Monday, January 13, 2014

മഞ്ഞില്‍വിരിഞ്ഞ കേരളം

റാഞ്ചി: അടുത്തെങ്ങും ആരുമില്ല, അജയ്യം, ആധികാരികം. 59-ാമത് ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന്റെ പ്രകടനത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. റാഞ്ചിയിലെ തണുത്തുറഞ്ഞ ബിര്‍സ മുണ്ട സ്റ്റേഡിയത്തില്‍ ഓടിയും ചാടിയും കേരളം തീപ്പൊരി പാറിച്ചപ്പോള്‍ എതിരാളികള്‍ വിരണ്ടുപോയി. പുണെയ്ക്കുശേഷം സ്വര്‍ണനേട്ടത്തില്‍ വന്‍ കുതിപ്പ്. ഹരിയാനയും മഹാരാഷ്ട്രയും സ്വര്‍ണനേട്ടത്തില്‍ കേരളത്തിന്റെ എങ്ങുമെത്തിയില്ല. ആകെ ഇനങ്ങളില്‍ പകുതിയോളം മെഡലുകള്‍ കേരളത്തിനുമാത്രം.

കഴിഞ്ഞവര്‍ഷം ഇറ്റാവയിലും തൊട്ടുമുമ്പ് ലുധിയാനയിലും സംഭവിച്ച പിഴവുകള്‍ മറയ്ക്കുന്ന പ്രകടനമായി ഇത്. അവസാനദിവസം കേരളം നേടിയത് 13 സ്വര്‍ണം, 11 വെള്ളി, നാലു വെങ്കലം. ഇതില്‍ റിലേയില്‍ നാലു സ്വര്‍ണവും ഒരു വെള്ളിയും. ജൂനിയര്‍ പെണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയില്‍ റെക്കോഡും പിറന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് പിറ്റില്‍ മിന്നുന്ന പ്രകടനമായിരുന്നു കേരളത്തിന്. ലോങ്ജമ്പില്‍ മൂന്നു വിഭാഗങ്ങളില്‍ സ്വര്‍ണം നേടിയപ്പോള്‍ ട്രിപ്പിള്‍ജമ്പിലും ഹാട്രിക് നേട്ടം കുറിച്ചു. ഹൈജമ്പില്‍ മൂന്നു റെക്കോഡ് സ്വര്‍ണം. സ്പ്രിന്റിലും റിലേയിലും ദീര്‍ഘദൂരത്തിലും മികച്ച നേട്ടം. ആകെ പിഴച്ചത് ത്രോ ഇനങ്ങളില്‍ മാത്രം. അഞ്ചാംദിനം രാവിലെ നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വി വി ജിഷ സ്വര്‍ണം സ്വന്തമാക്കി. ഒരു മിനിറ്റ് 4.32 സെക്കന്‍ഡിലായിരുന്നു ജിഷയുടെ നേട്ടം. ഇതോടെ പാലക്കാട് പറളി സ്കൂളിലെ പന്ത്രണ്ടാം ക്ലാസുകാരിക്ക് മീറ്റില്‍ മൂന്നു വ്യക്തിഗത സ്വര്‍ണമായി.

പിന്നാലെ 200 മീറ്റിലും ജിഷ 25.07 സെക്കന്‍ഡില്‍ സ്വര്‍ണം കുറിച്ചു. നേരത്തെ, 400 മീറ്ററിലും ഈ മിടുക്കി പൊന്നണിഞ്ഞിരുന്നു. സ്വര്‍ണം നേടിയ 4-400 റിലേ ടീമില്‍ അവസാനലാപ്പ് പൂര്‍ത്തിയാക്കിയതും ജിഷ തന്നെയായിരുന്നു. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അഞ്ജലി ജോസ് വെങ്കലം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ കേരളം ഒന്നും രണ്ടും സ്ഥാനം സ്വന്തമാക്കി. ജെസി ജോസഫ് (2:11.19) സ്വര്‍ണവും തെരേസ ജോസഫ് വെള്ളിയും (2:12.82) വെള്ളിയും കുറിച്ചു. ആണ്‍കുട്ടികളില്‍ ട്വിങ്കിള്‍ ടോമി (1:56.04) രണ്ടാമതെത്തി. ബിഹാറിന്റെ പ്രേം കുഞ്ചിനായിരുന്നു (1:54.94) സ്വര്‍ണം. ജൂനിയര്‍ പെണ്‍കുട്ടികളില്‍ സി ബബിത (2:14.03) സ്വര്‍ണവും സി ബി അര്‍ച്ചന (2:20.79) വെങ്കലവും നേടി. സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 600 മീറ്ററില്‍ നീനു മരിയം ജയിംസ് (1:43.82) വെള്ളിയണിഞ്ഞു. സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ 3.20 മീറ്ററില്‍ ഷാനി ഷാജി സ്വര്‍ണവും മൂന്നു മീറ്ററില്‍ ഗോപിക നാരായണന്‍ വെള്ളിയും കേരളത്തിനു നല്‍കി.

ജൂനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ രുഗ്മ ഉദയനിലൂടെ (11.85 മീറ്റര്‍) കേരളം പിറ്റിലെ മറ്റൊരു സ്വര്‍ണം കുറിച്ചു. സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ മേഘ മറിയം മാത്യു 9.65 മീറ്റര്‍ എറിഞ്ഞ് വെള്ളി നേടി. 200ല്‍ ഉഷ സ്കൂളിലെ ജിസ്ന മാത്യുവും ഷഹര്‍ബാന സിദ്ദിഖും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തി. ജിസ്ന 25.09 സെക്കന്‍ഡിലും ഷഹര്‍ബാന 25.55 സെക്കന്‍ഡിലും ദൂരം പൂര്‍ത്തിയാക്കി. ജിസ്ന 400ലും സ്വര്‍ണം സ്വന്തമാക്കിയിരുന്നു. 100ല്‍ വെങ്കലവും നേടി. ആണ്‍കുട്ടികളില്‍ ടി കെ സുഫൈദിലൂടെ(22.69) കേരളം വെള്ളി നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പിലും സ്വര്‍ണം കുറിച്ച് പി വി സുഹൈല്‍ മീറ്റിലെ രണ്ടാം സ്വര്‍ണം നേടി. 14.88 മീറ്ററായിരുന്നു ചാട്ടം. 14.69 മീറ്റര്‍ ചാടി ബി എബിന്‍ രണ്ടാമതെത്തി.സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീ. ഹര്‍ഡില്‍സില്‍ ഇ ബി അനസ് ബാബു വെള്ളിയും ഷിബിന്‍ ജോയ് വെങ്കലവും നേടി. നേരത്തെ, ക്രോസ് കണ്‍ട്രിയില്‍ പി യു ചിത്ര സ്വര്‍ണം നേടി. ആണ്‍കുട്ടികളില്‍ ജെ സതീഷ് വെള്ളിയും. ക്രോസ് കണ്‍ട്രിയിലെ മെഡല്‍ വ്യക്തിഗത ഇനത്തില്‍ കൂട്ടില്ല, പോയിന്റിലും.
(പ്രദീപ് ഗോപാല്‍)

deshabhimani

No comments:

Post a Comment