Tuesday, November 5, 2013

സൗദിയില്‍ ജയില്‍; ഇവിടെ പെരുവഴി

ദമാം: അനധികൃത തൊഴിലാളികള്‍ക്ക് രേഖകള്‍ ശരിയാക്കുന്നതിനും അല്ലാത്തവര്‍ക്ക് സൗദി വിടുന്നതിനുമായി അനുവദിച്ച സമയ പരിധി ഞായറാഴ്ച അവസാനിച്ചതോടെ സൗദിയിലെങ്ങും വ്യാപക പരിശോധന. മലയാളികളടക്കം അഞ്ഞൂറോളം പേര്‍ പിടിയിലായതായി സൂചനയുണ്ട്.

ദമാം കൊദ്രിയയയില്‍ മലയാളിയുടെ അലുമിനിയം ഫാബ്രിക്കേഷന്‍ കടയില്‍ നടത്തിയ പരിശോധനയില്‍ കോഴിക്കോട് സ്വദേശികളായ രണ്ടുപേരെ പിടികൂടി. ബുറൈദയില്‍ റിയാദ് ബാങ്കിന് സമീപം നിരവധി പേര്‍ പിടിയിലായി. പാകിസ്ഥാന്‍, സുഡാന്‍, ഈജിപ്ത് പൗരന്മാരാണ് പിടിയിലായത്. അറാറില്‍ വൈകിട്ടോടെ നടന്ന പരിശോധനയില്‍ വിവിധ രാജ്യക്കാരായ നിരവധി പേര്‍ പിടിയിലായിട്ടുണ്ട്.

തബൂക്കില്‍ ഇക്കാമ, തൊഴില്‍ നിയമലംഘകരും അവരെ വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്നവരും അടക്കം 150 പേരെ കസ്റ്റഡിയിലെടുത്തു. തബൂക്കിന്റെ വിവിധ മേഖലകളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേരെ കസ്റ്റഡിയിലെടുത്തത്. അല്‍ബാഹയില്‍ നടത്തിയ പരിശോധനയില്‍ 208 പേരെ കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ അറിയിച്ചു. തായിഫില്‍ 83 പേരാണ് പിടിയിലായത്.

തൊഴിലിടങ്ങളിലും ഓഫീസുകളിലും കയറി പരിശോധന ഉണ്ടാകുമെന്നതിനാല്‍ പലയിടത്തും കടകള്‍ അടഞ്ഞുകിടന്നു. ഓഫീസുകളിലും സ്കൂളുകളിലും ഹാജര്‍നില കുറഞ്ഞു. പ്രധാന നഗരങ്ങളിലെ ജനത്തിരക്കേറിയ മാര്‍ക്കറ്റുകളും വിദേശികള്‍ തിങ്ങിക്കൂടുന്ന ഇടങ്ങളും വിജനമായി. രേഖകള്‍ ശരിയാക്കാത്തവരും ശരിയാക്കുന്നതിനായി ഓഫീസുകളില്‍ സമര്‍പ്പിച്ചവരും തിങ്കളാഴ്ച പുറത്തിറങ്ങിയില്ല. റോഡുകളില്‍ ആളുകളും വാഹനങ്ങളും കുറവായിരുന്നു.

തൊഴില്‍, ആഭ്യന്തരമന്ത്രാലയങ്ങളാണ് പരിശോധന നടത്തുന്നത്. പ്രധാന റോഡുകളിലെല്ലാം പരിശോധന ഉണ്ടായിരുന്നു. നിരവധി വാഹനങ്ങളിലായി എത്തിയ പരിശോധകര്‍ വാഹനങ്ങള്‍ നിര്‍ത്തിച്ച് രേഖ പരിശോധിച്ചു. കുട്ടികളെ കൊണ്ടുവരുന്ന ഡ്രൈവര്‍മാര്‍ വിട്ടുനിന്നതിനാല്‍ സ്കൂളുകളിലും കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞു. ചില സ്കൂളുകളില്‍ അധ്യാപികമാരും എത്തിയിരുന്നില്ല. ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ 18 ശതമാനത്തോളം കുട്ടികള്‍ എത്തിയില്ല. റിയാദില്‍ ഇന്ത്യന്‍ എംബസി സ്കൂളിലും രണ്ട് സ്വകാര്യ ഇന്റര്‍നാഷണല്‍ സ്കൂളിലും കുട്ടികള്‍ വളരെ കുറഞ്ഞു. ഒരു സ്വകാര്യ ഇന്റര്‍നാഷണല്‍ സ്കൂളില്‍ അധ്യാപികമാര്‍കൂടി എത്താത്തതിനാല്‍ പഠനവും നടന്നില്ല. ചില സ്കൂളിന് പുറത്ത് പാസ്പോര്‍ട്ട് വിഭാഗവും ലേബര്‍ ഓഫീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് മറ്റു വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടഞ്ഞു. പിടിയിലായവരെ ജയിലുകളിലേക്കാണ് മാറ്റുന്നത്. ഇവരില്‍ നിന്ന് 16.4 ലക്ഷം രൂപവരെ പിഴ ഈടാക്കും. രണ്ടു വര്‍ഷം തടവും അനുഭവിക്കേണ്ടിവരും. പിന്നീട് നാടുകടത്തുന്ന ഇവര്‍ക്ക് സൗദിയില്‍ പ്രവേശിക്കാന്‍ വിലക്കും ഏര്‍പ്പെടുത്തും.

ഒന്നും ചെയ്യാതെ സര്‍ക്കാര്‍

തിരു: സൗദി അറേബ്യയില്‍ നിതാഖാത്ത് സമയപരിധി അവസാനിച്ചിട്ടും ജീവിതോപാധി നഷ്ടമായവരുടെ നിലയ്ക്കാത്ത ഒഴുക്ക്. അവസാനനിമിഷംവരെ പ്രതീക്ഷാപൂര്‍വം കാത്തുനിന്ന ഇരുനൂറോളം പേരാണ് തിങ്കളാഴ്ച രാവിലെ നാട്ടില്‍ മടങ്ങിയെത്തിയത്. തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂര്‍, മംഗളൂരു വിമാനത്താവളങ്ങളിലായാണ് ഇത്രയുംപേരെത്തിയത്. സര്‍ക്കാര്‍ സഹായിക്കാത്തതിലുള്ള പ്രതിഷേധം കാരണം പലരും വിമാനത്താവളങ്ങളിലെ കൗണ്ടറില്‍ രജിസ്റ്റര്‍ചെയ്തില്ല. സൗദിയില്‍ 52 ഡിഗ്രി ചൂടില്‍ ദിവസങ്ങളോളം ക്യൂനിന്ന് ഔട്ട് പാസ് വാങ്ങി മടങ്ങിയവര്‍ പ്രതികരിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല.

തിരുവനന്തപുരത്ത് തിങ്കളാഴ്ച എത്തിയ അറുപതോളം പേരില്‍ 40 പേരാണ് രജിസ്റ്റര്‍ചെയ്തത്. കൊച്ചിയില്‍ 26 പേരും കരിപ്പൂരില്‍ രണ്ടുദിവസമായി 76 പേരും രജിസ്റ്റര്‍ചെയ്തു. മംഗളൂരു ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍ എത്തിയ മലയാളികളെക്കുറിച്ച് സര്‍ക്കാരിന് വിവരമില്ല. മടങ്ങുന്നവര്‍ക്ക് ജോലിയൊന്നും നല്‍കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് മന്ത്രി കെ സി ജോസഫ് ആവര്‍ത്തിച്ചു.

പ്രവാസിക്ഷേമത്തിന്റെ ചുമതലയുള്ള നോര്‍ക്ക റൂട്ട്സിന് സൗദിയില്‍നിന്ന് എത്തിയവരെക്കുറിച്ച് അറിയില്ല. സംസ്ഥാന സര്‍ക്കാര്‍ ഒരാള്‍ക്കുപോലും വിമാനടിക്കറ്റ് നല്‍കിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ തിരുവനന്തപുരം പനച്ചമൂട്ടിലെ ഷാഹുല്‍ പറഞ്ഞു. ദമാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലെ സന്നദ്ധസംഘടനകളാണ് സഹായം എത്തിച്ചത്. മടങ്ങിവന്നവര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ സാമ്പത്തികസഹായം പ്രഖ്യാപിച്ചപ്പോള്‍ കേരള സര്‍ക്കാര്‍ മലയാളികളോട് സാന്ത്വനവാക്കുപോലും പറഞ്ഞില്ല. ലക്ഷക്കണക്കിനാളുകള്‍ തൊഴില്‍രഹിതരായശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളില്‍ പ്രാദേശിക ഉപസമിതി രൂപീകരിച്ചത്. മൂന്ന് ഉപസമിതികളും തിങ്കളാഴ്ച മന്ത്രി കെ സി ജോസഫിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചൊവ്വാഴ്ച പകല്‍ 11ന് നോര്‍ക്ക റൂട്ട്സിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി വിളിച്ചിട്ടുണ്ട്.

നിതാഖാത്ത്: മടങ്ങുന്നവര്‍ക്ക് ജോലി നല്‍കാനാകില്ലെന്ന് മന്ത്രി

കണ്ണൂര്‍: സൗദി അറേബ്യയിലെത്തിയ മലയാളികള്‍ക്ക് നിതാഖാത്തിനെ തുടര്‍ന്ന് തിരിച്ചുവരേണ്ട സാഹചര്യമുണ്ടായാല്‍ മടക്കടിക്കറ്റ് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചതായി മന്ത്രി കെ സി ജോസഫ് പറഞ്ഞു. തിരികെവരാന്‍ ബാക്കിയുള്ളവര്‍ക്ക് ടിക്കറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ ജോലി നല്‍കാന്‍ സാധിക്കില്ല. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

തിരികെയെത്തുന്നവര്‍ക്ക് ജോലി നല്‍കുന്നതിനുപകരം ഡെയ്റി, കാര്‍ഷിക ഫാം തുടങ്ങിയവക്കും സ്വയം തൊഴിലിനും സഹായം ലഭ്യമാക്കും. ദേശസാല്‍കൃത ബാങ്കുകളുമായി ചേര്‍ന്ന് വായ്പ നല്‍കാന്‍ നടപടിയെടുക്കും. ജിദ്ദ, ദമാം, റിയാദ് കോണ്‍സലുകളില്‍ നോര്‍ക്കയുടെ അഡൈ്വസറി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സമിതി നല്‍കുന്ന റിപ്പോര്‍ട്ടില്‍ ചൊവ്വാഴ്ച ഉന്നതതല യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. തിരികെയെത്തുന്നവരുടെ പുനരധിവാസത്തിനായി നിയോഗിച്ച മന്ത്രിതല സമിതി തയ്യാറാക്കിയ പാക്കേജ് ബുധനാഴ്ച ചര്‍ച്ചചെയ്യും. നിയമവിധേയമായി സൗദിയില്‍തന്നെ കഴിയാന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ചെയ്യാന്‍ സമയമുണ്ടായിട്ടും ഈ സാഹചര്യം പ്രയോജനപ്പെടുത്താത്തവരെ സഹായിക്കുക പ്രയാസകരമാണെന്നും മന്ത്രി പറഞ്ഞു.

deshabhimani

No comments:

Post a Comment