ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ സര്‍ക്കാര്‍ പൊതുശ്മശാന ഭൂമിയും പതിച്ച് നല്കി പാവങ്ങളെ പറ്റിച്ചു. മൂന്ന് സെന്റ് വീതം ഒരു ലക്ഷം പേര്‍ക്ക് വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കൊണ്ടുവന്ന് ഉല്ഘാടനംചെയ്യിച്ച പദ്ധതിയിലാണ് വര്‍ഷങ്ങളായി ഉപയോഗിക്കുന്ന പൊതുശ്മശാനവും പകുത്തുനല്‍കിയത്. കിഴിവിലം, ചിറയിന്‍കീഴ് പഞ്ചായത്ത് അതിര്‍ത്തിയിലുള്ള പൂവിളക്കുന്ന് പൊതുശ്മശാനമാണ് ഫ്ളോട്ടുകളാക്കി 29 ഭൂരഹിതര്‍ക്ക് നല്‍കിയത്.
കിഴുവിലം, ചിറയിന്‍കീഴ്, അഴൂര്‍, കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ്, തുടങ്ങി അഞ്ച് പഞ്ചായത്തുകളിലെയും ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെയും മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നത് ഈ ശ്മശാനത്തിലാണ്. പഞ്ചായത്ത് ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ച് സംരക്ഷിക്കുന്നതാണ് ഈ ശ്മശാനം. താലൂക്ക് ആശുപത്രി സ്ഥാപിച്ചപ്പോള്‍ അതിന്റെ ആവശ്യത്തിന് നല്കിയ ഭൂമിയാണ് പൂവിളക്കുന്ന് ശ്മശാനം. ആശുപത്രി രേഖകളില്‍ ഇക്കാര്യം ഉണ്ട്. കുന്തള്ളൂര്‍ വില്ലേജിലെ രേഖകളില്‍ സര്‍വേ നമ്പര്‍ 979- 979 എന്നിവ പുറമ്പോക്ക് വസ്തുവാണെങ്കിലും ശ്മശാനഭൂമി എന്ന് പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍,ഈ ശ്മശാനം പഞ്ചായത്തുകള്‍ക്ക് അവകാശപ്പെട്ടതല്ലെന്നും പുറമ്പോക്ക് ഭൂമിയാണെന്നും പറഞ്ഞ് റവന്യൂവകുപ്പ് ഭൂമി ലാന്‍ഡ് ബാങ്കില്‍ നിക്ഷേപിച്ച് ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. നാട്ടുകാരുടെ പൊതുശ്മശാനം അളന്നു തിട്ടപ്പെടുത്തി ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥര്‍ വന്നപ്പോള്‍ നാട്ടുകാര്‍ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഫ്ളോട്ടുതിരിക്കല് തടഞ്ഞതാണ്. എന്നാല്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സര്‍ക്കാര്‍ നടത്തുന്ന തട്ടിക്കൂട്ട് പരിപാടിയായതിനാല്‍ ജനങ്ങളുടെ എതിര്‍പ്പ് പരിഗണിക്കേണ്ടതില്ലെന്ന താലൂക്ക് അധികാരികളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു.
പിന്നീട് ശ്മശാനത്തില്‍ ചെന്ന് ഫ്ളോട്ടുതിരിക്കാതെതന്നെ ചിറയിന്‍കീഴ് തഹസില്‍ദാര്‍ സുകുവിന്റെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസില്‍ കടലാസില്‍ ഫ്ളോട്ടുതിരിച്ച് 29 പേര്‍ക്ക് പട്ടയം അനുവദിക്കുകയായിരുന്നു. പട്ടയം ലഭിച്ചവര്‍ ഭൂമി തേടി എത്തിയപ്പോഴാണ് ജനകീയ എതിര്‍പ്പ് അവഗണിച്ച് പൊതുശ്മശാനം പാവങ്ങള്‍ക്ക് നല്‍കിയത് പുറത്തിറയുന്നത്. എല്ലാ പഞ്ചായത്തിനും പൊതുശ്മശാനം വേണമെന്ന തീരുമാനമെടുത്ത സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് ഒന്നിലേറെ പഞ്ചായത്തും ഒരു താലൂക്ക് ആശുപത്രിയും നാളുകളായി ഉപയോഗിക്കുന്ന പൊതുശ്മശാനം വെട്ടിമുറിച്ച് നല്കി പാവങ്ങളെ പറ്റിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഈ ശ്മശാനം വൈദ്യുതി ശ്മശാനമാക്കാനുള്ള പദ്ധതി തയ്യാറാക്കി നിര്‍മാണം തുടങ്ങാനിരിക്കുകയായിരുന്നു. പ്രദേശത്തെ ജനങ്ങളുടെ എതിര്‍പ്പ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെന്നും പുറമ്പോക്കിലായതിനാല്‍ ഭൂരഹിതര്‍ക്ക് വിതരണംചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിനാലാണ് പട്ടയം അനുവദിച്ചതെന്നും ചിറയിന്‍കീഴ് തഹസില്‍ദാര്‍ സുകു ദേശാഭിമാനിയോടു പറഞ്ഞു.
(എം വി പ്രദീപ്)
deshabhimani
No comments:
Post a Comment