Friday, November 8, 2013

നുണപ്രചാരണവുമായി ആര്‍എസ്എസ് രംഗത്ത്

കാട്ടാക്കട: എസ്എഫ്ഐ വെള്ളറട ഏരിയ സെക്രട്ടറി ശിവപ്രസാദിന്റെ അച്ഛനും കെഎംസിഎസ്യു സംസ്ഥാന കമ്മിറ്റിയംഗവുമായ നാരായണന്‍നായരെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് നാട്ടിലുയര്‍ന്ന ശക്തമായ പ്രതിഷേധം നേരിടാനാകാതെ കള്ളപ്രചാരണവുമായി ആര്‍എസ്എസ്-ബിജെപി നേതൃത്വം രംഗത്ത്. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ ഉണ്ടായ വിദ്യാര്‍ഥിസമരവുമായി ബന്ധപ്പെട്ട സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമെന്നാണ് ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ പത്രപ്രസ്താവനയിലൂടെയും മറ്റും പ്രചരിപ്പിക്കുന്നത്.

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ പോര്‍ട്ടിക്കോയ്ക്ക് മുന്നില്‍ ചെ ഗുവേരയുടെ ചിത്രം വരച്ചതിന്റെപേരില്‍ കോളേജിലെ മൂന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയായ ശിവപ്രസാദ് ഉള്‍പ്പെടെ 8 വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതിനെതിരെ 110 ദിവസം നീണ്ടുനിന്ന സഹനസമരമാണ് വിദ്യാര്‍ഥികള്‍ നടത്തിയത്. പലവിധത്തിലുള്ള സമരങ്ങള്‍ക്ക്ശേഷം 15 ദിവസം വിദ്യാര്‍ഥികള്‍ കോളേജിന് മുന്നില്‍ നിരാഹാരസമരവും നടത്തി. സിഎസ്ഐ ദക്ഷിണമേഖലാ ഇടവക ഭാരവാഹികളും കോളേജ് മാനേജ്മെന്റും മുന്‍കൈ എടുത്ത് നടത്തിയ ചര്‍ച്ചയിലാണ് സര്‍വകലാശാലയ്ക്ക് അയച്ച ടിസികള്‍ തിരിച്ചുവാങ്ങാനും കുട്ടികളെ തിരികെ കോളേജില്‍ പ്രവേശിപ്പിക്കാനും തീരുമാനിച്ചത്. വിദ്യാര്‍ഥിസമരചരിത്രത്തില്‍ത്തന്നെ അപൂര്‍വമായിരുന്നു ഈ സമരം. 110 ദിവസം സമരം നീണ്ടിട്ടും ഇതുമായി ബന്ധപ്പെട്ട ഒരു നേരിയ സംഘര്‍ഷംപോലും ഉണ്ടായിട്ടില്ല. ഇതിന്റെപേരില്‍ ഒരു പരാതിയും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പൊലീസ് തന്നെ വ്യക്തമാക്കുന്നു.

സമരം അവസാനിപ്പിക്കുന്നതിന്റെ രണ്ട് ദിവസം മുന്‍പ് ബിജെപി-ആര്‍എസ്എസ്-എബിവിപി സംഘടനകളുടെ നേതൃത്വത്തില്‍ കാട്ടാക്കടയില്‍ ഉപവാസം നടത്തിയിരുന്നു. കോളേജിന് മുന്നില്‍ എസ്എഫ്ഐ നടത്തുന്ന നിരാഹാരസമരം ആഭാസസമരമാണ് എന്നും ഇത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപവാസം. ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള നീക്കമായിരുന്നു ഇതിന് പിന്നില്‍. എന്നാല്‍, എസ്എഫ്ഐ ഇതിനോട് പ്രതികരിക്കാതിരുന്നതില്‍ ആര്‍എസ്എസ് ശ്രമം പൊളിഞ്ഞു. ഇപ്പോള്‍ ആര്‍എസ്എസ് നടത്തിയ അരുംകൊലയ്ക്കെതിരെ നാടുമുഴുവന്‍ രംഗത്ത് വന്നതോടെ കൊലപാതകത്തിന് പിന്നില്‍ കോളേജിലെ സമരമാണെന്ന പ്രചാരണം നടത്തുകയാണ് ഈ ക്രിമിനലുകള്‍. ഏതാനും മാസം മുന്‍പ് ശിവപ്രസാദിനെ വീടിനുസമീപം വച്ച് ഈ സംഘംതന്നെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അക്രമം കഴിഞ്ഞ് മടങ്ങുംവഴി ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ അക്രമികളില്‍ ചിലരെ അന്നുതന്നെ ആശുപത്രിയില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ആര്‍എസ്എസ് ക്രിമിനലുകള്‍ക്ക് കൊലപാതകവുമായി ഉള്ള ബന്ധം വ്യക്തമാക്കുന്ന ഇത്തരം നിരവധി തെളിവുകള്‍ ഉള്ളപ്പോഴാണ് നുണപ്രചാരണങ്ങളുമായി ആര്‍എസ്എസ് രംഗത്ത് എത്തിയിട്ടുള്ളത്.

പ്രതികളെ പിടികൂടാന്‍ പൊലീസ് വൈകുന്നു: ഡിവൈഎഫ്ഐ

വെള്ളറട: ആനാവൂരില്‍ ഡിവൈഎഫ്ഐ- എസ്എഫ്ഐ നേതാക്കളുടെ വീട്ടില്‍ കയറി അച്ഛനെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തി ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് വീഴ്ചവരുത്തിയതായി ആരോപണം. പ്രതികളെക്കുറിച്ചും സംഘത്തലവന്മാരെക്കുറിച്ചും വ്യക്തമായ സൂചനകള്‍ നല്‍കിയിട്ടും അവരെ പിടികൂടാതെ ഏതാനും ചിലരെ പിടികൂടിയതായി പറയുന്നതല്ലാതെ ഔദ്യോഗിക വെളിപ്പെടുത്തല്‍ ഇതുവരെയും ഉണ്ടായില്ല. ഏതാനും മാസംമുമ്പ് ശിവപ്രസാദിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസും പൊലീസ് ഗൗരവമായി എടുത്തില്ല. പ്രതികളെ സംരക്ഷിക്കുകയായിരുന്നു. യഥാര്‍ഥ പ്രതികളെ സംരക്ഷിച്ച് ആര്‍എസ്എസ് കാര്യാലയങ്ങളില്‍നിന്ന് നല്‍കുന്ന പേരുകളുടെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടുന്ന പൊലീസിന്റെ നിലപാട് അവസാനിപ്പിക്കണമെന്നും നാരായണന്‍നായരുടെ കൊലപാതകികളെ ഉടന്‍ പിടികൂടണമെന്നും ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറി വി എസ് ഉദയന്‍, പ്രസിഡന്റ് കെ വി ഷൈന്‍കുമാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment