Sunday, November 17, 2013

മോഡിയുടെ പങ്ക് അന്വേഷിക്കണം: പിബി

ഗുജറാത്തില്‍ യുവതിയുടെ സ്വകാര്യജീവിതം നിരീക്ഷിക്കാന്‍ പൊലീസിനെ നിയമവിരുദ്ധമായി ചുമതലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പങ്കിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പങ്കാളിത്തം തെളിഞ്ഞാല്‍ മോഡിയെ വിചാരണചെയ്യണമെന്നും ആവശ്യപ്പെട്ടു.

മോഡിയുടെ കൂട്ടാളിയും ബിജെപി നേതാവുമായ അമിത്ഷായും ഭീകരവിരുദ്ധ സ്ക്വാഡില്‍ സൂപ്രണ്ടായിരുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ ടേപ്പ് പുറത്തുവന്നിരിക്കുകയാണ്. "സാഹിബിന്റെ" ഉത്തരവുപ്രകാരം യുവതിയുടെ നീക്കങ്ങള്‍ പൊലീസ് നിരന്തരം നിരീക്ഷിച്ചുവെന്നാണ് സംഭാഷണങ്ങള്‍ വെളിപ്പെടുത്തുന്നത്. ഗുജറാത്തിലെ പൗരാവകാശലംഘനങ്ങള്‍ സംബന്ധിച്ച് ഗൗരവമായ ചോദ്യങ്ങളാണ് ഇത് ഉയര്‍ത്തുന്നത്. സംസ്ഥാനസര്‍ക്കാരിന്റെയും ഭീകരവിരുദ്ധ സ്ക്വാഡിന്റെയും അധികാരം ദുരുപയോഗിച്ച് യുവതിയുടെ ഓരോ നീക്കവും നിരീക്ഷിക്കുകയും അവരുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സ്വകാര്യതയില്‍ നുഴഞ്ഞുകയറുകയുംചെയ്തത് അധാര്‍മികവും നിയമവിരുദ്ധവുമായ നടപടിയാണ്. പ്രാഥമിക ജനാധിപത്യഭരണസംവിധാനങ്ങള്‍ക്കുപോലും മോഡിക്കു കീഴില്‍ നേരിട്ട അപചയമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഇന്ത്യന്‍ ടെലിഗ്രാഫ് നിയമം ലംഘിച്ച അമിത്ഷായ്ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരായി അടിയന്തരനടപടി സ്വീകരിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തയ്യാറാകണം. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ഇന്ത്യന്‍ശിക്ഷാനിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ അനുസരിച്ചുള്ള വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തി വിചാരണചെയ്യണം. അമിത്ഷായ്ക്ക് ഒരു സാഹിബ് മാത്രമേ ഉള്ളൂ എന്നും അത് മോഡിയാണെന്നും ഏവര്‍ക്കും അറിയാം. മോഡിക്ക് ഈ വിഷയത്തില്‍ എന്താണ് താല്‍പ്പര്യമെന്ന് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും പിബി ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment