Saturday, November 16, 2013

ബംഗാളില്‍ ട്രാംവേ കമ്പനി ഭൂമി മറിച്ചുവില്‍ക്കുന്നു

ബംഗാളില്‍ ട്രാംഡിപ്പോകള്‍ മമത സര്‍ക്കാര്‍ സ്വകാര്യ ഭൂഇടപാടുകാര്‍ക്ക് കൈമാറുന്നു. കോടികള്‍ വിലമതിക്കുന്ന ഇരുനൂറിലേറെ ഏക്കര്‍ ഭൂമിയാണ് വില്‍ക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാംകമ്പനി സാമ്പത്തിക പ്രതിസന്ധി നേരിടാനാണ് വെറുതെ കിടക്കുന്ന ഭൂമി കൈമാറുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സര്‍ക്കാര്‍ നീക്കത്തിനെതിരെ പൊതുജനങ്ങളുടെയും ട്രാം തൊഴിലാളി സംഘടനകളുടേയും പ്രതിഷേധം ശക്തമാണ്. വന്‍കിട ഭൂമി ഇടപാടുകാര്‍ പലരും ഭൂമിക്കായി ക്വട്ടേഷനുകള്‍ നല്‍കിക്കഴിഞ്ഞു.

കൊല്‍ക്കത്ത നഗരത്തിലെ കാളിഘട്ട്, ടോളിഗഞ്ച്, ഖിദര്‍പ്പുര്‍, ഗാലിഫ് സ്ട്രീറ്റ്, ശ്യാംബജാര്‍, ബള്‍ഗേറിയ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കൊല്‍ക്കത്ത ട്രാംവേ കമ്പനിയുടെ കൈവശമുള്ള ഡിപ്പോകളാണ് വില്‍ക്കുന്നത്. ഈ ഡിപ്പോകളിലെല്ലാംകൂടി ഇരുനൂറ്റമ്പതിലധികം ഏക്കര്‍ ഭൂമിയാണുള്ളത്. ബ്രിട്ടീഷ് കാലഘട്ടത്തില്‍ തുടങ്ങിയ കൊല്‍ക്കത്തയുടെ പരമ്പരാഗത ഗതാഗത സംവിധാനമായിരുന്നു ട്രാം. മിക്ക നിരത്തുകളിലൂടെയും ട്രാം ഓടിയിരുന്നു. പിന്നീട് പല റൂട്ടുകളും നിര്‍ത്തലാക്കി. ബ്രിട്ടീഷ് നിയന്ത്രണത്തിലായിരുന്ന ട്രാംവേ കമ്പനി 1978ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ട്രാം ഗതാഗതം കാലഹരണപ്പെട്ടു തുടങ്ങിയതിനെത്തുടര്‍ന്ന് അവ ആധുനികവല്‍ക്കരിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഇടതുമുന്നണി സര്‍ക്കാര്‍ പല നടപടികളും കൈക്കൊണ്ടു. ഡിപ്പോകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രയോജനകരമായി ഉപയോഗിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കി. എന്നാല്‍, മമത സര്‍ക്കാര്‍ അധികാരമേറ്റതിനെത്തുടര്‍ന്ന് അവയെല്ലാം ചവറ്റുകൊട്ടയില്‍ തള്ളി. ഇപ്പോള്‍ ഭൂമി വിറ്റ് കാശാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ബംഗാളില്‍ സര്‍ക്കാര്‍നിയന്ത്രണത്തിലുള്ള പൊതു ഗതാഗതം അനുദിനം കുറയുകയാണ്.
(ഗോപി)

deshabhimani

No comments:

Post a Comment