Tuesday, October 8, 2013

ചുവടുമാറ്റം തമാശ സിനിമയ്ക്ക് തുല്യമെന്ന് സുപ്രീംകോടതി

ഡാറ്റാ സെന്റര്‍ കേസിലെ സംസ്ഥാന സര്‍ക്കാരിന്റെ ചുവടുമാറ്റം ചില തമാശ സിനിമകള്‍ക്ക് തുല്യമായ വിധത്തിലാണെന്ന് സുപ്രീംകോടതി. ഡാറ്റാ സെന്റര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്ന് അറിയിച്ചുള്ള സര്‍ക്കാര്‍ സത്യവാങ്മൂലം തിങ്കളാഴ്ച പരിഗണിക്കവെയാണ് കോടതിയുടെ നിശിതവിമര്‍ശം. സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് കോടതി തുറന്നടിച്ചു. അഡ്വക്കറ്റ് ജനറലിന് പകരം ചീഫ് സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിച്ചതിനെയും കോടതി കുറ്റപ്പെടുത്തി. വിമര്‍ശത്തെ തുടര്‍ന്ന് എജി തന്നെ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കേസ് ഈ മാസം 21ന് വീണ്ടും പരിഗണിക്കും.

"പീപ്പ്ലി ലൈവ്" എന്ന ഹിന്ദി സിനിമ താന്‍ കണ്ടിട്ടുണ്ടെന്നും ഏതാണ്ട് ആ തമാശ സിനിമയ്ക്ക് തുല്യമാണ് സര്‍ക്കാരിന്റെ ചുവടുമാറ്റമെന്നും ജസ്റ്റിസ് എച്ച് എല്‍ ദത്തു പറഞ്ഞു. സര്‍ക്കാര്‍ കോടതിയെ പരിഹസിക്കുകയാണോയെന്നും അദ്ദേഹം ആരാഞ്ഞു. കഴിഞ്ഞ തവണ സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ എവിടെയെന്നും ജസ്റ്റിസ് ദത്തു ചോദിച്ചു. കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന അറ്റോര്‍ണി ജനറലിന്റെ ഉപദേശം മന്ത്രിസഭ വിശദമായി പരിശോധിച്ചെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി പറഞ്ഞു. എജിയുടെ ഉപദേശം മറികടന്ന് സിബിഐ അന്വേഷണവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. സത്യവാങ്മൂലത്തില്‍ ഇക്കാര്യങ്ങള്‍ വിശദമായി പറയുന്നുണ്ട്- ഗിരി പറഞ്ഞു.

സത്യവാങ്മൂലം വായിച്ചെന്നും തൃപ്തികരമല്ലെന്നും കോടതി പറഞ്ഞു. സര്‍ക്കാര്‍ തീരുമാനിക്കുന്നതിനുമുമ്പ് ഡാറ്റാ സെന്റര്‍ ഇടപാടില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ പറഞ്ഞതിന്റെ കാരണം വിശദമാക്കാനാണ് ആവശ്യപ്പെട്ടത്. ഇതിന് ചീഫ് സെക്രട്ടറി മറുപടി നല്‍കിയത് ശരിയായില്ല. എജി തന്നെ നേരിട്ട് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതായിരുന്നു. ഭരണഘടനാപദവി വഹിക്കുന്ന എജിയെ ചോദ്യംചെയ്യേണ്ട സാഹചര്യം സാധാരണ ഉണ്ടാകാറില്ല. എന്നാലിവിടെ ഒട്ടേറെ സംശയങ്ങളും ചോദ്യങ്ങളും ഉള്ളതുകൊണ്ടാണ് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. ഭാവിയില്‍ എജിയുടെ ഭാഗം കേട്ടില്ലെന്ന് കോടതിയില്‍ പറയരുത്- ജസ്റ്റിസുമാരായ ദത്തുവും എം വൈ ഇഖ്ബാലും ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.

തുടര്‍ന്ന് അഡ്വക്കറ്റ് ജനറല്‍ തന്നെ കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം നല്‍കിയിട്ടുണ്ടെന്ന് കഴിഞ്ഞ തവണ അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി കോടതിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുമായി വിഷയം സംസാരിച്ചിട്ടുണ്ടെന്നും വഹന്‍വതി പറഞ്ഞു. സിബിഐ അന്വേഷണം താല്‍പ്പര്യപ്പെടുന്നില്ലെങ്കില്‍ അക്കാര്യം രേഖാമൂലം അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു. സിബിഐ അന്വേഷണത്തില്‍നിന്നുള്ള പിന്മാറ്റം കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്ക് ആക്കം കൂട്ടി. ഇതോടെ മന്ത്രിസഭായോഗം ചേര്‍ന്ന് എജിയുടെ ഉപദേശം തള്ളുകയായിരുന്നു. ഇക്കാര്യം അറിയിച്ച് ചീഫ് സെക്രട്ടറിയാണ് സത്യവാങ്മൂലം നല്‍കിയത്.

deshabhimani

No comments:

Post a Comment