Thursday, November 7, 2013

സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് മദ്യസല്‍ക്കാരം: എക്സൈസ് എതിര്‍പ്പ് അറിയിക്കും

കൊച്ചി: സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ യോഗത്തില്‍ മദ്യം വിളമ്പുന്നതിനെതിരെ എക്സൈസ് കമീഷണര്‍ക്ക് കുറിപ്പു നല്‍കുമെന്ന് ഡെപ്യൂട്ടി കമീഷണര്‍. ഐസിഎസ്ഇ സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ ദേശീയ സമ്മേളനത്തില്‍ മദ്യം വിളമ്പാനുള്ള അനുമതി ആവശ്യപ്പെട്ട് എവര്‍ഗ്രീന്‍ പബ്ലിക്കേഷന്‍സ് ഇന്ത്യാ ലിമിറ്റഡ് എന്ന സ്ഥാപനമാണ് ആലുവ എക്സൈസ് സിഐക്ക് അപേക്ഷ സമര്‍പ്പിച്ചത്. സിഐ ഇത് ഡെപ്യൂട്ടി കമീഷണര്‍ക്ക് കൈമാറി. വിദ്യാര്‍ഥികള്‍ക്ക് മാതൃകയാകേണ്ട അധ്യാപകര്‍ സമ്മേളനത്തില്‍ പരസ്യമായി മദ്യപിക്കുന്നതിനെതിരെ വിവിധ കോണുകളില്‍നിന്ന് വിമര്‍ശം ഉയര്‍ന്നിരുന്നു. അധ്യാപകര്‍ മദ്യപിക്കുന്നത് പ്രോല്‍സാഹിപ്പിക്കാനാകില്ലെന്നും അതുകൊണ്ടാണ് ഇതിന് അനുമതി നല്‍കുന്നതിനെതിരെ കമീഷണര്‍ക്ക് കുറിപ്പു നല്‍കുന്നതെന്നും എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ അജിത്ലാല്‍ പറഞ്ഞു.

നവംബര്‍ 27, 28 തീയതികളില്‍ കറുകുറ്റി അറ്റ്ലസ് കണ്‍വന്‍ഷന്‍ സെന്ററിലാണ് സമ്മേളനം. 27ന് വൈകിട്ട് ആറുമുതല്‍ 11 വരെ നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് മദ്യം ഉള്‍പ്പെടുത്തിയ സല്‍ക്കാരം. പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്ന സ്ഥാപനമാണ് മദ്യം വിളമ്പാന്‍ അനുമതി തേടിയ എവര്‍ഗ്രീന്‍ പബ്ലിക്കേഷന്‍സ് ഇന്ത്യാ ലിമിറ്റഡ്. ഇവരാണ് സമ്മേളനത്തിന്റെ സ്പോണ്‍സര്‍മാര്‍. മദ്യം വിളമ്പുന്നതിന് അനുമതിക്കായുള്ള തുകയും വിരുന്നിന്റെ ചെലവും ഇവര്‍ വഹിക്കും. കേരളത്തില്‍ നൂറ്റമ്പതോളം ഐസിഎസ്സി സ്കൂളുകളാണുള്ളത്. ഇവിടത്തെ പ്രിന്‍സിപ്പല്‍മാരില്‍ ഏറെയും വനിതകളാണ്. എന്നാല്‍ അന്യസംസ്ഥാനങ്ങളില്‍ സ്ഥിതി മറിച്ചാണ്. ആയിരത്തോളം പ്രിന്‍സിപ്പല്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. സമ്മേളനത്തിന് സിബിഎസ്ഇ സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുമായോ മാനേജ്മെന്റുമായോ ബന്ധമില്ലെന്ന് കേരള സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഇന്ദിര രാജന്‍ പറഞ്ഞു. അജ്മീറില്‍ നവംബര്‍ ഒമ്പതുമുതല്‍ 11 വരെയാണ് സിബിഎസ്ഇ സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുടെയും മാനേജ്മെന്റിന്റെയും ദേശീയ സമ്മേളനം.

deshabhimani

No comments:

Post a Comment