Sunday, November 3, 2013

എംപിയുടെ നടപടി രാഷ്ട്രപതിയുടെ പേരിലുള്ള ജലോത്സവത്തിന് തീരാകളങ്കം

സിനിമാനടി ശ്വേതാമേനോനെ അപമാനിച്ചതിലൂടെ കരിതേച്ചത് രാജ്യത്തെ പ്രഥമപൗരന്റെ പേരില്‍ ആരംഭിച്ച ജലോത്സവത്തെയും. പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് മുഖ്യാതിഥിയായി ക്ഷണിച്ചുവരുത്തി സംസ്ഥാന അവാര്‍ഡ്ജേതാവ് കൂടിയായ ശ്വേതാമേനോനെ അപമാനിച്ചത് കൊല്ലത്തിന്റെ സാംസ്കാരിക ചരിത്രത്തിനേറ്റ തീരാകളങ്കമായി. ജലോത്സവ സ്റ്റിയറിങ് കമ്മിറ്റി ചെയര്‍മാനായ എംപിയുടെ പെരുമാറ്റം വേദിയില്‍ തള്ളിക്കയറിയ കോണ്‍ഗ്രസ്, യൂത്തുകോണ്‍ഗ്രസ് സംഘത്തിന്റെ ശല്യപ്പെടുത്തലിന് ഊര്‍ജംപകര്‍ന്നു. അതിഥികളെ സ്വീകരിക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും ചുമതലപ്പെട്ട ജനപ്രതിനിധിയുടെ ഭാഗത്തുനിന്നുതന്നെ അപമര്യാദ ഉണ്ടായത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. ഇരതന്നെ പരാതി പറഞ്ഞിട്ടും ആരോപണ വിധേയനെതിരെ നടപടിയെടുക്കാന്‍ കലക്ടറും പൊലീസും തയ്യാറല്ല. ശ്വേതയ്ക്കുണ്ടായ ദുരനുഭവത്തില്‍ ആദ്യം ഖേദംപ്രകടിപ്പിച്ച കലക്ടര്‍ പിന്നീട് രാഷ്ട്രീയസമ്മര്‍ദത്തെതുടര്‍ന്ന് തകിടംമറിഞ്ഞു. ഫോണില്‍ കലക്ടറോട് പരാതി പറഞ്ഞിട്ടുണ്ടെന്ന ശ്വേതയുടെ വെളിപ്പെടുത്തല്‍ കലക്ടര്‍ പിന്നീട് നിഷേധിച്ചു.

ടിവി ചാനലുകള്‍ എംപിയുടെ "ഇടപെടലുകള്‍" തുടര്‍ച്ചയായി കാട്ടിക്കൊണ്ടിരുന്നപ്പോഴും അങ്ങനെയാന്നും ഉണ്ടായിട്ടില്ലെന്ന നിലപാടിലായിരുന്നു കലക്ടര്‍ പിന്നീട്. കലക്ടറായിരുന്നു സംഘാടകസമിതി കണ്‍വീനര്‍. രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഉദ്ഘാടനംചെയ്ത പ്രഥമ ജലോത്സവം മുതല്‍ പ്രസിഡന്റ്സ് ട്രോഫിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ജില്ലാ ഭരണകേന്ദ്രവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമാണ് ഔദ്യോഗിക സംഘാടകര്‍ എന്നു പറയുമ്പോഴും ജലോത്സവത്തിന്റെ മറവില്‍ തട്ടിപ്പു കമ്പനികളില്‍നിന്നുവരെ പണപ്പിരിവു നടത്തി. എല്ലാ വര്‍ഷവും പീതാംബരക്കുറുപ്പ് എംപിയായിരുന്നു സംഘാടനത്തിന്റെ തലപ്പത്ത്. കോണ്‍ഗ്രസുകാരെ മാത്രമാണ് സംഘാടകസമിതി ഭാരവാഹികളാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ നടത്തിപ്പിന്റെ ചുമതല നല്‍കിയ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് ലക്ഷങ്ങള്‍ വെട്ടിച്ചതായി ആരോപണം ഉയര്‍ന്നു. വസ്തു തട്ടിപ്പുനടത്തി കുപ്രസിദ്ധി നേടിയ പിഎസിഎല്‍ കമ്പനിയായിരുന്നു പ്രധാന സ്പോണ്‍സര്‍. വിശിഷ്ടാതിഥിയായെത്തിയ ടെന്നീസ് താരം സാനിയ മിര്‍സയോടുള്ള എംപിയുടെ അതിരുവിട്ട ചില പെരുമാറ്റങ്ങള്‍ വിവാദമായിരുന്നു.

നീചപ്രവര്‍ത്തിക്കെതിരെ നടപടിവേണം: മേയര്‍

കൊല്ലം: മൂന്നാമത് പ്രസിഡന്റ്സ് ജലോത്സവത്തിന്റെ ഉദ്ഘാടകയായി എത്തിയ ശ്വേതാമേനോന്‍ അപമാനിക്കപ്പെട്ട സംഭവം അപലപനീയമാണെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരത്തിലുള്ള നീച പ്രവര്‍ത്തികള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല. ഈ പ്രവണതകളെ സധൈര്യം വെളിപ്പെടുത്താന്‍ ശ്വേത കാണിച്ച തന്റേടം സ്ത്രീസമൂഹത്തിന് അഭിമാനകരമാണ്. ശ്വേതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് ആവശ്യപ്പെട്ടു.

കലക്ടര്‍ക്കെതിരെയും നടപടി വേണം

കൊല്ലം: നടി ശ്വേതാമേനോനെ അപമാനിച്ച പീതാംബരക്കുറുപ്പ് എംപിയെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹത്തെ സംരക്ഷിക്കുന്ന കലക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കേരള കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ പറഞ്ഞു. സരിതയും ശാലുവും കവിതയും അഴിഞ്ഞാടുന്ന ഉമ്മന്‍ചാണ്ടി ഭരണത്തില്‍ സ്ത്രീകള്‍ക്കു മാന്യമായി ജീവിക്കാന്‍ കഴിയാതായി. ശ്വേതാമേനോനെ അപമാനിച്ച എംപിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രസ്ക്ലബ് മൈതാനത്ത് സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എ ഫിലിപ്പോസ് അധ്യക്ഷനായി. അഡ്വ. ശ്യാമപ്രസാദ്, മനക്കര രാധാകൃഷ്ണന്‍, വി വിശ്വജിത്, കവടിയാര്‍ ധര്‍മന്‍, കരിക്കോട് ദിലീപ്, ചക്കുവരയ്ക്കല്‍ കുറുപ്പ്, വേണു ജി നായര്‍, ശ്യാം ജി കൃഷ്ണന്‍, രാജന്‍പിള്ള, പെരുമണ്‍ ഷാജി, ശ്രീലാല്‍, ആമിനാ മോഹന്‍, ജ്യോതിലാല്‍ ഉദയഗിരി, കുണ്ടറ പ്രതാപന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എംപിയുടെ കോലം കത്തിച്ചു.

നാണക്കേട്: എം എ ബേബി

പേരാമ്പ്ര: പ്രശസ്ത നടി ശ്വേതാമേനോനെ പൊതുചടങ്ങില്‍ അപമാനിച്ച സംഭവം സാംസ്കാരിക കേരളത്തിന് നാണക്കേടാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ഹീനവും മ്ലേഛവുമായ നടപടി മലയാളികള്‍ക്കാകെ അപമാനമുണ്ടാക്കിയിരിക്കയാണ്. പേരാമ്പ്രയില്‍ കലാ സാംസ്കാരിക സംഘട"ചെങ്കാരി"യുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തൊട്ടുകൂടായ്മയും അസമത്വങ്ങളും മതില്‍കെട്ടി മനുഷ്യനെ വേര്‍തിരിച്ചത് പഴയകാലത്താണെങ്കിലും മനുഷ്യമനസ്സുകളില്‍ ജാതിചിന്ത ഇന്നും നിലനില്‍ക്കുകയാണ്. അവകാശ പോരാട്ടങ്ങള്‍ക്കൊപ്പം സാംസ്കാരിക രംഗത്തും നാം മുന്നിട്ടിറങ്ങേണ്ടതുണ്ട്. സമൂഹത്തിലെ അന്ധകാരത്തിനും തിന്മകള്‍ക്കും വിരാമമിടാന്‍ കലാ സാംസ്കാരിക രംഗത്തെ ഇടപെടല്‍ സജീവമാക്കണമെന്നും ബേബി പറഞ്ഞു. മാലിന്യ നിര്‍മാര്‍ജന സംസ്കരണത്തിനും സാംസ്കാരിക സംഘടനകള്‍ ക്രിയാത്മക ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ കുഞ്ഞമ്മദ് എംഎല്‍എ അധ്യക്ഷനായി.

പേരാമ്പ്ര കമ്യൂണിറ്റി ഹാള്‍ മൈതാനത്തൊരുക്കിയ കെ ടി മുഹമ്മദ് നഗറില്‍ നൂറുകണക്കിനാളുകളെ സാക്ഷിയാക്കി എം എ ബേബിയും ജില്ലയിലെ തലമുതിര്‍ന്ന കമ്യൂണിസ്റ്റും കൂത്താളി സമരനായകനുമായ കെ എം കണ്ണന്‍മാസ്റ്ററും ചേര്‍ന്ന് ദീപം തെളിയിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കണ്ണന്‍മാസ്റ്ററെ എം എ ബേബി പൊന്നാടയണിയിച്ച് ആദരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ഉപഹാരം നല്‍കി. ദേശാഭിമാനി യൂണിറ്റ് മാനേജര്‍ എ കെ പത്മനാഭന്‍, എ കെ ബാലന്‍, ആര്‍ കെ രവിവര്‍മ, എം കുഞ്ഞമ്മത്, എ കെ ചന്ദ്രന്‍, ടി കെ കുമാരന്‍, വി കെ ചന്തു, രാജന്‍ തിരുവോത്ത്, ലക്ഷ്മി കോടേരി, ബാദുഷ അബ്ദുള്‍സലാം, സദാനന്ദന്‍ അമ്പാടി എന്നിവര്‍ സംസാരിച്ചു. ടി പി രാമകൃഷ്ണന്‍, എ കെ ബാലന്‍, യു സി ഹനീഫ എന്നിവര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. വി ശ്രീനി റിപ്പോര്‍ട്ടവതരിപ്പിച്ചു. ചെങ്കാരി സെക്രട്ടറി എന്‍ കെ ലാല്‍ സ്വാഗതവും പ്രസിഡന്റ് വി കെ പ്രമോദ് നന്ദിയും പറഞ്ഞു. മീനങ്ങാടി ശ്രീരാഗ് ഒര്‍ക്കസ്ട്രയുടെ ഗാനവിരുന്ന്, അഷ്ടപദി നൃത്തം, കഥകളി, കേരളനടനം, മോഹിനിയാട്ടം, കോഴിക്കോട് നവചേതന റെഡ്ഫൈറ്റേഴ്സ് തിയേറ്റര്‍ ഗ്രൂപ്പിന്റെ സ. മണ്ടോടി കണ്ണന്‍ നാടകം എന്നിവ അരങ്ങേറി.

deshabhimani

No comments:

Post a Comment