Tuesday, October 8, 2013

സംസ്ഥാനങ്ങളുടെ അനുമതി തേടണം: സിപിഐ എം

സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നതു സംബന്ധിച്ച് രഘുറാംരാജന്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംസ്ഥാനസര്‍ക്കാരുകളുടെ അനുമതി തേടിയശേഷം മാത്രമേ നടപ്പാക്കാവൂ എന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. കേന്ദ്രനികുതിയുടെയും മറ്റു വരുമാനങ്ങളുടെയും പകുതി സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നാണ് സിപിഐ എം ദീര്‍ഘകാലമായി ആവശ്യപ്പെടുന്നതെന്ന് പിബി യോഗത്തിനുശേഷം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

രഘുറാംരാജന്‍ കമ്മിറ്റി സംസ്ഥാനങ്ങളുടെ പിന്നോക്കാവസ്ഥ സംബന്ധിച്ച് സൂചിപ്പിക്കുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്ക് വിഭവങ്ങള്‍ നല്‍കുന്നതിന് നിര്‍ദേശം നല്‍കാന്‍ ഭരണഘടനാപരമായി സ്ഥാപിക്കപ്പെട്ട സ്ഥാപനമാണ് ധനകമീഷന്‍. സംസ്ഥാനങ്ങളുടെ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് വിഭവങ്ങള്‍ തുല്യമായി അനുവദിക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്തേ തീരുമാനമെടുക്കാവൂ. റെയില്‍വേ യാത്രാനിരക്ക് രണ്ടു ശതമാനം വര്‍ധിപ്പിച്ചത് പിന്‍വലിക്കണം. ഇന്ധനവില വര്‍ധനയ്ക്ക് ആനുപാതികമായി കാലാകാലങ്ങളില്‍ നിരക്കുവര്‍ധിപ്പിക്കുന്നതും ചരക്കുകൂലി വര്‍ധനയും പിന്‍വലിക്കണം. ചെന്നൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനത്തെ പിബി അപലപിച്ചു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഈ വിമാനത്താവളങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുകയാണ്. 12 വിമാനത്താവളംകൂടി സ്വകാര്യമേഖലയ്ക്ക് കൈമാറാനാണ് നീക്കം. പൊതുസ്വത്ത് ഇങ്ങനെ കൈമാറുന്നതിനു പുറമേ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ ജീവനക്കാരുടെ ഭാവിയും അപകടത്തിലാക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സ്വകാര്യവല്‍ക്കരണപദ്ധതി ഉടന്‍ നിര്‍ത്തിവയ്ക്കണം. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും അമേരിക്കന്‍ പ്രസിഡന്റ് ഒബാമയും സംയുക്തമായി പുറപ്പെടുവിച്ച പ്രഖ്യാപനപ്രകാരം പ്രതിരോധമേഖലയിലെ സഹകരണം ശക്തമാക്കുകയാണ്. കൂടുതല്‍ അമേരിക്കന്‍ ആയുധം വാങ്ങുകയും അമേരിക്കന്‍ ആയുധനിര്‍മാണ കമ്പനികള്‍ക്ക് ഇന്ത്യയില്‍ സംയുക്തസംരംഭങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുകയുമാണ്. ഇന്ത്യയെ അമേരിക്കയുടെ സഖ്യകക്ഷിയാക്കുന്ന നീക്കമാണിത്.

പശ്ചിമബംഗാളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കു നേരെ തുടരുന്ന ആക്രമണങ്ങളുടെ ഉത്തരവാദി സംസ്ഥാനസര്‍ക്കാരാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം ആറ് സിപിഐ എം പ്രവര്‍ത്തകരെ കൊന്നു. ബര്‍ധമാനില്‍ സിപിഐ എം സോണല്‍ കമ്മിറ്റി അംഗത്തെയാണ് ഒടുവില്‍ കൊലപ്പെടുത്തിയത്. അക്രമം അവസാനിപ്പിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണം. അക്രമത്തിനെതിരെ പ്രതിഷേധിക്കാന്‍ രാജ്യത്തെ ജനാധിപത്യശക്തികളോട് പിബി അഭ്യര്‍ഥിച്ചു. മുസാഫര്‍നഗര്‍ കലാപത്തില്‍ പിബി ആശങ്ക രേഖപ്പെടുത്തി. കലാപം നിയന്ത്രിക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ല. വര്‍ഗീയകലാപം തടയല്‍ ബില്‍ എത്രയും പെട്ടെന്ന് പാസാക്കണം. വര്‍ഗീയത നേരിടാന്‍ ജനങ്ങളുടെ ഐക്യം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ട് 30നു ഡല്‍ഹിയില്‍ നടത്തുന്ന കണ്‍വന്‍ഷന് പിബി പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു.

deshabhimani

No comments:

Post a Comment