Monday, November 18, 2013

അഭിപ്രായം ആരായല്‍ കഴിഞ്ഞെന്ന് കേന്ദ്രം

പശ്ചിമഘട്ട സംരക്ഷണത്തിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടിന്മേല്‍ സംസ്ഥാന സര്‍ക്കാരുകളുടെയടക്കം അഭിപ്രായം ആരായല്‍ പൂര്‍ത്തീകരിച്ചതായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. കസ്തൂരിരംഗന്‍ നിര്‍ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നാലുമാസം സമയമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രണ്ടുമാസംമാത്രമാണ് സമയമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയന്തി നടരാജനും അവകാശപ്പെടുമ്പോഴാണ് അഭിപ്രായം തേടല്‍ പൂര്‍ത്തിയായെന്ന് മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട ഓഫീസ് മെമ്മോറാണ്ടത്തില്‍ വ്യക്തമാക്കുന്നത്.

പരിസ്ഥിതി ദുര്‍ബല മേഖലയായി പശ്ചിമഘട്ടത്തിലെ ഏതൊക്കെ മേഖലയാണ് തെരഞ്ഞെടുത്തതെന്ന് അറിയിച്ചുള്ള കരടുവിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും. ഇതിനോടുമാത്രമേ ഇനി സംസ്ഥാന സര്‍ക്കാരുകള്‍ക്കും മറ്റ് കക്ഷികള്‍ക്കും പ്രതികരിക്കാനാവൂ. പ്രതികരണം ലഭിച്ചശേഷം ആവശ്യമെങ്കില്‍ പരിസ്ഥിതി ദുര്‍ബലമേഖലയുടെ അതിര്‍ത്തി സംബന്ധിച്ച് ചില മാറ്റങ്ങളുണ്ടാകാമെന്നു മാത്രം ഓഫീസ് മെമ്മോറാണ്ടം വ്യക്തമാക്കുന്നു. അതല്ലാതെ പരിസ്ഥിതി മന്ത്രാലയം തത്വത്തില്‍ അംഗീകരിച്ച നിര്‍ദേശങ്ങളില്‍ ഇനി ഒരു മാറ്റവും ഉണ്ടാകില്ല. പശ്ചിമഘട്ട മേഖലയായി കണക്കാക്കേണ്ട ഭൂപ്രദേശങ്ങള്‍ സംബന്ധിച്ച കസ്തൂരിരംഗന്‍ നിര്‍ദേശങ്ങള്‍ പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചതായി മെമ്മോറാണ്ടം വ്യക്തമാക്കുന്നു.

പരിസ്ഥിതി ദുര്‍ബല മേഖലയായി കണക്കാക്കാന്‍ നിര്‍ദേശിച്ച ഭൂപ്രദേശങ്ങള്‍ സംബന്ധിച്ചും ധാരണയായി. ഇതുപ്രകാരം പശ്ചിമഘട്ടത്തിന്റെ 37 ശതമാനം പ്രദേശം പരിസ്ഥിതി ദുര്‍ബല മേഖലയാകും. ഇതോടെ ഖനന-ക്വാറി പ്രവര്‍ത്തനങ്ങള്‍, താപ വൈദ്യുതി നിലയങ്ങള്‍, റെഡ് കാറ്റഗറി വ്യവസായങ്ങള്‍ എന്നിവയ്ക്ക് സമ്പൂര്‍ണ നിയന്ത്രണമുണ്ടാവും. പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ജലവൈദ്യുതി പദ്ധതികള്‍ ഇനി അനുവദിക്കുക കര്‍ക്കശ ഉപാധികളോടെമാത്രം. കാറ്റില്‍നിന്നുള്ള ഊര്‍ജോല്‍പ്പാദന പദ്ധതികള്‍ക്ക് നിയന്ത്രണങ്ങളോടെമാത്രം അനുമതി. ഇരുപതിനായിരം ചതുരശ്ര അടിയിലധികം വരുന്ന കെട്ടിടങ്ങളും അമ്പത് ഹെക്ടറോ ഒന്നരലക്ഷം ചതുരശ്ര അടിയില്‍ അധികം നിര്‍മിതമേഖല വരുന്ന ടൗണ്‍ഷിപ്പുകളും മേഖലാ വികസന പദ്ധതികളും അനുവദിക്കില്ല.

നിരോധിത പട്ടികയില്‍ വരാത്ത പദ്ധതികളുടെയും പ്രവൃത്തികളുടെയും കാര്യത്തില്‍ പരിസ്ഥിതി അനുമതി സൂക്ഷ്മപരിശോധനയ്ക്കും വികസന ആവശ്യകതയുടെ മറ്റ് പ്രത്യാഘാതങ്ങളുടെയും വിലയിരുത്തലിനുംശേഷംമാത്രം. വനാവകാശം നിയമം കര്‍ക്കശമായി നടപ്പാക്കും. പരിസ്ഥിതി ദുര്‍ബലമേഖലയില്‍ ഏത് പദ്ധതിക്കും ഗ്രാമസഭകളുടെ അനുമതി നിര്‍ബന്ധമാക്കും. ഏപ്രില്‍ 15നാണ് കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് നല്‍കിയതെന്നും തുടര്‍ന്നാണ് പൊതുജനങ്ങളുടെ പ്രതികരണം അറിയാന്‍ വെബ്സൈറ്റില്‍ ഇട്ടതെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. അമിത് ലൗ പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടത്തില്‍ പറയുന്നു.

പ്രതികരണം അറിയല്‍ പ്രക്രിയ സുതാര്യമായി പൂര്‍ത്തീകരിച്ചശേഷമാണ് മന്ത്രാലയം തീരുമാനമെടുത്തതെന്നും വ്യക്തമാക്കിയിട്ടുണ്ട്. കസ്തൂരിരംഗന്‍ നിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കുമെന്ന് കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും അവകാശപ്പെടുമ്പോഴും നിര്‍ദേശങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്താനോ പിന്‍വലിക്കാനോ മന്ത്രാലയം തയ്യാറായിട്ടില്ല. നിര്‍ദേശങ്ങള്‍ പിന്‍വലിക്കാത്തിടത്തോളം നിയമപരമായി അത് പ്രാബല്യത്തിലാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
(എം പ്രശാന്ത്)

deshabhimani

No comments:

Post a Comment