Sunday, November 3, 2013

പീതാംബരക്കുറുപ്പിന് പിന്തുണയുമായി കോണ്‍ഗ്രസ്

പീതാംബരക്കുറുപ്പ് എംപിയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചും ശ്വേതാ മേനോനെ അപമാനിച്ചും കൊല്ലം ഡിസിസി രംഗത്തെത്തി. തിക്കിലും തിരക്കിലും പോകുമ്പോള്‍ ഇങ്ങനെയെല്ലാമുണ്ടാകുമെന്നും പാര്‍ട്ടി അന്വേഷണത്തില്‍ പീതാംബരക്കുറുപ്പ് തെറ്റുകാരനല്ലെന്ന് കണ്ടെത്തിയതായും കൊല്ലം ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ്മ തമ്പാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പീതാംബരക്കുറുപ്പും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വൈകിട്ട് 4ന് നടന്ന സംഭവം രാത്രി 10.30ന് വെളിപ്പെടുത്തിയത് ദുരൂഹമാണ്. ഒരു സോറി പറഞ്ഞാല്‍ തീരുന്ന പ്രശ്നമാണ് നടന്നതെന്നും പീതാംബരക്കുറുപ്പിനെതിരെ ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കുറുപ്പ് തന്നെ കൊല്ലത്ത് മല്‍സരിക്കും. വിവാദങ്ങളുണ്ടാക്കി മാധ്യമശ്രദ്ധ നേടാനാണ് ശ്വേതയുടെ ശ്രമമെന്നും തമ്പാന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുമായും കെപിസിസി പ്രസിഡന്റുമായും ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും സംഭവം പൊലീസ് അന്വേഷിക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും പീതാംബര കുറുപ്പ് പറഞ്ഞു. അന്വേഷണ സംഘത്തോട് എല്ലാം വെളിപ്പെടുത്തും. തന്റെ പെരുമാറ്റത്തില്‍ ശ്വേതയ്ക്ക് എന്തെങ്കിലും അലോസരമുണ്ടായിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നതായും ഇക്കാര്യം ശ്വേതയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി നേതൃത്വം തന്നെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും കുറുപ്പ് കൂട്ടിച്ചേര്‍ത്തു

ശ്വേതയെ ഇരയായി കാണാനാകില്ലെന്ന് മുരളീധരന്‍

തിരു: മറ്റ് കേസുകളിലെ ഇരകളെപ്പോലെ ശ്വേതാ മേനോനെ ഇരയായി കാണാനാവില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എ. സ്വന്തം പ്രസവം ചിത്രീകരിച്ച സ്ത്രീയാണ് ശ്വേതയെന്നും അവരെ ഇരയെന്ന് വിളിക്കരുതെന്നും മുരളീധരന്‍ പറഞ്ഞു. അതിനാല്‍ ഈ സംഭവത്തില്‍ സ്വമേധയാ കേസെടുക്കേണ്ടതില്ല.

പരാതി നല്‍കാന്‍ കഴിയാത്തവരോ നിയമത്തെക്കുറിച്ച് അജ്ഞതയുള്ളവരോ സമ്പന്നരോട് ഏറ്റുമുട്ടാന്‍ കഴിവില്ലാത്തവരെയോ ആണ് ഇരകളെന്നു പറയുന്നത്. ശ്വേതയ്ക്ക് പരാതിയുണ്ടെങ്കില്‍ അത് പറയുകയാണ് വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.

പീതാംബരക്കുറുപ്പിനെതിരെ കേസെടുത്താല്‍ പാര്‍ട്ടിക്ക് അദ്ദേഹത്തിനെതിരെ നടപടിയെടുക്കേണ്ടിവരും. ജനപ്രതിനിധികള്‍ മാന്യതയോടെ പ്രവര്‍ത്തിക്കണമെന്നും സ്ത്രീകളോട് ആരും മോശമായി പെരുമാറാന്‍ പാടില്ലെന്നും മുരളി പറഞ്ഞു.

deshabhimani

No comments:

Post a Comment