Thursday, November 7, 2013

ലാവ് ലിന്‍ : ഗൂഢാലോചനയ്ക്ക് അപമാനകരമായ അന്ത്യം- കാരാട്ട്

കേരള രാഷ്ട്രീയ ചരിത്രത്തില്‍ എതിരാളികളെ തകര്‍ക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ അത്യന്തം അപമാനകരമായ അന്ത്യമാണ് ലാവ് ലിന്‍ കേസ് വിധിയിലൂടെ സംഭവിച്ചതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. പിണറായി വിജയനെ വേട്ടയാടാന്‍ യുഡിഎഫ് സര്‍ക്കാരും പിന്തിരിപ്പന്‍ ശക്തികളും നടത്തിയ നീക്കങ്ങള്‍ക്ക് സിബിഐ ചട്ടുകമായെന്നും പിണറായിക്ക് തലസ്ഥാനത്ത് ഗാന്ധിപാര്‍ക്കില്‍ നല്‍കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്ത് കാരാട്ട് വ്യക്തമാക്കി.

സിബിഐ 2008ല്‍ കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ത്തന്നെ സിപിഐ എം നിലപാട് വ്യക്തമാക്കിയതാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് മുന്നേറ്റത്തെ തകര്‍ക്കുകയെന്ന ലക്ഷ്യമായിരുന്നു ഇതിനുപിന്നില്‍. സിബിഐ ഉന്നയിച്ച ആരോപണങ്ങളെല്ലാം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് കോടതി കണ്ടെത്തിയതോടെ ആരോപണങ്ങള്‍ ഉന്നയിച്ച മാധ്യമങ്ങളും മറ്റ് ശക്തികളും ആത്മപരിശോധനയ്ക്ക് തയ്യാറാകണം. രാജ്യത്തെ കമ്യൂണിസ്റ്റ് മുന്നേറ്റത്തില്‍ കേരളത്തിന് ഗണനീയമായ സ്ഥാനമാണുള്ളത്. 1957ലെ ഇ എം എസ് സര്‍ക്കാര്‍ അധികാരത്തില്‍വന്ന കാലം തൊട്ട് രാഷ്ട്രീയമായും സംഘടനാപരമായും സൈദ്ധാന്തികമായും വ്യക്തിപരമായും പാര്‍ടിയെയും ഇടതുപക്ഷത്തെയും വേട്ടയാടാന്‍ തുടങ്ങിയിരുന്നു.

1959ല്‍ ഇ എം എസ് മന്ത്രിസഭയെ പിരിച്ചുവിട്ടു. തുടര്‍ന്നും പാര്‍ടിക്കും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുംനേരെ കായികമായുള്ള അക്രമം തുടര്‍ന്നുകൊണ്ടിരുന്നു. നാനാവിധമായ ഈ അക്രമങ്ങളെയെല്ലാം അതിജീവിച്ച് മുന്നേറുന്നതുകൊണ്ടാണ് കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികള്‍ പുതിയ മാര്‍ഗം സ്വീകരിച്ചത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെയും നേതാക്കളുടെയും മഹത്തായ സമ്പാദ്യം അഴിമതിരഹിതമായ മുഖമുദ്രയാണ്. 34 വര്‍ഷത്തെ തുടര്‍ച്ചയായ ബംഗാള്‍ ഭരണത്തിനിടെ ഒരു മന്ത്രിക്കെതിരെ പോലും അഴിമതി ആരോപണമുണ്ടായിട്ടില്ല. കേരളത്തിലും പലഘട്ടത്തിലായി അധികാരത്തില്‍ വന്നപ്പോഴും അഴിമതി ഉന്നയിക്കാനായില്ല. അതുകൊണ്ടാണ് സിപിഐ എമ്മിനെയും എല്‍ഡിഎഫിനെയും തകര്‍ക്കുന്നതിന് പുതിയ ആയുധം പുറത്തെടുത്തത്. പിണറായിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തികച്ചും അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് വ്യക്തമായി തിരിച്ചറിഞ്ഞതുകൊണ്ടാണ് അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പാര്‍ടി വ്യക്തമാക്കിയത്. യുഡിഎഫ് ഭരണത്തില്‍ വിജിലന്‍സ് അന്വേഷിച്ചപ്പോള്‍ ഒന്നും കണ്ടെത്താനായില്ല. എന്നിട്ടും രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെ അന്വേഷണം സിബിഐക്ക് വിട്ടു. സിബിഐ രാഷ്ട്രീയപ്രേരിതമായി കേസ് കെട്ടിച്ചമച്ചതാണെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ വ്യക്തമാണ്. അതുകൊണ്ടാണ് വിചാരണപോലും നടത്താതെ പ്രഥമദൃഷ്ട്യാ തന്നെ കോടതി കേസ് തള്ളിയത്.

ഇനിയെങ്കിലും ഇത്തരം അഴിമതി ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കുന്നതില്‍നിന്ന് കോണ്‍ഗ്രസും യുഡിഎഫും കമ്യൂണിസ്റ്റ് വിരുദ്ധശക്തികളും പിന്മാറണം. ഞങ്ങള്‍ക്കെതിരെ രാഷ്ട്രീയമായും നയപരമായും ആദര്‍ശപരമായും യുദ്ധം ചെയ്യൂ. ഞങ്ങള്‍ ശക്തമായി അതിനെ പ്രതിരോധിക്കും. എന്നാല്‍, അഴിമതി നടത്തിയോ ക്രമക്കേട് നടത്തിയോ കമ്യൂണിസ്റ്റുകാര്‍ ജനങ്ങളെ വഞ്ചിക്കില്ല. അങ്ങനെ പറഞ്ഞാല്‍ അത് ഈ പ്രസ്ഥാനത്തെയും നേതാക്കളെയും അറിയുന്ന ജനങ്ങള്‍ വിശ്വസിക്കുകയുമില്ല. സിബിഐയെക്കാള്‍ മഹത്തായ അന്വേഷണ ഏജന്‍സിയാണ് സിപിഐ എം. ഞങ്ങള്‍ അഴിമതിയും ക്രമക്കേടുകളും ഒരു കാരണവശാലും അംഗീകരിക്കില്ല. ജനങ്ങള്‍ ഇത് തിരിച്ചറിയുമെന്ന വിശ്വാസം പാര്‍ടിക്കുണ്ട്. പാര്‍ടി കൂടുതല്‍ കരുത്തോടെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുപോകുമെന്നും കാരാട്ട് പറഞ്ഞു.

deshabhimani

No comments:

Post a Comment