Sunday, November 17, 2013

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കം കോഴിക്കോട്ടും പ്രഹസനമായി

വന്‍പൊലീസ് സന്നാഹത്തോടെ നടത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കോഴിക്കോട്ടെ ജനസമ്പര്‍ക്ക പരിപാടി പ്രഹസനമായി. ജില്ലയില്‍ ലഭിച്ച 10,065 പരാതികളില്‍ 387 എണ്ണംമാത്രമാണ് ജനസമ്പര്‍ക്ക വേദിയില്‍ പരിഹരിച്ചത്. മറ്റു പരാതികള്‍ അതാത് വകുപ്പുകളുടെ പരിഗണനക്ക് അയച്ചു. മുന്‍കൂട്ടി ലഭിച്ച പരാതികളില്‍ മുഖ്യമന്ത്രിക്ക് പരിഹരിക്കാന്‍ കഴിയുന്നത് 387 എണ്ണത്തിന് മാത്രമാണെന്ന് കലക്ടറേറ്റില്‍ നേരത്തെ തിട്ടപ്പെടുത്തിയിരുന്നു. ഇവരെ മാത്രം പരിപാടിയിലേക്ക് വിളിക്കുന്നതിനു പകരം മുഴുവന്‍ പരാതിക്കാരെയും ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലേക്ക് വിളിച്ചുവരുത്തി. വന്‍ ജനപങ്കാളിത്തമുണ്ടെന്ന് കാണിക്കാനായിരുന്നു അത്. ഇതറിയാതെ പരാതി നല്‍കിയവരെല്ലാം ഗ്രൗണ്ടിലെത്തി. എന്തുചെയ്യണമെന്നറിയാതെ സ്ത്രീകളും വൃദ്ധരുമടക്കമുള്ളവര്‍ വട്ടം കറങ്ങി. ഏത് കൗണ്ടറിലാണ് പോകേണ്ടതെന്ന് പറയാന്‍ പോലും ആളില്ലായിരുന്നു. പരാതിക്കാര്‍ക്ക് നല്‍കാനുള്ള മറുപടിക്കത്ത് നേരത്തെ അധികൃതര്‍ തയ്യാറാക്കിയിരുന്നു. മൂന്ന് കാരണങ്ങളാല്‍ പരാതി നിരസിക്കുന്നുവെന്ന് പറയുന്ന മറുപടിക്കത്താണ് അപേക്ഷകര്‍ക്ക് നല്‍കിയത്. ""താങ്കള്‍ സമര്‍പ്പിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായത്തിനുള്ള അപേക്ഷ ശുപാര്‍ശ സഹിതം സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ധനസഹായം ബന്ധപ്പെട്ട താലൂക്ക് ഓഫീസില്‍നിന്നും വിതരണം ചെയ്യും"", ""താങ്കള്‍ നിശ്ചിത മാതൃകയില്‍ അപേക്ഷ ആറ് മാസത്തിനകം വാങ്ങിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സമര്‍പ്പിക്കാത്തതിനാല്‍ അപേക്ഷ പരിഗണിക്കാന്‍ നിര്‍വാഹമില്ല"", ""താങ്കള്‍ക്ക് സിഎംആര്‍ഡിആര്‍എഫില്‍നിന്നും കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം ധനസഹായം അനുവദിച്ചിട്ടുള്ളതിനാല്‍ ഇപ്പോഴത്തെ അപേക്ഷ പരിഗണിക്കാന്‍ നിര്‍വാഹമില്ല"" തുടങ്ങിയ കാരണങ്ങള്‍ രേഖപ്പെടുത്തിയാണ് അപേക്ഷകരെ വേദിയില്‍നിന്ന് തിരിച്ചയച്ചത്. നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ അവശത മറന്ന് എത്തിയ ആയിരങ്ങള്‍ പൊരിവെയിലില്‍ കാത്തുനിന്നത് മിച്ചം.

നേരത്തെ അപേക്ഷ നല്‍കാത്തവര്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ടാകുമെന്നു കേട്ട് സ്ഥലത്തെത്തിയ നൂറുകണക്കിനാളുകള്‍ നിരാശരായി. രാവിലെ എട്ടിനുതന്നെ ക്രിസ്ത്യന്‍ കോളേജ് പരിസരത്തെത്തിയ ഇവര്‍ക്ക് മണിക്കൂറുകളോളം പൊരിവെയിലത്ത് കാത്തുനില്‍ക്കേണ്ടി വന്നു. പകല്‍ രണ്ടിനും വൈകിട്ട് ആറിനുശേഷവുമാണ് ഇവര്‍ക്ക് മുഖ്യമന്ത്രിയെ കാണാനായത്. തൊട്ടടുത്ത പള്ളി കോമ്പൗണ്ടില്‍ കാത്തിരുന്ന സ്ത്രീകളടക്കമുള്ളവര്‍ തിക്കിലും തിരക്കിലുംപെട്ട് വലഞ്ഞു. ഭൂരിഭാഗം പേര്‍ക്കും മുഖ്യമന്ത്രിയെ കാണാനായതുമില്ല. ശനിയാഴ്ച കിട്ടിയ അപേക്ഷകളെല്ലാം ഉദ്യോഗസ്ഥര്‍ക്ക് കൈമാറി പിന്നീട് അറിയിക്കാമെന്ന മറുപടി മാത്രമാണ് കിട്ടിയത്. ശനിയാഴ്ച അപേക്ഷ നല്‍കിയവരാരും കാത്തുനില്‍ക്കേണ്ടതില്ലെന്ന് വൈകിട്ട് മൈക്കിലൂടെ അനൗണ്‍സ്മെന്റും വന്നു. എപിഎല്‍ കാര്‍ഡ് ബിപിഎല്‍ ആക്കിമാറ്റാനുള്ള അപേക്ഷകളിലും തീര്‍പ്പുണ്ടായില്ല.

കറുത്ത ഷാളണിഞ്ഞ വനിതാജീവനക്കാര്‍ക്ക് പൊലീസിന്റെ അവഹേളനം

കോഴിക്കോട്: ജനസമ്പര്‍ക്ക പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സര്‍ക്കാര്‍ വകുപ്പിലെ വനിതാ ജീവനക്കാര്‍ക്ക് പൊലീസിന്റെ അവഹേളനം. പബ്ലിക് റിലേഷന്‍സ് വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരികളെയാണ് കറുത്ത ഷാള്‍ ധരിച്ചതിന്റെ പേരില്‍ ക്രിസ്ത്യന്‍ കോളേജിലെ കവാടത്തില്‍ പൊലീസ് അവഹേളിച്ചത്. ഷാള്‍ അഴിച്ചുവച്ചേ അകത്തുകടക്കാവൂ എന്നായിരുന്നു പൊലീസിന്റെ നിര്‍ദേശം. തങ്ങള്‍ പിആര്‍ഡിയിലെ ജീവനക്കാരാണെന്നു പറഞ്ഞിട്ടും ഫലമുണ്ടായില്ല. പിആര്‍ഡിയല്ല ആരായാലും കറുത്ത ഷാളണിഞ്ഞ് അകത്തുകടത്തില്ലെന്ന് പൊലീസുകാര്‍ ശഠിച്ചു. ഇതേത്തുടര്‍ന്ന് ഒരു ജീവനക്കാരിയില്‍നിന്ന് കറുത്തഷാള്‍ പൊലീസ് വാങ്ങിവച്ചു. ഷാളിടാതെയാണ് ഇവര്‍ പിന്നീട് ജോലി ചെയ്തത്. ഉദ്ഘാടന പരിപാടിയുടെ റിപ്പോര്‍ട്ടെടുത്ത് തിരിച്ച് പുറത്തേക്ക് വരുമ്പോള്‍ മാത്രമാണ് പൊലീസ് ഷാള്‍ തിരികെ നല്‍കിയത്. കൂടെയുള്ള ജീവനക്കാരിയും കറുത്ത ഷാള്‍ തന്നെയാണ് ധരിച്ചിരുന്നത്. കറുപ്പുഷാളിന്റെ അറ്റത്ത് മഞ്ഞനിറമുള്ള ഭാഗംകൂടിയുള്ളതിനാല്‍ ഊരിവയ്ക്കാനാവില്ലെന്ന് ഇവര്‍ വ്യക്തമാക്കി. ഒടുവില്‍ മഞ്ഞഭാഗം മുന്നിലേക്കിട്ടുവേണം അകത്തുകടക്കാനെന്ന് പൊലീസ് നിര്‍ദേശം നല്‍കി.

deshabhimani

No comments:

Post a Comment