Friday, October 11, 2013

തൊഴില്‍ദിനം കുറച്ച് സ്വകാര്യമേഖലയെ സഹായിക്കുന്നു: ഗുരുദാസന്‍

കശുവണ്ടി കോര്‍പറേഷനിലേക്ക് ഉജ്വല തൊഴിലാളിമാര്‍ച്ച്

കൊല്ലം: കശുവണ്ടി വികസന കോര്‍പറേഷന്‍ ആസ്ഥാനത്തേക്ക് കശുവണ്ടിത്തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ഐആര്‍സി കരാര്‍ പ്രകാരം ആനുപാതിക ബോണസ് നല്‍കുക, തൊഴില്‍ദിനം വര്‍ധിപ്പിക്കുക, ഗ്രാറ്റുവിറ്റി അടിയന്തരമായി വിതരണംചെയ്യുക, പിഎഫ് കുടിശ്ശിക അടയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കാഷ്യൂ വര്‍ക്കേഴ്സ് സെന്റര്‍ (സിഐടിയു) നേതൃത്വത്തില്‍ നടന്ന മാര്‍ച്ചിലും ധര്‍ണയിലും സ്ത്രീത്തൊഴിലാളികളുടെ വര്‍ധിച്ച പങ്കാളിത്തം ശ്രദ്ധേയമായി. മാര്‍ച്ച് ചിന്നക്കട റെസ്റ്റ്ഹൗസ് പരിസരത്തുനിന്ന് ആരംഭിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ഗുരുദാസന്‍ സമരം ഉദ്ഘാടനംചെയ്തു. സെന്റര്‍ സംസ്ഥാന പ്രസിഡന്റ് ജെ മേഴ്സിക്കുട്ടിയമ്മ അധ്യക്ഷയായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ കാസിം സ്വാഗതം പറഞ്ഞു. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി രാജേന്ദ്രന്‍, സിഐടിയു സംസ്ഥാന സെക്രട്ടറി എന്‍ പത്മലോചനന്‍, അഡ്വ. സി എസ് സുജാത, സിഐടിയു ജില്ലാസെക്രട്ടറി കെ തുളസീധരന്‍, ബി തുളസീധരക്കുറുപ്പ്, അഡ്വ. മുരളി മടന്തകോട് എന്നിവര്‍ സംസാരിച്ചു.

തൊഴില്‍ദിനം കുറച്ച് സ്വകാര്യമേഖലയെ സഹായിക്കുന്നു: ഗുരുദാസന്‍

കൊല്ലം: പൊതുമേഖലാ സ്ഥാപനമായ കശുവണ്ടി വികസന കോര്‍പറേഷന്‍ തൊഴില്‍ദിനങ്ങള്‍ കുറച്ച് സ്വകാര്യ കശുവണ്ടി മുതലാളിമാരെ സഹായിക്കുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ഗുരുദാസന്‍ എംഎല്‍എ പറഞ്ഞു. കാഷ്യൂ വര്‍ക്കേഴ്സ് സെന്റര്‍ (സിഐടിയു) നേതൃത്വത്തില്‍ തൊഴിലാളികള്‍ കശുവണ്ടി വികസന കോര്‍പറേഷന്‍ ആസ്ഥാനത്ത് നടത്തിയ ധര്‍ണ ഉദ്ഘാടനംചെയ്യുകയായിരുന്നു ഗുരുദാസന്‍.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോര്‍പറേഷന്‍ ഫാക്ടറികളില്‍ വര്‍ഷം 244 ദിവസം ജോലിനല്‍കി. കഴിഞ്ഞ വര്‍ഷമാകട്ടെ 122 ദിവസം മാത്രമാണ് തൊഴില്‍നല്‍കിയത്. തൊഴില്‍ ലഭിച്ചില്ലെങ്കില്‍ തൊഴിലാളികള്‍ സ്വകാര്യ ഫാക്ടറികളില്‍ അഭയംതേടും. അത് വലിയ ചൂഷണത്തിന് ഇടയാക്കും. എല്ലാ പ്രവൃത്തിദിനങ്ങളിലും കോര്‍പറേഷന്‍ ഫാക്ടറികളില്‍ ജോലി ഉറപ്പാക്കണം. ആറുമാസത്തില്‍ കുറഞ്ഞത് 78 ദിവസം ജോലിചെയ്താല്‍ മാത്രമെ ഇഎസ്ഐ അവധി ലഭിക്കൂ. തൊഴില്‍ദിനം കുറച്ച് ഇഎസ്ഐ ആനുകൂല്യത്തിനുള്ള തൊഴിലാളിയുടെ അവധി അവകാശം കോര്‍പറേഷന്‍ നിഷേധിക്കുന്നു. തൊഴിലാളികള്‍ക്കുള്ള നിയമപരമായ എല്ലാ ആനുകൂല്യങ്ങളും സമയബന്ധിതമായി നല്‍കി മാതൃകയാകേണ്ട സ്ഥാപനമാണ് കശുവണ്ടി വികസന കോര്‍പറേഷനെന്നും ഗുരുദാസന്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാകും. ഇപ്പോള്‍ തൊഴിലാളികളുടെ എല്ലാ ആനുകൂല്യങ്ങളും കോര്‍പറേഷന്‍ നിഷേധിക്കുകയാണ്. അടഞ്ഞുകിടക്കുന്ന കോര്‍പറേഷന്‍ ഫാക്ടറികള്‍ ഉടന്‍ തുറക്കണമെന്നും ഗുരുദാസന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment