Sunday, November 3, 2013

പരമ്പരാഗത വ്യവസായത്തകര്‍ച്ച: സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ 4ന്

സംസ്ഥാനത്തെ പരമ്പരാഗത വ്യവസായങ്ങളെയും അവയിലെ 20 ലക്ഷത്തോളം തൊഴിലാളികളെയും സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് സിഐടിയു നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്കു തുടക്കം കുറിച്ച് നവംബര്‍ നാലിന് കൊല്ലത്ത് സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ചേരും. രാവിലെ പത്തിന് കൊല്ലം ക്യുഎസി മൈതാനത്ത് ചേരുന്ന കണ്‍വന്‍ഷന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

യുഡിഎഫ് സര്‍ക്കാരിന്റെയും വ്യവസായവകുപ്പിന്റെയും കെടുകാര്യസ്ഥതയും പിടിപ്പുകേടുംമൂലം സംസ്ഥാനത്തെ പരമ്പരാഗത വ്യവസായങ്ങള്‍ തകര്‍ച്ച നേരിടുന്നു. കയര്‍, കശുവണ്ടി, മത്സ്യം, കൈത്തറി, കൈവേലകള്‍ തുടങ്ങിയ വ്യവസായങ്ങളും നിലനില്‍പ്പിനായുള്ള മത്സരത്തിലാണ്. കൃഷിയുടെയും അനുബന്ധമേഖലകളുടെ സ്ഥിതിയും മറിച്ചല്ല. ആയിരക്കണക്കിനു കോടി രൂപയുടെ വിദേശനാണയം നേടിത്തരുന്നവയാണ് പല വ്യവസായങ്ങളും. കശുവണ്ടി കൊല്ലത്തിന്റെയും കയര്‍ ആലപ്പുഴയുടെയും മുഖ്യകയറ്റുമതി വിഭവങ്ങളാണ്. മത്സ്യമേഖലയ്ക്ക് സംസ്ഥാനത്തിന്റെ സാമ്പത്തികജീവിതത്തില്‍ നിര്‍ണായകസ്വാധീനമാണുള്ളത്. കൈത്തറി വ്യവസായം കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളുടെ സമ്പദ്ഘടനയിലും സംഭാവന ഉറപ്പാക്കുന്നു. ഇവയൊക്കെ കടുത്ത പ്രതിസന്ധിയിലാണ്. ഈ മേഖലയിലെ പ്രതിസന്ധി 20 ലക്ഷത്തോളം പരമ്പരാഗത വ്യവസായ തൊഴിലാളികളെയും വിഷമവൃത്തത്തിലാക്കി. ഈ വ്യവസായങ്ങളുമായി ബന്ധപ്പെട്ട ക്ഷേമപദ്ധതികള്‍ താറുമാറായി. ക്ഷേമബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങളും അവതാളത്തിലാണ്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മികവാര്‍ന്ന പ്രവര്‍ത്തനത്തിലൂടെ പുരോഗതിയും ലാഭവും നേടിയവയാണ് പരമ്പരാഗത വ്യവസായങ്ങള്‍. യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടരവര്‍ഷത്തെ ഭരണത്തിനിടയില്‍ത്തന്നെ ഇവ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. കശുവണ്ടി വ്യവസായത്തില്‍ മുമ്പെങ്ങുമില്ലാത്തവിധം അരാജകത്വമാണ്. പൊതുമേഖലാസ്ഥാപനമായ സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷനും സഹകരണസ്ഥാപനമായ കാപ്പെക്സും വ്യവസായവികസനത്തിനോ തൊഴിലാളിക്ഷേമത്തിനോ ഫലപ്രദമായ പദ്ധതികള്‍ ആവിഷ്കരിക്കുന്നില്ല. ഇത് മുതലെടുത്ത് സ്വകാര്യ കശുവണ്ടി മുതലാളിമാര്‍ നിയമലംഘനവും തൊഴിലാളിദ്രോഹവും പതിവാക്കി. കയര്‍ മേഖലയുടെ സ്ഥിതിയും വ്യത്യസ്തമല്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കയര്‍മേഖല ആര്‍ജിച്ച എല്ലാ നേട്ടങ്ങളും യുഡിഎഫ് സര്‍ക്കാര്‍ തകര്‍ത്തു. ഈ സാഹചര്യത്തിലാണ് പരമ്പരാഗത വ്യവസായങ്ങളുടെയും തൊഴിലാളികളുടെയും ജീവല്‍പ്രശ്നങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭത്തിന് തൊഴിലാളികള്‍ സജ്ജരാകുന്നത്. തിങ്കളാഴ്ച നടക്കുന്ന കണ്‍വന്‍ഷന്‍ സമരപരിപാടികള്‍ക്ക് രൂപംനല്‍കും.

deshabhimani

No comments:

Post a Comment