Wednesday, October 9, 2013

എതിര്‍പ്പ് അവഗണിച്ച് പാഠ്യപദ്ധതി പരിഷ്കരണം

അധ്യാപക സംഘടനകളുടെയും പൊതുസമൂഹത്തിന്റെയും ശക്തമായ എതിര്‍പ്പ് അവഗണിച്ച് പാഠ്യപദ്ധതി പരിഷ്കരണത്തിന് സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗീകാരം നല്‍കി. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 39-ാം കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയാണ് സ്കൂള്‍ പാഠ്യപദ്ധതി, ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്കരണ നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. രാജ്യത്തെ മികച്ച പാഠ്യപദ്ധതിയെന്ന് എന്‍സിഇആര്‍ടി വിശേഷിപ്പിച്ച കേരള പാഠ്യപദ്ധതി പരിഷ്കരണചട്ടക്കൂട് (കെസിഎഫ്-2007) അപ്പാടെ അട്ടിമറിച്ചാണ് വിദ്യാഭ്യാസവകുപ്പ് കൈയാളുന്ന മുസ്ലിംലീഗിന്റെ ആജ്ഞാനുവര്‍ത്തികളെ കുത്തിനിറച്ച എസ്സിഇആര്‍ടി തയ്യാറാക്കിയ പരിഷ്കാരങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. പാഠ്യപദ്ധതി പരിഷ്കരണത്തിന് കരിക്കുലം കമ്മിറ്റി അംഗീകാരം നല്‍കിയതോടെ അടുത്ത അധ്യയനവര്‍ഷം 1, 3, 5, 7, 11 ക്ലാസിലെ പാഠപുസ്തകങ്ങള്‍ മാറും. 2014-15 അധ്യയനവര്‍ഷത്തില്‍ 2, 4, 6, 8, 12 ക്ലാസിലെ പുസ്തകങ്ങളും 2015-16 വര്‍ഷത്തില്‍ 9, 10 ക്ലാസിലെ പുസ്തകങ്ങളും മാറും.

ദേശീയ പാഠ്യപദ്ധതി പരിഷ്കരണ ചട്ടക്കൂടിനെ (എന്‍സിഎഫ്-2005) അടിസ്ഥാനമാക്കി കേരളം 2007ലാണ് പാഠ്യപദ്ധതി പരിഷ്കരണ ചട്ടക്കൂട് തയ്യാറാക്കിയത്. വിദ്യാഭ്യാസരംഗത്തെ പ്രമുഖ പണ്ഡിതരുടെ മേല്‍നോട്ടത്തില്‍ ആധുനിക കാലത്തിന് യോജിച്ച മികച്ച വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ പാഠ്യപദ്ധതി മുഴുവന്‍ അട്ടിമറിച്ചാണ് പുതിയ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. പുതിയ പാഠ്യപദ്ധതിയില്‍ കെസിഎഫ്- 2007ലെ സമീപനരേഖ ഒന്നും സ്വീകരിച്ചിട്ടുമില്ല. വിമര്‍ശനാത്മക ബോധനശാസ്ത്രം, സാമൂഹ്യജ്ഞാന നിര്‍മിതി, പ്രശ്നമേഖലയില്‍ ഊന്നിയുള്ള പഠനം, പ്രൈമറിക്ലാസ് പാഠഭാഗങ്ങളുടെ ഉദ്ഗ്രഥനം, തുടര്‍ച്ചയായതും സമഗ്രവുമായ മൂല്യനിര്‍ണയരീതി, ശിശുകേന്ദ്രീകൃതവും പ്രവര്‍ത്തനാധിഷ്ഠിതവുമായ പഠനരീതി എന്നിവയൊന്നും പുതിയ പാഠ്യപദ്ധതിയില്‍ ഉണ്ടാകില്ല. പുതിയ പാഠ്യപദ്ധതിയില്‍ അറിവ് പകരുന്ന സ്ഥാപനംമാത്രമാണ് സ്കൂള്‍. കാണാപ്പാഠങ്ങള്‍ക്കാണ് പ്രഥമ സ്ഥാനം. പരീക്ഷാ കേന്ദ്രീകൃതമായിരിക്കും. ഓര്‍മ പരിശോധനയ്ക്കായിരിക്കും ഊന്നല്‍. കുട്ടിയുടെ പഠനനേട്ടം മുന്‍കൂട്ടി നിശ്ചയിച്ചുകൊണ്ടുള്ള പഠനരീതിയാണ് സ്വീകരിക്കുക.

എസ്സിഇആര്‍ടിയുടെ പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ക്ക് വിരുദ്ധമായ പരിഷ്കരണം വിദ്യാര്‍ഥികളുടെ വ്യത്യസ്ത കഴിവുകള്‍ മുളയിലേ നുള്ളുമെന്ന വിമര്‍ശമാണ് പ്രധാനമായി ഉയരുന്നത്. വിദ്യാഭ്യാസ പണ്ഡിതന്മാര്‍ ഒന്നുമില്ലാതെ വകുപ്പ് ഭരിക്കുന്ന പാര്‍ടിയുടെ പാശ്വവര്‍ത്തികള്‍ തയ്യാറാക്കിയ പാഠ്യപദ്ധതി പരിഷ്കരണം അക്കാദമിക് രംഗത്തെ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് കരിക്കുലം കമ്മിറ്റി യോഗത്തില്‍ കെഎസ്ടിഎ ജനറല്‍ സെക്രട്ടറി എം ഷാജഹാന്‍ പറഞ്ഞു. കരിക്കുലം കമ്മിറ്റിയില്‍ സര്‍ക്കാരിനുള്ള ഭൂരിപക്ഷം ഉപയോഗിച്ച് ലോകം അംഗീകരിച്ച, ഇതര സംസ്ഥാനങ്ങള്‍ മാതൃകയാക്കിയ പാഠ്യപദ്ധതി അട്ടിമറിക്കുന്നത് വലിയ പ്രക്ഷോഭം ക്ഷണിച്ചുവരുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കരിക്കുലം കമ്മിറ്റിയില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, എസ്സിഇആര്‍ടി ഡയറക്ടര്‍ കെ എ ഹാഷിം, കരിക്കുലം വിഭാഗം മേധാവി എസ് രവീന്ദ്രന്‍നായര്‍ എന്നിവര്‍ക്കൊപ്പം അധ്യാപക സംഘടനാ നേതാക്കളും പങ്കെടുത്തു.
(എം വി പ്രദീപ്)

ഹയര്‍ സെക്കന്‍ഡറിയില്‍ 11 വിഷയത്തിനുകൂടി പുസ്തകമിറക്കും

ഹയര്‍സെക്കന്‍ഡറിയില്‍ 11 വിഷയങ്ങള്‍ക്കുകൂടി പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കരിക്കുലം കമ്മിറ്റി തീരുമാനിച്ചു. ഇതുവരെ ടെസ്റ്റ് ബുക്കുകളില്ലാതിരുന്ന മ്യൂസിക്, ലാറ്റിന്‍, ഫ്രഞ്ച്, ഹോംസയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്, ജേര്‍ണലിസം തുടങ്ങി 11 വിഷയത്തിനാണ് പുതുതായി പുസ്തകമിറക്കുന്നത്. നിലവിലുള്ള ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, സോഷ്യോളജി, സൈക്കോളജി എന്നീ വിഷയങ്ങള്‍ക്ക് എന്‍സിഇആര്‍ടിയുടെ പുസ്തകങ്ങള്‍ സംസ്ഥാനത്തും സ്വീകരിക്കും. കൂടാതെ 37 വിഷയത്തിന് സിലബസും പാഠപുസ്തകങ്ങളും നിര്‍ദേശിക്കാനും എസ്സിഇആര്‍ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്്. അടുത്ത അധ്യയനവര്‍ഷം പ്ലസ്വണ്‍ ക്ലാസില്‍ പുതിയ പുസ്തകമായിരിക്കും പഠിപ്പിക്കുക. നേരത്തെതന്നെ ഹയര്‍ സെക്കന്‍ഡറി പാഠ്യപരിഷ്കരണം നടത്തേണ്ടിയിരുന്നതാണ്. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ സ്കൂള്‍പാഠ്യപദ്ധതിതന്നെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടതോടെ ഹയര്‍ സെക്കന്‍ഡറിയിലെ പരിഷ്കരണ നടപടി മരവിപ്പിച്ചു. സര്‍ക്കാര്‍ നിയമിച്ച പ്രൊഫ. പി ഒ ജെ ലബ്ബ കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഹയര്‍ സെക്കന്‍ഡറി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്്. 50 വിഷയവും 46 കോംബിനേഷനുമാണ് നിലവില്‍ ഹയര്‍ സെക്കന്‍ഡറിയിലുള്ളത്.

deshabhimani

No comments:

Post a Comment