Saturday, February 6, 2010

സിബിഐയുടെ വിശ്വാസ്യത വീണ്ടും തകരുന്നു

സിബിഐ വീണ്ടും വീണ്ടും കോടതിയുടെ രൂക്ഷവിമര്‍ശത്തിന് വിധേയമാകുകയാണ്.

1984 ഒക്ടോബറില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരഗാന്ധി സിഖുകാരായ അംഗരക്ഷകരാല്‍ വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ കലാപത്തില്‍ ആയിരക്കണക്കിനു നിരപരാധികളായ സിഖുകാര്‍ കൊല്ലപ്പെടുകയുണ്ടായി. സംഭവം നടന്നിട്ട് നീണ്ട 25 വര്‍ഷം കഴിഞ്ഞു. 3000 സിഖുകാര്‍ കൊല്ലപ്പെട്ടതായിട്ടാണ് ഡല്‍ഹി ഹൈക്കോടതി ചൂണ്ടിക്കാണിച്ചത്. 7000 സിഖുകാര്‍ കൊല്ലപ്പെട്ടെന്നാണ് ലോക്സഭയില്‍ ഒരംഗം ചൂണ്ടിക്കാട്ടിയത്. മരണസംഖ്യ ഇതേവരെ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. മരണസംഖ്യ 2500 ആണെന്നും കോടതിയില്‍ പരാമര്‍ശം നടന്നതായി കാണുന്നു. കൊല്ലപ്പെട്ടവരില്‍ നിരപരാധികളായ സ്ത്രീകളും കുട്ടികളും വൃദ്ധരും എല്ലാം ഉള്‍പ്പെടും. ഇന്ദിര ഗാന്ധിയുടെ വധവുമായി എന്തെങ്കിലും ബന്ധമുള്ളവരല്ല കൊല്ലപ്പെട്ടവരെന്നു വ്യക്തം.

കൂട്ടക്കൊലപാതകത്തെത്തുടര്‍ന്ന് 10 അന്വേഷണ കമീഷനെ തുടര്‍ച്ചയായി നിയമിച്ചു. ജസ്റിസ് നാനാവതി കമീഷന്‍ 2005ലാണ് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനുള്ള ആത്മാര്‍ഥമായ ശ്രമം ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. സിഖ്വിരുദ്ധ കലാപത്തിന് നേതൃത്വവും പ്രോത്സാഹനവും കൊടുത്തവരെന്ന് നാനാവതി കമീഷന്‍ കണ്ടെത്തിയ രണ്ടു പ്രമുഖര്‍ കോണ്‍ഗ്രസ് എംപിമാരായിരുന്ന ജഗദീഷ് ടൈറ്റ്ലറും സജ്ജന്‍കുമാറുമാണ്. ഒരാള്‍ കേന്ദ്രമന്ത്രിയുമായിരുന്നു. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരുവരെയും ഡല്‍ഹിയില്‍നിന്നുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെന്ന് അറിയുമ്പോള്‍ അവര്‍ക്ക് ഇപ്പോഴും കോണ്‍ഗ്രസിലുള്ള സ്വാധീനം വ്യക്തമാണ്. സിഖ് സമുദായത്തില്‍നിന്ന് ഉയര്‍ന്നുവന്ന വ്യാപകമായ പ്രതിഷേധത്തിന്റെ പ്രത്യാഘാതം ഭയന്നാണ് അവസാനനിമിഷത്തില്‍ ഇരുവരെയും സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. ഈ രണ്ട് കോണ്‍ഗ്രസ് വന്‍തോക്കുകള്‍ക്കുമെതിരെ കൂട്ടക്കൊലയ്ക്ക് പ്രേരണനല്‍കിയതിനെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. എന്നാല്‍, കേസ് വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് സഹായകമായ നിലപാടല്ല സിബിഐയുടെയും ഡല്‍ഹി സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. കേസ് വാദിക്കുന്നതിന് സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടറെ ഫെബ്രുവരി എട്ടിനുമുമ്പ് നിയമിക്കണമെന്നാണ് ജസ്റിസ് എ പി ഷാ, ജസ്റിസ് സജീവ് സാഹേ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മുപ്പതോളം കേസ് നിലവിലുണ്ട്. 3000 നിരപരാധികള്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട കേസാണെന്നുള്ള ഒരു ഗൌരവവും സിബിഐ കാണിച്ചിട്ടില്ലെന്നാണ് കോടതി കുറ്റപ്പെടുത്തിയത്.

ഗുജറാത്തിലെ കൂട്ടവംശഹത്യ വിചാരണ ചെയ്യുന്നതിനായി സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടറെ നിശ്ചയിച്ചത് കോടതി ചൂണ്ടിക്കാണിച്ചു. എന്നിട്ടെന്തേ സമാനമായ ഡല്‍ഹിയിലെ സിഖ് വിരുദ്ധ കൂട്ടക്കൊലയിലെ മുഖ്യപ്രതികളായ ജഗദീഷ് ടൈറ്റ്ലറെയും സജ്ജന്‍കുമാറിനെയും വിചാരണചെയ്യുന്നതിന് സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടറെ നിശ്ചയിക്കാതിരുന്നു എന്നാണ് കോടതി സിബിഐയോട് ചോദിച്ചത്. ഇത് ഒരു സാധാരണ കേസെന്നനിലയിലാണ് സിബിഐ കൈകാര്യം ചെയ്യുന്നതെന്നും അര്‍ഹിക്കുന്ന ഗൌരവബോധം സിബിഐയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും നിശിതമായ ഭാഷയില്‍ കോടതി വിമര്‍ശിച്ചു. ഇത് രാജ്യത്തിനുതന്നെ അപമാനമാണെന്ന് അന്യായക്കാരുടെ അഭിഭാഷകന്‍ കോടതിമുമ്പാകെ ചൂണ്ടിക്കാണിച്ചു. ഒരു പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ അഭിപ്രായം പരസ്യമായി പറഞ്ഞത്.

ഒരു സമുദായത്തിന്റെ വ്രണിതവികാരമാണ് സിബിഐ പരിഗണിക്കാതിരിക്കുന്നത്. സിഖുകാരുടെ വികാരം ഗൌരവമായി കാണണമെന്നാണ് കോടതി പറഞ്ഞത്. ജഗദീഷ് ടൈറ്റ്ലര്‍ക്കും രണ്ട് പൊലീസുദ്യോഗസ്ഥര്‍ക്കും എതിരെയുള്ള കേസ് പുനരന്വേഷണം നടത്തണമെന്നും ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. കോഗ്രസ് നേതാവ് സജ്ജന്‍കുമാറിനെതിരെ നോട്ടീസ് അയക്കുന്നതില്‍ സിബിഐ വീഴ്ചവരുത്തിയതില്‍ സിഖ് സമുദായം ഒന്നടങ്കം ഏതാനും നാളുകള്‍ക്കുമുമ്പ് കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ഇത് നിസ്സാരമായി തള്ളിക്കളയാവുന്ന കാര്യമല്ല. കേരളത്തില്‍ ലാവ്ലിന്‍ കേസില്‍ ഒരു മുന്‍ മന്ത്രിയും കോഗ്രസ് നേതാവുമായ വ്യക്തിയെ പ്രതിചേര്‍ക്കാതിരുന്നത് രാഷ്ട്രീയമായ പരിഗണനമാത്രം വച്ചുകൊണ്ടാണെന്ന് പരക്കെ ബോധ്യപ്പെട്ട കാര്യമാണ്. ഡല്‍ഹി ഹൈക്കോടതിയിലും ഗുജറാത്ത് കലാപത്തിനു സമാനമായ ഒരു കലാപം 25 വര്‍ഷം കഴിഞ്ഞിട്ടും ഇഴഞ്ഞുനീങ്ങുന്നത് പ്രതികള്‍ കോണ്‍ഗ്രസ് നേതാക്കളായതുകൊണ്ടാണെന്ന് അനുമാനിക്കുന്നതില്‍ ആരെയും കുറ്റപ്പെടുത്താന്‍ കഴിയുന്നതല്ല. സിബിഐ എന്നത് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റിഗേഷനല്ല, കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റിഗേഷനാണെന്ന് ഈ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ വിശ്വസിക്കുന്നത് സ്വാഭാവികംമാത്രമാണ്. സിബിഐ അതിന്റെ വിശ്വാസ്യത കളഞ്ഞു കുളിക്കുകയാണെന്നര്‍ഥം.

ദേശാഭിമാനി മുഖപ്രസംഗം 060210

1 comment:

  1. സിബിഐ വീണ്ടും വീണ്ടും കോടതിയുടെ രൂക്ഷവിമര്‍ശത്തിന് വിധേയമാകുകയാണ്.

    1984 ഒക്ടോബറില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരഗാന്ധി സിഖുകാരായ അംഗരക്ഷകരാല്‍ വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ കലാപത്തില്‍ ആയിരക്കണക്കിനു നിരപരാധികളായ സിഖുകാര്‍ കൊല്ലപ്പെടുകയുണ്ടായി. സംഭവം നടന്നിട്ട് നീണ്ട 25 വര്‍ഷം കഴിഞ്ഞു. 3000 സിഖുകാര്‍ കൊല്ലപ്പെട്ടതായിട്ടാണ് ഡല്‍ഹി ഹൈക്കോടതി ചൂണ്ടിക്കാണിച്ചത്. 7000 സിഖുകാര്‍ കൊല്ലപ്പെട്ടെന്നാണ് ലോക്സഭയില്‍ ഒരംഗം ചൂണ്ടിക്കാട്ടിയത്. മരണസംഖ്യ ഇതേവരെ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. മരണസംഖ്യ 2500 ആണെന്നും കോടതിയില്‍ പരാമര്‍ശം നടന്നതായി കാണുന്നു. കൊല്ലപ്പെട്ടവരില്‍ നിരപരാധികളായ സ്ത്രീകളും കുട്ടികളും വൃദ്ധരും എല്ലാം ഉള്‍പ്പെടും. ഇന്ദിര ഗാന്ധിയുടെ വധവുമായി എന്തെങ്കിലും ബന്ധമുള്ളവരല്ല കൊല്ലപ്പെട്ടവരെന്നു വ്യക്തം.

    ReplyDelete