Thursday, November 7, 2013

മടങ്ങിവരവിന് സഹായമില്ലാതെ പാക്കേജ്

സൗദി അറേബ്യയിലെ നിതാഖാത് നിയമക്കുരുക്കില്‍പെട്ട് കേരളത്തില്‍ മടങ്ങിയെത്തുന്നവര്‍ക്ക് അടിയന്തര ആശ്വാസമേകാന്‍ നടപടിയില്ലാതെ പ്രത്യേക പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം. പാക്കേജില്‍ സര്‍ക്കാര്‍ സ്വന്തം നിലയില്‍ കാര്യമായ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല.}നാട്ടില്‍ വരാന്‍ കാത്തു നില്‍ക്കുന്നവര്‍ക്ക് വിമാനടിക്കറ്റ് നല്‍കുന്നില്ല. 200 പേരുണ്ടായാല്‍ മാത്രമേ ചാര്‍ട്ടേഡ് വിമാനം വഴി ഇവരെ നാട്ടിലെത്തിക്കാനാകൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 20ന് മാത്രമേ പ്രത്യേക വിമാനം അയക്കാനാകൂവെന്ന് കഴിഞ്ഞ ദിവസം മന്ത്രി കെ സി ജോസഫും പറഞ്ഞിരുന്നു.

വിമാനത്തിന് കാത്തിരിക്കുന്നവര്‍ ജയിലിലടയ്ക്കപ്പെടുമോ എന്ന സംശയം ബലപ്പെടുകയാണ്. സൗദിയില്‍നിന്ന് മടങ്ങുന്നവര്‍ക്ക് മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്ക് പ്രമുഖ വിദേശമലയാളികളുടെ സഹായത്തോടെ അവസരമൊരുക്കുമെന്നാണ് പ്രധാന പ്രഖ്യാപനം. വിദേശത്ത് ജോലിതേടുന്നവരുടെ വിവരങ്ങള്‍ സമാഹരിച്ച് ഡാറ്റാബേസ് ഉണ്ടാക്കും. തിരികെ എത്തുന്നവര്‍ക്ക് ഡെയ്റി, മൃഗസംരക്ഷണം, വ്യവസായം, ഹൈടെക്് കൃഷി, ഹരിതവീട് പദ്ധതി, അലാങ്കാരമത്സ്യക്കൃഷി തുടങ്ങിയ മേഖലകളില്‍ തൊഴില്‍ കണ്ടെത്താന്‍ സഹായിക്കും.

തിരികെ വരുന്നവരുടെ ചെറുസംഘങ്ങള്‍ക്കായി വാടക കാര്‍ വാങ്ങുന്നതിനും സഹായം നല്‍കും. പ്ലംബിങ്, ഇലക്ട്രീഷ്യന്‍ തുടങ്ങിയ സംരംഭങ്ങള്‍ക്കും പ്രവാസി സഹകരണ സംഘങ്ങള്‍, ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ എന്നിവയ്ക്കും പലിശനിരക്ക് കുറച്ച് വായ്പാസൗകര്യം ഉണ്ടാക്കും. നോര്‍ക്ക വകുപ്പ് ചെറുകിട സംരംഭകര്‍ക്ക് പരമാവധി രണ്ട് ലക്ഷം രൂപ മൂലധന സബ്സിഡി നല്‍കും. 20 ലക്ഷം വരെ ചെലവുള്ള പദ്ധതികള്‍ക്ക് പത്ത് ശതമാനം മൂലധന സബ്സിഡി നിരക്കില്‍ സബ്സിഡി പദ്ധതി നടപ്പാക്കും. 1000 സംരംഭകര്‍ക്കായി പദ്ധതിക്ക് പത്ത് കോടി അനുവദിച്ചു. അഞ്ച് പേര്‍ വീതമുള്ള ഒരോഗ്രൂപ്പിനും കെഎഫ്സിയുടെ കെഎസ്ഇടി മിഷന്റെ കീഴില്‍ 20 ലക്ഷം വരെ പലിശരഹിതവായ്പ നല്‍കും. ചേരമാന്‍ ഫിനാന്‍സ് സൊസൈറ്റി മുഖേന പലിശരഹിതവായ്പയ്ക്ക് പദ്ധതി തയ്യാറാക്കും.

പ്രവാസി സഹകരണസംഘം രൂപീകരിച്ച് ചെറുകിടസ്ഥാപനങ്ങള്‍ തുറക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ പ്രത്യേക മേഖലകളില്‍ വൈദഗ്ധ്യം നേടിയവര്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ചെയ്യാന്‍ സഹായം നല്‍കും. പാക്കേജില്‍ ഇങ്ങിനെ പല വാഗ്ദാനങ്ങളുണ്ട്. അതേസമയം പ്രവാസികളുടെ കേരളത്തിലേക്കുള്ള തിരിച്ചൊഴുക്ക് ദിനംപ്രതി കൂടുകയാണ്. ബുധനാഴ്ച രണ്ട് വിമാനങ്ങളിലായി 412 പേര്‍ കരിപ്പൂര്‍ വഴി മാത്രം നാട്ടിലെത്തി. ഇതില്‍ 112 പേര്‍ മാത്രമാണ് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.സൗദിയില്‍നിന്നുള്ള പതിവ് സര്‍വീസുകളിലെ ഭൂരിപക്ഷം യാത്രക്കാരും കേരളത്തിലേക്ക് തിരിച്ചുവന്നവരാണ്. വിമാനങ്ങളില്‍ തിരക്കും വര്‍ധിച്ചിട്ടുണ്ട്. പലര്‍ക്കും ടിക്കറ്റ് കിട്ടുന്നില്ല. ഇത് കണക്കിലെടുത്ത് വിമാന കമ്പനികള്‍ വരുംദിവസങ്ങളില്‍ ടിക്കറ്റ് നിരക്കില്‍ വര്‍ധന വരുത്താനും സാധ്യതയുണ്ട്

deshabhimani

No comments:

Post a Comment