Saturday, October 12, 2013

രണ്‍വീര്‍സേന കൊല: ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണം: പിബി

ബിഹാറിലെ ലക്ഷ്മണ്‍പുര്‍ ബാത്തില്‍ 58 ദളിതരെ സവര്‍ണരുടെ ഗുണ്ടാപ്പടയായ രണ്‍വീര്‍സേന കൊലപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയ പട്ന ഹൈക്കോടതി വിധി അംഗീകരിക്കാനാവില്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

16 പ്രതികള്‍ക്ക് വധശിക്ഷയും പത്ത് പ്രതികള്‍ക്ക് ജീവപര്യന്തവുമാണ് വിചാരണക്കോടതി വിധിച്ചിരുന്നത്. എന്നാലിപ്പോള്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി എല്ലാ പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു. ആക്രമണത്തില്‍ 58 ദളിതര്‍ കൊല്ലപ്പെട്ടുവെന്നതില്‍ സംശയമൊന്നും ഇല്ലാതിരിക്കെ പ്രതികളെ വിട്ടയച്ച കോടതി നടപടി പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. സവര്‍ണരുടെ സ്വകാര്യ സേന ദളിതരെ കൊലപ്പെടുത്തിയ മറ്റ് കേസുകളിലും പ്രതികളെ വിട്ടുവെന്നത് യാദൃച്ഛികമെന്നു കരുതുന്നില്ല. ഹൈക്കോടതിയുടെ തെറ്റായ വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ ബിഹാര്‍ സര്‍ക്കാര്‍ എത്രയും വേഗം തയ്യാറാകണം. സിപിഐ എം എംഎല്‍എ അജിത് സര്‍ക്കാരിനെ കൊലപ്പെടുത്തിയ കേസില്‍ പപ്പു യാദവിനെ വെറുതെവിട്ട പട്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന ആവശ്യം ആവര്‍ത്തിക്കുകയാണ്. പപ്പു യാദവ് കുറ്റക്കാരനാണെന്ന് കീഴ്ക്കോടതി കണ്ടെത്തിയിരുന്നു- പിബി പ്രസ്താവനയില്‍ പറഞ്ഞു.

ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിക്കണമെന്ന് സിപിഐയുംആവശ്യപ്പെട്ടു. 1997 ഡിസംബര്‍ ഒന്നിനാണ് ലക്ഷ്മണ്‍പുരില്‍ 58 ദളിതരെ രണ്‍വീര്‍ സേന കൊലപ്പെടുത്തിയത്. മരിച്ചവരില്‍ 27 സ്ത്രീകളും പത്ത് കുട്ടികളും ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ നാല് ദളിത് കുടുംബങ്ങള്‍ പൂര്‍ണമായും ഇല്ലാതായി. 44 രണ്‍വീര്‍ സേനാംഗങ്ങളായിരുന്നു കേസിലെ പ്രതികള്‍. ബിഹാറിലെ ആര്‍ജെഡി സര്‍ക്കാര്‍ രണ്‍വീര്‍ സേനയുടെ രാഷ്ട്രീയ ബന്ധങ്ങള്‍ അന്വേഷിക്കുന്നതിന് അമിര്‍ദാസ് കമീഷനെ നിയമിച്ചെങ്കിലും പിന്നീട് ജെഡിയു സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കമീഷനെ പിരിച്ചുവിട്ടു. രണ്‍വീര്‍ സേനയുടെ താല്‍പ്പര്യങ്ങളാണ് നിതീഷ് സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു. രണ്‍വീര്‍ സേനയുടെ തലവന്‍ ബ്രഹ്മേശ്വര്‍ സിങ് കഴിഞ്ഞ വര്‍ഷം ഭോജ്പ്പുര്‍ ജില്ലാ ആസ്ഥാനത്ത് കൊല്ലപ്പെട്ടു.

deshabhimani

No comments:

Post a Comment