Saturday, November 16, 2013

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം സാമൂഹ്യപ്രശ്നമാകുന്നു

രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന ഉയര്‍ന്നതോതിലുള്ള പണപ്പെരുപ്പത്തിന്റെ കെടുതികള്‍ സാധാരണക്കാരെയാണ് ദോഷകരമായി ബാധിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഉപഭോക്തൃ മൊത്തവിലസൂചികയുടെ അടിസ്ഥാനത്തില്‍ 2003-04ല്‍ പണപ്പെരുപ്പനിരക്ക് 6.10 ശതമാനം ആയിരുന്നെങ്കില്‍ 2013 ജൂലൈയില്‍ രേഖപ്പെടുത്തിയ പണപ്പെരുപ്പനിരക്ക് 9.64 ശതമാനമാണ്. ഇതില്‍ തന്നെ 2009 ഡിസംബര്‍ മുതല്‍ 2013 ആഗസ്ത് വരെയുള്ള കണക്ക് പരിശോധിക്കുമ്പോള്‍ ഭക്ഷ്യവസ്തുക്കളുടെ വന്‍വിലക്കയറ്റമാണ് മൊത്തത്തിലുള്ള പണപ്പെരുപ്പത്തിന്റെ പ്രധാന ഘടകമെന്ന് വ്യക്തമാകുന്നു. ഇക്കാലയളവില്‍ മുട്ട, ഇറച്ചി, മത്സ്യം എന്നിവയുടെ വിലക്കയറ്റം 17.16 ശതമാനമായിരുന്നു. പാലിന് 11.78 ശതമാനവും പച്ചക്കറി ഇനങ്ങള്‍ക്ക് 10.84 ശതമാനവും ഭക്ഷ്യധാന്യങ്ങള്‍ക്ക് 9.11 ശതമാനവും വില വര്‍ധിച്ചു. മറ്റെല്ലാ ഭക്ഷ്യവസ്തുക്കളുടെയും വില സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന വിധത്തില്‍ കുതിച്ചുയര്‍ന്നു.

അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം നടപ്പുസാമ്പത്തികവര്‍ഷം (ഏപ്രില്‍-ആഗസ്ത്) 10.98 ശതമാനമാണെങ്കില്‍ ഭക്ഷ്യഉല്‍പ്പന്നങ്ങളുടേത് 5.37 ശതമാനമാണ്. അതേസമയം, ആഗോളതലത്തില്‍ ഭക്ഷ്യപണപ്പെരുപ്പം നടപ്പുവര്‍ഷം ഇതേകാലയളവില്‍ 0.19 ശതമാനം മാത്രമാണ്. വിലക്കയറ്റം ആഗോളപ്രതിഭാസമാണെന്ന കേന്ദ്രഭരണാധികാരികളുടെ വാദം ശരിയല്ലെന്ന് അര്‍ഥം. മാത്രമല്ല, 2009-10, 2012-13 വര്‍ഷങ്ങളില്‍ ആഗോളതലത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ധനവിലയില്‍ ഉണ്ടായ വര്‍ധന, ഭക്ഷ്യവസ്തുക്കള്‍ വന്‍തോതില്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നത്, പെരുകുന്ന ഉല്‍പ്പദനച്ചെലവ് എന്നിവയാണ് ഭക്ഷ്യവസ്തുക്കളുടെ ഭാരിച്ച വിലക്കയറ്റത്തിനുള്ള കാരണങ്ങളായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതെല്ലാം കേന്ദ്രസര്‍ക്കാര്‍ നയങ്ങളുടെ സൃഷ്ടിയാണ്. വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ലാഭം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളാണ് ഇവ. എന്നാല്‍, കര്‍ഷകത്തൊഴിലാളികളുടെ വേതനത്തില്‍ 2005-11 കാലത്ത് ശരാശരി 3.17 ശതമാനം വര്‍ധന മാത്രമാണുണ്ടായത്. കൂടുതല്‍ കൂലി കൊടുത്തതുകൊണ്ടല്ല ഭക്ഷ്യോല്‍പ്പാദനച്ചെലവ് വര്‍ധിച്ചതെന്ന് വ്യക്തം. സാധാരണജനങ്ങളുടെ വരുമാനത്തില്‍ കാര്യമായ വര്‍ധനയുണ്ടാകാത്ത സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വന്‍വിലക്കയറ്റം ഗുരുതരമായ സാമൂഹ്യപ്രത്യാഘാതം സൃഷ്ടിക്കുകയാണ്. പോഷകാഹാരവും മറ്റും ഒഴിവാക്കേണ്ട ഗതികേടിലാണ് സാധാരണക്കാര്‍.
(സാജന്‍ എവുജിന്‍)

deshabhimani

No comments:

Post a Comment