Monday, November 4, 2013

വൈശാഖന്‍ പ്രസിഡന്റ്, വി എന്‍ മുരളി ജനറല്‍ സെക്രട്ടറി

പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റായി വൈശാഖനെയും ജനറല്‍ സെക്രട്ടറിയായി പ്രൊഫ. വി എന്‍ മുരളിയേയും തെരഞ്ഞെടുത്തു. പാലക്കാട്ട് മൂന്ന് ദിവസമായി നടന്ന സംസ്ഥാന സമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. 50 അംഗ നിര്‍വാഹകസമിതി ഉള്‍പ്പെടെ 154 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

ടി ആര്‍ അജയന്‍ ട്രഷറര്‍. ഒ എന്‍ വി, ഡോ. കെ എന്‍ പണിക്കര്‍, ഡോ. ജി ബാലമോഹന്‍തമ്പി, പ്രൊഫ. നൈനാന്‍ കോശി, നിലമ്പൂര്‍ ആയിഷ, എം മുകുന്ദന്‍, പി വത്സല, ഷാജി എന്‍ കരുണ്‍, ലെനിന്‍ രാജേന്ദ്രന്‍, യു എ ഖാദര്‍ എന്നിവര്‍ ഉപദേശകസമിതി അംഗങ്ങളാണ്. എരുമേലി പരമേശ്വരന്‍പിള്ള, എസ് രമേശന്‍, ജാനമ്മ കുഞ്ഞുണ്ണി, ഗോകുലേന്ദ്രന്‍, പുരുഷന്‍ കടലുണ്ടി, ഏഴാച്ചേരി രാമചന്ദ്രന്‍, പി വി കെ പനയാല്‍, ഡോ. കെ പി മോഹനന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരാണ്. എ കെ നമ്പ്യാര്‍, കെ ഇ എന്‍ കുഞ്ഞഹമ്മദ്, സുജ സൂസന്‍ ജോര്‍ജ്, വി സീതമ്മാള്‍, സി ആര്‍ ദാസ്, വി കെ ജോസഫ്, എം എം നാരായണന്‍, ഡോ. പി എസ് ശ്രീകല, വിനോദ് വൈശാഖി എന്നിവര്‍ സെക്രട്ടറിമാര്‍.

സമൂഹം ആവശ്യപ്പെടുന്നത് സ്വതന്ത്ര ആവിഷ്കാരം: ഖദീജ മുംതാസ്

പാലക്കാട്: സ്വതന്ത്രമായ ആവിഷ്കാരമാണ് സമൂഹം എഴുത്തിലൂടെ ആവശ്യപ്പെടുന്നതെന്ന് എഴുത്തുകാരി ഡോ. ഖദീജ മുംതാസ് പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി "സ്ത്രീ- സാഹിത്യത്തിലും സമൂഹത്തിലും" എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സാമ്പ്രദായിക യാഥാസ്ഥിതികത്വത്തെ പൊളിച്ചെഴുതുന്ന സ്ത്രീകളെ "ഭ്രാന്തിപ്പാറു"കളായാണ് സമൂഹം വിലയിരുത്തുന്നതെന്നും ഖദീജ മുംതാസ് പറഞ്ഞു.

കലാപങ്ങളും കലഹങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് നല്ല സാഹിത്യം ഉണ്ടാകുന്നതെന്ന് അധ്യക്ഷയായ സുജ സൂസണ്‍ ജോര്‍ജ് പറഞ്ഞു. അന്യരുടെ അനുഭവം കടം വാങ്ങി സ്ത്രീക്ക് ഏറെനാള്‍ എഴുതാനാവില്ലെന്ന്് കെ ആര്‍ മീര പറഞ്ഞു. എഴുത്തില്‍ ഇക്കോ ഫെമിനിസത്തിന്റെ സാധ്യത ജ്യോതീഭായ് പരിയാടത്ത് പരിചയപ്പെടുത്തി. സാമൂഹ്യ അവസ്ഥയിലും മനുഷ്യനിലും മാറ്റം വരുത്തിയാലേ എഴുത്ത് വിജയിച്ചുവെന്ന് പറയാനാകൂവെന്ന് കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ എഴുത്തുകാരികള്‍ക്കുള്ള പുരസ്കാരം നേടിയ തമിഴ് എഴുത്തുകാരി മലര്‍വതി പറഞ്ഞു. മൂന്നു പുസ്തകം പ്രകാശനം ചെയ്തു. എം എസ് കുമാര്‍ രചിച്ച് തൃശൂര്‍ "സമത" പ്രസിദ്ധീകരിച്ച "കുഞ്ഞാര്യ" ഡോ. ഖദീജ മുംതാസ് ജാനമ്മ കുഞ്ഞുണ്ണിക്കു നല്‍കിയും മൈത്രി ബുക്സ് പ്രസിദ്ധീകരിച്ച കല്ലറ അജയന്റെ "കൂടുമാറ്റം" കവി രാവുണ്ണി മലര്‍വതിക്കു നല്‍കിയും പ്രകാശനം ചെയ്തു. കുന്നംകുളം എച്ച് ആന്‍ഡ് സി പ്രസിദ്ധീകരിക്കുന്ന കെ എന്‍ കുട്ടി കടമ്പഴിപ്പുറത്തിന്റെ "ഒരു മടക്കയാത്ര" എന്ന പുസ്തകം കെ പി മോഹനന്‍ വി ടി സുരേഷിനു നല്‍കി പ്രകാശനം ചെയ്തു. വി സീതമ്മാള്‍ സ്വാഗതവും പ്രൊഫ. സി പി ചിത്ര നന്ദിയും പറഞ്ഞു.

deshabhimani

No comments:

Post a Comment