Friday, October 11, 2013

മുഖ്യമന്ത്രിയെ ഒഴിവാക്കിയുള്ള അന്വേഷണം അംഗീകരിക്കില്ല

മുഖ്യമന്ത്രിയേയും ഓഫീസിനേയും ടേംസ് ഓഫ് റഫറന്‍സില്‍ ഉള്‍പ്പെടുത്താത്ത ജുഡീഷ്യല്‍ അന്വേഷണത്തെ അംഗീകരിക്കാനാവില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു എന്ന് വരുത്തുകയും തന്നെയും ഓഫീസിനെയും അതില്‍നിന്ന് മാറ്റിനിര്‍ത്തി രക്ഷപ്പെടുന്നതിനുമുള്ള തന്ത്രം പയറ്റുകയാണ് ഉമ്മന്‍ചാണ്ടി. ആര്‍ക്കും ഇത്തരം കാര്യത്തെ സംബന്ധിച്ച് കമ്മീഷന് പരാതി നല്‍കാമെന്ന വാദമാണ് മുഖ്യമന്ത്രി ഉന്നയിച്ചുകണ്ടത്. അങ്ങനെയെങ്കില്‍ ടേംസ് ഓഫ് റഫറന്‍സിന്റെ പ്രസക്തിയെന്തെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കേസില്‍ ചോദ്യം ചെയ്തു എന്നു വരുത്തി രക്ഷപ്പെടുന്നതിനുള്ള തന്ത്രം ആവിഷ്കരിച്ച രീതിയിലുള്ള നടപടികളാണ് ഇവിടെയും സ്വീകരിക്കാന്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഇത്തരം കുബുദ്ധികള്‍ കേരള ജനത തിരിച്ചറിയും. സോളാര്‍ തട്ടിപ്പുകേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനുവേണ്ടിയുള്ള ആവശ്യം തന്നെ ഉയര്‍ന്നുവന്നത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും അതില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്നതിനാലാണ്. ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച് പത്രസമ്മേളനം നടത്തിയപ്പോള്‍ ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിക്കുന്ന ഘട്ടത്തില്‍ പ്രതിപക്ഷത്തിന്റെ അഭിപ്രായം കൂടി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഇതു സംബന്ധിച്ച് എല്‍.ഡി.എഫിന്റെ നിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ആഭ്യന്തരമന്ത്രി എല്‍.ഡി.എഫ് കണ്‍വീനര്‍ക്ക് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റിക്കുവേണ്ടി 8 പേജുള്ള വിശദമായ കത്ത് ആഗസ്റ്റ് 23ന് ആഭ്യന്തരമന്ത്രിക്ക് നല്‍കിയതുമാണ്. ജുഡീഷ്യല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനേയും ഉള്‍പ്പെടുത്തണം എന്ന് വ്യക്തമാക്കുന്ന കാര്യങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ പങ്കും ക്രിമിനല്‍ ഗൂഢാലോചനയും അന്വേഷിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. അന്വേഷണം നിഷ്പക്ഷവും നീതിപൂര്‍വ്വവുമായി നടത്താന്‍ ഉമ്മന്‍ചാണ്ടി തല്‍സ്ഥാനത്തുനിന്ന് രാജിവയ്ക്കണം എന്ന ശരിയായ നിര്‍ദ്ദേശവും വ്യക്തമാക്കുയുരുന്നു. സിറ്റിംഗ് ജഡ്ജി തന്നെയാണ് അന്വേഷണം നടത്തേണ്ടതെന്ന എല്‍.ഡി.എഫ് നിലപാടും വ്യക്തമാക്കിയതാണ്. .

എന്നാല്‍, അത്തരം കാര്യങ്ങളൊന്നും ഉള്‍പ്പെടുത്താതെ ടേംസ് ഓഫ് റഫറന്‍സ് പ്രഖ്യാപിക്കുന്നതിലൂടെ ജനാധിപത്യപരമായ രീതിയെ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയിരിക്കുകയാണ്. നിയമസഭയ്ക്കകത്തും പുറത്തും മാത്രമല്ല, നീതിന്യായ സംവിധാനങ്ങള്‍ക്കു മുന്നില്‍ പോലും കുറ്റവാളിയായി പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ് ഉമ്മന്‍ചാണ്ടി. നീതിയുക്തമായ അന്വേഷണത്തിന് ഇപ്പോഴത്തെ ടേംസ് ഓഫ് റഫറന്‍സ് അപര്യാപ്തമാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ അന്വേഷണം അംഗീകരിക്കാനാവില്ലെന്നും കൂടുതല്‍ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രസ്താവനയില്‍ അറിയിച്ചു.

സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ഹര്‍ജി തള്ളി

കൊച്ചി: സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസി ടിവി ദൃശ്യങ്ങള്‍ വീണ്ടെടുത്ത് പരിശോധിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഈആവശ്യം ഉന്നയിച്ച പരാതിക്കാരനായ മല്ലേലില്‍ ശ്രീധരന്‍നായരുടെ കേസില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജോയി കൈതാരം സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് വെള്ളിയാഴ്ച തള്ളിയത്.

മുഖ്യമന്ത്രി സരിതനായരുടെ ബിസിനസ് താല്‍പര്യങ്ങളെ പ്രോല്‍സാഹിപ്പിച്ചിട്ടുണ്ടെങ്കില്‍ കൂടി വഞ്ചനാകുറ്റം നിലനില്‍ക്കുന്നില്ലെന്ന് കോടതി പറഞ്ഞു. മുഖ്യമന്ത്രി ശ്രീധരന്‍നായര്‍ക്ക് ഉറപ്പ് നല്‍കിയെന്നത് തെളിയിക്കാനായിട്ടില്ല.സോളാര്‍ തട്ടിപ്പ് കേസിലെ 33 പരാതിക്കാര്‍ക്കും അന്വേഷണത്തെ കുറിച്ച് എതിരഭിപ്രായമില്ല.

ആരെ പ്രതി ചേര്‍ക്കണം, ആരെ ചോദ്യം ചെയ്യണം എന്നതെല്ലാം അന്വേഷണ സംഘത്തിന്റെ സ്വാതന്ത്രമാണ്. അന്വേഷണം ശരിയായ ദിശയിലല്ലെങ്കില്‍ മജിസ്ട്രേറ്റിന് ഇടപ്പെടാം. ഇത്തരം പരാതികള്‍ ഉന്നയിക്കുവാന്‍ പരാതിക്കാരന് അര്‍ഹതയുണ്ടെങ്കിലും കോടതിക്ക് ഇടപ്പെടാനാവില്ലെന്നും ഉത്തരവില്‍ പറഞ്ഞു.

ഈ കേസിന്റെ വാദത്തിനിടയിലാണ് മുഖമന്ത്രിയെ സോളാര്‍കേസില്‍ അന്വേഷണസംഘം ചോദ്യം ചെയ്തുവെന്ന് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങളും ഹാര്‍ഡ് ഡിസ്ക്കും പിടിച്ചെടുത്തിട്ടുണ്ടെന്നും അവ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുമെന്നും അഡ്വക്കറ്റ് ജനറല്‍ അറിയിച്ചിരുന്നു.

deshabhimani

No comments:

Post a Comment