Wednesday, October 9, 2013

മോഡിയിസ്റ്റുകളുടെ ശൂലരാഷ്ട്രീയത്തെ ജനാധിപത്യംകൊണ്ട് ചെറുക്കും: വി ശിവദാസന്‍

മോഡിയിസ്റ്റുകളുടെ ശൂലരാഷ്ട്രീയത്തെ ജനാധിപത്യരാഷ്ട്രീയംകൊണ്ട് ചെറുത്തുതോല്‍പ്പിക്കുമെന്ന് എസ്എഫ്ഐ ദേശീയപ്രസിഡന്റ് ഡോ. വി ശിവദാസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ വ്യാപകമായി വേട്ടയാടപ്പെടുകയാണ്. ശൂലരാഷ്ട്രീയക്കാരാണ് പ്രധാനമായും നേതൃത്വം നല്‍കുന്നത്. അവരുടെ കേന്ദ്രനേതൃത്വത്തിന്റെ ആസൂത്രണത്തിലും മുന്‍കൈയിലുമാണിത് നടപ്പാകുന്നത്. ധനുവച്ചപുരത്തെ എസ്എഫ്ഐ നേതാവ് സജിന്‍ ഷാഹുലിന്റെ നിഷ്ഠുരമായ കൊലപാതകം ഇതിന്റെ ഭാഗമാണ്. ഒരുവര്‍ഷം മുമ്പാണ് ഹിമാചല്‍ പ്രദേശിലെ വിദ്യാര്‍ഥികളുടെ പ്രിയപോരാളി രോഹിതിനെ കൊലപ്പെടുത്തിയത്. മൂന്ന് ദിവസം മുമ്പാണ് ഹിമാചല്‍പ്രദേശ് യൂണിവേഴ്സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയുള്‍പ്പെടെയുള്ളവരെ കൊലപ്പെടുത്താന്‍ സംഘപരിവാറുകാര്‍ ശ്രമിച്ചത്. ഒരാള്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. പുരോഗമനപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ക്കുനേരെ വര്‍ധിക്കുന്ന ആക്രമണങ്ങള്‍ മോഡിയിസ്റ്റുകളുടെ ഭാവിപ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്നതിന്റെ രൂപരേഖയാണ്.

ബിജെപിയുടെയും ആര്‍എസ്എസിന്റെയും ശക്തികേന്ദ്രങ്ങളിലുള്‍പ്പെടെ കലാലയങ്ങളിലും ഇപ്പോള്‍ വിജയം പുരോഗമനവിദ്യാര്‍ഥി പ്രസ്ഥാനത്തിനാണ്. ഹിമാചല്‍ പ്രദേശിലെയും രാജസ്ഥാനിലെയും യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും വിദ്യാര്‍ഥിസംഘടനകള്‍ പലയിടത്തും ഒറ്റ ബാനറിലാണ് മത്സരിച്ചത്. എന്നിട്ടും ഇരുകൂട്ടരും പരാജയപ്പെട്ടു. ഈ തെരഞ്ഞെടുപ്പുകള്‍ക്കുശേഷം ജയ്പുരിലും സിംലയിലുമെല്ലാം ഭീകരമായ ആക്രമണങ്ങളാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടിവന്നത്.

വര്‍ഗീയവാദികളുടെയും പിന്തിരിപ്പന്മാരുടെയും അടുക്കളപ്പണിക്കാരാണ് കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ നിയന്ത്രിക്കുന്നത്. അവരിലെ മുഖ്യകാര്‍മികന്‍ മാത്രമായി വിദ്യാഭ്യാസമന്ത്രി അധഃപതിച്ചു. ശൈശവവിവാഹത്തിന് നിയമസാധുത നല്‍കാനുള്ള അദ്ദേഹത്തിന്റെ നീക്കങ്ങളും ഹയര്‍ സെക്കന്‍ഡറി അധ്യാപകനിയമനങ്ങളിലെ കോഴയ്ക്ക് തടയിടാന്‍ ശ്രമിച്ചവരോടുള്ള സമീപനവും അതിന്റെ തെളിവാണ്. ഇതിനെതിരെ സംസ്ഥാനത്തെ വിദ്യാര്‍ഥിസമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ശിവദാസന്‍ അഭ്യര്‍ഥിച്ചു.

സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ്, ജില്ലാ സെക്രട്ടറി എ എം അന്‍സാരി, എം വിജിന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment