Saturday, February 27, 2010

ദുരിതത്തിന്റെ ബജറ്റ്

രണ്ടാം യുപിഎ ഗവമെന്റിനുവേണ്ടി ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി വെള്ളിയാഴ്ച അവതരിപ്പിച്ച 2010-11ലേക്കുള്ള വാര്‍ഷിക ബജറ്റ് രാജ്യം ഇന്ന് നേരിടുന്ന ഒരു പ്രശ്നത്തിനും പരിഹാരമല്ല എന്നുമാത്രമല്ല, വളര്‍ച്ചയെയും ജനജീവിതത്തെയും വികസനത്തെയും മുരടിപ്പിക്കുന്നതുമാണ്. സാധാരണ ജനങ്ങളെ ദുരിതത്തിന്റെ ആഴങ്ങളിലേക്ക് തള്ളിയിടുന്നതും സമ്പന്നര്‍ക്കുവേണ്ടി രൂപപ്പെടുത്തിയിട്ടുള്ളതുമാണത്. പണപ്പെരുപ്പത്തെ താഴേക്കു കൊണ്ടുവരുന്നതുമല്ല ഈ ബജറ്റ്. അസംസ്കൃത പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ചു ശതമാനം അടിസ്ഥാന ഇറക്കുമതി തീരുവ പുനഃസ്ഥാപിച്ച ഒറ്റ നിര്‍ദേശം വിലക്കയറ്റത്തിന്റെ തോത് റോക്കറ്റ് വേഗത്തില്‍ ഉയര്‍ത്തുന്നതാണ്. ഡീസല്‍, പെട്രോള്‍ എന്നിവയ്ക്കുള്ള ഏഴര ശതമാനം ഇറക്കുമതി തീരുവയും മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ള പത്തു ശതമാനം ഇറക്കുമതി തീരുവയും പുനഃസ്ഥാപിച്ചിരിക്കുന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ എന്തുനടപടി വേണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടിരുന്നോ, അതിനു നേര്‍ വിപരീതദിശയിലാണ് ബജറ്റിലെ നിര്‍ദേശം.

2008ല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വന്‍തോതില്‍ വര്‍ധിപ്പിച്ചപ്പോള്‍ ഒഴിവാക്കിയ നികുതികള്‍ തിരിച്ചുകൊണ്ടുവന്നതിനുപുറമെ, പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരുരൂപ എക്സൈസ് തീരുവയും ഏര്‍പ്പെടുത്തുകയാണ് ഇപ്പോള്‍. സമ്പന്ന വിഭാഗങ്ങളൊഴികെയുള്ള എല്ലാവരുടെയും ജീവിതത്തില്‍ കടുത്ത പ്രതിസന്ധിയാണ് ഇതു സൃഷ്ടിക്കുക. സബ്സിഡി സംവിധാനം പൊളിച്ചെഴുതണമെന്ന സാമ്പത്തിക സര്‍വേയിലെ നിര്‍ദേശം അക്ഷരംപ്രതി നടപ്പാക്കിക്കൊണ്ട്, ഭക്ഷ്യസബ്സിഡിയില്‍ 400 കോടിയിലേറെ രൂപയുടെ കുറവുവരുത്തിയിരിക്കുന്നു. നടപ്പുവര്‍ഷം ചെലവിട്ടതില്‍നിന്ന് മൂവായിരത്തിലേറെ കോടി രൂപ കുറച്ചാണ് വരുംവര്‍ഷത്തേക്ക് വളം സബ്സിഡിക്ക് നീക്കിവച്ചിട്ടുള്ളത്. റേഷന്‍കടകളിലൂടെ സബ്സിഡി നിരക്കില്‍ അവശ്യസാധനങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്നും അര്‍ഹരായവര്‍ക്ക് സബ്സിഡി തുകയുടെ കൂപ്പ നല്‍കിയാല്‍ മതിയെന്നുമുള്ള സാമ്പത്തികസര്‍വേയിലെ നിര്‍ദേശത്തിലേക്കുള്ള കൃത്യമായ ചവിട്ടുപടിയാണ് പ്രണബ് മുഖര്‍ജിയുടെ നിര്‍ദേശങ്ങള്‍. സിവില്‍സപ്ളൈസ് സംവിധാനത്തെയും റേഷന്‍കടകളെയും ഇല്ലാതാക്കി, പൊതുവിതരണ സമ്പ്രദായത്തില്‍നിന്ന് സര്‍ക്കാരിന്റെ പരിപൂര്‍ണ പിന്മാറ്റം യാഥാര്‍ഥ്യമാക്കുന്നതിലേക്കാണ് ഈദൃശ നീക്കങ്ങള്‍ എന്നതില്‍ സംശയത്തിനവകാശമില്ല.

വിലക്കയറ്റം പിടിച്ചുനിര്‍ത്താനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് ചുമതലയെന്ന് ഭീഷണിസ്വരത്തില്‍ ആവര്‍ത്തിച്ചു പറയാറുള്ള യുപിഎ നേതൃത്വം ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. പ്രത്യക്ഷ നികുതിയിനത്തില്‍ 26,000 കോടി രൂപയുടെ വരുമാനം വരുംവര്‍ഷം കുറയുമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. അതിനര്‍ഥം അത്രയും തുകയുടെ ആനുകൂല്യങ്ങള്‍ വന്‍ വരുമാനക്കാരായ സമ്പന്നര്‍ക്ക് ലഭിക്കുമെന്നാണ്. നടപ്പുവര്‍ഷം ഇത്തരത്തില്‍ കോര്‍പറേറ്റുകള്‍ക്ക് ലഭിച്ച സൌജന്യം 80,000 കോടിയിലേറെയാണ്. അതേസമയം, വരുംവര്‍ഷം 60,000 കോടിയുടെ പരോക്ഷനികുതി പിരിക്കാന്‍ ബജറ്റ് നിര്‍ദേശിക്കുന്നു. സമ്പന്നന് വാരിക്കോരി കൊടുക്കാന്‍ മടികാണിക്കാത്തവര്‍ സാധാരണ ജനങ്ങളെ പിഴിഞ്ഞ് ചോരയൂറ്റാന്‍ അമിതോത്സാഹമാണ് കാട്ടുന്നത്. ഗ്രാമീണ ജനതയെക്കുറിച്ച് ഭരണനേതൃത്വം ആവര്‍ത്തിച്ചു പ്രകടിപ്പിക്കാറുള്ള ആശങ്കയും താല്‍പ്പര്യവുമൊന്നും ബജറ്റില്‍ പ്രതിഫലിച്ചുകാണുന്നില്ല. കൃഷിയെ അവഗണിച്ചിരിക്കുന്നു. ജലസേചനത്തിന് പരിഗണനയില്ല. ഗ്രാമീണ ജനജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള മൂര്‍ത്തമായ ഒരു പദ്ധതിയും അവതരിപ്പിക്കുന്നില്ലെന്നതിനു പുറമെ, അതിലേക്കായി മുന്‍കാലങ്ങളില്‍ നീക്കിവച്ച വിഹിതത്തില്‍ കാലാനുസൃതമായ വര്‍ധന വരുത്തിയിട്ടുമില്ല.

കഴിഞ്ഞ ബജറ്റില്‍ 25,000 കോടിയുടെ പൊതുമേഖലാ ഓഹരി വിറ്റ് കാശാക്കാനാണ് നിര്‍ദേശം വച്ചതെങ്കില്‍ ഇക്കുറി അത് 40,000 കോടി രൂപയുടേതാക്കി വര്‍ധിപ്പിച്ചിരിക്കുന്നു. ജനങ്ങളെ പിഴിഞ്ഞും പൊതുമുതല്‍ വിറ്റും പണമുണ്ടാക്കുന്നതാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ അജന്‍ഡ എന്ന് ഇതിലൂടെ കൂടുതല്‍ വ്യക്തമാകുന്നു. സാമ്പത്തികരംഗത്ത് കൂടുതല്‍ ഉദാരവല്‍ക്കരണത്തിലേക്കു പോകുന്നതിന്റെ ഭാഗമാണ് കൂടുതല്‍ സ്വകാര്യബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള നിര്‍ദേശം. പൊതുവെ സംസ്ഥാനങ്ങളോട് നീതികാട്ടാത്ത ബജറ്റ് കേരളത്തിന് കടുത്ത നിരാശയാണ് പ്രദാനംചെയ്യുന്നത്. കേന്ദ്ര പദ്ധതിച്ചെലവില്‍ 15 ശതമാനം വര്‍ധന വരുത്തുമ്പോള്‍ ആനുപാതികമായല്ലാതെ സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രസഹായം എട്ടുശതമാനത്തില്‍ ചുരുക്കിനിര്‍ത്തുന്നു. ആസിയന്‍ കരാര്‍ നടപ്പാക്കുമ്പോള്‍ കേരളത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരമായി സംസ്ഥാനത്തിനുവേണ്ടി പ്രത്യേക പാക്കേജ് യുപിഎ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ആ പാക്കേജ് വിസ്മരിക്കപ്പെട്ടു. റേഷന്‍ സബ്സിഡി പുനഃസ്ഥാപിക്കില്ലെന്ന് ഈ ബജറ്റിലൂടെ യുപിഎ സര്‍ക്കാര്‍ ഉറപ്പിക്കുകയും ചെയ്തു. കൊച്ചി മെട്രോറെയില്‍പോലുള്ള പ്രത്യേക പദ്ധതികള്‍ പരിഗണിക്കപ്പെട്ടില്ല.

യഥാര്‍ഥത്തില്‍ പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കൂടുതല്‍ സീറ്റ് നല്‍കിയതിലൂടെ കേരളം ശിക്ഷിക്കപ്പെടുകയാണ്. രണ്ടു ക്യാബിനറ്റ് മന്ത്രിമാരും നാലു സഹമന്ത്രിമാരുമുണ്ട് കേരളത്തില്‍നിന്ന് കേന്ദ്രത്തില്‍. ഇവര്‍ക്കൊന്നുംതന്നെ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ യുപിഎ നേതൃത്വത്തിനുമുന്നില്‍ അവതരിപ്പിക്കാനോ ശരിയായ നിലപാടെടുപ്പിക്കാനോ കഴിഞ്ഞില്ല. രാജ്യം പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍പ്പോലും ജനങ്ങള്‍ക്ക് ഒരിറ്റ് ആശ്വാസം നല്‍കാനോ ദുര്‍നയങ്ങളില്‍നിന്ന് വ്യതിചലിക്കാനോ തയ്യാറല്ല എന്നാണ് ബജറ്റിലൂടെ യുപിഎ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ജനദ്രോഹികളുടെ സര്‍ക്കാരാണ് എന്ന പ്രഖ്യാപനമാണ് പ്രണബ് മുഖര്‍ജിയുടെ പ്രസംഗത്തില്‍ തെളിഞ്ഞുനില്‍ക്കുന്നത്. സമ്പന്നര്‍ അതിസമ്പന്നരാവുകയും ദരിദ്രര്‍ പരമദരിദ്രരാവുകയും ചെയ്യുന്ന പ്രക്രിയക്കാണ് യുപിഎ ഗവമെന്റ് കാര്‍മികത്വം വഹിക്കുന്നത്. ഇത് പൊറുക്കപ്പെട്ടുകൂടാ. ബജറ്റിലെ ജനവിരുദ്ധ നിര്‍ദേശങ്ങള്‍ പിന്‍വലിപ്പിക്കാന്‍ പാര്‍ലമെന്റിനു പുറത്തും അതിശക്തമായ പോരാട്ടം നടക്കേണ്ടതുണ്ട്. അവഗണനയുടെ കയ്പുനീര്‍ കുടിക്കുന്ന കേരളം മാത്രമല്ല, വിലക്കയറ്റത്തിന്റെയും ഭക്ഷണ ദൌര്‍ലഭ്യത്തിന്റെയും അടക്കമുള്ള കെടുതികള്‍ അനുഭവിക്കുന്ന ജനങ്ങള്‍ രാജ്യവ്യാപകമായിത്തന്നെ പ്രക്ഷോഭത്തിന്റെ പാതയിലേക്ക് ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ദേശാഭിമാനി മുഖപ്രസംഗം 270210

പെട്രോള്‍-ഡീസല്‍ വിലവര്‍ധന പിന്‍വലിക്കണം: സിപിഐ എം

വിലക്കയറ്റം രൂക്ഷമായിരിക്കെ ബജറ്റിലൂടെ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. പണപ്പെരുപ്പം സൃഷ്ടിക്കുന്നതും സാധാരണ ജനങ്ങളെ ബാധിക്കുന്നതുമായ പരോക്ഷനികുതി വര്‍ധനയും പിന്‍വലിക്കണമെന്ന് പിബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ബജറ്റിലെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പിബി അഭ്യര്‍ഥിച്ചു. ധനമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ബജറ്റ് സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടുത്തുന്നതോ വിലക്കയറ്റം തടയുന്നതോ അല്ല. പരോക്ഷനികുതി വര്‍ധിപ്പിച്ച് ബജറ്റ് കമ്മി നികത്തുകയെന്ന തെറ്റായ തന്ത്രമാണ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായാണ് സാധാരണക്കാരെ ബാധിക്കുംവിധം പെട്രോളിനും ഡീസലിനും നികുതി വര്‍ധിപ്പിച്ചത്. ഇതോടൊപ്പം പണക്കാര്‍ക്കുമേലുള്ള പ്രത്യക്ഷനികുതിയില്‍ കുറവ് വരുത്തുകയും ചെയ്തു. 20 ശതമാനത്തിലെത്തിയ ഭക്ഷ്യ പണപ്പെരുപ്പം വീണ്ടും വര്‍ധിപ്പിക്കുന്ന ജനവിരുദ്ധനയമാണ് ബജറ്റിലുള്ളത്. അസംസ്കൃത പെട്രോളിയത്തിന് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തിയതും ലിറ്ററിന് ഒരുരൂപ പെട്രോളിനും ഡീസലിനും എക്സൈസ് നികുതി കൂട്ടിയതും പ്രതിഷേധാര്‍ഹമാണ്. ധനമന്ത്രിയുടെ കണക്കനുസരിച്ച് പ്രത്യക്ഷനികുതിയില്‍ 2010-11ല്‍ 26,000 കോടി രൂപയുടെ വരുമാനനഷ്ടമാണ് പ്രതീക്ഷിക്കുന്നത്. ഹോട്ടലുടമകള്‍, റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ തുടങ്ങി വന്‍വരുമാനം ലഭിക്കുന്നവര്‍ക്ക് നല്‍കിയ നികുതി ഇളവ് കാരണമാണ് ഈ നഷ്ടമുണ്ടാകുന്നത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം 80,000 കോടി രൂപയുടെ നികുതി ഇളവാണ് കോര്‍പറേറ്റുകള്‍ക്ക് നല്‍കിയത്. അതേസമയം, പരോക്ഷനികുതി ഇനത്തില്‍ 60,000 കോടി രൂപ ശേഖരിക്കാനാണ് കഴിഞ്ഞവര്‍ഷം ലക്ഷ്യമിട്ടിരുന്നത്. പദ്ധതിച്ചെലവ് 15 ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രസഹായം എട്ട് ശതമാനം മാത്രമാണ് കൂട്ടിയത്. 13-ാം ധനകമീഷന്‍ ശുപാര്‍ശചെയ്ത 32 ശതമാനം നികുതിവിഹിതം മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. 50 ശതമാനം ലഭിക്കണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുമ്പോഴാണ് ഈ നടപടി.
വിദ്യാഭ്യാസ അവകാശം സാര്‍വത്രികമാക്കുന്നതിന് തുച്ഛമായ 5000 കോടിമാത്രമാണ് നീക്കിവച്ചത്. കൃഷി, ജലസേചനം, ഗ്രാമവികസനം എന്നീ മേഖലകളിലുള്ള കേന്ദ പദ്ധതി അടങ്കല്‍ വര്‍ധിപ്പിച്ചിട്ടില്ല. ഗ്രാമീണജനതയോടുള്ള ഗവമെന്റിന്റെ പ്രതിബദ്ധതയില്ലായ്മയാണ് ഇത് തെളിയിക്കുന്നത്. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന്പറയുമ്പോഴും ഭക്ഷ്യസബ്സിഡി 400 കോടി കുറയ്ക്കുകയാണ് ചെയ്തത്. രാസവളം സബ്സിഡി 3000 കോടിയും കുറവ് വരുത്തി. ഏറ്റവും പാവപ്പെട്ടവര്‍ക്കുമാത്രം സബ്സിഡി ലഭ്യമാക്കുക എന്ന പേരിലാണ് ഈ വെട്ടിക്കുറയ്ക്കല്‍. വിലക്കയറ്റം രൂക്ഷമാവുകയും കാര്‍ഷികോല്‍പ്പാദനം വന്‍തോതില്‍ ഇടിയുകയും ചെയ്യുമ്പോഴാണ് സബ്സിഡി കുറച്ചത്. പൊതുവിതരണസംവിധാനം ഇല്ലാതാക്കി ഭക്ഷ്യവസ്തുക്കള്‍ക്കും രാസവളത്തിനും കൂപ്പ സംവിധാനം കൊണ്ടുവരണമെന്ന് സാമ്പത്തിക സര്‍വെയില്‍ നിര്‍ദേശിച്ചിരുന്നു. 2010-11 വര്‍ഷം ഓഹരിവില്‍പ്പനയിലൂടെ 40,000 കോടി രൂപ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 25,000 കോടി രൂപയാണ് ഇതിലൂടെ സ്വരൂപിച്ചത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിമൂല്യം വര്‍ധിപ്പിക്കാനെന്ന പേരിലാണ് ഈ വിറ്റഴിക്കല്‍. എന്നാല്‍, 2008-09 വര്‍ഷത്തെ പബ്ളിക് എന്റര്‍പ്രൈസസ് സര്‍വേ പറയുന്നത് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിമൂല്യം 27.41 ശതമാനം ഇടിഞ്ഞുവെന്നാണ്. ഊഹക്കച്ചവടക്കാരെ സഹായിക്കാനാണ് ഓഹരിവില്‍പ്പന തീരുമാനമെന്ന് വ്യക്തമാണ്. സ്വകാര്യമേഖലയ്ക്കും ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങള്‍ക്കും ബാങ്ക് ലൈസന്‍സ് നല്‍കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം കൂടുതല്‍ ഉദാരവല്‍ക്കരണം നടപ്പാക്കുമെന്നതിന്റെ സൂചനയാണെന്നും പിബി പറഞ്ഞു.

എരിതീയില്‍ എണ്ണ

കത്തുന്ന വിലക്കയറ്റത്തിനിടയില്‍ ആശ്വാസം പ്രതീക്ഷിച്ച ജനങ്ങള്‍ക്ക് ഇരുട്ടടിയായി 2010-11ലെ ബജറ്റ് നിര്‍ദേശങ്ങള്‍. പെട്രോളും ഡീസലും ഉള്‍പ്പെടെ മിക്കവാറും സാധനങ്ങളുടെ വില കുത്തനെ ഉയര്‍ത്തുന്ന നിര്‍ദേശങ്ങളാണ് ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി വെള്ളിയാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ച ബജറ്റില്‍. പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധന വെള്ളിയാഴ്ച രാത്രി തന്നെ പ്രാബല്യത്തില്‍ വന്നു. പെട്രോളിന് 2.93 രൂപയും ഡീസലിന് 2.84 രൂപയുമാണ് ലിറ്ററിന് വര്‍ധിച്ചത്. വിലകൂട്ടുന്ന നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ഒന്നടങ്കം ബജറ്റ് അവതരണവേളയില്‍ ലോക്സഭയില്‍നിന്ന് ഇറങ്ങിപ്പോയി. പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമാണ് ബജറ്റ് അവതരണസമയത്ത് പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്. അസംസ്കൃത പെട്രോളിന് 5 ശതമാനവും ഡീസലിനും പെട്രോളിനും 7.5 ശതമാനവും ഇറക്കുമതി തീരുവ ചുമത്താനാണ് ബജറ്റില്‍ നിര്‍ദേശം. അതിനു പുറമെ പെട്രോളിന്റെയും ഡീസലിന്റെയും സെന്‍ട്രല്‍ എക്സൈസ് ഡ്യൂട്ടി ലിറ്ററിനു ഒരുരൂപ വര്‍ധിപ്പിക്കാനും തീരുമാനിച്ചു. ഇതു രണ്ടും ചേര്‍ന്നപ്പോഴാണ് ലിറ്ററിന് 2.50 രൂപ മുതല്‍ 2.95 രൂപവരെ വര്‍ധിച്ചത്. കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുന്നതോടൊപ്പം ബാങ്കിങ് മേഖലയില്‍ സ്വകാര്യവല്‍ക്കരണം കൂടുതല്‍ ശക്തമാക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. കല്‍ക്കരിമേഖലയെ പിന്‍വാതിലിലൂടെ സ്വകാര്യവല്‍ക്കരിക്കാനും നിര്‍ദേശിക്കുന്നു. പരോക്ഷനികുതിയും സര്‍വീസ് നികുതിയും വര്‍ധിപ്പിച്ച് സാധാരണ ജനങ്ങള്‍ക്കുമേല്‍ 50,000 കോടിരൂപയുടെ അധികഭാരം അടിച്ചേല്‍പ്പിക്കുന്ന ബജറ്റ് വന്‍കിടക്കാര്‍ക്ക് വന്‍സൌജന്യങ്ങള്‍ നല്‍കുന്നു. ഗുരുതരമായ പ്രതിസന്ധി നേരിടുന്ന കാര്‍ഷികമേഖലയ്ക്ക് തുച്ഛമായ തുകയാണ് വകയിരുത്തിയത്. ഭക്ഷ്യസബ്സിഡിയില്‍ വെട്ടിക്കുറവു വരുത്തിയ സര്‍ക്കാര്‍ മറ്റ് സബ്സിഡികളും കുറച്ചുകൊണ്ടുവരുമെന്നു വ്യക്തമാക്കി.
(വി ബി പരമേശ്വരന്‍)

ഭക്ഷ്യവസ്തുവില കുത്തനെ കൂടും

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും പണപ്പെരുപ്പവും കുത്തനെ വര്‍ധിപ്പിക്കുന്നതാണ് വെള്ളിയാഴ്ച ധനമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച പൊതുബജറ്റ്. വിലക്കയറ്റം തടയാന്‍ കാര്യക്ഷമമായ നടപടി ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്ന ബജറ്റില്‍ കടകവിരുദ്ധമായ സമീപനമാണുള്ളത്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി ശുപാര്‍ശചെയ്തതുപോലെ സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകള്‍ ഭാഗികമായി പിന്‍വലിക്കുന്നതിന്റെ പേരിലാണ് പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കുന്നത്. ഇവയ്ക്കുമേല്‍ നേരത്തെയുണ്ടായിരുന്ന ഇറക്കുമതി തീരുവ പുനഃസ്ഥാപിക്കുകയും ലിറ്ററിന് ഒരു രൂപവീതം എക്സൈസ് നികുതി ചുമത്തുകയും ചെയ്തു. അസംസ്കൃത എണ്ണയ്ക്ക് അഞ്ചു ശതമാനവും ഡീസലിനും പെട്രോളിനും ഏഴര ശതമാനവും ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനവുമാണ് ഇറക്കുമതി തീരുവ. ഇതിന്റെ ഫലമായി പെട്രോളിന് ലിറ്ററിന് 2.67 രൂപയും ഡീസലിന് 2.58 രൂപയും ഡല്‍ഹിയില്‍ വര്‍ധിക്കും. വെള്ളിയാഴ്ച അര്‍ധരാത്രിമുതല്‍ ഇത് നിലവില്‍ വന്നു. ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് കൂടുതലും അസംസ്കൃത എണ്ണ ആയതിനാല്‍ അതിന്മേലുള്ള തീരുവയാണ് ഏറ്റവുമധികം ബാധിക്കുക. ഡീസല്‍വില വര്‍ധിപ്പിക്കുന്നത് ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധനയ്ക്ക് ഇടയാക്കും. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഏറ്റവുമധികം ഉപയോഗിക്കുന്നത് ഡീസലാണ്. കാര്‍ഷിക ഉല്‍പ്പാദനച്ചെലവ് കൂടുന്നതോടൊപ്പം കടത്തുകൂലിയും വര്‍ധിക്കും. നിലവിലുള്ള വിലക്കയറ്റം നിരവധിമടങ്ങ് വര്‍ധിക്കും.

ബജറ്റിലൂടെതന്നെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നത് സമീപകാലത്ത് ആദ്യമാണ്. അതുകൊണ്ടാണ് ചരിത്രത്തിലാദ്യമായി ബജറ്റ് അവതരണവേളയില്‍ പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെടുന്ന കിരിത് പരീഖ് കമ്മിറ്റി റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കുമെന്ന സൂചനയും ബജറ്റിലുണ്ട്. വരുംദിവസങ്ങളില്‍ പെട്രോളിയംമന്ത്രി ഈ നിര്‍ദേശം നടപ്പാക്കുന്ന കാര്യം പ്രഖ്യാപിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു. രാസവളവിലയും വര്‍ധിപ്പിക്കുന്ന നിര്‍ദേശം ബജറ്റിലുണ്ട്. രാസവളമേഖലയില്‍ ഘടകാധിഷ്ഠിത സബ്സിഡി നടപ്പാക്കാനുള്ള നിര്‍ദേശം ഇതിന്റെ ഭാഗമാണ്. ഭൂമിയുടെ ഗുണം അനുസരിച്ചുള്ള രാസവളം ലഭ്യമാക്കുക എന്നതാണ് ഈ നയം. എന്നാല്‍, ഭൂമി പരിശോധനയും മറ്റും നടത്താനുള്ള സംവിധാനം നിലവില്‍ വരാന്‍ വര്‍ഷങ്ങള്‍ എടുക്കും. അതിനിടയില്‍ത്തന്നെ യൂറിയയുടെയും നാഫ്തയുടെയും വില 10 ശതമാനമെങ്കിലും ഉയരും. കാര്‍ഷിക ഉല്‍പ്പാദനച്ചെലവ് വര്‍ധിക്കുന്നതും ഭക്ഷ്യ സബ്സിഡി കുറച്ചതും വിലക്കയറ്റത്തിനു കാരണമാകും.

ജനങ്ങളോട് യുദ്ധപ്രഖ്യാപനം: പിണറായി

ജനങ്ങള്‍ക്കെതിരെ എല്ലാ അര്‍ഥത്തിലുമുള്ള യുദ്ധപ്രഖ്യാപനമാണ് കേന്ദ്രബജറ്റെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വിലക്കയറ്റം രൂക്ഷമാക്കുന്ന ബജറ്റില്‍ തൊഴില്‍നഷ്ടം പരിഹരിക്കാനോ സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിനോ ഉള്ള നിര്‍ദേശങ്ങളില്ല. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിനും എക്സൈസ് തീരുവ രണ്ടുശതമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ വിലക്കയറ്റത്തില്‍ നട്ടംതിരിയുന്ന ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് നയിക്കും. പൊതുവിതരണസമ്പ്രദായം ശക്തമാക്കാനോ വിലസ്ഥിരതാ ഫണ്ട് യാഥാര്‍ഥ്യമാക്കാനോ രാജ്യത്തെമ്പാടും കടക്കെണിയിലായ കര്‍ഷകരെ രക്ഷിക്കാനോ നടപടിയില്ല. വിലക്കയറ്റം പരിഹരിക്കാനല്ല, കൂടുതല്‍ രൂക്ഷമാക്കാനാണ് കേന്ദ്രബജറ്റിലെ നിര്‍ദേശങ്ങള്‍ ഇടയാക്കുക. തീവ്ര സ്വകാര്യവല്‍ക്കരണത്തിന്റെ പാതയിലാണ് കോഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍. എല്ലാവരെയും പങ്കാളിയാക്കുന്ന ഉള്‍ച്ചേര്‍ന്ന വളര്‍ച്ച (ഇന്‍ക്ളൂസീവ് ഗ്രോത്ത്) എന്ന സിദ്ധാന്തമായിരുന്നു കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ആഗോളവല്‍ക്കരണ പരിഷ്കാരങ്ങള്‍ തീവ്രമായി നടപ്പാക്കുന്നതിലൂടെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഭൂരിപക്ഷം ജനങ്ങളുടെയും വികസനം മന്‍മോഹന്‍ സര്‍ക്കാരിന്റെ ബജറ്റ് പരിഗണിക്കുന്നില്ല. ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെയടക്കം 25,000 കോടി രൂപയുടെ ഓഹരി വില്‍ക്കാനുള്ള തീരുമാനവും സ്വകാര്യ ബാങ്കിങ് മേഖലയില്‍ കൂടുതല്‍ ലൈസന്‍സ് നല്‍കാനുള്ള നിര്‍ദേശവും വിദേശനിക്ഷേപത്തിന് സ്വതന്ത്രമായി വാതില്‍ തുറന്നുകൊടുക്കുന്നതും പ്രതിലോമകരമാണ്.

കേരളത്തോട് കടുത്ത അനീതിയാണ് കാട്ടിയിരിക്കുന്നത്. സംസ്ഥാനവികസനത്തിനുള്ള ദീര്‍ഘകാല ആവശ്യങ്ങള്‍ നിരാകരിച്ചു. പുതിയ പദ്ധതികളൊന്നും സംസ്ഥാനത്തിന് നല്‍കിയിട്ടില്ല. ദേശീയ തൊഴിലുറപ്പുപദ്ധതിക്ക് 40,100 കോടി രൂപ നീക്കിവച്ചെങ്കിലും സംസ്ഥാനം നിര്‍ദേശിച്ച ഭേദഗതികള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയില്ല. പരമ്പരാഗത വ്യവസായമേഖലയെ പാടേ അവഗണിച്ചു. കൊല്ലം കേന്ദ്രമാക്കി കാഷ്യൂബോര്‍ഡ് സ്ഥാപിക്കുകയെന്ന കേരളത്തിന്റെ ചിരകാല ആവശ്യവും അംഗീകരിച്ചില്ല. വര്‍ഷംതോറും 900 കോടി ഡോളര്‍ രാജ്യത്തിന് നല്‍കുന്ന ഗള്‍ഫ് മലയാളികളുടെ പുനരധിവാസത്തിന് ആവശ്യമായ പദ്ധതിനിര്‍ദേശങ്ങളൊന്നും ബജറ്റിലില്ല. വിലക്കയറ്റം രൂക്ഷമാക്കുന്നതും സംസ്ഥാനത്തോട് നീതിപുലര്‍ത്താത്തതുമായ ജനദ്രോഹബജറ്റിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ എല്ലാവിഭാഗം ജനങ്ങളോടും പിണറായി അഭ്യര്‍ഥിച്ചു.

ജനജീവിതം ദുസ്സഹമാക്കുന്ന ബജറ്റ്: മുഖ്യമന്ത്രി

വിലക്കയറ്റത്തിന് ആക്കംകൂട്ടുന്നതും സ്വകാര്യവല്‍ക്കരണത്തിന് വേഗം കൂട്ടുന്നതുമാണ് കേന്ദ്രബജറ്റിലെ നിര്‍ദേശങ്ങളെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഗണ്യമായി വര്‍ധിപ്പിച്ചതിലൂടെമാത്രം പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നു രൂപയോളം വര്‍ധിക്കും. ക്രൂഡ് ഓയിലിന്റെ ഇറക്കുമതി തീരുവ രണ്ടര ശതമാനം വര്‍ധിപ്പിച്ചത് ഇതിനു പുറമെയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം എടുത്തുകളയണമെന്ന കീര്‍ത്തി പരേഖ് കമ്മിറ്റി ശുപാര്‍ശ പരിഗണനയിലാണെന്നും ബജറ്റ് പ്രസംഗത്തില്‍ പ്രണബ് കുമാര്‍ മുഖര്‍ജി വ്യക്തമാക്കിയിട്ടുണ്ട്. വലിയ ആഘാതം വരാനിരിക്കുന്നതേയുള്ളൂ എന്നാണിത് വ്യക്തമാക്കുന്നത്. സാധാരണക്കാരുടെ ജീവിതം അങ്ങേയറ്റം ദുസ്സഹമാക്കുന്ന നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ബജറ്റ് കൂടുതല്‍ പ്രത്യാഘാതമുണ്ടാക്കും. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാക്കും. ഓഹരി വിറ്റഴിക്കലിലൂടെ കാല്‍ ലക്ഷം കോടി രൂപ സമാഹരിക്കുമെന്ന് പറയുന്നതിന്റെ അര്‍ഥം സ്വകാര്യവല്‍ക്കരണം ത്വരിതപ്പെടുത്തുമെന്നാണ്.

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലയ്ക്കുക എന്ന യുപിഎയുടെ പ്രഖ്യാപിത നയമാണ് ബജറ്റില്‍ പ്രതിഫലിക്കുന്നത്. കടുത്ത പ്രതിസന്ധി നേരിടുന്ന നിര്‍മാണമേഖലയെ സിമന്റ് വിലവര്‍ധന തകര്‍ച്ചയിലേക്ക് നയിക്കും. ബജറ്റില്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ചു. റെയില്‍വേ ബജറ്റിലെ അവഗണനയ്ക്കു പിറകെയാണിത്. കൊച്ചിമെട്രോ പദ്ധതിയെക്കുറിച്ച് പരാമര്‍ശംപോലുമുണ്ടായില്ല. പൊതുവിതരണ സമ്പ്രദായം തകര്‍ക്കുകയും എഫ്സിഐ ഗോഡൌണുകള്‍ സ്വകാര്യവല്‍ക്കരിക്കുകയും ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. കാര്‍ഷിക മേഖലയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കുമെന്ന് പറയുന്നതിനൊപ്പംതന്നെ വളത്തിന്റെ സബ്സിഡി കുറച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പതിമൂന്നാം ധനകമീഷന്‍ നിര്‍ദേശവും നിരാശാജനകവും പ്രതിഷേധാര്‍ഹവുമാണ്്. കേന്ദ്ര നികുതിവിഹിതം 2.6 ശതമാനത്തില്‍നിന്ന് 2.34 ശതമാനമായി വെട്ടിക്കുറച്ചു. അഞ്ച് വര്‍ഷംകൊണ്ട് സംസ്ഥാനത്തിന് അയ്യായിരം കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടാകാന്‍ പോകുന്നത്. കേന്ദ്രം സമാഹരിക്കുന്ന നികുതി വരുമാനത്തില്‍ പകുതി സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന് ധനകമീഷന് സംസ്ഥാന സര്‍ക്കാര്‍ നിവേദനം നല്‍കിയിരുന്നു. എന്നാല്‍, കേവലം ഒന്നര ശതമാനത്തിന്റെ വര്‍ധന വരുത്തി വിഹിതം 32 ശതമാനത്തിലെത്തിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൈയടിക്കാന്‍ കോര്‍പറേറ്റുകള്‍: ഐസക്

കേന്ദ്ര ബജറ്റ് കോര്‍പറേറ്റ് കമ്പനികളുടെമാത്രം കൈയടി നേടിയിരിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിലക്കയറ്റം സൃഷ്ടിക്കുന്നതും സാമ്പത്തിക മുരടിപ്പ് സൃഷ്ടിക്കുന്നതുമായ ബജറ്റ് കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ പൂര്‍ണമായി അവഗണിച്ചു. ഭക്ഷ്യധാന്യങ്ങളുടെ വിലവര്‍ധന തടയാന്‍ നടപടിയില്ല. മാത്രമല്ല, എണ്ണ വിലവര്‍ധന വിലക്കയറ്റം ആളിക്കത്തിക്കും. എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കുമ്പോഴേ വിലക്കയറ്റത്തിന്റെ ചിത്രം പൂര്‍ണമാകൂ. 46,000 കോടിയുടെ ആദായ നികുതി വര്‍ധനയാണ് വരുത്തിയിട്ടുള്ളത്. അത്രയും കോടിയുടെ വിലക്കയറ്റമാണ് ഇതിലൂടെ ഉണ്ടാകുന്നത്. സാധാരണക്കാരുടെ നികുതിയില്‍ വര്‍ധന വരുത്താതെ ആഡംബര നികുതിമാത്രം വര്‍ധിപ്പിക്കാന്‍ ധനമന്ത്രി തയ്യാറായില്ല. ഓഹരിക്കമ്പോളത്തിലെ കൈയടിക്കുവേണ്ടി കോര്‍പറേറ്റുകള്‍ക്ക് 26000 കോടിയുടെ പ്രത്യക്ഷ ഇളവു നല്‍കി. വെട്ടിക്കുറച്ച അരിവിഹിതം പുനഃസ്ഥാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചിട്ടില്ല. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ബിപിഎല്ലുകാര്‍ക്കു മാത്രമായി റേഷന്‍ പരിമിതപ്പെടുത്തുകയുമാണ്. ആസിയന്‍ കരാറിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് നല്‍കുമെന്ന് പറഞ്ഞ പ്രത്യേക പാക്കേജ് എവിടെയാണെന്നും ഐസക് ചോദിച്ചു.

നിരാശാജനകം: പി കരുണാകരന്‍

കേന്ദ്രബജറ്റ് സാധാരണജനങ്ങള്‍ക്ക് തീര്‍ത്തും നിരാശാജനകമാണെന്ന് ലോക്സഭയിലെ സിപിഐ എം ഉപനേതാവ് പി കരുണാകരന്‍ പറഞ്ഞു. പെട്രോള്‍ വിലവര്‍ധന വിലക്കയറ്റം രൂക്ഷമാക്കും. കേരളം ആവശ്യപ്പെട്ട ഒരു കാര്യവും അംഗീകരിച്ചില്ല. ഏറെകാലത്തെ ആവശ്യമായ ഐഐടി, കൊച്ചി മെട്രോ എന്നിവയെക്കുറിച്ച് ബജറ്റില്‍ മൌനം പാലിച്ചു. വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളിലും കേരളം സമര്‍പ്പിച്ച പദ്ധതികള്‍ പരിഗണിച്ചില്ല. ആസിയന്‍ കരാറിന്റെ ദുരിതമനുഭവിക്കുന്ന കേരളജനതയ്ക്ക് ആശ്വാസപദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. മത്സ്യത്തൊഴിലാളികളുടെയും പരമ്പരാഗതമേഖലയിലെ തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ വിസ്മരിച്ചു. 35 കോടിയോളം അസംഘടിത തൊഴിലാളികള്‍ക്ക് അര്‍ഹമായ പരിഗണന കിട്ടിയില്ല. കര്‍ഷകരെ സഹായിക്കാന്‍ കൂടുതല്‍ തുക നീക്കിവയ്ക്കേണ്ടതായിരുന്നു. അതേസമയം, വന്‍കിടക്കാര്‍ക്ക് നല്‍കുന്ന സൌജന്യത്തിന്റെ ഭാഗമായി 26,000 കോടി രൂപയാണ് നഷ്ടം. യുപിഎ സര്‍ക്കാര്‍ തുടര്‍ച്ചയായി സ്വീകരിക്കുന്ന വന്‍കിടക്കാര്‍ക്ക് അനുകൂലമായ നികുതി ഘടനയാണ് ഇത്തവണയും ആവര്‍ത്തിച്ചതെന്ന് പി കരുണാകരന്‍ പറഞ്ഞു.

ജീവിതദുരിതം വര്‍ധിപ്പിക്കും: ഡിവൈഎഫ്ഐ

സാധാരണക്കാരനുമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതും സ്വകാര്യ കുത്തകകള്‍ക്ക് പ്രത്യേക സഹായം ചെയ്യുന്നതുമാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. വിലക്കയറ്റം അതിരൂക്ഷമായതാണ് നിലവിലെ സാഹചര്യം. അത് തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നിര്‍ദേശങ്ങളാണ് ജനങ്ങള്‍ പ്രതീക്ഷിച്ചത്. എന്നാല്‍, വിലക്കയറ്റം കൂടുതല്‍ രൂക്ഷമാക്കുന്ന തീരുമാനങ്ങളാണ് ബജറ്റിലുള്ളത്. പെട്രോള്‍, ഡീസല്‍ വില നിയന്ത്രണം എടുത്തുകളയാനും എക്സൈസ് തീരുവ ലിറ്ററിന് ഒരു രൂപയും കസ്റംസ് തീരുവ ഏഴര ശതമാനം ഈടാക്കാനുമുള്ള തീരുമാനം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ക്രമാതീതമായി വര്‍ധിക്കുന്നതിന് ഇടയാക്കും. മാത്രമല്ല, എല്ലാ ഉല്‍പ്പന്നങ്ങളുടെയും എക്സൈസ് തീരുവ രണ്ടരശതമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശംകൂടിയാകുമ്പോള്‍ ഭക്ഷ്യവസ്തുക്കളുടെ വില കുതിക്കും. കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുതകുന്ന ക്രിയാത്മകമായ ഒരു നിര്‍ദേശവും ബജറ്റിലില്ല. കടിഞ്ഞാണില്ലാത്ത സാമ്പത്തിക പരിഷ്കാരത്തിനാണ് ബജറ്റ് ഊന്നല്‍ നല്‍കുന്നതെന്നും ഡിവൈഎഫ്ഐ പറഞ്ഞു. സാമ്പത്തികമാന്ദ്യം മറികടന്നുവെന്നും ഒമ്പതുശതമാനം വളര്‍ച്ചനിരക്ക് ലക്ഷ്യമിടുന്നുവെന്നും വായ്ത്താരിയിടുന്ന കേന്ദ്രധനമന്ത്രിയുടെ 2010 ബജറ്റ് യാഥാര്‍ഥ്യബോധം ഇല്ലാത്തതും ജനവിരുദ്ധവുമാണെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി വി പി രാമകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.

സിഐഐ ബജറ്റ് ചര്‍ച്ച വിലവര്‍ധനയുണ്ടാക്കും

കേന്ദ്ര ബജറ്റില്‍ പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചത് മറ്റ് സാധനങ്ങളുടെ വിലവര്‍ധനയ്ക്ക് ഇടയാക്കുമെന്ന് കോഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ സഞ്ജയ് മാരിവാല പറഞ്ഞു. എന്നാല്‍ പൊതുവില്‍ വ്യവസായസമൂഹത്തിന് ഗുണകരമായ ബജറ്റാണിത്. കൂടുതല്‍ പണം ജനങ്ങളിലേക്കെത്താന്‍ ബജറ്റ് സഹായിക്കുമെന്നാണ് കരുതുന്നതെന്നും എറണാകുളത്ത് ബജറ്റ് വിശകലന യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ബജറ്റ് വളര്‍ച്ചയെ ലക്ഷ്യമാക്കിയുള്ളതാണെന്നു പറയാന്‍ കഴിയില്ലെന്ന് സിഐഐയുടെ മുന്‍ ചെയര്‍മാനായ എം കെ കോശി പറഞ്ഞു. കയറ്റുമതി സംബന്ധിച്ച പരാമര്‍ശം ബജറ്റിലില്ല. കയറ്റുമതിക്ക് നല്‍കുന്ന ഇന്‍സെന്റീവ് സംബന്ധിച്ചും ഒന്നും പറയുന്നില്ല. ഗ്രാമീണ വികസനം എന്നത് വ്യവസായ-മാര്‍ക്കറ്റിങ് വിഭാഗത്തില്‍ മാത്രം ഒതുക്കാനാണ് ബജറ്റിലെ ശ്രമമെന്നും കോശി പറഞ്ഞു. ഒമ്പതു ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്ന ബജറ്റ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത്യന്താപേക്ഷിതമാണെന്നു പറയാം- അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ സവിശേഷ സാഹചര്യത്തില്‍ തോട്ടംമേഖല ഏറെ പ്രതീക്ഷിച്ചിരുന്നുവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പങ്കജ് കപൂര്‍ പറഞ്ഞു. തോട്ടവിളകളെ സംബന്ധിച്ച് ബജറ്റ് അനുകൂലമെന്നു പറയാന്‍ കഴിയില്ല. ഒമ്പതു ശതമാനം വളര്‍ച്ചാനിരക്കു മാത്രം ലക്ഷ്യമിട്ടുള്ളതാണ് ബജറ്റെന്ന് സിഐഐ മുന്‍ ചെയര്‍മാന്‍കൂടിയായ ശിവദാസ് മേനോന്‍ പറഞ്ഞു. കാര്‍ഷികമേഖലയേക്കാള്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ദുര്‍വ്യയം തടയുന്നതിനാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്്. ഗവേഷണത്തിനും വികസനത്തിനും ഊന്നല്‍ നല്‍കിയെങ്കിലും ഇതിനുള്ള തുക എവിടെനിന്ന് സമാഹരിക്കുമെന്നതാണ് പ്രധാന പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു. റെജി ജോസഫ്, പി ഗണേഷ്, ആര്‍ ഹനീഷ്, ഡോ. എസ് സജികുമാര്‍, സി എസ് അനില്‍കുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

വ്യവസായ-വാണിജ്യ മേഖലകളെ ബാധിക്കും

വ്യവസായ-വാണിജ്യ-സേവന മേഖലകളെ ദോഷകരമായി ബാധിക്കും വിധം പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം ബജറ്റില്‍നിന്ന് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ജസ്ബീര്‍ സിങ് ചൌള പ്രസ്താവനയില്‍ പറഞ്ഞു. സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ഉത്തേജക പാക്കേജ് ഓരോ രംഗത്തെയും പരിതസ്ഥിതികള്‍ കണക്കിലെടുത്താണ് പ്രഖ്യാപിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ നിര്‍വാഹമില്ല: ജോസ് തെറ്റയില്‍

കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ നിര്‍വാഹമില്ലെന്ന് മന്ത്രി ജോസ് തെറ്റയില്‍ പറഞ്ഞു. ജനതാദള്‍ ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ചാര്‍ജ് വര്‍ധനവിനെക്കുറിച്ചുള്ള ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിയുടെ ഹിയറിങ് റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ സബ് കമ്മിറ്റി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും. രണ്ടാം യുപിഎ അധികാരത്തില്‍ വന്നശേഷം രണ്ടാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. മുമ്പ് വില വര്‍ധിപ്പിച്ചപ്പോള്‍ മൂന്നുകോടിയുടെ അധികബാധ്യത കെഎസ്ആര്‍ടിസിക്ക് ഉണ്ടായി. ഇപ്പോഴത്തെ വര്‍ധന ബാധ്യത ഇരട്ടിയാക്കും. വ്യവസായം നഷ്ടത്തിലാകാതെ നോക്കാന്‍ ചാര്‍ജ് വര്‍ധിപ്പിക്കാതെ മാര്‍ഗമില്ല. നാറ്റ്പാക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബസ്ചാര്‍ജ് വര്‍ധന സംബന്ധിച്ച ചര്‍ച്ചയെ കാരണമില്ലാതെ എതിര്‍ത്ത ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ ഇപ്പോള്‍ മറുപടി പറയണം. വിലക്കയറ്റത്തില്‍ തളര്‍ന്നിരിക്കുന്ന ജനങ്ങളെ എരിതീയിലേക്ക് തള്ളിയിടുന്ന ബജറ്റാണിത്. സാധാരണക്കാര്‍ക്ക് കനത്ത ആഘാതം ഏല്‍പ്പിക്കുന്ന ബജറ്റിനെതിരെ പ്രതികരിക്കണമെന്നും മന്ത്രി പറഞ്ഞു.

എക്സൈസ് തീരുവ കേരളത്തിന് ദോഷം

ക്രൂഡ്ഓയില്‍ അടക്കം പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ ഏര്‍പ്പെടുത്തിയത് കേരളംപോലുള്ള ഉപഭോക്തൃ സംസ്ഥാനത്തെ ജനങ്ങളെ വളരെയേറെ ദോഷകരമായി ബാധിക്കുമെന്ന് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ കെ എം അബ്ദുള്ള പറഞ്ഞു. എല്ലാവരും അഭിനന്ദിച്ച ഉത്തേജക പാക്കേജ് ഭാഗികമായി പിന്‍വലിച്ചു. വികസനത്തിന് ഊന്നല്‍ നല്‍കുന്ന സന്തുലിത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. കാര്‍ഷികമേഖലയ്ക്കും ഗ്രാമീണമേഖലയ്ക്കും അടിസ്ഥാനസൌകര്യ വികസനത്തിനും ഗണ്യമായ തുക വകകൊള്ളിച്ചത് സാമ്പത്തികമേഖലയ്ക്ക് ഉത്തേജനം നല്‍കും.

ദേശാഭിമാനി 270210

1 comment:

  1. രണ്ടാം യുപിഎ ഗവമെന്റിനുവേണ്ടി ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി വെള്ളിയാഴ്ച അവതരിപ്പിച്ച 2010-11ലേക്കുള്ള വാര്‍ഷിക ബജറ്റ് രാജ്യം ഇന്ന് നേരിടുന്ന ഒരു പ്രശ്നത്തിനും പരിഹാരമല്ല എന്നുമാത്രമല്ല, വളര്‍ച്ചയെയും ജനജീവിതത്തെയും വികസനത്തെയും മുരടിപ്പിക്കുന്നതുമാണ്. സാധാരണ ജനങ്ങളെ ദുരിതത്തിന്റെ ആഴങ്ങളിലേക്ക് തള്ളിയിടുന്നതും സമ്പന്നര്‍ക്കുവേണ്ടി രൂപപ്പെടുത്തിയിട്ടുള്ളതുമാണത്. പണപ്പെരുപ്പത്തെ താഴേക്കു കൊണ്ടുവരുന്നതുമല്ല ഈ ബജറ്റ്. അസംസ്കൃത പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ചു ശതമാനം അടിസ്ഥാന ഇറക്കുമതി തീരുവ പുനഃസ്ഥാപിച്ച ഒറ്റ നിര്‍ദേശം വിലക്കയറ്റത്തിന്റെ തോത് റോക്കറ്റ് വേഗത്തില്‍ ഉയര്‍ത്തുന്നതാണ്. ഡീസല്‍, പെട്രോള്‍ എന്നിവയ്ക്കുള്ള ഏഴര ശതമാനം ഇറക്കുമതി തീരുവയും മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ള പത്തു ശതമാനം ഇറക്കുമതി തീരുവയും പുനഃസ്ഥാപിച്ചിരിക്കുന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ എന്തുനടപടി വേണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടിരുന്നോ, അതിനു നേര്‍ വിപരീതദിശയിലാണ് ബജറ്റിലെ നിര്‍ദേശം.

    ReplyDelete