Wednesday, October 9, 2013

കരിമണല്‍ കള്ളക്കടത്ത് അന്വേഷിക്കണം: സിഐടിയു

കേരളത്തിന്റെ കടല്‍ത്തീരങ്ങളില്‍ ലഭ്യമാകുന്ന അമൂല്യമായ കരിമണല്‍, കള്ളക്കടത്തിലൂടെ തട്ടിയെടുത്ത് സംസ്ഥാനത്തിന് വന്‍ നഷ്ടം വരുത്തിവച്ച കൊള്ളക്കാരെ കണ്ടെത്തുന്നതിന് ഫലപ്രദമായ അന്വേഷണം നടത്തണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. അതോടൊപ്പം കള്ളക്കടത്ത് തടയാന്‍ ശക്തമായ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു..

സംസ്ഥാനത്തിന് ഇതിനകം അമ്പതിനായിരം കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് മതിപ്പ് കണക്ക്. കേരളത്തിലെ ചില ഉന്നതരുടെ സഹായത്തോടെ തമിഴ്നാട്ടിലെ മാഫിയാസംഘങ്ങളാണ് ഇതിനുപിന്നില്‍. ആലപ്പുഴ, കൊല്ലം ജില്ലകളുടെ കടല്‍ത്തീരങ്ങളില്‍, ചില സാമൂഹ്യവിരുദ്ധരെ കൂട്ടുപിടിച്ചാണ് ഈ കൊള്ള നിര്‍ബാധം നടത്തുന്നത്. കേരളതീരത്തുനിന്ന് കരിമണല്‍ മോഷ്ടിച്ച് കൊണ്ട് പോകുന്നവര്‍ തന്നെ വന്‍വിലയ്ക്ക് കേരള കമ്പനികള്‍ക്ക് വില്‍ക്കുന്നു. ഈ കച്ചവടത്തിലും സര്‍ക്കാരിന്റെ ഒത്താശയുണ്ട്. ടിടിപി നടത്തിയ അത്തരം ഇടപാടിനെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത് അടുത്ത ദിവസമാണ്. കരിമണല്‍ കേരളത്തിന്റെ അമൂല്യസമ്പത്താണ്. ടൈറ്റാനിയം ലോഹം ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന വ്യവസായങ്ങള്‍ക്ക് വന്‍ സാധ്യതയുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, ചവറയില്‍ ടൈറ്റാനിയം സ്പോഞ്ച് ഉല്‍പ്പാദനം ആരംഭിച്ചത് വലിയ പ്രതീക്ഷകള്‍ ഉയര്‍ത്തിയിരുന്നു. അടുത്തഘട്ടം ടൈറ്റാനിയം മെറ്റല്‍ ഉല്‍പ്പാദനത്തിലേക്ക് മുന്നേറുക എന്നതായിരുന്നു ലക്ഷ്യം. അതിനെയെല്ലാം തകിടം മറിക്കുന്നതാണ് കരിമണല്‍ കള്ളക്കടത്ത്. കേരളത്തിലെ മൂന്ന് കമ്പനികള്‍ക്കും യഥേഷ്ടം ഇല്‍മനൈറ്റ് ലഭ്യമാക്കണം. ഈ ആവശ്യം ഉയര്‍ത്തി, തൊഴിലാളികളുടെ യോജിച്ച പ്രക്ഷോഭം ഉയര്‍ത്താനും സെക്രട്ടറിയറ്റ് തീരുമാനിച്ചു.

തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എളമരം കരീം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

deshabhimani

No comments:

Post a Comment