Monday, November 18, 2013

താമരശേരി അക്രമത്തിനു പിന്നില്‍ ലീഗ് എംഎല്‍എമാര്‍

ഹര്‍ത്താലിന്റെ മറവില്‍ വെള്ളിയാഴ്ച താമരശേരിയിലും പരിസരത്തുമുണ്ടായ അക്രമങ്ങള്‍ക്ക് ലീഗ് എംഎല്‍എമാരായ സി മോയിന്‍കുട്ടി, വി എം ഉമ്മര്‍ എന്നിവരുടെ പിന്തുണയും സഹായവുമുണ്ടായിരുന്നതായി ആക്ഷേപം ശക്തം. ഇവരുടെ നേതൃത്വത്തില്‍ ചുങ്കത്ത് നിന്നാരംഭിച്ച പ്രകടനത്തിന്റെ തുടര്‍ച്ചയായിരുന്നു അക്രമങ്ങള്‍. മാതൃഭൂമി, മലയാള മനോരമ പത്രക്കെട്ടുകള്‍ കത്തിച്ചതിന് അറസ്റ്റ്ചെയ്തവരെ സ്റ്റേഷനില്‍ നിന്നിറക്കിയത് മോയിന്‍കുട്ടി എംഎല്‍എ ആണ്. ഇവരെയും കൂട്ടിയാണ് എംഎല്‍എ പ്രകടനം നയിച്ചതും.

ഇതിന്റെ തുടര്‍ച്ചയായാണ് അടിവാരത്തും ചുങ്കത്തും അക്രമം പടര്‍ന്നത്. അക്രമം തടയാനോ നിയന്ത്രിക്കാനോ ഒരിക്കല്‍പ്പോലും എംഎല്‍എമാര്‍ ശ്രമിച്ചുമില്ല. ഇക്കാര്യങ്ങള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സമ്മതിക്കുന്നു. അക്രമം വ്യക്തമായ ആസൂത്രണത്തോടെയാണെന്നാണ് പൊലീസ് നിഗമനം. എസ്പി മുതല്‍ പൊലീസുകാര്‍വരെ സംഭവസ്ഥലത്തെത്തിയ എല്ലാവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസ്, പൊലീസ് ജീപ്പ് എന്നിവയ്ക്ക് തീയിട്ടു. അക്രമികള്‍ അഴിഞ്ഞാടിയതായി പറയുന്ന പൊലീസ് ഒരു നടപടിയുമെടുത്തില്ല. ഭരണകക്ഷിയുടെ പിന്‍ബലത്തിലാണിവ എന്നതിനാലാണ് അനങ്ങാപ്പാറ നയം സ്വീകരിച്ചത്.

ചുങ്കത്തെ വനംവകുപ്പ് ഓഫീസ് തീയിട്ട് ഫയലുകളും തൊണ്ടിസാധനങ്ങളുമടക്കം നശിപ്പിച്ചു. ചില പ്രധാന കേസുകളുടെ ഫയലും കത്തിയതില്‍ ഉള്‍പ്പെടുന്നു. താമരശേരി മിനി സിവില്‍സ്റ്റേഷന്‍, ബിഎസ്എന്‍എല്‍ എക്സ്ചേഞ്ച് എന്നിവ ആക്രമിക്കപ്പെട്ടു. ക്വാര്‍ട്ടേഴ്സുകളും ആക്രമിച്ചു. സാധനങ്ങള്‍ കൊള്ളയടിച്ചു. താമരശേരിയില്‍ ബാര്‍ ഹോട്ടലിന് തീയിട്ടു. അക്രമത്തില്‍ പങ്കില്ലെന്ന് എല്‍ഡിഎഫ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, കോണ്‍ഗ്രസും ലീഗും ഒരക്ഷരം പറഞ്ഞിട്ടില്ല. ജനങ്ങളുടെ പ്രതിഷേധവും രോഷവും അട്ടിമറിക്കുക, വഴിതിരിച്ചുവിടുക എന്ന അജന്‍ഡയാണ് ഇവര്‍ നടപ്പാക്കുന്നത്.

deshabhimani

No comments:

Post a Comment