സ. എന്‍ എസ് ഒരു സാധാരണ മനുഷ്യനായിരുന്നു. അസാധാരണമായ ഗുണവിശേഷമുള്ള നേതാവുമായിരുന്നു. ഉത്തമനായ ആ കമ്യൂണിസ്റ്റ് നേതാവ് കാല്‍നൂറ്റാണ്ടുമുമ്പാണ് സംഘടനാപ്രവര്‍ത്തനത്തിനും സമരപോരാട്ടങ്ങള്‍ക്കും മധ്യേ വേര്‍പിരിയുന്നത്. പൊലീസ് നിരോധനാജ്ഞയിലൂടെ 1985ലെ യുഡിഎഫ് സര്‍ക്കാര്‍ ചിറ്റാറില്‍ ഭീകരാവസ്ഥ സൃഷ്ടിച്ചപ്പോള്‍ അതിനെ മുറിച്ചുകടക്കാനുള്ള പോരാട്ടത്തിന് നേതൃത്വംനല്‍കി കൊല്ലത്തേക്ക് തിരിച്ചുവരുമ്പോഴാണ് വാഹനാപകടത്തില്‍ 1985 ഫെബ്രുവരി 17ന് സഖാവിന്റെ ജീവന്‍ അകാലത്തില്‍ പൊലിഞ്ഞത്. അന്ന് പ്രായം 57. നാലു പതിറ്റാണ്ടോളംകാലത്തെ ത്യാഗപൂര്‍ണമായ പൊതുപ്രവര്‍ത്തനത്തിന് ഉടമയായിരുന്നു.
ഒരു കേവുവള്ളക്കാരന്റെ മകനായി മധ്യതിരുവിതാംകൂറിലെ നാട്ടിന്‍പുറത്ത് ജനിച്ച എന്‍ ശ്രീധരന്‍ പാര്‍ടിയും നാടും അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സ. എന്‍ എസ് ആയി വളര്‍ന്നത് ഏതൊരു കമ്യൂണിസ്റ്റുകാരനും പഠിക്കേണ്ട ജീവിതപാഠമാണ്. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും പുന്നപ്ര-വയലാര്‍, ശൂരനാട് തുടങ്ങിയ ചരിത്രസംഭവങ്ങളുടെ കാലഘട്ടത്തില്‍ മധ്യതിരുവിതാംകൂറില്‍ കമ്യൂണിസ്റ്പാര്‍ടിയുടെ പതാകവാഹകനാകുകയും ചെയ്ത എന്‍ എസ് തീക്ഷ്ണാനുഭവങ്ങളുടെ പ്രതീകമായിരുന്നു. ഒളിവുജീവിതം, ജയില്‍വാസം, കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തിലുള്ളപ്പോഴും ഇല്ലാത്തപ്പോഴുമുള്ള പൊതുപ്രവര്‍ത്തനം- ഇപ്രകാരമുള്ള വിവിധ ഘട്ടങ്ങളിലെ അനുഭവങ്ങളുടെ ഉടമയായിരുന്നു. പുന്നപ്ര-വയലാര്‍ സമരം, ശൂരനാട് കലാപം, അടിയന്തരാവസ്ഥ തുടങ്ങിയ ഘട്ടങ്ങളിലടക്കം ഒളിവുജീവിതം നയിച്ച് പാര്‍ടിയെ വളര്‍ത്തിയ നേതാക്കളുടെ നിരയില്‍ സ. എന്‍ എസുമുണ്ട്. പുന്നപ്ര-വയലാര്‍ സമരത്തിന്റെ അലകള്‍ ആഞ്ഞടിച്ച കാലത്ത് 'ദിവാന്‍ഭരണം തുലയട്ടെ' എന്ന ബോര്‍ഡ് ജന്മസ്ഥലമായ വള്ളിക്കാവിലെ ബീഡിക്കടയുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ച് പൊലീസിനെ വെല്ലുവിളിച്ചാണ് പൊതുപ്രവര്‍ത്തനത്തില്‍ സജീവമായത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അച്ഛന്റെ കെട്ടുവള്ളത്തില്‍ സഹായിയായ ചെറുപ്പക്കാരന്‍ ആ യാത്രയ്ക്കിടയില്‍ കമ്യൂണിസ്റ്റ് നേതാക്കളുമായുണ്ടായ പരിചയത്തിലൂടെ ഉറച്ച കമ്യൂണിസ്റ്റായി. പിന്നീട് ബീഡിത്തൊഴിലാളികളെയും വള്ളത്തൊഴിലാളികളെയും സംഘടിപ്പിച്ച് തൊഴിലാളി നേതാവായി. ആ ഘട്ടത്തിലാണ് ദിവാന്‍ ഭരണത്തിനെതിരായ ബോര്‍ഡ് വച്ചതിനെത്തുടര്‍ന്നുണ്ടായ പൊലീസ് വേട്ടയെ മറികടക്കാന്‍ ഒളിവുജീവിതം തുടങ്ങിയത്.
നാവികത്തൊഴിലാളി സംഘടനയെ കെഎസ്പിയുടെ പിടിയില്‍നിന്ന് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന് ഒളിവുജീവിതത്തിനിടയിലെ സഖാവിന്റെ പ്രവര്‍ത്തനം നിര്‍ണായക പങ്കുവഹിച്ചു. കമ്യൂണിസ്റ്റുകാരുടെ ഒളിവുജീവിതം യാതനകളുടെ മുള്ളുകളേറ്റതാണ്. പൊലീസില്‍നിന്നു രക്ഷനേടാന്‍ ചകിരിക്കുഴിയില്‍ ചാടി ഒരുദിവസത്തോളം ഒളിഞ്ഞിരുന്നിട്ടുണ്ട്. എന്‍ എസും തോപ്പില്‍ഭാസിയും ഒരു വീടിന്റെ സദാ പുകയുന്ന അടുപ്പിനുമുകളിലുള്ള തട്ടില്‍ 18 മണിക്കൂര്‍ ഒളിവില്‍ കഴിഞ്ഞു. ഒരുതവണ കള്ളുഷാപ്പിനുള്ളിലെ തട്ടിന്‍പുറത്തും കഴിഞ്ഞു. അന്ന് ഷാപ്പില്‍നിന്ന് കള്ളു കുടിച്ചോ എന്ന് പാര്‍ടികമ്മിറ്റിയില്‍ ചോദിച്ചപ്പോള്‍, എന്‍ എസ് മറുപടി നല്‍കുമെന്നായിരുന്നു ഭാസി ഉത്തരം നല്‍കിയത്. എന്‍ എസിനെ അറിയാവുന്ന സഖാക്കള്‍ക്ക് പിന്നെ ചോദ്യമുണ്ടായില്ല. ഒളിവില്‍കഴിയുന്ന കമ്യൂണിസ്റ്റുകാരുടെ ജീവിതം അത്രമേല്‍ നിര്‍മലമായിരുന്നു. എന്നിട്ടും അതേപ്പറ്റി സൂക്ഷ്മനിരീക്ഷണം പുലര്‍ത്തുന്ന സംവിധാനമായിരുന്നു കമ്യൂണിസ്റ്റ് പാര്‍ടിയുടേത്. എന്തുബുദ്ധിമുട്ട് നേരിട്ടാലും ഒളിവില്‍ കഴിയുക എന്ന പാര്‍ടി നിര്‍ദേശം അക്ഷരംപ്രതി അനുസരിച്ച് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിരോധിതകാലഘട്ടത്തില്‍, 1948-50ല്‍, ഒളിവില്‍ കഴിഞ്ഞ സഖാവിന് ഏറെ ക്ളേശങ്ങള്‍ അനുഭവിക്കേണ്ടിവന്നു. പൊലീസിന്റെ പിടിയിലായാല്‍ ഒന്നുകില്‍ മരണം, അല്ലെങ്കില്‍ ജീവച്ഛവം. കമ്യൂണിസ്റ്റുകാര്‍ക്ക് അഭയം നല്‍കുന്ന വീടുകളിലെ സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും അവരെ പൊലീസ്സ്റേഷനില്‍ കൊണ്ടുപോയി ഏറ്റവും നീചമായ മര്‍ദനമുറകള്‍ക്ക് വിധേയരാക്കുകയും ചെയ്തിരുന്നു. പൊലീസ് വേട്ടയ്ക്കെതിരെ ജനങ്ങളെ അണിനിരത്തുന്നതിനും വിവിധ വിഭാഗം തൊഴിലാളികളുടെ അവകാശസമരങ്ങള്‍ വളര്‍ത്തുന്നതിനും ഒളിവുജീവിതം ഉപയോഗപ്പെടുത്തി.
1949ലെ ഒരുദിവസം കയര്‍ത്തൊഴിലാളി സമ്മേളനം നടത്തുന്നതിനായി എന്‍ എസും ജി കാര്‍ത്തികേയനും കരുനാഗപ്പള്ളിയിലെ തുറയില്‍ക്കടവില്‍ തങ്ങുകയാണ്. തൊട്ടുപിന്നാലെ പൊലീസ് സംഘമെത്തി. നാടെമ്പാടും പൊലീസ് വേട്ട തുടങ്ങി. ഇതില്‍ സഹികെട്ട് ഇതിനെ നേരിടാന്‍ തീരുമാനിച്ച് എന്‍ എസിന്റെ നേതൃത്വത്തില്‍ ആറുപേര്‍ മുന്നിട്ടിറങ്ങി. പൊലീസ് വാനിനുമുന്നില്‍ മൂന്നു കാക്കിക്കാര്‍. ബാക്കിയുള്ള പൊലീസുകാര്‍ കമ്യൂണിസ്റ്റുകാരെ പിടികൂടാന്‍ വീടുകളിലേക്ക് പോയിരിക്കുകയാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ കല്ലുകള്‍ തുരുതുരാ പൊലീസിനുനേര്‍ക്ക് പാഞ്ഞു. ഒരു പൊലീസുകാരന്റെ ചെവി അറ്റുവീണു. പൊലീസ് സംഘം അവിടെനിന്നു പിന്മാറി. പിന്നീട് നാട്ടിലിറങ്ങി കണ്ണില്‍ ചോരയില്ലാത്ത തോന്ന്യവാസം പൊലീസ് കാട്ടി. എങ്കിലും പൊലീസ് അക്രമത്തെ ചെറുക്കാനുള്ള മനോബലം പാര്‍ടി പ്രവര്‍ത്തകരിലും അനുഭാവികളിലും വളര്‍ത്താന്‍ എന്‍ എസിന്റെ ഈ 'ഓപ്പറേഷന്‍' സഹായകരമായി.
1948ല്‍ പാര്‍ടിയുടെ കായംകുളത്തെ ഡിവിഷന്‍ കമ്മിറ്റിയുടെ ചുമതലക്കാരനായി. അവിഭക്തകമ്യൂണിസ്റ്റ് പാര്‍ടിയുടെ ആലപ്പുഴ ജില്ലാകമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി, സിപിഐ എം രൂപീകരണത്തിനുശേഷം ആലപ്പുഴ, കൊല്ലം ജില്ലകളിലെ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചു.
എന്‍ എസിന്റെ കാലത്തെന്നപോലെ ഇന്നും മുഖ്യവൈരുധ്യം സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലാണ്. എന്നാല്‍, 1985ല്‍ എന്‍ എസ് മരിച്ചതിനുശേഷമുള്ള കാല്‍നൂറ്റാണ്ടില്‍ മുതലാളിത്തത്തിനും മൂലധനത്തിനും കൂടുതല്‍ മോശമായ ചൂഷണസ്വഭാവം കൈവന്നു. മൂലധനകേന്ദ്രീകരണം ഭീമാകാരം പൂണ്ടു. അതിന്റെ ഫലമായി ധനമൂലധനത്തിന്റെ അന്താരാഷ്ട്രവല്‍ക്കരണത്തിന് 90കള്‍ മുതലുള്ള ദശകങ്ങള്‍ സാക്ഷ്യംവഹിച്ചു. മൂലധനത്തിന്റെ പ്രയാണത്തിനുള്ള സര്‍വ തടസ്സങ്ങളും തട്ടിനീക്കുന്നതായി. കൊള്ളലാഭം ലാക്കാക്കിയുള്ള ബഹുരാഷ്ട്രകുത്തകകളുടെയും മൂലധനശക്തികളുടെയും പ്രയാണം കാരണം മൂന്നാംലോകത്തെ സാമ്പത്തികമായി പുനര്‍കോളനിവല്‍ക്കരിക്കുന്നു. 'കമ്യൂണിസത്തിനെതിരായ യുദ്ധം' എന്ന സാമ്രാജ്യത്വമുദ്രാവാക്യം 2001 സപ്തംബറില്‍ നടന്ന ഭീകരാക്രമണത്തിനുശേഷം 'ഭീകരപ്രവര്‍ത്തനത്തിനെതിരായ യുദ്ധം' എന്ന സ്ഥാനം നേടി.
ആഗോളവല്‍ക്കരണത്തിന്റെ സ്വഭാവത്തില്‍ പ്രധാനപ്പെട്ട ഒരു ഘടകം അമേരിക്കന്‍ നേതൃത്വത്തിലുള്ള സാമ്രാജ്യത്വവാഴ്ചയും അതിനനുസരണമായ ഏകലോകം സൃഷ്ടിക്കാനുള്ള പരിശ്രമവുമാണ്. ഇതിനെല്ലാം കൂട്ടുനില്‍ക്കുന്ന ഒന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സര്‍ക്കാര്‍. ആഗോളവല്‍ക്കരണത്തിനര്‍ഥം മാനവരാശിയില്‍ ബഹുഭൂരിപക്ഷത്തിനും കൂടുതല്‍ ദുരിതവും കൂടുതല്‍ ചൂഷണവും എന്നതാണ്. ഇന്ത്യയില്‍ പഞ്ചസാര ഉള്‍പ്പെടെയുള്ള നിത്യോപയോഗസാധനങ്ങള്‍ക്ക് വില കയറ്റിയിരിക്കുന്നത് ഈ സാമ്പത്തിക-രാഷ്ട്രീയനയത്തിന്റെ ഭാഗമാണ്.
ആഗോളവല്‍ക്കരണത്തിനെതിരായ ജനകീയപ്രസ്ഥാനം വളര്‍ത്തുന്നതിന്റെ ഭാഗമാണ് വിലക്കയറ്റത്തിനെതിരായ പ്രക്ഷോഭം. സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ മാര്‍ച്ച് എട്ടുമുതല്‍ 12 വരെ നടക്കാന്‍ പോകുന്ന കേന്ദ്രസര്‍ക്കാര്‍ ഓഫീസ് ഉപരോധം ഉള്‍പ്പെടെയുള്ള ബഹുജനസമരങ്ങള്‍ വിജയിപ്പിച്ച് വിലക്കയറ്റത്തിനെതിരായ ജനകീയപ്രസ്ഥാനത്തെ കരുത്തുറ്റതാക്കണം. അതുപോലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള അര്‍ഹരായ വിഭാഗങ്ങള്‍ മണ്ണിനുവേണ്ടി നടത്തുന്ന സമരവും പ്രധാനമാണ്. ഇവയെ വിജയിപ്പിച്ചുവേണം എന്‍ എസ് സ്മരണയെ ഹൃദയത്തോടു ചേര്‍ത്തുപിടിക്കാന്‍. ഇന്ന് പാര്‍ടിയുടെ ബഹുജനസ്വാധീനം എന്‍ എസിന്റെ കാലത്തേക്കാള്‍ വളര്‍ന്നിട്ടുണ്ട്. രാഷ്ട്രീയവും സംഘടനാപരവുമായ മുന്നേറ്റത്തിന് വളക്കൂറുള്ള മണ്ണ് ഒരുക്കപ്പെട്ടിരിക്കുകയാണ്. സിപിഐ എമ്മിനെ ക്ഷീണിപ്പിക്കുന്നതിനുവേണ്ടി പാര്‍ടിക്കും പാര്‍ടി നേതൃത്വത്തിനും എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരെ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കുന്നതിനുവേണ്ടിയുള്ള അപവാദപ്രചാരണങ്ങള്‍ കൊണ്ടുപിടിച്ച് നടത്തുകയാണ്. കമ്യൂണിസ്റ്റുകാര്‍ സ്വന്തം മാധ്യമപ്രസിദ്ധീകരണങ്ങളെ എങ്ങനെ കരുത്തുറ്റതാക്കണമെന്നതിന് ദേശാഭിമാനിയുടെ പ്രചാരണം വിപുലമാക്കിയ ക്യാമ്പയിന് നേതൃത്വം നല്‍കി ബോധ്യമാക്കിയ എന്‍ എസിന്റെ ശൈലി എക്കാലവും മാതൃകയാണ്. കേരളത്തിലെ ഏറ്റവും പ്രചാരമുള്ള മൂന്ന് പത്രങ്ങളിലൊന്നായി ദേശാഭിമാനി മാറിയിട്ടുണ്ട്. ആറുലക്ഷത്തോളം വരിക്കാരുള്ള പത്രമായെങ്കിലും ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ഒന്നാമത്തെ പത്രമാക്കി ദേശാഭിമാനിയെ മാറ്റേണ്ടതുണ്ട്. ഭാവിപ്രവര്‍ത്തനങ്ങളിലൂടെ നമുക്കതിനു കഴിയണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ എസിനെപ്പോലുള്ള നേതാക്കളുടെ പ്രവര്‍ത്തനശൈലി ആവേശം പകരുന്നതാണ്.
സ. എന്‍ എസിന്റെ സ്മരണയ്ക്കു മുന്നില്‍ ഒരുപിടി രക്തപുഷ്പങ്ങള്‍.
പിണറായി വിജയന്‍ ദേശാഭിമാനി 170210
സ. എന്‍ എസ് ഒരു സാധാരണ മനുഷ്യനായിരുന്നു. അസാധാരണമായ ഗുണവിശേഷമുള്ള നേതാവുമായിരുന്നു. ഉത്തമനായ ആ കമ്യൂണിസ്റ്റ് നേതാവ് കാല്‍നൂറ്റാണ്ടുമുമ്പാണ് സംഘടനാപ്രവര്‍ത്തനത്തിനും സമരപോരാട്ടങ്ങള്‍ക്കും മധ്യേ വേര്‍പിരിയുന്നത്. പൊലീസ് നിരോധനാജ്ഞയിലൂടെ 1985ലെ യുഡിഎഫ് സര്‍ക്കാര്‍ ചിറ്റാറില്‍ ഭീകരാവസ്ഥ സൃഷ്ടിച്ചപ്പോള്‍ അതിനെ മുറിച്ചുകടക്കാനുള്ള പോരാട്ടത്തിന് നേതൃത്വംനല്‍കി കൊല്ലത്തേക്ക് തിരിച്ചുവരുമ്പോഴാണ് വാഹനാപകടത്തില്‍ 1985 ഫെബ്രുവരി 17ന് സഖാവിന്റെ ജീവന്‍ അകാലത്തില്‍ പൊലിഞ്ഞത്. അന്ന് പ്രായം 57. നാലു പതിറ്റാണ്ടോളംകാലത്തെ ത്യാഗപൂര്‍ണമായ പൊതുപ്രവര്‍ത്തനത്തിന് ഉടമയായിരുന്നു.
ReplyDelete