഫിന്റെ സംസ്ഥാനത്തെ പ്രമുഖന്റെ മകളുടെ ഭര്‍ത്താവിന്റെ പേരില്‍ 50 ഏക്കര്‍ ഭൂമിയുണ്ട്. കാന്തല്ലൂര്‍ ചന്ദ്രമണ്ഡലത്തില്‍ കോണ്‍ഗ്രസിലെ ഒരു മുന്‍ എംഎല്‍എയ്ക്കുമുണ്ട് 50ലധികം ഏക്കര്‍ സ്ഥലം. ചിന്നക്കനാലില്‍ പ്രാദേശിക കേരള കോണ്‍ഗ്രസ് നേതാവും രണ്ടു മക്കളും ചേര്‍ന്ന് നൂറിലേറെ ഏക്കര്‍ കൈയടക്കിവച്ചിരിക്കുകയാണ്. വ്യാജരേഖയുണ്ടാക്കിയാണ് ഇവര്‍ മലയടക്കം കൈവശപ്പെടുത്തിയിരിക്കുന്നതെന്നാണ് ആക്ഷേപം. ലക്ഷ്മിയിലും പോതമേട്ടിലും ടൂറിസം അടക്കമുള്ള മേഖലയിലെ വന്‍ ഗ്രൂപ്പുകള്‍ക്ക് വന്‍തോതില്‍ ഭൂമിയുണ്ട്. ലക്ഷ്മിയിലെ അബാദ് റിസോര്‍ട്ട് വിവാദഭൂമിയിലാണെന്ന് ഇതിനകംതന്നെ ആരോപണമുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ ചാനലിലെ ഉന്നതന് പുലിപാറചോലയില്‍ 100 ലധികം ഏക്കര്‍ ഭൂമി ബിനാമി പേരിലുണ്ട്. ഗ്യാപ് മലയിടുക്കിലും മാധ്യമരംഗത്തെ ഒരു പ്രമുഖവ്യക്തിക്ക് കൈയേറ്റഭൂമിയുണ്ട്. ഇതിനു പുറമെ കാന്തല്ലൂരിലും വട്ടവടയിലും യഥാര്‍ഥ രേഖകളുള്ളതാണെന്ന് തെറ്റിദ്ധരിച്ച് എറണാകുളം മേഖലയില്‍നിന്നുള്ള നിരവധി പേര്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. 82,000ത്തില്‍ ഏറെപ്പേര്‍ ഇടുക്കി ജില്ലയിലുണ്ടെന്നാണ് കണക്ക്.
2001ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ചിന്നക്കനാല്‍, 80 ഏക്കര്‍, 301 കോളനി, സൂര്യനെല്ലി കോളനി എന്നിവിടങ്ങളിലായി 706 പേര്‍ക്ക് പട്ടയം നല്‍കി. പട്ടയദാനത്തിനെത്തിയ ആന്റണി മറയൂരില്‍ ആദിവാസികളുമൊത്ത് കോല്‍ക്കളി നടത്തി വാര്‍ത്ത സൃഷ്ടിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പട്ടയം ലഭിച്ചവരില്‍ 155 പേര്‍ക്ക് ഭൂമി ലഭിച്ചിരുന്നില്ല. പട്ടയരേഖകളുമായി ഭൂമിക്കുവേണ്ടി ആദിവാസികള്‍ നടത്തിയ അലച്ചിലിന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഫലമുണ്ടായില്ല. മറ്റ് നിവൃത്തിയില്ലാതെ വന്ന ഇവര്‍ വിലക്കിലെ കുത്തുകല്‍ കോളനി കൈയേറി താമസിക്കുകയാണ്. ഇവരെയും കൈയേറ്റക്കാരായി മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നു. മൂന്നാര്‍ ടൌണിനോടു ചേര്‍ന്നുള്ള ഇക്കാനഗര്‍ കോളനിയിലും മൂലമറ്റം കോളനിയിലുമായി 5000ത്തില്‍ അധികം പേര്‍ പട്ടയത്തിനായി കാത്തിരിക്കുകയാണ്. ദേവികുളം താലൂക്കിലെ കച്ചേരി സെറ്റില്‍മെന്റ്, കൂലി സെറ്റില്‍മെന്റ്, മൂന്നാര്‍ അന്തോണിയാര്‍ കോളനി എന്നിവിടങ്ങളിലെ ആയിരക്കണക്കിനു തൊഴിലാളികള്‍ക്കും പട്ടയം ഇന്നും കിട്ടാക്കനിയാണ്. സര്‍ക്കാര്‍ജീവനക്കാരുടെ കുടിപാര്‍പ്പിനായി ഉണ്ടാക്കിയ കച്ചേരി സെറ്റില്‍മെന്റ് കോളനിവാസികളില്‍ 45 പേര്‍ക്ക് 1999ല്‍ തൊടുപുഴയില്‍ നടന്ന പട്ടയമേളയില്‍ പട്ടയം ലഭിച്ചു. ഇതിന് തൊട്ടുപിന്നാലെ 'രവീന്ദ്രന്‍ പട്ടയ'ത്തിന്റെ പേരില്‍ വന്‍ വിവാദമുണ്ടായപ്പോള്‍ ഭൂമി രജിസ്ട്രേഷന്‍ സര്‍ക്കാര്‍ തടഞ്ഞു. അതോടെ പട്ടയംകൊണ്ട് ഫലത്തില്‍ പ്രയോജനമില്ലതായി. കൈയേറ്റവും കുടിയേറ്റവും കൂട്ടിക്കുഴയ്ക്കുകയും ഇതിനിടയില്‍ കൈയേറ്റക്കാര്‍ രക്ഷപ്പെടുകയും പാവം കുടിയേറ്റക്കാര്‍ അനന്തമായി പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നതാണ് വര്‍ത്തമാനകാല മൂന്നാറിന്റെ ചിത്രം. പാവങ്ങളെയും മൂന്നാറിനെയും സംരക്ഷിക്കുകയാണ് ഇന്നിന്റെ ആവശ്യം.
ദേശാഭിമാനി 120210/130210
മഞ്ഞിനും തണുപ്പിനും മീതെ അദൃശ്യമായ അധികാരശക്തിയായി മാറിയ ടാറ്റയ്ക്ക് മൂന്നാര്‍ അവരുടെ നാട്ടുരാജ്യമാണ്. പാട്ടക്കൃഷിക്കെത്തിയവര്‍ ഭരണംതന്നെ കൈയിലെടുത്തതിന്റെ രൂക്ഷത തിരിച്ചറിയാന്‍ മൂന്നാര്‍ മാര്‍ക്കറ്റിലെ സ്ഥിതി മാത്രം അറിഞ്ഞാല്‍ മതി. വൈകിട്ട് 6.30 ആയാല്‍ മാര്‍ക്കറ്റ് അടച്ചുപൂട്ടിയിരിക്കണം. ടാറ്റയുടെ കല്‍പ്പന ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ല. കേരളത്തിന്റെ ഭാഗമായ മൂന്നാറില്‍ പഞ്ചായത്തിന് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ ടാറ്റയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ടാറ്റയുടെ അനുമതിയില്ലാതെ നിര്‍മാണപ്രവര്‍ത്തനം നടത്തിയാലുള്ള അനുഭവത്തിന് ഒരു ഉദാഹരണം ഇങ്ങനെ- ദേവികുളം ബ്ളോക്ക് പഞ്ചായത്ത് ടാറ്റയുടെ അനുമതി വാങ്ങാതെ ടൌണില്‍ ഇരുനിലക്കെട്ടിടം പണിതു. ടാറ്റ സ്റ്റേ വാങ്ങി. ഒടുവില്‍, കോടതി ആവശ്യപ്പെടുമ്പോള്‍ കെട്ടിടം പൊളിച്ചുകൊടുക്കാമെന്ന് സമ്മതിച്ചതിനെ തുടര്‍ന്നാണ് ബ്ളോക്ക് പഞ്ചായത്തിന് കെട്ടിടം തുറക്കാനായത്.
ReplyDelete