Tuesday, November 5, 2013

ഡിവൈഎഫ്ഐ നേതാവിനെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്നു

ഗുരുവായൂര്‍: സിപിഐ എം അംഗവും ഡിവൈഎഫ്ഐ തൈക്കാട് മേഖല ജോയിന്റ് സെക്രട്ടറിയുമായ ബ്രഹ്മകുളം ഈസ്റ്റ് കുന്നംകോരത്ത് ഫാസിലി (21)നെ ആര്‍എസ്എസ് ക്രിമിനലുകള്‍ വെട്ടിക്കൊന്നു. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ ബ്രഹ്മകുളം കിയാരെ ജങ്ഷനടുത്തായിരുന്നു ആക്രമണം. സിവില്‍ എഞ്ചിനിയറിങ് ഡിപ്ലോമ പൂര്‍ത്തിയാക്കിയ ഫാസില്‍ എസ്എഫ്ഐ മണലൂര്‍ ഏരിയ ജോയിന്റ് സെക്രട്ടറിയുമാണ്. കുന്നംകോരത്ത് സലീമിന്റെയും ബുഷറയുടെയും മകനാണ്. സഹോദരന്‍: ഫൈസല്‍. വൈകിട്ട് വീട്ടില്‍ നിന്ന് ജങ്ഷനിലേക്ക് നടന്നുപോകുന്നതിനിടെ ബൈക്കിലെത്തിയ ആര്‍എസ്എസുകാര്‍ വാളുകൊണ്ട് വെട്ടിവീഴ്ത്തുകയായിരുന്നു. ദേഹമാസകലം വെട്ടേറ്റ് ചോരയില്‍ കുളിച്ചുകിടന്ന ഫാസിലിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.

വീണ്ടും ആര്‍എസ്എസ് ക്രൂരത

ഗുരുവായൂര്‍: തിങ്കളാഴ്ച ബ്രഹ്മകുളത്ത് കൊലചെയ്യപ്പെട്ട ഡിവൈഎഫ്ഐ നേതാവ് ഫാസില്‍ ആര്‍എസ്എസിന്റെ അടങ്ങാത്ത രക്തദാഹത്തിന്റെ പുതിയ ഇരയാണ്. നാട്ടുകാര്‍ക്ക് പ്രിയങ്കരനായ ഫാസിലിനെ ബൈക്കിലെത്തിയ ആര്‍എസ്എസ് ക്രിമിനലുകള്‍ റോഡില്‍വച്ചാണ് വെട്ടിക്കൊന്നത്. ഇരുപതോളം വെട്ടുകള്‍ ദേഹത്തുണ്ടായിരുന്നു. അക്രമിസംഘം രക്ഷപ്പെട്ടു. കഴിഞ്ഞ മാസവും ഇവിടെ ആര്‍എസ്എസുകാര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. നിരന്തരം ആര്‍എസ്എസ് ഭീഷണിയുള്ള പ്രദേശമാണിത്. ഏതാനും മാസം മുമ്പ് ഡിപ്ലോമ കോഴ്സ് പൂര്‍ത്തിയാക്കിയ ഫാസില്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയായിരുന്നു. സിപിഐ എം ബ്രഹ്മകുളം ഈസ്റ്റ് ബ്രാഞ്ച് അംഗമാണ് ഫാസില്‍. പിതാവ് സലീമും പാര്‍ടി അംഗമാണ്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സംസ്കരിക്കും. സിറ്റി പൊലീസ് കമ്മീഷണര്‍ പി പ്രകാശ്, എസിപി ആര്‍ കെ ജയരാജ് എന്നിവര്‍ സ്ഥലത്തെത്തി. ചൊവ്വാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെ മണലൂര്‍ മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിക്കും

വീണ്ടും ആര്‍എസ്എസ് അരുംകൊല

തൃശൂര്‍: നാടിനെ ഞെട്ടിച്ച് വീണ്ടും ആര്‍എസ്എസിന്റെ അരുംകൊല. സിപിഐ എമ്മിനെ ഉന്മൂലനം ചെയ്യുകയെന്ന രാഷ്ട്രീയത്തിന്റെ ഭാഗമായാണ് ബ്രഹ്മകുളത്തെ ഫാസിലിന്റെ കൊലപാതകം. നാടിന്റെയും ഒരു കുടുംബത്തിന്റെയും മുഴുവന്‍ പ്രതീക്ഷകളുമാണ് അക്രമികള്‍ തകര്‍ത്തെറിഞ്ഞത്. സിപിഐ എമ്മിന്റെ യുവജന വിദ്യാര്‍ഥി സംഘടനകളുടെയും പ്രധാന പ്രവര്‍ത്തകനായിരുന്നു ഫാസില്‍. ഫാസിലിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായിട്ടില്ലെന്ന് നാട്ടുകാരെല്ലാം സാക്ഷ്യപ്പെടുത്തുന്നു.

ജില്ലയില്‍ ആര്‍എസ്എസിന്റെ കൊലപാതക രാഷ്ട്രീയത്തിന് ഇരകളായി പൊലിഞ്ഞ സിപിഐ എമ്മിന്റെയും യുവജന വിദ്യാര്‍ഥി സംഘടനകളുടെയും നിര നീണ്ടതാണ്. സിപിഐ എം ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി കെ ഗോപാലന്‍, എസ്എഫ്ഐ നേതാക്കളായിരുന്ന തൃശൂര്‍ ഗവ. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ കെ ആര്‍ തോമസ്, കേരളവര്‍മകോളേജിലെ ഇ കെ ബാലന്‍, ചാലക്കുടിയില്‍ ആശുപത്രിയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ മാഹിന്‍, കൊടുങ്ങല്ലൂരിലെ ഡിവൈഎഫ്ഐ നേതാവ് കെ യു ബിജു, ശ്രീനാരായണപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ചെമ്പനേഴത്ത് രാജു, ഏങ്ങണ്ടിയൂരിലെ ഡിവൈഎഫ്ഐ നേതാവ് ഐ കെ ധനീഷ്, ചാലക്കുടിയിലെ സിപിഐ എം പ്രവര്‍ത്തകന്‍ പി ആര്‍ രാമകൃഷ്ണന്‍, വടക്കാഞ്ചേരിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ സി ടി ബിജു, നാട്ടികയില്‍ കൊല്ലപ്പെട്ട സിപിഐ എം പ്രവര്‍ത്തകന്‍ പി കെ ഷാജി തുടങ്ങിയവര്‍ ആര്‍എസ്എസ് അരുംകൊലക്ക് ഇരകളായവരില്‍ ഉള്‍പ്പെടും.

വര്‍ഗീയതയും ജാതീയതയും ഇളക്കിവിട്ട് നാടിനെ തകര്‍ക്കുന്ന ആര്‍എസ്എസിന്റെ നിലപാടുകളെ എതിര്‍ത്തതിന്റെ പേരിലാണ് സിപിഐ എം-യുവജനസംഘടനാ നേതാക്കളേയും പ്രവര്‍ത്തകരേയും ആര്‍എസ്എസ് സംഘം കൊലപ്പെടുത്തിയത്. കൊടും ക്രിമിനലുകളുടെ കൂടാരമായി മാറിയ ബിജെപിയും ആര്‍എസ്എസും നാടിന്റെ സമാധാനാന്തരീക്ഷം നിരന്തരം തകര്‍ ക്കുകയാണ്. ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ട ഈ സാമൂഹ്യവിരുദ്ധരുടെ മുഖ്യരാഷ്ട്രീയം സിപിഐ എമ്മിനെ തകര്‍ക്കുകയാണ്.

കാട്ടാളത്തം തുറന്നുകാട്ടിയ 20 വെട്ട്

ഗുരുവായൂര്‍: ഫാസിലിന്റെ കൊലപാതകം ആര്‍എസ്എസ് ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ കാട്ടാളമുഖമാണ് തുറന്നുകാട്ടിയത്. ഇരുപതോളം വെട്ടുകളാണ് ഫാസിലിന്റെ ശരീരത്തിലേറ്റിരിക്കുന്നത്. വെറുതെ കൊലപ്പെടുത്തുകയായിരുന്നില്ല അക്രമിസംഘത്തിന്റെ ലക്ഷ്യമെന്നത് വ്യക്തമാക്കുന്ന ആക്രമണമാണ് നടന്നത്. നിരായുധനായ യുവാവിനെ വേണമെങ്കില്‍ ഒറ്റവെട്ടിനുതന്നെ തീര്‍ക്കാമെന്നിരിക്കെ അതിന് ശ്രമിക്കാതെ നിരവധി തവണ വെട്ടുകയായിരുന്നു. മുന്‍ധാരണപ്രകാരമായിരുന്നു ആക്രമണം.

ഫാസില്‍ എംഐടിയില്‍നിന്നും സിവില്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ നേടിയത് കഴിഞ്ഞവര്‍ഷമായിരുന്നു. അതിനുശേഷം തന്റെ യോഗ്യതക്ക് ചേര്‍ന്ന ജോലിക്കായി കാത്തിരിക്കാതെ വീടിന്റെ ഭാരം ഏറ്റെടുക്കയായിരുന്നു. ബിടെക് വിദ്യാര്‍ഥിയായ സഹോദരന്‍ ഫൗസലിന്റെ പഠനച്ചെലവിനും വീടിന്റെ നിത്യ ചെലവിനുമായുള്ള പണം കണ്ടെത്താന്‍ പെട്രോള്‍ടാങ്കര്‍ ഡ്രൈവറായ പിതാവ് സലീമിന്റെ പ്രയത്നം മാത്രം പോരെന്ന് കണ്ടാണ് കുടുംബത്തിന്റെ ഭാരമേല്‍ക്കാന്‍ ഫാസില്‍ തയ്യാറായത്. വീടിന് 100 മീറ്റര്‍ മാത്രം അകലെയാണ് ഫാസില്‍ ആര്‍എസ്എസിന്റെ കൊലക്കത്തിക്കിരയായത്. കാഴ്ചയിലും പ്രകൃതത്തിലും കുട്ടിത്തം വിട്ടുമാറാത്ത ഫാസില്‍ പ്രദേശത്തിന്റെയാകെ ഓമനയായിരുന്നു. അങ്ങനെയുള്ള ഈ ചെറുപ്പാക്കാരനെ ആക്രമിക്കുന്നതിന് ഹൈന്ദവ ഫാസിസ്റ്റ് കാട്ടാളത്തം തീരുമാനിക്കുകയായിരുന്നു.

ഫാസിലിനെ ആക്രമിച്ചതറിഞ്ഞ് നൂറുകണക്കിനാളുകളാണ് ആശുപത്രിയിലേക്ക് ഒഴുകിയെത്തിയത്. മുതുവട്ടൂര്‍ രാജാ ആശുപത്രിയിലെത്തിയപ്പോഴാണ് ഫാസില്‍ മരിച്ചത് പലരും അറിയുന്നത്. വിവരമറിഞ്ഞ് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവന്‍, സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോണ്‍, ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ബാബു എം പാലിശേരി എംഎല്‍എ, മുരളി പെരുനെല്ലി, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ കെ വത്സരാജ്, മണ്ഡലം സെക്രട്ടറി കെ കെ സുധീരന്‍, ചലച്ചിത്ര സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ മണി, ടി കെ വാസു, ഡിവൈഎഫ്ഐ ജില്ലാ നേതാക്കളായ സി സുമേഷ്, കെ വി സജു, പി ബി അനൂപ്, കെ കെ മുബാറക്ക്, സിപിഐ എം മണലൂര്‍ ഏരിയ സെക്രട്ടറി ടി വി ഹരിദാസ്, കുന്നംകുളം ഏരിയ സെക്രട്ടറി എം ബാലാജി, ചാവക്കാട് ഏരിയ സെക്രട്ടറി എം കൃഷ്ണദാസ്, ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ ടി ടി ശിവദാസ്, ചാവക്കാട് ചെയര്‍പേഴ്ണ്‍ എ കെ സതീരത്നം, കുന്നംകുളം പ്രതിപക്ഷനേതാവ് കെ ബി ഷിബു, എസ്എഫ്ഐ ജില്ലാ സെക്രട്ടറി സെന്തില്‍കുമാര്‍, മണലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി എന്‍ സുര്‍ജിത്ത് എന്നിവര്‍ ആശുപത്രിയിലെത്തി.

പ്രതിഷേധിക്കുക: ഡിവൈഎഫ്ഐ

തൃശൂര്‍: ഡിവൈഎഫ്ഐ തൈക്കാട് മേഖലാ ജോ. സെക്രട്ടറിയും തൈക്കാട് യുവജ്യോതി യൂണിറ്റ് സെക്രട്ടറിയുമായ ഫാസിലിനെ ആര്‍എസ്എസ് സംഘം അരുംകൊല ചെയ്തതില്‍ ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. ഒരു പ്രകോപനവുമില്ലാതെയാണ് കൊലപാതകം. സംസ്ഥാനത്താകെ ആക്രമണങ്ങള്‍ ആര്‍എസ്എസ് സംഘം തുടരുകയാണ്. ഏതാനും മാസങ്ങള്‍ക്കകം മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തി. ജില്ലയിലും വ്യാപകമായി ആക്രമണങ്ങള്‍ നടത്തുകയാണ്. ഇതുവഴി പൊതു സമൂഹത്തെ ഭീതിയിലാഴ്ത്തുകയാണ് ലക്ഷ്യം. ഇതിനെ ജനകീയമായി ചെറുക്കും. കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂണിറ്റ്þ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തണമെന്ന് ജില്ലാപ്രസിഡന്റ് കെ വി സജു, സെക്രട്ടറി സി സുമേഷ് എന്നിവര്‍ അഭ്യര്‍ഥിച്ചു.

deshabhimani

No comments:

Post a Comment