Wednesday, October 23, 2013

ഭാഗ്യക്കുറി മേഖല പ്രതിസന്ധിയില്‍

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം ഭാഗ്യക്കുറി മേഖല കടുത്ത പ്രതിസന്ധിയില്‍. ടിക്കറ്റുകളുടെ ക്ഷാമവും, സമ്മാനത്തുക കിട്ടാന്‍ ഉണ്ടാകുന്ന കാലതാമസവും ഉദ്യോഗസ്ഥ വീഴ്ചയും കാരണം ഭാഗ്യക്കുറിയെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് തൊഴിലാൡകളും ഏജന്റുമാരും കനത്ത തൊഴില്‍ ഭീഷണിയുടെ നിഴലിലാണ്.

ഭാഗ്യക്കുറി വകുപ്പ് അച്ചടിച്ച് പുറത്തിറക്കുന്ന ടിക്കറ്റുകള്‍ക്ക് ജില്ലാ ഓഫീസുകളില്‍ കൃത്രിമക്ഷാമം സൃഷ്ടിച്ച് വന്‍കിട ഏജന്റുമാര്‍ക്കും ബിനാമികള്‍ക്കും മറിച്ചുവില്‍ക്കുന്നതുമൂലം സാധാരണവില്‍പനക്കാരാണ് ഏറെയും കഷ്ടത്തിലായിട്ടുള്ളത്. ലോട്ടറി നിരോധിക്കപ്പെട്ടിട്ടുള്ള തമിഴ്‌നാട് അടക്കമുള്ള അന്യസംസ്ഥാനങ്ങളിലേക്ക് വന്‍തോതില്‍ ലോട്ടറി മാഫിയ ടിക്കറ്റുകള്‍ കടത്തിക്കൊണ്ടുപോകുന്നതും കണ്ടില്ലെന്ന മട്ടിലാണ് അധികൃതര്‍. ഇതുമൂലം എഴുത്തുലോട്ടറിയും ചൂതാട്ടവും വ്യാപകമായി കഴിഞ്ഞു.

ഏജന്റുമാരും, ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളും ജില്ലാ ഓഫീസുകളില്‍ മണിക്കൂറുകളോളം ക്യൂ നിന്നാല്‍പോലും ആവശ്യാനുസരണം ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണ്. സംസ്ഥാനത്താകമാനമുള്ള ടിക്കറ്റുകളുടെ വില്‍പ്പനയ്ക്കനുസൃതമായി അച്ചടിയില്‍ എണ്ണം വര്‍ദ്ധിപ്പിക്കാനും വകുപ്പ് തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.

ജില്ലാ ഭാഗ്യക്കുറി ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളും താളം തെറ്റിയ അവസ്ഥയിലാണ്. ജീവനക്കാരുടെ കുറവും, ഓഫീസ് ഉപകരണങ്ങളുടെ പോരായ്മകളുമാണ് ഒരു പരിധിവരെ ഇതിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

ഓഫീസുകളില്‍ ആവശ്യാനുസരണമുള്ള കമ്പ്യൂട്ടറുകളും, പ്രിന്ററും, സ്‌കാനറുകളും നിലവിലില്ല. ഇൗ കാരണത്താല്‍ സമ്മാനമടിച്ച ടിക്കറ്റുകള്‍ ഓഫീസില്‍ ഹാജരാക്കിയാല്‍ പരിശോധിച്ച് സമ്മാനത്തുക ഉടന്‍ നല്‍കുന്നതിനുള്ള സാഹചര്യമില്ല. ഇതുമൂലം വില്‍പനക്കാരും ഏജന്റുമാരും സാമ്പത്തിക പ്രയാസവും നേരിടുകയാണ്. പലര്‍ക്കും ലക്ഷക്കണക്കിന് രൂപ ലഭിക്കാനുണ്ട് .

ലോട്ടറി രംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് 2013 ഏപ്രില്‍ 22ന് കൂടിയ മന്ത്രിതലയോഗത്തിന്റെയും തുടര്‍ന്ന് വകുപ്പുതലത്തില്‍ എടുത്ത തീരുമാനങ്ങളും ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയാണ്. ജില്ലാതലത്തില്‍ രൂപീകരിച്ചിട്ടുള്ള ഉപദേശകസമിതി സമയബന്ധിതമായി വിളിച്ചുചേര്‍ക്കുന്നതിലും, ഈ കമ്മറ്റികള്‍ കൈക്കൊള്ളുന്നതീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിലും ഗുരുതരമായ അലംഭാവമാണ് പലജില്ലകളിലും നടന്നുവരുന്നത്.

ഏജന്റുമാര്‍ക്ക് ലൈസന്‍സും സര്‍ട്ടിഫിക്കറ്റും വില്‍പ്പനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും നല്‍കുമെന്നുള്ള തീരുമാനവും ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. ടിക്കറ്റ് വിതരണത്തില്‍ ജില്ലാ ഒാഫീസുകളില്‍ സുതാര്യവും വ്യക്തവുമായ നടപടിക്രമങ്ങള്‍ ഉണ്ടായാല്‍ മാത്രമെ ടിക്കറ്റുകള്‍ മറിച്ചുവില്‍ക്കുന്ന ഏജന്റുമാരെ കണ്ടെത്താനും, നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും സാധിക്കുകയുള്ളു.

സമ്മാനഘടനയിലും ആകര്‍ഷകമായ മാറ്റങ്ങള്‍ ഉണ്ടാകണം. ഭാഗ്യക്കുറി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള 30,000 ത്തിലേറെ വരുന്ന തൊഴിലാളികള്‍ക്ക് വില്‍പനയ്ക്ക് ആവശ്യമായ ടിക്കറ്റ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതാണ്. പല വിലയിലുള്ള ടിക്കറ്റുകള്‍ ഏകീകരിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ വകുപ്പ് ആലോചിക്കുന്നത്. സര്‍ക്കാര്‍ ഖജനാവിലേക്ക് പണം കണ്ടെത്താനുള്ള മേഖലയായി ലോട്ടറി രംഗത്തെ കാണുവാന്‍ ശ്രമിക്കുന്നത് ഗുരുതരമായ ഭവിഷ്യത്തുകള്‍ക്ക് ഇടവരുത്തും.

janayugom

No comments:

Post a Comment