Saturday, January 11, 2014

കണ്ടള ലഹള ശതാബ്ദിയാഘോഷം നാളെ തുടങ്ങും

തെക്കന്‍ തിരുവിതാംകൂറിന്റെ സാമൂഹ്യമുന്നേറ്റത്തിന് വഴിത്തിരിവായ കണ്ടള ലഹളയുടെ (തൊണ്ണൂറാമാണ്ട് ലഹള) നൂറാം വാര്‍ഷികാഘോഷം ഞായറാഴ്ച ജില്ലയില്‍ ആരംഭിക്കും. കണ്ടള പഞ്ചായത്ത് സ്റ്റേഡിയത്തില്‍ വൈകിട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്്ഘാടനംചെയ്യും. തുടര്‍ന്ന് നവോത്ഥാന സ്മൃതിദീപം കൊളുത്തി നാട് പ്രതിജ്ഞ എടുക്കും. ആഘോഷം ഒരുവര്‍ഷം നീളുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയും സംഘാടകസമിതി മുഖ്യരക്ഷാധികാരിയുമായ കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കര്‍ഷകത്തൊഴിലാളി യൂണിയന്‍, ഡിവൈഎഫ്ഐ, എസ്എഫ്ഐ, പട്ടികജാതി ക്ഷേമസമിതി, പുരോഗമന കലാസാഹിത്യസംഘം എന്നിവയുടെ ആഭിമുഖ്യത്തിലാണ് വാര്‍ഷികാഘോഷം.

അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് മഹാനായ അയ്യന്‍കാളി പഞ്ചമി എന്ന പെണ്‍കുട്ടിയെയും ഇളയസഹോദരനെയും കൂട്ടി കണ്ടള പള്ളിക്കൂടത്തിലെത്തിയതാണ് ലഹളയുടെ തുടക്കം (ഇന്നത്തെ ഗവ. യുപിഎസ് ഊരൂട്ടമ്പലം). പഞ്ചമിയെ പള്ളിക്കൂടത്തില്‍ പ്രവേശിപ്പിക്കണമെന്നും മറ്റു കുട്ടികള്‍ക്കൊപ്പം പഠിപ്പിക്കണമെന്നുമുള്ള ആവശ്യം സ്കൂള്‍ അധികൃതരും ജന്മിമാരും നിരാകരിച്ചു. ബലംപ്രയോഗിച്ച് അയ്യന്‍കാളി പഞ്ചമിയെ ക്ലാസില്‍ പ്രവേശിപ്പിച്ചു. അയിത്തജാതിക്കാരി കയറിയ പള്ളിക്കൂടം ഇനി ഈ നാട്ടില്‍ വേണ്ടെന്ന പ്രഖ്യാപനവുമായി ജന്മിമാര്‍ പള്ളിക്കൂടത്തിന് തീ കൊളുത്തി. ഞങ്ങളുടെ ചോരയില്‍ പിറന്ന കുട്ടികള്‍ക്ക് അക്ഷരം നിഷേധിച്ചാല്‍ വയലിലിറങ്ങാന്‍ ഞങ്ങള്‍ക്ക് മനസ്സില്ലെന്നും കാണായ വയലുകളിലെല്ലാം മുട്ടിപ്പുല്ല് കിളിര്‍പ്പിക്കുമെന്നുമായിരുന്നു അയ്യന്‍കാളിയുടെ പ്രഖ്യാപനം.

ആഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരിയില്‍ ജില്ലയില്‍ ആയിരം വീട്ടുമുറ്റക്കൂട്ടായ്മകള്‍ സംഘടിപ്പിക്കും. ജൂണ്‍- ജൂലൈ മാസങ്ങളില്‍ ഡിവൈഎഫ്ഐ ആയിരം നവോത്ഥാന സ്മൃതിസായാഹ്നങ്ങളൊരുക്കും. ജൂണ്‍ 16ന് ഊരൂട്ടമ്പലം ഗവ. യുപിഎസിനുമുന്നില്‍നിന്ന് നവോത്ഥാന സ്മൃതിജാഥകള്‍ ജില്ലയിലെ സ്കൂള്‍- കോളേജ് ക്യാമ്പസുകളില്‍ പര്യടനം നടത്തും. പട്ടികജാതി ക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. പുരോഗമന കലാസാഹിത്യസംഘം അയ്യന്‍കാളി പുസ്തകശിഖായാത്ര, കവിതാസംഗമം, കാര്‍ഷിക- സാംസ്കാരിക പുസ്തകപ്രദര്‍ശനം എന്നിവ സംഘടിപ്പിക്കും. സംവാദങ്ങള്‍, സ്മൃതിയാത്രകള്‍, പ്രഭാഷണങ്ങള്‍ എന്നിവ ഒരുവര്‍ഷത്തെ ആഘോഷങ്ങളുടെ ഭാഗമാകും.

deshabhimani

No comments:

Post a Comment