Monday, November 18, 2013

ആഗോള സാമ്പത്തിക താല്‍പ്പര്യങ്ങള്‍ ഇന്ത്യന്‍ നിയമത്തിന് അതീതം: ധനഞ്ജയ് വി ചന്ദ്രചൂഡ്

ആഗോള സാമ്പത്തിക താല്‍പ്പര്യങ്ങള്‍ പലപ്പോഴും ഇന്ത്യന്‍ നിയമത്തിന് അതീതമാണെന്ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ധനഞ്ജയ് വി ചന്ദ്രചൂഡ് പറഞ്ഞു. വോഡഫോണ്‍ കമ്പനിയുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ഇതാണ് കണ്ടത്. ആഗോള പണമിടപാടുകള്‍ ഇന്ത്യന്‍ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാകുന്നു. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ 99-ാം ജന്മദിനത്തോടനുബന്ധിച്ച് ശാരദകൃഷ്ണ സദ്ഗമയ ഫൗണ്ടേഷന്‍ ഒരുക്കിയ ചടങ്ങില്‍ "ആഗോളവല്‍ക്കരണ കാലഘട്ടത്തിലെ സാമൂഹ്യനീതി" എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുന്നതും അനധികൃതമായി തടങ്കലില്‍ വയ്ക്കുന്നതും നിയമവാഴ്ച ഉറപ്പാക്കുന്നതില്‍ ജുഡീഷ്യറിക്ക് വലിയ വെല്ലുവിളിയാണ്. പരാതിയുമായി എത്തിയാല്‍ പൊലീസ് കേസെടുക്കാതിരിക്കുന്നതും പരാതിക്കാര്‍ പ്രതികളായി മാറുന്ന അവസ്ഥയും ഉണ്ട്. കുറ്റവാളികള്‍ക്ക് അനുകൂലമായി സാക്ഷികളുടെ കൂറുമാറ്റമുണ്ടാകുന്നു. നിയമപരിഷ്കരണങ്ങളുടെ അഭാവത്തില്‍ കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുകയും നീതി വൈകുകയും ചെയ്യുന്നുണ്ട്. ഇത്തരം യാഥാര്‍ഥ്യങ്ങളോടാണ് ജുഡീഷ്യറി ഏറ്റുമുട്ടേണ്ടിവരുന്നതെന്നും ചന്ദ്രചൂഡ് പറഞ്ഞു. സാധാരണക്കാരന്റെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ട ന്യായാധിപനായിരുന്നു കൃഷ്ണയ്യരെന്ന് അധ്യക്ഷയായ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ പറഞ്ഞു. ലോകത്തുള്ള എല്ലാതരം അവകാശങ്ങളും അദ്ദേഹത്തിന്റെ വിധിന്യായങ്ങളില്‍ കാണാന്‍കഴിയും.

പാവപ്പെട്ടവന് കോടതികള്‍ അപ്രാപ്യമാകുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കണമെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു. അഭിഭാഷകരെയും കോടതികളെയും സമീപിക്കാന്‍ സാധാരണക്കാരനു കഴിയാത്ത അവസ്ഥ മാറാതെ ജനാധിപത്യം സാര്‍ഥകമാകില്ല. താന്‍ എന്നും പാവപ്പെട്ടവന്റെ അവകാശങ്ങള്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചത്. തലശേരിയില്‍ അഭിഭാഷകനായിരിക്കെ പാവപ്പെട്ടവരായ നിരവധി പേര്‍ക്കുവേണ്ടി ഹാജരായി. അവിടെനിന്ന് ഇ എം എസ് തന്നെ മന്ത്രിയാകാന്‍ വിളിച്ചു. പിന്നീട് സുപ്രീം കോടതിയില്‍വരെ ന്യായാധിപനുമായി. ഏതു പദവിയില്‍ ഇരിക്കുമ്പോഴും ദാരിദ്യരേഖയ്ക്ക് താഴെ കഴിയുന്നവരുടെ സാമൂഹ്യ നീതിക്കുവേണ്ടിയായിരുന്നു തന്റെ പ്രവര്‍ത്തനം. സമ്പന്നര്‍ക്കുവേണ്ടിയായിരുന്നില്ല. പാവപ്പെട്ടവരോടുള്ള തന്റെ ആഭിമുഖ്യം ഹൃദയത്തില്‍നിന്ന് വരുന്നതാണെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.

കൃഷ്ണയ്യരെക്കുറിച്ചുള്ള ലേഖനങ്ങള്‍ അടങ്ങിയ "എ സര്‍ഫിറ്റ് ഓഫ് ട്രിബ്യൂട്സ് ടു ഇന്ത്യാസ് ഗ്രേറ്റസ്റ്റ് ലിവിങ് ജഡ്ജ്" എന്ന പുസ്തകം ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ പ്രകാശനം ചെയ്തു. പിന്നീട് വേദിയില്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം കേക്ക് മുറിച്ചു. അഡ്വ. സനന്ദ് രാമകൃഷ്ണന്‍, അഡ്വ. എ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment