Saturday, November 16, 2013

നെല്ലിപ്പടി പിന്നിടുന്ന ക്ഷമ

ചോര വീഴുന്ന കേരളം

വികൃതമാക്കപ്പെട്ട മുഖങ്ങള്‍

മുപ്പത്തേഴ് നാള്‍; നാലു ജീവന്‍

സംസ്ഥാനത്ത് സാമുദായികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ചില സംഘടനകള്‍ പരസ്യമായി വര്‍ഗീയനിലപാട് സ്വീകരിച്ചുവരുന്നതും ചിലര്‍ തീവ്രവാദപരമായി പ്രവര്‍ത്തിച്ചുവരുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ? ""ഉണ്ട്"" എന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഉത്തരം. ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ മതസൗഹാര്‍ദത്തിനും ക്രമസമാധാനത്തിനും ഹാനികരമാകുന്നതുകൊണ്ട് അവയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം നിരന്തരമായി സൂക്ഷ്മനിരീക്ഷണം നടത്തിവരുന്നുണ്ട് എന്നും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നു എന്നും നിയമസഭയില്‍ കോടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിന് ജൂലൈ ഒന്‍പതിന് ആഭ്യന്തരമന്ത്രി മറുപടി നല്‍കി.

നിരീക്ഷണമേയുള്ളൂ; പൊലീസിന്റെ കണ്‍മുന്നില്‍ വര്‍ഗീയ-തീവ്രവാദശക്തികള്‍ അഴിഞ്ഞാടുകയാണ്. അവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ലഭിക്കുന്നു. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് എബിവിപി ചെങ്ങന്നൂര്‍ നഗരപ്രമുഖും കോന്നി എന്‍എസ്എസ് കോളേജ് ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ഥിയുമായ മുളക്കുഴ കോട്ട ശ്രീശൈലത്തില്‍ വിശാലി(19)നെ കുത്തിക്കൊന്നത്. ചെങ്ങന്നൂര്‍ കിസ്ത്യന്‍ കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ വരവേല്‍ക്കുന്നതുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കിടെയാണ് എന്‍ഡിഎഫിന്റെ വിദ്യാര്‍ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ടും എബിവിപിയും ഏറ്റുമുട്ടിയത്. വിശാലിനുപുറമെ മൂന്ന് എബിവിപി പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റു. ഏതാനും ദിവസങ്ങള്‍ക്കകം, കണ്ണൂര്‍ പള്ളിക്കുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം ക്യാമ്പസ് ഫ്രണ്ട്-പോപ്പുലര്‍ ഫ്രണ്ട് സംഘം സച്ചിന്‍ ഗോപാല്‍(21) എന്ന ഡിപ്ലോമ വിദ്യാര്‍ഥിയെ കുത്തിക്കൊന്നു. സച്ചിനും എബിവിപി പ്രവര്‍ത്തകന്‍. രണ്ടുകൊലപാതകവും ചന്ദ്രശേഖരന്‍ വധത്തിനുശേഷം നടന്നവ. രണ്ടിലും പ്രതികള്‍ ഇസ്ലാമിക തീവ്രവാദികള്‍.

ഈ വര്‍ഷം ആഗസ്തില്‍ തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററില്‍ പൊലീസിനെ ഞെട്ടിച്ച ഒരാക്രമണം നടന്നു. ബൈക്കുകളില്‍ ആയുധങ്ങളുമായെത്തിയ തീവ്രവാദിസംഘം. പുറത്ത് വാഹനങ്ങളില്‍ അവര്‍ക്ക് കാവലായി ആയുധധാരികള്‍. ഇരച്ചുകയറിയ സംഘം ഓഫീസ് സെക്രട്ടറി ജെറിന്‍ ജോയിയെയും എസ്എഫ്ഐ ജില്ലാ സെക്രട്ടറി അന്‍സാരിയെയും വളഞ്ഞിട്ടു വെട്ടി. വെട്ടേറ്റുവീണ ജെറിന്‍ ഇഴഞ്ഞ് ടോയ്ലറ്റില്‍ കയറി. ചോരയൊഴുക്കി മരണത്തോട് മല്ലടിച്ച ആ യുവാവിനെ ടോയ്ലറ്റിലിട്ട് പുറത്തുനിന്നു പൂട്ടിയാണ് തീവ്രവാദിസംഘം സ്ഥലംവിട്ടത്. ഏറെ നേരത്തിനുശേഷം ഞരക്കംകേട്ടാണ് ജെറിനെ സഹപ്രവര്‍ത്തകര്‍ക്ക് രക്ഷിക്കാനായത്. ജെറിന്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയവെയാണ് പിതാവ് ജയസിങ് ഹൃദയംപൊട്ടിമരിച്ചത്. ഉന്നതതലത്തില്‍ ആസൂത്രണം ചെയ്തതായിരുന്നു ആ ആക്രമണമെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. പ്രധാന അക്രമികളോ ആസൂത്രകരോ ഇതുവരെ പിടിക്കപ്പെട്ടിട്ടില്ല. ഗൂഢാലോചനയെക്കുറിച്ച് അന്വേഷണവുമില്ല. തീവ്രവാദികള്‍ അടുത്ത ഇരയ്ക്കുവേണ്ടി അവസരം പാര്‍ത്തിരിക്കുന്നു.

അധ്യാപകന്റെ കൈവെട്ടാനും പട്ടികളുടെ കഴുത്തുവെട്ടി കൊലപാതകപരിശീലനത്തിനും മടിക്കാത്തവര്‍ പച്ച മനുഷ്യരെ കൊന്നുവീഴ്ത്തുന്നതിനും തടസ്സമില്ലാതെ രംഗത്തുണ്ട്. ഒരുഭാഗത്ത് ഉറയില്‍നിന്നൂരിയ വാളില്‍ ചോരപുരട്ടി ആര്‍എസ്എസ്. മറുവശത്ത് തീവ്രവാദത്തിന്റെ ദംഷ്ട്രകള്‍ നീട്ടി എന്‍ഡിഎഫ് എന്ന പോപ്പുലര്‍ ഫ്രണ്ട്. രണ്ടിന്റെയും അവാന്തര വിഭാഗങ്ങളും രക്തദാഹത്തോടെ അലഞ്ഞുതിരിയുന്നു- യുഡിഎഫ് ഭരിക്കുന്ന കേരളത്തില്‍. ആര്‍എസ്എസാണ് ഏറ്റവും വലിയ കൊലപാതകി സംഘമെങ്കില്‍, അതിനെ വെല്ലാന്‍ ആയുധശേഖരമൊരുക്കി ക്രുരതയ്ക്ക് മൂര്‍ച്ചകൂട്ടി കാത്തിരിക്കുകയാണ് എന്‍ഡിഎഫ്. രാഷ്ട്രീയ ആക്രമണങ്ങളില്‍ മരിച്ചവരെപ്പോലും ഇവര്‍ വെറുതെ വിടുന്നില്ല. മതം നോക്കി ബലിദാനികളെന്നും ശഹീദുകളെന്നും വിളിക്കുന്നു; കണ്ണീരൊഴുക്കുന്നു; പണം പിരിക്കുന്നു. കണ്ണൂരില്‍, ആര്‍എസ്എസിന്റെ കരാളതയ്ക്ക് ജീവിക്കുന്ന തെളിവാണ് സിപിഐ എം നേതാവ് പി ജയരാജന്‍. ഗുജറാത്ത് വംശഹത്യയുടെ അഗ്നികുണ്ഡത്തില്‍നിന്ന് ജീവന്‍ രക്ഷപ്പെട്ട് എത്തിയ കുത്ത്ബുദ്ദീന്‍ അന്‍സാരി, ജയരാജന്റെ വെട്ടിനുറുക്കപ്പെട്ട ശരീരഭാഗങ്ങള്‍ കണ്ട് വിതുമ്പി. ആ ജയരാജനെ "ഹിന്ദു വര്‍ഗീയവാദിയായി" ചിത്രീകരിക്കാന്‍ പോലും തയ്യാറായി എന്‍ഡിഎഫ്. തീവ്രവാദികള്‍ കൊലപ്പെടുത്തിയ സച്ചിന്റെ വീട്ടില്‍ അനുശോചനമറിയിക്കാന്‍ പോയതിന്റെ പ്രതികാരം. മതനിരപേക്ഷതയെ ഇരുകൂട്ടരും കാപട്യമെന്ന് വിളിക്കുന്നു- വര്‍ഗീയതയുടെ കാഴ്ചയും കണ്ണുമേ അവര്‍ക്കുള്ളൂ.

കണ്ണൂര്‍ ജില്ലയിലെ നാറാത്ത് എന്‍ഡിഎഫ് ആയുധപരിശീലന കേന്ദ്രത്തില്‍ 23 പേര്‍ പിടിയിലായത് യാദൃച്ഛികമായാണ്. പൊലീസിനുകിട്ടിയ വിവരത്തെ പിന്‍പറ്റി നടത്തിയ തെരച്ചിലിന്റെ ഫലം. നാടന്‍ബോംബും ബോംബു നിര്‍മാണവസ്തുക്കളും കത്തിയും വാളും കുറുവടിയും ഇഷ്ടിക ബോംബും ലഘുലേഖയും വിദേശ കറന്‍സിയും ഇറാന്‍ തിരിച്ചറിയല്‍ കാര്‍ഡുമെല്ലാം അവിടെ നിന്ന് കിട്ടി. വെടിവയ്പ് പരിശീലനത്തിനു നിര്‍മിച്ച മനുഷ്യരൂപവും. കശ്മീരിലേക്ക് തീവ്രവാദികളായി പോകുന്നവര്‍, അതിര്‍ത്തിയില്‍ ഇന്ത്യയ്ക്കെതിരെ ഭീകരയുദ്ധം നടത്തുന്നവര്‍, ബോംബ് നിര്‍മിക്കുന്നവരും പ്രയോഗിക്കുന്നവരും, ആരാധനാലയങ്ങളെ ആയുധകേന്ദ്രങ്ങളാക്കുന്നവര്‍, സദാചാരപ്പൊലീസായി കൊലപാതകങ്ങള്‍ ആസൂത്രണംചെയ്യുന്നവര്‍-ഇവരൊക്കെയാണ് യഥേഷ്ടം വിഹരിക്കുന്നത്. അബ്ദുനാസര്‍ മഅ്ദനി കേരളത്തിലിറങ്ങിയാല്‍ ക്രമസമാധാനം തകരുമെന്ന് കര്‍ണാടക സര്‍ക്കാരിനോട് രേഖാമൂലം പറയുന്ന പൊലീസ്, നാട്ടില്‍ മേയുന്ന കൊടുംഭീകരര്‍ക്ക് നിശ്ശബ്ദസംരക്ഷണം നല്‍കുന്നു. മതസൗഹാര്‍ദത്തില്‍ മാതൃകയായിരുന്ന കേരളത്തിന്റെ പുതിയ ചിത്രം പൊലീസ് വര്‍ഗീയസംഘര്‍ഷങ്ങളുടേതാണ്. പ്രത്യേക മതത്തില്‍പെട്ട സ്ത്രീയോട് അടുപ്പം കാട്ടിയതിന് വധശിക്ഷ. ചെറുപ്പക്കാരെ സംഘടനയില്‍നിന്ന് അകറ്റുന്നു എന്നാരോപിച്ച് ഒറ്റവെട്ടില്‍ മരണം. മൊബൈല്‍ ഫോണില്‍ ഭര്‍ത്താവിനോട് സംസാരിച്ച യുവതിക്ക്, അഭിസാരികയെന്നാരോപിച്ച് പരസ്യമര്‍ദനം- തീവ്രവാദികള്‍ മദിച്ചുവാഴുന്നു.

സിപിഐ എം നേതാവ് ഇ പി ജയരാജനെ വധിക്കാനുള്ള ദൗത്യം കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ഏല്‍പ്പിച്ചത് കുപ്രസിദ്ധ ആര്‍എസ്എസുകാരെയായിരുന്നു. ഇന്നുവരെ ആര്‍എസിഎസിനെതിരെ ഒരു വാക്ക് കോണ്‍ഗ്രസില്‍നിന്ന് ഉയര്‍ന്നിട്ടില്ല. മുസ്ലിംലീഗിനെ തീവ്രവാദശക്തികളില്‍നിന്ന് വേറിട്ട് തിരിച്ചറിയാനാകുന്നില്ല എന്നത് മറ്റൊരു കാഴ്ച. വര്‍ഗീയശക്തികള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നു. വസ്ത്രധാരണത്തിനും സൗഹൃദങ്ങള്‍ക്കും തൊഴിലിനുപോലും വിലക്കുകളും അതിര്‍ത്തികളും അവര്‍ നിശ്ചയിക്കുന്നു. മറ്റു മതസ്ഥരുമായി സംസാരിക്കാന്‍ വിലക്കുള്ള ഇടങ്ങള്‍ കേരളത്തിലുണ്ട്. സദാചാര കല്‍പ്പനകള്‍ ലംഘിക്കുന്ന ആരും; ഗര്‍ഭിണിപോലും ആക്രമിപ്പെടുന്നു. പൊലീസ് എല്ലാം കണ്ടുനില്‍ക്കുകയാണ്. തട്ടിപ്പുകാര്‍ക്ക് അകമ്പടിപോകുന്നവരും കരിങ്കൊടി കാണുന്നിടത്ത് അക്രമാസക്തരാകുന്നവരുമായി അധഃപതിച്ച പൊലീസ് സേനയ്ക്ക് ആത്മാഭിമാനവും ആത്മവിശ്വാസവും നഷ്ടപ്പെട്ടിരിക്കുന്നു. മികച്ച പാരമ്പര്യമുള്ള പൊലീസ് മേധാവികള്‍ക്ക് ഇന്ന് ഭരണാധികാരികളുടെ പാദസേവകരുടെ മുഖമാണ്. പൊലീസിന് മൂക്കുകയറിടുമ്പോള്‍ അരാജകത്വം കയറുപൊട്ടിക്കുകയാണ്. പൊലീസുകാരനെ കുത്തിക്കൊന്ന ആട് ആന്റണിയും പെരുമ്പാവൂരില്‍ യാത്രക്കാരനെ തല്ലിക്കൊന്ന "മൂന്നാമ"നും വാളകത്തെ അധ്യാപകനെ ജീവച്ഛവമാക്കിയവരും ഇന്നും കാണാമറയത്താണ്. 2008ല്‍ കേരളത്തില്‍ ആകെ കുറ്റകൃത്യങ്ങള്‍ 2,52,408 ആയിരുന്നെങ്കില്‍ ഈ വര്‍ഷം ആഗസ്ത് വരെയുള്ള കണക്കില്‍ അത് 384877 ആണ് (പൊലീസിന്റെ ഔദ്യോഗിക കണക്ക്). സര്‍വകാലറെക്കോഡിലേക്ക് കുറ്റകൃത്യങ്ങള്‍ കുതിച്ചുയരുന്നു. 2009ല്‍ 311 കൊലപാതകങ്ങളാണ് സംസ്ഥാനത്തുണ്ടായതെങ്കില്‍ ഇക്കഴിഞ്ഞ വര്‍ഷം അത് 374 ആണ്. ഈ വര്‍ഷം ആഗസ്ത് വരെ 211. കൊലപാതകികള്‍ യുഡിഎഫ്- ബിജെപി- തീവ്രവാദശക്തികളാകുമ്പോള്‍ കേസ് തേഞ്ഞുമാഞ്ഞ് തീരുന്നു. പ്രതികള്‍ സൈ്വരവിഹാരം നടത്തുന്നു.

കണ്ണൂര്‍ ജില്ലയിലെ അരിയില്‍ ഷുക്കൂര്‍ വധം ഇന്റലിജന്‍സ് വീഴ്ചയുടെ ഫലമാണ് എന്ന് പറഞ്ഞത് ഡിജിപിയാണ്. സംഘര്‍ഷത്തിന്റെ ഭാഗമായുണ്ടായ ആ മരണത്തെ സിപിഐ എം എന്ന പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ആയുധമാക്കാനായിരുന്നു പൊലീസിന്റെ ശ്രദ്ധ. കോടതി വലിച്ചെറിയും വിധമുള്ള വ്യാജ കഥകളും റിപ്പോര്‍ട്ടുകളും സാക്ഷിമൊഴികളും ചമച്ച് പൊലീസ് അപഹാസ്യമായപ്പോള്‍ ഉപജാപകര്‍ ഊറിച്ചിരിക്കുകയാണ്.

ഗുണ്ടാസംഘങ്ങളും പിടിച്ചുപറിക്കാരും പെണ്‍വാണിഭക്കാരും നാടു വാഴുന്നു. കള്ളക്കടത്തുകാരും തട്ടിപ്പുവീരന്മാരും പൊലീസ് ചെലവില്‍ വിലസുന്നു. പൊലീസ് സേനയിലെ കുറ്റകൃത്യങ്ങളും റെക്കോഡിലേക്കുയരുന്നു. ജനകീയസമരങ്ങള്‍ക്കുനേരെ ആക്രമണോത്സുകരായി ചാടിവീഴുകയാണ് പൊലീസ്. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ ചെറുപ്പക്കാരന് ജനനേന്ദ്രിയം തകര്‍ക്കുന്ന പരസ്യമര്‍ദനം. മുഖ്യമന്ത്രിയുടെ കാറിനുനേരെ വന്ന സാങ്കല്‍പ്പിക കല്ലിന് ആയിരംപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പും റെയ്ഡും ഭീകരതയും. കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിമാരും, തന്നെ ലൈംഗികപീഡനത്തിനിരയാക്കിയെന്ന സ്ത്രീയുടെ മൊഴി നശിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളാകെ വഴിവിട്ടോടുന്നത് കേരളം കണ്ടു. അതേവിവരം സഹകുറ്റവാളി മാധ്യമങ്ങളോട് വെളിപ്പെടുത്തിയപ്പോള്‍, മറുപടി പറയിക്കാന്‍ ജയില്‍പ്പുള്ളിയായ സ്ത്രീയെ മാധ്യമങ്ങള്‍ക്കുമുന്നിലെത്തിച്ച പൊലീസിന്റെ ഭൃത്യവൃത്തി ഒടുവിലത്തെ കാഴ്ച. അരാജകമാണിന്ന് കേരളം. ക്രിമിനലുകളുടെ കേളീരംഗമാണ് ഭരണാധികാരത്തിന്റെ ഇടനാഴികളെന്ന് പൊലീസ് തലവന് തുറന്നുപറയേണ്ടിവന്നിടത്തോളം അരാജകം.

മാലിന്യക്കൂമ്പാരത്തിനുമുകളിലിരുന്നാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സിപിഐ എമ്മിനുനേരെ വിടുവാക്കുരുവിടുന്നത്; സിപിഐ എമ്മുകാര്‍ കൊല്ലപ്പെടേണ്ടവരും സഹിക്കേണ്ടവരുമാണെന്ന് ഗര്‍വോടെ സൂചിപ്പിക്കുന്നത്. ആ ഗര്‍വിനാണ് വലതുപക്ഷമാധ്യമങ്ങള്‍ വെള്ളവും വളവും നല്‍കുന്നത്. അതിന്റെ ഉത്സവമാണ് മുപ്പത്തിയേഴ് നാളിനുള്ളില്‍ നാലുപേരുടെ ജീവനെടുത്ത് ആര്‍എസ്എസ് നടത്തിയത്. കോണ്‍ഗ്രസും എന്‍ഡിഎഫും കൊലക്കത്തികള്‍ വീശുന്നത് ആ ഉന്മാദത്തിലാണ്. കൊടുംകുറ്റവാളികള്‍ ഭരണാധികാരത്തിന്റെ മറവില്‍ സംരക്ഷിക്കപ്പെടുന്നതിന്റെ ആവേശമാണവര്‍ക്ക്. ശരിയാണ്, ജനങ്ങളോടുത്തരവാദിത്തമുള്ള രാഷ്ട്രീയകക്ഷിക്ക് ഈ തെമ്മാടിക്കൂട്ടങ്ങളോട് പ്രതികരിക്കാന്‍ പരിമിതികളുണ്ട്. പക്ഷേ, ഇവിടെ സിപിഐ എമ്മുകാര്‍ ഒന്നൊന്നായി മരിച്ചുവീഴുന്നു. ക്ഷമ അതിന്റെ നെല്ലിപ്പടിയിലും താഴേയ്ക്ക് പോവുകയാണ്. അക്രമികള്‍ അരങ്ങുതകര്‍ക്കുന്നു. ഇതു കാണാന്‍, കണ്ടു മനസ്സിലാക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ പ്രതികരണത്തിന്റെ കയ്പുനീര്‍ കുടിക്കാനും ഭരണാധികാരികള്‍ തയ്യാറാകേണ്ടിവരും; അതാണ് രോഷവും വേദനയും കടിച്ചമര്‍ത്തി പ്രിയപ്പെട്ടവരുടെ കുഴിമാടങ്ങള്‍ക്കുമുന്നില്‍ നില്‍ക്കുന്നവരുടെ വികാരം.
(അവസാനിച്ചു)

പി എം മനോജ് deshabhimani

No comments:

Post a Comment