Monday, January 13, 2014

പണമില്ല; പദ്ധതികള്‍ 64 ശതമാനവും ബാക്കി

നയപ്രഖ്യാപനപ്രസംഗത്തിലെ വീമ്പ് പറച്ചില്‍ സംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ സാമ്പത്തികത്തകര്‍ച്ച മറച്ചുവച്ച്. സാമ്പത്തികവര്‍ഷം തീരാന്‍ മൂന്നുമാസം മാത്രം അവശേഷിക്കുമ്പോള്‍ പദ്ധതിപ്രവര്‍ത്തനങ്ങള്‍ 64 ശതമാനവും ബാക്കി. കണക്കിലെ കളികള്‍കൊണ്ട് മറച്ചുവയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് റവന്യൂ കമ്മിയും കുതിച്ചു. മെച്ചപ്പെട്ട ധനവിനിയോഗമാണ് സംസ്ഥാനത്തുള്ളതെന്നാണ് സര്‍ക്കാര്‍ നയപ്രഖ്യാപനപ്രസംഗത്തില്‍ ഗവര്‍ണറെക്കൊണ്ട് പറയിപ്പിച്ചത്. എന്നാല്‍, കടകവിരുദ്ധമാണ് കാര്യങ്ങള്‍. നികുതിവരുമാനം ഇടിഞ്ഞതും ചെലവിലെ കുതിച്ചുചാട്ടവും സാമ്പത്തികസ്ഥിതി അതിരൂക്ഷമാക്കി.

ഡിസംബര്‍ 31 വരെയുള്ള കണക്കു പ്രകാരം പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്ക് 36 ശതമാനം മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിച്ചെലവാകട്ടെ 42 ശതമാനവും. ഖജനാവില്‍ പണമില്ലാത്തത് ഇനിയുള്ള പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകും. പൊതു കടമെടുപ്പിന് അനുവദനീയമായ 11,400 കോടിയില്‍ 9,800 കോടിയും എടുത്തുകഴിഞ്ഞു. കഴിഞ്ഞ ബജറ്റ് തയ്യാറാക്കിയ സമയത്ത് സാമ്പത്തികസ്ഥിതി ഭദ്രമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ നടത്തിയ കസര്‍ത്തുകള്‍ ഇപ്പോള്‍ വിനയായി. 2012 ഫെബ്രുവരിയില്‍ റവന്യൂകമ്മി 6434 കോടിയായിരുന്നു. ഇത് മറച്ച് ബജറ്റില്‍ 3464 കോടിയായി പ്രതീക്ഷിത കമ്മി കുറച്ചു കാണിച്ചു. എന്നാല്‍, അന്തിമ കണക്ക് വന്നപ്പോള്‍ കമ്മി 9351 കോടിയായി. നികുതിയിലെ ഇടിവും സാമ്പത്തികാസൂത്രണം അട്ടിമറിക്കുന്നു. ഭാഗ്യക്കുറി ഒഴികെയുള്ള മേഖലകളിലെല്ലാം നികുതിവരുമാനം കുറഞ്ഞു. വില്‍പ്പന നികുതിയില്‍ 25 ശതമാനത്തിന്റെയാണ് ഇടിവ്. വാളയാര്‍ മോഡല്‍ അടക്കം കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ ഇല്ലാതാക്കി. വന്‍കിടക്കാര്‍ക്ക് നികുതി ഇളവുകള്‍ നല്‍കിയതും ചെക്ക് പോസ്റ്റ് വഴിയുള്ള കള്ളക്കടത്ത് വര്‍ധിച്ചതും കോടികള്‍ ചോര്‍ത്തി. ആയിരക്കണക്കിന് സ്റ്റേയാണ് വില്‍പ്പന നികുതിയില്‍ സര്‍ക്കാര്‍ അനുവദിച്ചത്. സംസ്ഥാനത്ത് മദ്യത്തിന്റെ ഉപഭോഗം അനുദിനം വര്‍ധിക്കുമ്പോഴും ഈയിനത്തില്‍ നികുതി കുറയുന്നു. സ്വകാര്യ ബാറുകളെ പ്രോത്സാഹിപ്പിക്കുന്ന മദ്യനയമാണ് ഇതിനു പിന്നില്‍. ബാറുകളിലൂടെയുള്ള "സെക്കന്‍ഡ്സ്" വില്‍പ്പന സര്‍ക്കാരിന്റെ വരുമാനം ചോര്‍ത്തി.

മുന്‍ സാമ്പത്തികവര്‍ഷം 17 ശതമാനത്തിന്റെ വര്‍ധനയാണ് മദ്യനികുതിയില്‍ ഉണ്ടായതെങ്കില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം അത് 12 ശതമാനമായി കുറഞ്ഞു. നടപ്പു സാമ്പത്തികവര്‍ഷം നവംബര്‍ 30 വരെുള്ള കണക്കുപ്രകാരം മുന്‍ വര്‍ഷത്തേക്കാള്‍ അഞ്ചു ശതമാനം മാത്രമാണ് മദ്യനികുതിയിലെ വര്‍ധന. സര്‍ക്കാരിന്റെ ചെലവുകളാകട്ടെ റോക്കറ്റ് പോലെ കുതിക്കുന്നു. ധനപരമായ ബാധ്യതയുള്ള എല്ലാ ഫയലും ധനമന്ത്രി കണ്ടതിനുശേഷമേ മന്ത്രിസഭായോഗത്തില്‍ എത്താവൂ എന്നാണ് ചട്ടം. ധനവകുപ്പ് എതിര്‍ക്കുന്ന ഫയലുകള്‍ പോലും വിയോജനക്കുറിപ്പോടെയാണ് മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് വരേണ്ടത്. എന്നാല്‍, ഇവിടെ, ധനവകുപ്പ് അറിയാതെയും അജന്‍ഡയില്‍ ഉള്‍പ്പെടുത്താതെയും ഫയലുകള്‍ എത്തി പാസാക്കുന്നു. ശമ്പളപരിഷ്കരണത്തിലെ അപാകം പരിഹരിക്കുന്നതിന്റെ മറവില്‍ സമ്മര്‍ദശക്തികള്‍ക്ക് വഴിപ്പെട്ടതും വന്‍ ചോര്‍ച്ചയുണ്ടാക്കി. ശമ്പള കമീഷന്‍ റിപ്പോര്‍ട്ടിന് അനുബന്ധമായി 183 ഉത്തരവുകളാണ് സര്‍ക്കാര്‍ ഇറക്കിയത്. ഇത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്.
(ആര്‍ സാംബന്‍)

deshabhimani

No comments:

Post a Comment