Monday, January 13, 2014

യുഡിഎഫ് സാമൂഹ്യനീതി അട്ടിമറിച്ചു: കാത്തലിക് കൗണ്‍സില്‍

വിലക്കയറ്റവും ജീവിതദുരിതവും അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കേരള റീജിയന്‍ കാത്തലിക് കൗണ്‍സില്‍ ജനറല്‍ബോഡിയില്‍ രൂക്ഷവിമര്‍ശനം. യുഡിഎഫ് സര്‍ക്കാര്‍ മുന്നോക്കസമുദായ പ്രീണനത്തിലൂടെ സാമൂഹ്യനീതി അട്ടിമറിക്കുകയാണെന്ന് കൗണ്‍സില്‍ അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തില്‍ കുറ്റപ്പെടുത്തി. മുന്നോക്കസമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാനുമാത്രം ക്യാബിനറ്റ്പദവി നല്‍കിയത് സര്‍ക്കാരിന്റെ മുന്നോക്കസമുദായ പ്രീണനത്തിന്റെ ഉദാഹരണമാണെന്ന് കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് സൂസപാക്യം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചില മുന്നോക്ക വിഭാഗങ്ങളുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി പാര്‍ടിയിലും സര്‍ക്കാരിലുമുള്ള ഉന്നതപദവികള്‍ അവര്‍ക്കു മാത്രമായി നല്‍കുന്നത് പ്രതിഷേധാര്‍ഹമാണെന്നും ബിഷപ് ചൂണ്ടിക്കാട്ടി. ഇത് ഭാവിയില്‍ ഐക്യജനാധിപത്യമുന്നണിക്കും കോണ്‍ഗ്രസിനും ഏറെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

ഭക്ഷ്യവസ്തുക്കള്‍, പാചകവാതകം, പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് അടിക്കടി വില കയറ്റുന്നത് നിത്യജീവിതത്തെ തകിടം മറിച്ചു. ഇതിന് പരിഹാരമുണ്ടാവണം. മലയോരവാസികളുടെ ആശങ്കകള്‍ പരിഹരിച്ചേ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാവൂ. നീതിക്കായുള്ള ദളിത് ക്രൈസ്തവരുടെ സമരങ്ങളോട് അധികാരികള്‍ പുറംതിരിഞ്ഞുനില്‍ക്കുകയാണ്. മുഖ്യധാരയില്‍നിന്നു മാറ്റിനിര്‍ത്തപ്പെട്ട ദളിത് ക്രൈസ്തവര്‍ക്ക്് നീതി നല്‍കാനുള്ള ഉത്തരവാദിത്തം വിസ്മരിക്കരുത്. ഈ വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിലവിലുള്ള കേസില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിക്കണം. കേരളത്തിലെ ദുര്‍ബല, പിന്നോക്ക ജനവിഭാഗങ്ങളുടെയും അസംഘടിത സമൂഹങ്ങളുടെയും പ്രശ്നങ്ങളോടുള്ള സമീപനവും പ്രതിബദ്ധതയും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയില്‍ രാഷ്ട്രീയപാര്‍ടികള്‍ ഉള്‍പ്പെടുത്തണം. ഇതിനനുസരിച്ചാകും ലത്തീന്‍ സമൂഹം തെരഞ്ഞെടുപ്പില്‍ നിലപാടുകള്‍ സ്വീകരിക്കുക. ഡല്‍ഹിയിലെ ആം ആദ്മി പാര്‍ടിയം രാഷ്ട്രീയസംഘടനകള്‍ ഉള്‍ക്കൊള്ളണം. തീരപരിപാലന}വിജ്ഞാപനത്തിലെ അപാകങ്ങള്‍ പരിഹരിക്കണം. കായലോരവാസികള്‍ക്ക് വീട് നിര്‍മാണത്തിന് അനുവാദം നല്‍കാനുള്ള അവകാശം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നു പിന്‍വലിച്ച് കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റിക്ക് നല്‍കിയത് പ്രതിഷേധാര്‍ഹമാണ്.

തീരദേശ ജനതയെയും മത്സ്യത്തൊഴിലാളികളെയും ദോഷകരമായി ബാധിക്കുന്ന നിലപാടുകള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് കെആര്‍എല്‍സിസി രാഷ്ട്രീയകാര്യ സമിതിയുടെ നേതൃത്വത്തില്‍ ജനജാഗരണജാഥ സംഘടിപ്പിക്കും. 28ന് കണ്ണൂരില്‍നിന്ന് ആരംഭിച്ച് ഫെബ്രുവരി 26ന് തിരുവനന്തപുരത്ത് സമാപിക്കുന്ന ജാഥ രാഷ്ട്രീയകാര്യസമിതി കണ്‍വീനര്‍ ഷാജി ജോര്‍ജ് നയിക്കും. കൊല്ലം തുറമുഖം മത്സ്യബന്ധന തുറമുഖമായി നിലനിര്‍ത്തണമെന്നും വിഴിഞ്ഞം പദ്ധതിക്കായി കുടിയൊഴിപ്പിക്കുന്നവര്‍ക്കുള്ള സമ്പൂര്‍ണ പാക്കേജ് ആവിഷ്കരിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. കെആര്‍എല്‍സിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, ഷാജി ജോര്‍ജ്, മീഡിയാ കമീഷന്‍ സെക്രട്ടറി ഫാ. ആന്റണി വിബിന്‍ വേലിക്കകത്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment