Monday, October 7, 2013

പദ്ധതി അടങ്കല്‍ വെട്ടിക്കുറയ്ക്കുന്നു

അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനത്തിന്റെ പദ്ധതി അടങ്കല്‍ വെട്ടിക്കുറയ്ക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തേക്ക് ആസൂത്രണ കമീഷന്‍ അംഗീകരിച്ച പദ്ധതി അടങ്കലായ 17,000 കോടിയില്‍ 15 ശതമാനംവരെ കുറവു വരുത്തുമെന്നാണ് സൂചന. പുതുക്കിയ എസ്റ്റിമേറ്റിന്റെ രൂപത്തിലാവും ഇത് നടപ്പാക്കുക. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് തിരിച്ചടിയാവും. സംസ്ഥാനത്ത് പദ്ധതി അടങ്കല്‍ വെട്ടിക്കുറയ്ക്കുന്നത് 2004-05 സാമ്പത്തിക വര്‍ഷത്തിനുശേഷം ഇതാദ്യം. അന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു. 2001-02 സാമ്പത്തിക വര്‍ഷം ആന്റണി മുഖ്യമന്ത്രിയായിരിക്കെയാണ് ഇതിന് തുടക്കമിട്ടത്. പദ്ധതി അടങ്കല്‍ 3317 കോടി, 3015 കോടിയായി അന്ന് വെട്ടിക്കുറച്ചു. കെടുകാര്യസ്ഥതയും ധൂര്‍ത്തും മൂലമുണ്ടായ പ്രതിസന്ധി മറികടക്കാന്‍ പദ്ധതി അടങ്കല്‍ വെട്ടിക്കുറയ്ക്കുന്നത് പത്തു വര്‍ഷത്തേക്ക് സംസ്ഥാനത്തെ ബാധിക്കും. അടുത്ത വര്‍ഷങ്ങളിലെ പദ്ധതി അടങ്കലില്‍ ഇത് കുറവുണ്ടാക്കും. എ കെ ആന്റണി സര്‍ക്കാരിന്റെ കാലത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം 29.5 ശതമാനംമാത്രമായി പരിമിതപ്പെടുത്തിയ അനുഭവവുമുണ്ട്.

ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ പദ്ധതിയിതര ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് പദ്ധതി അടങ്കലില്‍ സര്‍ക്കാര്‍ കൈവയ്ക്കുന്നത്. ഇതിനുള്ള നിര്‍ദേശമടങ്ങിയ ഫയല്‍ നീങ്ങിക്കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വികസനഫണ്ടിനെയാണ് ഇത് ആദ്യം ബാധിക്കുക. സംസ്ഥാനത്തിന്റെ പദ്ധതികളാണ് ഇനി വെട്ടിക്കുറയ്ക്കുക. കൊച്ചി മെട്രോ, മോണോ റെയില്‍ തുടങ്ങിയ വന്‍കിട പദ്ധതികള്‍ വൈകുന്നതും സര്‍ക്കാരിന് ആശ്വാസമാകും. ദരിദ്ര ജനവിഭാഗങ്ങള്‍ക്കുള്ള ഭവനപദ്ധതിയുടെ തുക രണ്ടു ലക്ഷമാക്കിയെങ്കിലും ഒറ്റ വീടുപോലും നല്‍കിയിട്ടില്ല. ഭവനപദ്ധതികളും മുടങ്ങി. സംസ്ഥാനത്തിന്റെ പൊതു കടമെടുപ്പിന് കേന്ദ്രം നിശ്ചയിച്ച പരിധി 11,400 കോടിയാണ്. ഇതില്‍ 6200 കോടി ഓണത്തിനു മുമ്പ് എടുത്തു. 750 കോടി കൂടി എടുക്കാനുള്ള നടപടിയും സ്വീകരിച്ചു. ഇതോടെ അവശേഷിക്കുന്നത് 4440 കോടിയാണ്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്ന അടുത്ത മാസങ്ങളില്‍ കൂടുതല്‍ പണം കണ്ടെത്തേണ്ടിവരും. അതിന് കഴിയാത്തതിനാല്‍ പദ്ധതിവെട്ടിക്കുറയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം. ജീവനക്കാര്‍ക്ക് 2013 ജൂലൈ മുതലുള്ള പ്രാബല്യത്തോടെ 10 ശതമാനം ക്ഷാമബത്ത നല്‍കുന്നതും സര്‍ക്കാരിന് ബാധ്യതയാണ്. കൂടാതെ പദ്ധതിയിതര ചെലവുകള്‍ വര്‍ധിക്കുന്നതും സമ്പദ്സ്ഥിതി മോശമാക്കും. നികുതി വരുമാനത്തിലെ വളര്‍ച്ചനിരക്ക് 11 ശതമാനത്തിലേക്കാണ് ഇപ്പോള്‍ കൂപ്പുകുത്തിയത്. എല്‍ഡിഎഫ് ഭരണകാലത്ത്് ഇത് 22 ശതമാനമായിരുന്നു. ലോട്ടറി ഒഴികെയുള്ള എല്ലാ വരുമാന സ്രോതസ്സുകളും ചോര്‍ച്ചയിലാണ്.
(ആര്‍ സാംബന്‍)

deshabhimani

No comments:

Post a Comment