Sunday, March 23, 2014

എങ്ങനെ മറക്കും, കണ്ണില്‍ ചോര കിനിഞ്ഞ നാളുകള്‍

ചെറുവത്തൂര്‍: പച്ചമാംസം കത്തിയെരിയുന്ന ഗന്ധവും കോടാലികളും വാക്കത്തികളുംകൊണ്ട് മനുഷ്യശരീരംവെട്ടിപ്പിളര്‍ക്കുന്ന പൈശാചികതയും നടുക്കുന്ന ഓര്‍മയാണ് ഇന്നും ചീമേനിയിലെ ജീവിക്കുന്ന രക്തസാക്ഷി ബാലകൃഷ്ണന്റെ മനസില്‍. തെരഞ്ഞെടുപ്പും ചീമേനി രക്തസാക്ഷി ദിനവും ഒന്നിച്ചെത്തുമ്പോള്‍ ബാലകൃഷ്ണന്‍ ഓര്‍ത്തെടുക്കുന്നത് കണ്ണീരിന് പകരം കണ്ണില്‍ ചോര കിനിഞ്ഞ നാളുകള്‍. ചീമേനി ടൗണും പരിസരവും അക്കാലത്ത് കോണ്‍ഗ്രസ് ഗുണ്ടകളുടെ വിളയാട്ട കേന്ദ്രമായിരുന്നു. കമ്യൂണിസ്റ്റുകാരായ പാവങ്ങളെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തിരുന്ന കാലം. രാത്രിയായാല്‍ മദ്യത്തിന്റെ ലഹരിയില്‍ കാണുന്നവരെയെല്ലാം തല്ലുകയും അസഭ്യം പറയുകയും ചെയ്യും. ഇതിനൊക്കെ കോണ്‍ഗ്രസ് നേതാക്കളുടെ ഒത്താശയുമുണ്ടായിരുന്നു. 1987ല്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ചീമേനിയുടെ ഭാഗങ്ങളില്‍ നടത്താന്‍ കമ്യൂണിസ്റ്റുകാരെ കോണ്‍ഗ്രസ് ഗുണ്ടകള്‍ അനുവദിച്ചിരുന്നില്ല.

മാര്‍ച്ച് 23ന് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ബൂത്ത് ഏജന്റുമാരും അമ്പതോളം പ്രവര്‍ത്തകരും ചീമേനിയിലെ പാര്‍ടി ഓഫീസില്‍ വോട്ടുകളുടെ കണക്ക് പരിശോധിക്കുകയായിരുന്നു. പുറത്തുനിന്ന് ശബ്ദംകേട്ടാണ് ഞങ്ങള്‍ നോക്കിയത്. ഇരുനൂറിലധികം കോണ്‍ഗ്രസുകാര്‍ വാക്കത്തി, മഴു തുടങ്ങിയ മാരകായുധങ്ങളുമായി കൊലവിളിയുമായി നില്‍ക്കുന്നു. ഞങ്ങള്‍ വാതിലടച്ചു. എന്തുചെയ്യണമെന്നറിയാതെ ഓഫീസിനുള്ളില്‍ കുടുങ്ങി. ഒരുഭാഗത്തുള്ള മരത്തിന്റെ ജനാല മഴുകൊണ്ട് കൊത്തിമുറിച്ച് ഓഫീസിനുള്ളിലേക്ക് തീയിട്ടു. പിന്നീട് വൈക്കോല്‍ കുത്തിനിറച്ച് പെട്രോളും മണ്ണെണ്ണയുമൊഴിച്ച് തീയിട്ടു. പാതിവെന്ത ശരീരവുമായി പുറത്തേക്ക് ചാടുന്ന സഖാക്കളെ ആഞ്ഞാഞ്ഞ് വെട്ടി മരണം ഉറപ്പാക്കി.

ജനലിലൂടെ പുറത്തുകടന്ന എന്നെ പിന്തുടര്‍ന്ന് കല്ലുകൊണ്ട് തലയുടെ പിന്നില്‍ അടിച്ചുവീഴ്ത്തി. കൊടുവാള്‍ കൊണ്ട് ആഞ്ഞുവെട്ടി. കൊല്ലല്ലേയെന്ന് അപേക്ഷിച്ചെങ്കിലും തുരുതുരെ വെട്ടി. എന്നെ രക്ഷിക്കാന്‍ കെ ടി കുഞ്ഞിരാമേട്ടന്‍ ഓടിയെത്തി. താങ്ങിപ്പിടിച്ച് ഒരുഭാഗത്തെത്തിച്ചെങ്കിലും മറുഭാഗത്തുനിന്നെത്തിയ ഗുണ്ടാസംഘം കുഞ്ഞിരാമേട്ടനോട് പറഞ്ഞു. ഇവനെ ജീവനോടെ വിട്ടാല്‍ അപകടമാണ്. എല്ലാം കണ്ടവനാണിവന്‍. ഇവനെ ഞങ്ങള്‍ കൊല്ലും. പിന്നെയും എന്നെ വെട്ടി. എന്റെ ബോധം പൂര്‍ണമായും നഷ്ടപ്പെട്ടു. ഞാന്‍ മരിച്ചെന്ന് കരുതിയായിരിക്കാം അവര്‍ പോയത്. ബോധം വീണപ്പോള്‍ ഞാന്‍ മംഗളൂരു സ്വകാര്യാശുപത്രിയിലായിരുന്നു. അവിടുന്നാണ് പ്രിയപ്പെട്ട സഖാക്കള്‍ കെ വി കുഞ്ഞിക്കണ്ണന്‍, പി കുഞ്ഞപ്പന്‍, എം കോരന്‍, സി കോരന്‍, ആലവളപ്പില്‍ അമ്പു എന്നിവര്‍ രക്തസാക്ഷികളായെന്ന വിവരമറിഞ്ഞത്. അമ്മംകോട് ബ്രാഞ്ച് സെക്രട്ടറിയായ എം ബാലകൃഷ്ണന് 17 വര്‍ഷം മുമ്പ് നടന്ന അക്രമത്തില്‍ തലയ്ക്കും കാലിനും കൈക്കും വെട്ടേറ്റു. നടക്കാനും എഴുതാനും ബുദ്ധിമുട്ടുണ്ടെങ്കിലും പ്രസ്ഥാനത്തിനു വേണ്ടിയെന്ന ബോധം ഇതിനെയൊക്കെയും മറികടക്കുന്നു. ചീമേനി രക്തസാക്ഷികളുടെ രക്തം വീണ് ചുവന്ന മണ്ണ് ഇന്ന് കൂടുതല്‍ ചുവന്നു. ആ ചോരത്തുള്ളികള്‍ എന്നും ഈ മണ്ണില്‍ ഉണങ്ങാതെ കിടക്കും.

പി വിജിന്‍ദാസ്

കൊലയാളി കോണ്‍ഗ്രസ്

കാസര്‍കോട്: കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനും വലതുപക്ഷ കുപ്രചാരണങ്ങള്‍ക്കും മറുപടിയായി ചീമേനി രക്തസാക്ഷികള്‍. വിലക്കയറ്റംകൊണ്ട് ജനം പൊറുതിമുട്ടുമ്പോഴും രാജ്യം കോണ്‍ഗ്രസിന്റെ അഴിമതികൊണ്ട് അപമാനിക്കപ്പെടുമ്പോഴും ജനകീയ പ്രശ്നങ്ങള്‍ മിണ്ടാന്‍ കഴിയാത്ത യുഡിഎഫിനും ബിജെപിക്കും അക്രമരാഷ്ട്രീയം മാത്രമാണ് പ്രചാരണായുധം. ഏറ്റവും വലിയ അക്രമികളാണ് സമാധാനവാദികളായി രംഗത്ത് എത്തുന്നത്.

1987 ലെ അസംബ്ലി തെരഞ്ഞെടുപ്പ് നടന്ന മാര്‍ച്ച് 23 ന് വൈകുന്നേരമാണ് രാജ്യത്തെയാകെ ഞെട്ടിച്ച കൊടും ക്രൂരത ചീമേനിയില്‍ അരങ്ങേറിയത്. തെരഞ്ഞെടുപ്പിനുശേഷം വോട്ടിന്റെ കണക്ക് പരിശോധിച്ച് പാര്‍ടി ഓഫീസിലിരുന്ന അഞ്ചു സിപിഐ എം പ്രവര്‍ത്തകരെ മാരാകായുധങ്ങളുമായെത്തിയ കോണ്‍ഗ്രസ് ഗുണ്ടാസംഘം നിഷ്ഠുരം കൂട്ടക്കൊലചെയ്തു. ആയുധങ്ങളുമായി പാഞ്ഞടുത്ത അക്രമികളില്‍നിന്ന് രക്ഷപ്പെടാന്‍ ഓഫീസിനുള്ളില്‍ കയറി വാതിലടച്ചപ്പോള്‍ ഓഫീസിനുള്ളിലേക്ക് തീയിട്ട് പുകച്ചും ഓഫീസ് കത്തിച്ചും പ്രവര്‍ത്തകരെ പുറത്ത് ചാടിച്ച് വെട്ടിയും കുത്തിയും കൊല്ലുകയായിരുന്നു. അഞ്ചു ധീരന്മാരായ പ്രവര്‍ത്തകരെയാണ് കോണ്‍ഗ്രസ് നരാധമന്മാര്‍ കൊലപ്പെടുത്തിയത്. ഓഫീസിനുള്ളില്‍ കുടുങ്ങി നാല്‍പതോളം പ്രവര്‍ത്തകരുടെ ജീവന്‍ രക്ഷിക്കാനാണ് അഞ്ചുപേര്‍ സ്വയം മരണത്തിനു മുന്നിലേക്ക് എടുത്ത് ചാടിയത്. ഓഫീസിന്റെ ഉള്ളിലേക്കും തീപടര്‍ന്നപ്പോള്‍ ആലവളപ്പില്‍ അമ്പുവാണ് ആദ്യം പിന്‍വശത്തെ ജനാലയിലൂടെ പുറത്തേക്ക് ചാടിയത്. ഇരയെ കിട്ടിയ സിംഹത്തെപോലെ കോണ്‍ഗ്രസ് ഗുണ്ടാസംഘം പാഞ്ഞടുത്ത് വെട്ടിയും കുത്തിയും അമ്പുവിനെ വീഴ്ത്തി. എന്നിട്ടും കലി തീരാതെ നിന്ന കോണ്‍ഗ്രസ് കൊലയാളിസംഘത്തിന് മുന്നിലേക്ക് ചാലില്‍ കോരനും പി കുഞ്ഞപ്പനും എം കോരനും ഒന്നിന് പിന്നാലെ ചാടിയാണ് മറ്റുള്ളവരുടെ ജീവന്‍ രക്ഷിച്ചത്. പുറത്ത് ചാടിയവരെ മൃഗീയമായി വെട്ടിയും കുത്തിയും അടിച്ചും കൊല്ലുകയായിരുന്നു. ഓരോ മരണവും ആഘോഷിച്ച് കോണ്‍ഗ്രസ് നേതാക്കളും ഗുണ്ടകളും ചീമേനിയില്‍ ഭീകരത സൃഷ്ടിച്ചു.

എം കോരനെ വെട്ടിവീഴ്ത്തി വൈക്കോലില്‍ പൊതിഞ്ഞ് കത്തിച്ച നിലയിലായതിരുന്നു കണ്ടെത്തിയത്. കെ വി കുഞ്ഞിക്കണ്ണനെ തലക്ക് വലിയ കല്ലിട്ട് കൊലപ്പെടുത്തിയ രീതിയില്‍ റോഡരികിലാണ് കണ്ടത്. ഇങ്ങനെ കേരളം കണ്ട ഏറ്റവും നിഷ്ഠുര കൊലപാതകമാണ് ചീമേനിയില്‍ കോണ്‍ഗ്രസ് നടത്തിയത്. ഇതിലെ എല്ലാപ്രതികളെയും സംരക്ഷിച്ചത് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് നേതാക്കളുമാണ്. കേസ് വാദിച്ച് പ്രതികളെ വെറുതെ വിടുവിച്ചത് ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റാണ്. കണ്ണൂരിലെ നേതാവാണ് ചീമേനിയിലെ നേതാവിന് ആയുധം കൊടുത്തതെന്ന് കോണ്‍ഗ്രസുകാരന്‍തന്നെ വെളിപ്പെടുത്തിയത് അടുത്തനാളിലാണ്. ഉന്നതതല ഗൂഢാലോചനയിലൂടെ കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ കോണ്‍ഗ്രസിന് കൊലപാതക രാഷ്ട്രീയത്തിനെതിരെ പറയാന്‍ എന്തവകാശമെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.

കോണ്‍ഗ്രസിന്റെ കൊലപാതകത്തിന് നിരവധി തെളിവുകള്‍ കാസര്‍കോട് ജില്ലയിലുണ്ട്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപിച്ചപ്പോഴാണ് അഡൂരിലെ രവീന്ദ്രറാവുവെന്ന ചെറുപ്പക്കാരനെ കോണ്‍ഗ്രസുകാര്‍ വെടിവെച്ച്കൊന്നത്. കഴിഞ്ഞ ഓണനാളില്‍ മാങ്ങാട്ടെ എം ബി ബാലകൃഷ്ണനെ കോണ്‍ഗ്രസുകാര്‍ ക്രൂരമായി കൊന്നത് എന്തിനാണെന്ന് ഇപ്പോഴും ജനങ്ങള്‍ക്ക് മനസിലായിട്ടില്ല. ഇതിലെ രണ്ട് പ്രധാന പ്രതികളെ ഇപ്പോഴും സംരക്ഷിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വമാണ്. ആര്‍എസ്എസ്, ബിജെപി കൊലയാളി സംഘത്തിന്റെ കൊലക്കത്തിക്കിരയായും ജില്ലയില്‍ നിരവധിയാളുകളുടെ ജീവന്‍ നഷ്ടമായി. ഭാസ്കര കുമ്പളയെ കൊന്നത് ഓടുന്ന ബസിലിട്ട് വെട്ടിനുറുക്കിയാണ്. കാഞ്ഞങ്ങാട്ടെ സുരേന്ദ്രനെ കൊന്നത് നഗരമധ്യത്തിലിട്ടാണ്. പൂതങ്ങാനം രക്തസാക്ഷികളും ബിജെപി ഭീകരതക്ക് തെളിവാണ്.

ഈ വിധവയുടെ കണ്ണീര്‍ കാണുന്നില്ലേ?

അഡൂര്‍: "യാവ ഒന്തു പത്നിഗു അവള പതി കളെതേ മത്തെ യാറൂ. ഒന്തു വിധവെയ മാനസിക അവസ്ഥെ നഗെ ചെന്നാഗി ഗൊത്തു. ആദരെ നന്നന്നു വിധവെ മാഡിദവറു കെലവറ സാവിനല്ലി കണ്ണീരു ഹരിസുവാഗ നന്നഹഗെ നൂറു വിധവെകളു ഈ സമാജതല്ലി ഇതെയെമ്പ നെപിറബേകു.......... ദേലംപാടി ബാലനടുക്കത്തെ രക്തസാക്ഷി രവീന്ദ്ര റാവുവിന്റെ ഭാര്യ ഭാരതിയുടെ വാക്കുകളാണിത്. ഇവര്‍ പറഞ്ഞതിന്റെ അര്‍ഥം ഇങ്ങനെ. "ഏതൊരു ഭാര്യക്കും തന്റെ ഭര്‍ത്താവ് കഴിഞ്ഞേ മറ്റാരുമുള്ളു. ഒരു വിധവയുടെ മാനസിക വിഷമങ്ങള്‍ എനിക്ക് നന്നായറിയാം. എന്നാല്‍ എന്നെ വിധവയാക്കിയവര്‍ ചിലരുടെ മരണത്തില്‍ ഏറെ കണ്ണീരൊഴുക്കുമ്പോള്‍ എന്നേപ്പോലുള്ള നൂറുകണക്കിന് വിധവകള്‍ ഇന്നാട്ടിലുണ്ടെന്ന് ഓര്‍ക്കണം".

2011 മെയ് 13നാണ് സിപിഐ എം സജീവ പ്രവര്‍ത്തകനായിരുന്ന ബാലനടുക്കം ഏടോണിയിലെ പരേതനായ ശ്രീനിവാസ റാവു- കമല ദമ്പതികളുടെ മകന്‍ നാട്ടുകാരുടെ ബാവ എന്ന രവീന്ദ്രറാവുവിനെ കോണ്‍ഗ്രസ് ക്രിമിനല്‍ വെടിവച്ച് കൊലപ്പെടുത്തിയത്. നിയമസഭ തെരഞ്ഞെടുപ്പില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ വിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തി സുഹൃത്തിന്റെ വീട്ടില്‍ വിശ്രമിക്കുമ്പോഴാണ് പിന്നില്‍നിന്ന് വെടിയുതിര്‍ത്തത്. ഭാരതിക്ക് പറയാനുള്ളത് ഇങ്ങനെ: ഞാന്‍ കുഞ്ഞുന്നാള്‍ മുതല്‍ വിശ്വസിച്ചിരുന്ന പ്രസ്ഥാനമാണ് എന്നെ വിധവയാക്കിയത്. ഞങ്ങള്‍ക്ക് ഏറെ വൈകിയുണ്ടായ മകന്‍ സുജനിന് 17 ദിവസം മാത്രം പൂര്‍ത്തിയാകുമ്പോഴാണ് ഭര്‍ത്താവ് കോണ്‍ഗ്രസുകാരാല്‍ കൊലചെയ്യപ്പെട്ടത്. ഞാന്‍ ബീഡി തെറുത്തും രവിയേട്ടന്‍ കൂലിപ്പണിയെടുത്തും കിട്ടുന്ന തുക കൊണ്ടാണ് വീട് കഴിഞ്ഞിരുന്നത്. എനിക്ക് വലിയ രാഷ്ട്രീയബോധമൊന്നുമില്ല. സിപിഐ എമ്മിനെ അറിഞ്ഞത് കല്യാണം കഴിഞ്ഞ് രവിയേട്ടന്റെ കൂടെ ബാലനടുക്കയിലെത്തിയ ശേഷമാണ്. സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ പാര്‍ടിക്ക് മാത്രമേ കഴിയൂ എന്നെനിക്ക് ബോധ്യമായി. അക്രമ രാഷ്ട്രീയത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ തന്നെയാണ് എന്നെപ്പോലുള്ള വിധവകളെ സൃഷ്ടിച്ചതെന്ന് മറക്കരുത്.

രവീന്ദ്ര റാവുവിനെ കൂടതെ ദേലംപാടി പഞ്ചായത്തിലെ സിപിഐ എമ്മിന്റെ മറ്റ് മൂന്ന് സജീവ പ്രവര്‍ത്തകരെയും വകവരുത്തിയത് കോണ്‍ഗ്രസ് ക്രിമിനല്‍ സംഘമാണ്. 1985 ഒക്ടോബര്‍ 22ന് ഡിവൈഎഫ്ഐ അഡൂര്‍ വില്ലേജ് സെക്രട്ടറിയായിരുന്ന പാണ്ടിയിലെ പി ദാമോദരനെ ചതിയില്‍പ്പെടുത്തി കൊന്നു. പുതിയ റേഷന്‍കാര്‍ഡ് വാങ്ങാന്‍ പോയ അമ്മയെ തിരക്കി പാണ്ടിയിലെ റേഷന്‍കടയില്‍ എത്തിയപ്പോഴാണ് അമ്മയുടെ മുന്നിലിട്ട് ദാമോദരനെ കുത്തിക്കൊന്നത്. ബന്തടുക്കയില്‍നിന്ന് ചാമക്കൊച്ചിയിലെ വീട്ടിലേക്ക് മടങ്ങവെ ചിക്കണ്ടമൂലയില്‍വച്ച് എസ് വീരേന്ദ്രനെ 2001 ഏപ്രില്‍ 19ന് കോണ്‍ഗ്രസ് കൊലയാളി സംഘം വെട്ടിയും കുത്തിയും കൊന്നു. 2000 മാര്‍ച്ച് ഒന്നിന് രാത്രി വീട്ടിലേക്ക് പോകുമ്പോഴാണ് പാണ്ടി നീര്‍ളക്കയയിലെ നാരായണ നായ്ക്കിനെ ബസനകുണ്ടില്‍ വച്ച് വെടിവച്ച് കൊന്നത്.

പി ഡി രതീഷ്കുമാര്‍

അപ്പച്ചന്‍, നാരായണ, വിജയന്‍, വീരേന്ദ്രന്‍....

ബന്തടുക്ക: 1990 വിഷുദിവസം. സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബന്തടുക്ക വീട്ടിലാടിയിലെ അപ്പച്ചനും സഖാക്കളും വീടുകള്‍ കയറിയിറങ്ങി പ്രചാരണം നടത്തുകയായിരുന്നു. രണ്ട് കിലോമീറ്റര്‍ അപ്പുറം മലാങ്കുണ്ടിലെത്തിയപ്പോള്‍ ഒരുകൂട്ടം കോണ്‍ഗ്രസ് ക്രിമിനലുകള്‍ അപ്പച്ചനെ വളഞ്ഞിട്ട് വെട്ടിവീഴ്ത്തി. കൊലപാതകിയുടെ വീടിന് സമീപമാണ് വെട്ടിവീഴ്ത്തിയത്. കൊന്നയാളുടെ ക്രൂരതയെ കടത്തിവെട്ടിയത് അയാളുടെ അമ്മയുടെ പ്രവൃത്തികളാണ്. ഇവര്‍ അടുപ്പിലുണ്ടായിരുന്ന തിളച്ച വെള്ളം ജീവന്‍ വിട്ടൊഴിയാത്ത ശരീരത്തിലൊഴിച്ച് വികൃതമാക്കി. പിടയുന്ന ശരീരം ചവിട്ടിയുരുട്ടി. പേ പിടിച്ച കോണ്‍ഗ്രസ് മനസുകള്‍ക്ക് മാത്രം കഴിയുന്ന കൊടും ക്രൂരത. അപ്പച്ചന്റെ കൊലപാതകത്തെക്കുറിച്ച് മൊഴി നല്‍കാന്‍ സഹോദരന്‍ കെ എം മാത്യുവിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നിരവധി മണിക്കൂറുകളാണ് അവിടെ ഇരുത്തിയത്. തിരിച്ച് നാട്ടിലെത്തുമ്പോഴേക്കും ഒരു സഖാവിന്റെ വീടിന് സമീപം മൃതദേഹം സംസ്കരിക്കാന്‍ കുഴിയെടുക്കുകയായിരുന്നു. കോണ്‍ഗ്രസുകാരുടെ ഭീഷണിയില്‍, പള്ളിയില്‍ അടക്കാന്‍ കഴിയില്ലെന്നും തെമ്മാടിക്കുഴിയില്‍ സംസ്കരിക്കണമെന്നുമായിരുന്നു പള്ളി അധികാരികളുടെ വാദം. നാടിന്റെ നന്മക്കായി ചെങ്കൊടിയേന്തിയതിന്റെ പേരില്‍ ജീവന്‍ ത്യജിക്കേണ്ടി വന്ന സഖാവിനെ തെമ്മാടിക്കുഴിയിലടക്കാന്‍ കഴിയില്ലെന്ന് തീരുമാനിച്ചാണ് സമീപത്തെ വീട്ടുപറമ്പില്‍ സംസ്കാരം തീരുമാനിച്ചത്. മാത്യുവും പാര്‍ടി പ്രവര്‍ത്തകരും ശക്തമായി ചോദ്യം ചെയ്യുകയും കലഹിക്കുകയും ചെയ്തശേഷമാണ് പള്ളി സെമിത്തേരിയില്‍ സംസ്കരിക്കാന്‍ അനുവദിച്ചത്.

നാടാകെ നിറഞ്ഞുനിന്നിരുന്ന അപ്പച്ചന്റെ കൊലപാതകം പാര്‍ടിയെ പരിക്കേല്‍പിച്ചെന്ന് തോന്നിയപ്പോള്‍ ജ്യേഷ്ഠന്റെ പാതയില്‍ കെ എം മാത്യുവും സജീവമായി. ഡിവൈഎഫ്ഐയുടെയും കര്‍ഷകത്തൊഴിലാളി യൂണിയന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു അപ്പച്ചന്‍. അപ്പച്ചന്റെ കൊലപാതകത്തിനുശേഷം മാത്യുവിനുനേരെയും നിരവധി തവണ അക്രമം നടന്നു. പള്ളിയില്‍ പോയി മടങ്ങിയ ഭാര്യ റോസമ്മയെ കോണ്‍ഗ്രസുകാര്‍ തലയ്ക്കടിച്ച് പരിക്കേല്‍പിച്ചു. നിരവധി വര്‍ഷം പാര്‍ടി ബ്രാഞ്ച് സെക്രട്ടറിയായും മാത്യു പ്രവര്‍ത്തിച്ചു. 2000 മാര്‍ച്ച് ഒന്നിനാണ് ബന്തടുക്ക ചിക്കണ്ടമൂലയിലെ നാരായണ നായ്ക്കിനെ കോണ്‍ഗ്രസ് ക്രിമിനല്‍ സംഘം വെടിവച്ച് കൊന്നത്. അതേവര്‍ഷം ഏപ്രിലില്‍ മാനടുക്കത്തെ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയും റേഷന്‍കട വ്യാപാരിയുമായ പി ജി വിജയനെ ബിജെപി ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തി. വിജയനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് 2000 ഏപ്രില്‍ 16ന് മാനടുക്കത്ത് നടന്ന പൊതുയോഗത്തില്‍ പങ്കെടുത്ത് തിരിച്ചുവരുമ്പോഴാണ് ബേത്തലത്തെ ബാലകൃഷ്ണ നായ്ക്കിനെ കോണ്‍ഗ്രസ് ക്രിമിനലുകള്‍ വെടിവച്ച് കൊന്നത്. നിലവിലെ കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി ഗോപാലന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കുനേരെയായിരുന്നു കോണ്‍ഗ്രസ് ക്രിമിനലുകള്‍ നിറയൊഴിച്ചത്.

2001 ഏപ്രില്‍ 19ന് ബന്തടുക്ക ടൗണില്‍നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് ചാമക്കൊച്ചിയില്‍ വഴിയില്‍ പതിയിരുന്ന കോണ്‍ഗ്രസ് ക്രിമിനലുകള്‍ വീരേന്ദ്രനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ചാമക്കൊച്ചി മേഖലയിലെ പാര്‍ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന വീരേന്ദ്രന്‍. കോണ്‍ഗ്രസ് ക്രിമിനലുകളുടെ താവളമായിരുന്ന ബന്തടുക്ക മേഖലകളില്‍ പകല്‍ പോലും സ്വതന്ത്രമായി സഞ്ചരിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. ബന്തടുക്ക ടൗണില്‍ നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ച എ കെ ജോസിനെ 1998 ഡിസംബര്‍ 18ന് അക്രമിച്ച കോണ്‍ഗ്രസ് ക്രിമിനലുകള്‍ മാരകമായി വെട്ടിപ്പരിക്കേല്‍പിക്കുകയും വലതുകൈയുടെ കൈപ്പത്തി അറുത്തുമാറ്റുകയും ചെയ്തു. നിലവില്‍ സിപിഐ എം ബേഡകം ഏരിയാകമ്മിറ്റി അംഗവും നിര്‍മാണത്തൊഴിലാളി യൂണിയന്‍ ഏരിയാ ജോയിന്റ് സെക്രട്ടറിയും ഡിഎഡബ്ല്യുഎഫ് ഏരിയാസെക്രട്ടറിയുമായി പ്രവര്‍ത്തിക്കുകയാണ് ജോസ്.

ടി കെ മനോജ്

"ഞങ്ങളെ അനാഥരാക്കി"

ഉദുമ: "ഒരു തെറ്റും ചെയ്യാത്ത ബാലകൃഷ്ണേട്ടനെ ഇല്ലാതാക്കി. തന്നെയും മക്കളെയും അനാഥരാക്കിയ കൊലയാളികളെ സംരക്ഷിക്കുന്ന കോണ്‍ഗ്രസ് നേതാക്കളാണ് സമാധാനത്തിന്റെ കുപ്പായമണിഞ്ഞ് ജനങ്ങളെ വഞ്ചിക്കുന്നത്". കഴിഞ്ഞ തിരുവോണ ദിവസം കോണ്‍ഗ്രസ് ക്രിമിനലുകള്‍ നിഷ്ഠുരം കൊലപ്പെടുത്തിയ മാങ്ങാട്ടെ സിപിഐ എം പ്രവര്‍ത്തകന്‍ എം ബി ബാലകൃഷ്ണന്റെ സഹധര്‍മിണി കെ വി അനിതയുടെ വേദന കലര്‍ന്ന വാക്കുകളാണിത്.

കൊലപാതകത്തിന് ഗൂഢാലോചന നടത്തിയ ഡിസിസി ജനറല്‍ സെക്രട്ടറി കടവങ്ങാനം കുഞ്ഞിക്കേളു നായരുടെ മകന്‍ ഷിബു, ഐഎന്‍ടിയുസി നേതാവായ മജീദ് മാങ്ങാട് എന്നിവരെ ആറുമാസം കഴിഞ്ഞിട്ടും യുഡിഎഫിന്റെ പൊലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കി സുഖമായി കഴിയാന്‍ സഹായവും നല്‍കുന്നത് കോണ്‍ഗ്രസ് നേതാക്കളാണ്. ഡിവൈഎഫ്ഐ പനയാല്‍ കീക്കാനം യൂണിറ്റ് പ്രസിഡന്റ് ആലിങ്കാലിലെ ടി മനോജ്കുമാറിനെ ലീഗ് തീവ്രവാദി സംഘം ചവിട്ടിക്കൊന്ന കേസ് ഭരണസ്വാധീനമുപയോഗിച്ച് അട്ടിമറിച്ച് പ്രതികളെ രക്ഷപ്പെടുത്തിയ സംഭവം ആഭ്യന്തര വകുപ്പിന് നാണക്കേടുണ്ടാക്കിയതാണ്. 2012 ആഗസ്ത് രണ്ടിനാണ് തച്ചങ്ങാട് വച്ച് മനോജിനെ ലീഗ്- എന്‍ഡിഎഫ് ക്രിമിനലുകള്‍ കൊലപ്പെടുത്തിയത്. പ്രതികളെ യുഡിഎഫ് നേതാക്കള്‍ ഇടപ്പെട്ട് രക്ഷപ്പെടുത്തുകയായിരുന്നു. അക്രമക്കേസില്‍ പ്രതികളിലാരെയും ഒന്നരവര്‍ഷമായിട്ടും പിടികൂടിയില്ല. പലരും ഗള്‍ഫിലേക്ക് കടന്നു.

രാജേഷ് മാങ്ങാട്

deshabhimani

No comments:

Post a Comment