Monday, November 4, 2013

കഴിഞ്ഞവര്‍ഷം മുഖ്യമന്ത്രി പ്രഖ്യാപിച്ച സ്കൂട്ടര്‍ ഇമ്പിച്ചിക്ക് ഇന്നും സ്വപ്നം

മഞ്ചേരി: മുഖ്യമന്ത്രിയുടെ വാഗ്ദാനം അന്ന് നടപ്പായിരുന്നെങ്കില്‍ ഒരു പക്ഷേ, അരീക്കോട് ചെമ്രക്കാട്ടൂര്‍ വെളുത്തപറമ്പില്‍ പട്ടികജാതിക്കാരനായ ചെഞ്ചിലിയന്‍ ഇമ്പിച്ചിക്ക് അല്‍പ്പം ആശ്വാസം കിട്ടുമായിരുന്നു. അന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച സ്കൂട്ടര്‍ ഇന്നുവരും നാളെവരും എന്ന് പ്രതീക്ഷിച്ച് ഒരുവര്‍ഷമായി ഇമ്പിച്ചി കാത്തിരിപ്പ് തുടരുന്നു. എന്നാല്‍ തന്നെ പറഞ്ഞുപറ്റിച്ചതാണ് എന്ന് വീണ്ടും ജനസമ്പര്‍ക്കത്തില്‍ പരാതിനല്‍കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഇമ്പിച്ചിക്ക് മനസ്സിലാകുന്നത്. പഴുപ്പ് കയറിയ ഇടതുകാല്‍ മുറിച്ചുനീക്കേണ്ടിവന്ന ഇബിച്ചിക്ക് രണ്ടുദിവസത്തിനുള്ളില്‍ സ്കൂട്ടര്‍ നല്‍കാമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പറ്റിച്ചത്. വളരെ പ്രയാസപ്പെട്ടാണ് ഇമ്പിച്ചി കഴിഞ്ഞവര്‍ഷം മലപ്പുറത്ത് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തത്. ഭക്ഷണംപോലും കഴിക്കാതെ മണിക്കൂറുകള്‍ കാത്തിരുന്നാണ് മുഖ്യമന്ത്രിയെ കണ്ടത്. നേരിട്ട് നല്‍കിയ പരാതി അവിടെവച്ചുതന്നെ വായിച്ചശേഷം രണ്ടുദിവസത്തിനുള്ളില്‍ത്തന്നെ സ്കൂട്ടര്‍ വീട്ടിലെത്തിച്ച് നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ആവശ്യമായ രേഖകള്‍ അന്നുതന്നെ റവന്യൂ അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു. മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു വിവരവും ലഭിക്കാതെ വന്നതോടെ റവന്യൂ അധികൃതരെ പലതവണ നേരില്‍പ്പോയി കണ്ടു. ഒടുവില്‍ അഞ്ചുമാസത്തിനുശേഷം മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് കത്തുവന്നു. കത്തുമായി സ്ഥലം വില്ലേജ് ഓഫീസില്‍ എത്തി തുടര്‍നടപടി പൂര്‍ത്തിയാക്കി. വീണ്ടും ഓഫീസുകള്‍ കയറിയിറങ്ങിയതല്ലാതെ ഒരു ഫലവും കണ്ടില്ല. കഴിഞ്ഞമാസം വീണ്ടും വില്ലേജ് ഓഫീസില്‍ ചെന്നപ്പോള്‍ അവ്യക്തതകള്‍ കാരണം പരാതി തള്ളിയെന്ന വിവരമാണ് അറിഞ്ഞത്. ഓഫീസുകള്‍ കയറിയിറങ്ങിയുള്ള യാത്രയില്‍ നാട്ടുകാരോട് കടംവാങ്ങിയ കാശുപോലും ഇതുവരെ കൊടുത്ത് തീര്‍ക്കാനായിട്ടില്ലെന്നും ഇമ്പിച്ചി വേദനയോടെ പറഞ്ഞു.

ചുമട്ട് തൊഴിലാളിയായിരുന്ന ഇമ്പിച്ചിക്ക് നാലുവര്‍ഷം മുമ്പാണ് എല്ലില്‍ പഴുപ്പ് ബാധിച്ചത്. രോഗം മൂര്‍ഛിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് കാല്‍ മുറിച്ചുനീക്കി. പരസഹായമില്ലാതെ ഒന്നനങ്ങാന്‍പോലും കഴിയാത്ത ഇമ്പിച്ചിയെ തനിച്ചാക്കി പണിക്ക് പോകാന്‍ കഴിയാതെ വിഷമിക്കുകയാണ് ഭാര്യ രുക്മിണി. നാട്ടുകാരില്‍ ചിലര്‍ നല്‍കുന്ന സഹായംകൊണ്ടാണ് ജീവിതം മുന്നോട്ട് നീക്കുന്നത്. ഇതിനിടെ വലതുകാലില്‍ ഉണ്ടായ മുറിവ് പഴുത്തതോടെ മൂന്ന് ദിവസം മുമ്പ് കാല്‍വിരല്‍ മുറിച്ചുനീക്കി. തുടര്‍ ചികിത്സക്കായി അരീക്കോട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച മലപ്പുറത്ത് മുഖ്യമന്ത്രി വരുന്നുണ്ടെന്ന വിവരം ലഭിച്ചിരുന്നെങ്കിലും കാണാന്‍ താല്‍പ്പര്യമില്ലെന്നാണ് ഇമ്പിച്ചിയുടെ മറുപടി. നാട്ടുകാര്‍ നല്‍കുന്ന സഹായം ചികിത്സക്കുപോലും തികയുന്നില്ല. പലദിവസങ്ങളിലും പട്ടിണിയാണ്. എന്നാല്‍ താന്‍ ആരുടെ മുമ്പിലും കൈനീട്ടാറില്ല. ആരെങ്കിലും തന്നാല്‍ അതുവേണ്ടന്ന് പറയാറില്ലെന്നും പറയുമ്പോള്‍ ഇമ്പിച്ചിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. താമസിക്കുന്ന വീടിന്റെ ഒരുഭാഗം തകര്‍ന്നു. പരാതി നല്‍കിയിട്ടും അധികൃതര്‍ ഗൗനിക്കുന്നില്ലെന്ന ദുഃഖവും ഇമ്പിച്ചിക്കുണ്ട്.
(ടി വി സുരേഷ്)

ടിഎ കുടിശ്ശിക വിരമിച്ചിട്ടും കിട്ടിയില്ല; ജനസമ്പര്‍ക്ക പരാതിയും ചവറ്റുകുട്ടയില്‍

സര്‍വീസില്‍നിന്ന് വിരമിച്ച് രണ്ടര വര്‍ഷം പിന്നിട്ടിട്ടും യാത്രാബത്തക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് പി വിജയന്‍. മുഖ്യമന്ത്രി കഴിഞ്ഞവര്‍ഷം നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. നിരവധി തവണ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും ഗുണമുണ്ടായില്ല. ഇത്തവണ വീണ്ടും ജനസമ്പര്‍ക്കത്തില്‍ അപേക്ഷ നല്‍കിയെങ്കിലും പരാതി പരിഗണിക്കുകപോലും ചെയ്യാതെ അധികൃതര്‍ തള്ളി.

അരിയല്ലൂര്‍ പാന്നിയന്‍കര വീട്ടില്‍ വിജയന്‍ 2011 മാര്‍ച്ച് 31നാണ് ഗ്രാമവികസന വകുപ്പില്‍നിന്ന് വിരമിച്ചത്. തിരൂരങ്ങാടി ബ്ലോക്കില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറായിരിക്കെയാണ് ഔദ്യോഗിക യാത്രയ്ക്കായി 8098 രൂപ വിനിയോഗിച്ചത്. 2008 ജനുവരി മുതല്‍ 2009 ഫെബ്രുവരി വരെയുള്ള യാത്രാബത്തയാണ് ലഭിക്കാനുള്ളത്. സര്‍വീസില്‍നിന്നും വിരമിച്ചിട്ടും തുക ലഭിക്കാതെവന്നതോടെയാണ് 2011 നവംബര്‍ 24ന് നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ നല്‍കിയത്. വിഷയം പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചെങ്കിലും ഒന്നും നടന്നില്ല. കഴിഞ്ഞ ജൂലൈ ഒമ്പതിന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും ഗ്രാമവികസന കമീഷണറുമായി ബന്ധപ്പെടാനാണ് മറുപടി ലഭിച്ചത്. തുടര്‍ന്ന് തിരുവനന്തപുരത്തെ ഗ്രാമവികസന വകുപ്പ് ഓഫീസില്‍ എത്തിയെങ്കിലും 24/07/2013ല്‍ തദ്ദേശഭരണ വകുപ്പിന് അയച്ച കത്തിന്റെ ഫോട്ടോകോപ്പി മാത്രമാണ് ലഭിച്ചത്. ബില്ലുകള്‍ ബന്ധപ്പെട്ട ഓഫീസ് തലത്തില്‍ അനുവദിച്ച് നല്‍കുന്നതിനുള്ള സമയപരിധി കഴിഞ്ഞതിനാല്‍ സര്‍ക്കാരില്‍നിന്നുള്ള പ്രത്യേകാനുമതിക്കായി ബില്ലുകള്‍ സഹിതം ശുപാര്‍ശ ചെയ്യുന്നു എന്നാണ് കത്തിലുള്ളത്. ഗ്രാമവികസന കമീഷണര്‍ക്കുവേണ്ടി സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആര്‍ രാജഗോപാലാണ് കത്ത് നല്‍കിയത്. ഇതിനുശേഷമാണ് വിജയന്‍ 20/07/13ന് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ വീണ്ടും അപേക്ഷ നല്‍കിയത്. പരിപാടി തിങ്കളാഴ്ച മലപ്പുറത്ത് നടക്കാനിരിക്കുമ്പോഴും വിജയന് പരാതി പരിഗണിച്ചതായിപ്പോലും മറുപടി ലഭിച്ചിട്ടില്ല.

കൈയടി നേടാന്‍ ബിപിഎല്‍ കാര്‍ഡ് വിതരണം

മലപ്പുറം: കൊട്ടിഘോഷിച്ച് നടത്തുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഇക്കുറിയും മുന്‍പന്തിയില്‍ ബിപിഎല്‍ കാര്‍ഡിനുള്ള അപേക്ഷകര്‍. ആകെ ലഭിച്ച 10,171 അപേക്ഷകളില്‍ 3758 എണ്ണം ബിപിഎല്‍ കാര്‍ഡിന് വേണ്ടിയുള്ളതാണ്. ഇതില്‍ 1272 അപേക്ഷകള്‍ യോഗ്യമല്ലെന്ന് കണ്ട് തള്ളിയിട്ടുണ്ട്. ബാക്കിയുള്ള 2467 പേര്‍ക്ക് ബിപിഎല്‍ കാര്‍ഡുകള്‍ നല്‍കുമെന്നാണ് അധികൃതര്‍ പറയുന്നത്. പഞ്ചായത്ത് തലത്തിലുള്ള സ്ക്രീനിങ് കമ്മിറ്റി പരിശോധന നടത്തി ബിപിഎല്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഇവര്‍ക്കാണ് ബിപിഎല്‍ കാര്‍ഡ് നല്‍കുന്നത്. താലൂക്ക് സപ്ലൈ ഓഫീസുകളില്‍നിന്ന് വിതരണം ചെയ്യേണ്ട കാര്‍ഡാണ് മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടിയില്‍ വിതരണം ചെയ്യുന്നത്. 2011ലെ ജനസമ്പര്‍ക്കത്തില്‍ 43,224 അപേക്ഷകളാണ് ബിപിഎല്‍ കാര്‍ഡിനായി ലഭിച്ചത്. ഇതില്‍ വെറും 54 എണ്ണം മാത്രമാണ് അനുവദിച്ചത്. അവശേഷിക്കുന്നവ താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് കൈമാറി. ഇവിടെ മുമ്പ് അപേക്ഷിച്ചവര്‍തന്നെയാണ് വീണ്ടും അപേക്ഷ നല്‍കിയത്. ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ നല്‍കിയാല്‍ പരിഹാരമുണ്ടാകുമെന്ന കോണ്‍ഗ്രസ്þലീഗ് നേതൃത്വത്തിന്റെ വാക്കുകേട്ടായിരുന്നു ജനങ്ങള്‍ അപേക്ഷയുമായി എത്തിയത്. പഞ്ചായത്ത് തലത്തിലുള്ള സ്ക്രീനിങ് കമ്മിറ്റി പരിശോധന നടത്താതെ കാര്‍ഡ് അനുവദിക്കാനാവില്ലെന്ന് അറിഞ്ഞുകൊണ്ടായിരുന്നു ഈ തട്ടിപ്പ്. ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കിയതുകൊണ്ടാണ് കാര്‍ഡ് ലഭിച്ചതെന്ന് വരുത്തുകയാണ് ലക്ഷ്യം. ജനസമ്പര്‍ക്കത്തില്‍ അപേക്ഷ നല്‍കാത്തവര്‍ക്കും കാര്‍ഡ് നല്‍കാന്‍ നടപടി പൂര്‍ത്തിയായിട്ടുണ്ട്.

ജനം തഴഞ്ഞു; അപേക്ഷ അഞ്ചിലൊന്ന്

മലപ്പുറം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊട്ടിഘോഷിച്ച് സംഘടിപ്പിക്കുന്ന ജനസമ്പര്‍ക്ക പരിപാടി ജനം തഴഞ്ഞു. ജില്ലയില്‍ തിങ്കളാഴ്ച നടക്കുന്ന പരിപാടിയില്‍ 2011þലുള്ളതിന്റെ അഞ്ചിലൊന്ന് അപേക്ഷ മാത്രമാണ് ലഭിച്ചത്. സോളാര്‍ കേസില്‍ ആടിയുലയുന്ന സര്‍ക്കാര്‍ ജനസമ്പര്‍ക്ക പരിപാടിയിലൂടെ പ്രതിഛായ വീണ്ടെടുക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് ജനത്തിന്റെ നിസ്സഹകരണം. മുമ്പ് നല്‍കിയ അപേക്ഷകളില്‍ ബഹുഭൂരിപക്ഷവും തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നതാണ് ഇത്തവണ അപേക്ഷ കുറയാന്‍ കാരണം. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പ്രതിഛായക്കേറ്റ മങ്ങലും ജനത്തെ അകറ്റി. ജില്ലയില്‍ കഴിഞ്ഞവര്‍ഷം 52,500 അപേക്ഷകളാണ് ലഭിച്ചത്. ഇത്തവണ 10,171 പരാതികളും. ഇതില്‍ 6142 അപേക്ഷകള്‍ സൂക്ഷ്മപരിശോധനയില്‍ തന്നെ തള്ളി. അവശേഷിക്കുന്ന 4029 അപേക്ഷകളാണ് സ്ക്രീനിങ് കമ്മിറ്റി പരിഗണിച്ചത്. ഇതില്‍ 523 പരാതി മാത്രമാണ് മുഖ്യമന്ത്രി നേരിട്ട് പരിഗണിക്കുക. ആകെ ലഭിച്ച പരാതികളില്‍ പകുതിയിലേറെയും ബിപിഎല്‍ കാര്‍ഡിനുള്ളവയാണ്.

2011ലെ ജനസമ്പര്‍ക്ക പരിപാടിയുടെ 90 ശതമാനം അപേക്ഷകളിലും തീര്‍പ്പുകല്‍പ്പിച്ചു എന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. എന്നാല്‍, ഭൂരിഭാഗം അപേക്ഷകളും ബന്ധപ്പെട്ട വകുപ്പുകളില്‍ കെട്ടിക്കിടക്കുകയാണ്. മുഖ്യമന്ത്രിക്ക് ലഭിച്ച അപേക്ഷകള്‍ വകുപ്പുകള്‍ക്ക് കൈമാറിയതിനെയാണ് തീര്‍പ്പുകല്‍പ്പിച്ചതായി വ്യാഖ്യാനിക്കുന്നത്. ബിപിഎല്‍ കാര്‍ഡിനുള്ള പതിനായിരക്കണക്കിന് അപേക്ഷകള്‍ താലൂക്ക് സപ്ലൈ ഓഫീസുകളില്‍ കെട്ടിക്കിടക്കുകയാണ്. പഞ്ചായത്ത് തലത്തിലുള്ള സ്ക്രീനിങ് കമ്മിറ്റി മതിയായ പരിശോധന നടത്തിയാണ് ബിപിഎല്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതെന്നിരിക്കെയാണ് കഴിഞ്ഞതവണ ആളെ കൂട്ടാന്‍ ബിപിഎല്‍ അപേക്ഷകള്‍ വാങ്ങിക്കൂട്ടിയത്. ഇത് പരിഗണിക്കാതെയാണ് ഇത്തവണയും ബിപിഎല്‍ അപേക്ഷകള്‍ വാങ്ങുന്നത്.

പരാതിപ്പെട്ടിട്ടും ഫലമില്ല; രണ്ടരസെന്റിനും ജപ്തി ഭീഷണി

തിരൂര്‍: ആദ്യം നഗരസഭ വാക്കുമാറി. ഒടുവില്‍ ജനസമ്പര്‍ക്കത്തില്‍ പ്രതീക്ഷിച്ചിട്ടും നീതി മാത്രം അകലെ. രണ്ടര സെന്റ് മാത്രമുള്ള കുടുംബം ജപ്തി ഭീഷണിയിലുമാണ്. ഇ എം എസ് ഭവനനിര്‍മാണ പദ്ധതിയിലൂടെ പണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ വീട് നിര്‍മിച്ച നിര്‍മാണ തൊഴിലാളി കുടുംബത്തിനാണ് ദുരവസ്ഥ. തിരൂര്‍ നഗരസഭയിലെ 20 വാര്‍ഡിലെ കാവുങ്ങല്‍ സദാനന്ദനും കുടുംബവുമാണ് നഗരസഭാ അധികൃതരുടെ നിഷേധാത്മക നിലപാടിനെത്തുടര്‍ന്ന് കുരുക്കിലായത്.
2007ല്‍ സദാനന്ദന്‍ ഇ എം എസ് ഭവനനിര്‍മാണ പദ്ധതിയില്‍ വീട് നിര്‍മിക്കാനായി അപേക്ഷ നല്‍കിയിരുന്നു. ആ വര്‍ഷത്തെ പദ്ധതിയില്‍ സദാനന്ദനെ തെരഞ്ഞെടുക്കുകയുംചെയ്തു. നഗരസഭയുടെ പണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ തനിക്ക് ഭാഗംകിട്ടിയ രണ്ടര സെന്റ് ഭൂമിയില്‍ വീട് നിര്‍മാണവും ആരംഭിച്ചു. എന്നാല്‍ നഗരസഭയുടെ ഫണ്ട് ആ വര്‍ഷം ലഭിക്കാത്തതിനാല്‍ ബാങ്കില്‍നിന്നും വായ്പയെടുത്തും ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും കടം വാങ്ങിയും വീട് നിര്‍മാണം പകുതിയാക്കി. വാടകവീട്ടില്‍നിന്നും താമസം മാറ്റുകയുംചെയ്തു. എന്നാല്‍ തുടര്‍ വര്‍ഷങ്ങളിലും നഗരസഭയുടെ ഭാഗത്തുനിന്നും ഒരു നീക്കവുമുണ്ടായില്ല. ഇതിനിടെ 2012 മാര്‍ച്ച് അഞ്ചിന് മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയെങ്കിലും 2012-13 വര്‍ഷത്തെ പദ്ധതിയില്‍ അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടുള്ള മറുപടിയാണ് ലഭിച്ചത്. ഇ എം എസ് ഭവനനിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതി നല്‍കിയതും തനിക്ക് വിനയായതായി സദാനന്ദന്‍ പറയുന്നു. ഇതിനിടെയായിരുന്നു ബാങ്കില്‍നിന്ന് ജപ്തി ഭീഷണിയുമായി നോട്ടീസെത്തിയത്.

deshabhimani

No comments:

Post a Comment