Wednesday, October 9, 2013

എടിഎം വഴിയും കോടികളുടെ കള്ളനോട്ട്

ബാങ്ക് എടിഎമ്മുകള്‍വഴി സംസ്ഥാനത്ത് കള്ളനോട്ടുകള്‍ പ്രവഹിക്കുന്നു. പണം നിക്ഷേപിക്കാന്‍ കരാര്‍ എടുത്ത സ്വകാര്യ ഏജന്‍സികളും ബാങ്കുകളും പരസ്പരം പഴിചാരുന്നതിനിടെ സാമ്പത്തികനഷ്ടമുണ്ടാകുന്നത് ഉപയോക്താക്കള്‍ക്ക്. കള്ളനോട്ട് കണ്ടെത്തിയാലും പൊലീസില്‍ അറിയിക്കാതെ ഒതുക്കിത്തീര്‍ക്കുന്നതിനാല്‍ ഉറവിടത്തിലേക്ക് അന്വേഷണം എത്തുന്നില്ല.

എസ്ബിഐ അടക്കം പ്രമുഖ ബാങ്കുകളെല്ലാം എടിഎമ്മില്‍ നോട്ട് നിക്ഷേപിക്കാന്‍ കരാര്‍ നല്‍കിയത് സ്വകാര്യ ഏജന്‍സികള്‍ക്കാണ്. ഇവരുടെ കേരളത്തിലെ 757 എടിഎമ്മില്‍ ബഹുഭൂരിപക്ഷത്തിലും പണം നിക്ഷേപിക്കുന്നത് മൂന്നു സ്വകാര്യ സ്ഥാപനങ്ങളാണ്. മറ്റു ബാങ്കുകളുടെ കരാറും ഇവര്‍ എടുത്തിട്ടുള്ളതിനാല്‍ കള്ളനോട്ട് എവിടെനിന്ന് വരുന്നുവെന്നത് അജ്ഞാതം. എടിഎമ്മില്‍നിന്ന് കള്ളനോട്ട് ലഭിക്കുന്നവര്‍ ടോള്‍ ഫ്രീ നമ്പരില്‍ വളിച്ച് വിവരം അറിയിക്കണമെന്നാണ് ചട്ടം. ബാങ്ക് ശാഖയില്‍ രേഖാമൂലം പരാതിയും നല്‍കണം. എന്നാല്‍, കള്ളനോട്ടിന്റെ ഉത്തരവാദിത്തം ബാങ്ക് ഏറ്റെടുക്കില്ല. അവര്‍ നല്ല നോട്ടുകളാണ് ഏജന്‍സികളെ ഏല്‍പ്പിച്ചതെന്നായിരിക്കും വിശദീകരണം. കള്ളനോട്ടുകള്‍ തിരിച്ചറിയാന്‍ കഴിയുന്ന സോര്‍ട്ടിങ് മെഷീനുള്ള വലിയ ശാഖകളില്‍നിന്നാണ് ഏജന്‍സികളെ നോട്ട് ഏല്‍പ്പിക്കുന്നത്. സോര്‍ട്ടിങ് മെഷീനില്‍ ഇട്ട് ശുദ്ധി ബോധ്യപ്പെട്ടശേഷമേ ഏജന്‍സികള്‍ നോട്ട് കൊണ്ടുപോകാവൂ. എന്നാല്‍, കോടിക്കണക്കിനു രൂപ കൃത്യമായി പരിശോധിക്കുന്നതിന് ഏറെ സമയം പിടിക്കുമെന്നതിനാല്‍ ബാങ്കുകാരും ഏജന്‍സികളും ഇതിന് മെനക്കെടാറില്ല. പണം സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറിക്കഴിഞ്ഞാല്‍ ബാങ്കിന്റെ ഉത്തരവാദിത്തം തീര്‍ന്നു. എന്തു തിരിമറി നടന്നാലും ആരും അറിയില്ല.

ഒരു എടിഎമ്മില്‍ 30 മുതല്‍ 40 വരെ ലക്ഷം രൂപയാണ് വയ്ക്കാറുള്ളത്. ഒരാള്‍ക്ക് പരമാവധി പിന്‍വലിക്കാന്‍ കഴിയുന്നത് 40,000 രൂപയാണ്. കള്ളനോട്ടുകള്‍ ഇടകലര്‍ത്തി വയ്ക്കുന്നതിനാല്‍ 40,000 രൂപ പിന്‍വലിക്കുന്നയാള്‍ക്ക് ആയിരത്തിന്റെ കള്ളനോട്ട് ഒന്നോ രണ്ടോ മാത്രമേ ലഭിക്കൂ. കേസുമായിപോയാലുള്ള പൊല്ലാപ്പുമൂലം പരാതിയുമായി എത്തുകയുമില്ല. ബാങ്കുകളില്‍നിന്ന് വിതരണംചെയ്യുന്ന പുതിയ നോട്ടുകള്‍ അപ്രത്യക്ഷമാകുന്നതും പതിവായിട്ടുണ്ട്. പകരം മുഷിഞ്ഞ നോട്ടുകളാകും എടിഎമ്മില്‍ എത്തുന്നത്. വന്‍കിട സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പുതിയ നോട്ട് കരാറുകാര്‍ കൈമാറുന്നതാണ് ഇതിനു കാരണമെന്നും ആക്ഷേപമുണ്ട്.

കള്ളനോട്ട് പിടിക്കുന്ന സോര്‍ട്ടിങ് മെഷീന്‍ ബഹുഭൂരിപക്ഷം ബാങ്ക് ശാഖകളിലും ഇല്ലാത്തതും കള്ളനോട്ടിന്റെ വ്യാപനത്തിന് വഴിവയ്ക്കുന്നു. സാധാരണ കൗണ്ടിങ് മെഷീന്‍ നോട്ട് എണ്ണി തിട്ടപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂ. സോര്‍ട്ടിങ് മെഷീന് ലക്ഷങ്ങള്‍ വിലയുണ്ട്. കള്ളനോട്ട് കണ്ടെത്തിയാല്‍ പൊലീസില്‍ ഉടന്‍ അറിയിക്കണമെന്ന് റിസര്‍വ് ബാങ്ക് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, ഇതിന് ഉപയോക്താവോ ബാങ്ക് അധികൃതരോ തയ്യാറാവില്ല. ഉപയോക്താവിന്റെ സാന്നിധ്യത്തില്‍ നോട്ട് കത്തിച്ചുകളഞ്ഞ് പ്രശ്നം അവസാനിപ്പിക്കും. ഇതോടെ അന്വേഷണവും മുടങ്ങും. കള്ളനോട്ടിന്റെ കാര്യത്തില്‍ ചില സ്വകാര്യ ബാങ്കുകളും സംശയത്തിന്റെ നിഴലിലാണ്. നവതലമുറയില്‍പ്പെട്ട ഒരു പ്രമുഖ ബാങ്കിന്റെ എടിഎമ്മില്‍നിന്ന് നിരവധി കള്ളനോട്ട് പിടികൂടിയത് ഏതാനും മാസംമുമ്പ് വലിയ വാര്‍ത്തയായിരുന്നു.

deshabhimani 091013

No comments:

Post a Comment