Saturday, January 11, 2014

ആറന്മുള: വ്യോമയാന നിര്‍ദേശങ്ങളും ലംഘിച്ചു

ഗ്രീന്‍ ഫീല്‍ഡ് എയര്‍പോര്‍ട്ടുകളുടെ നിര്‍മാണത്തിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വിരുദ്ധമാണ് ആറന്മുള വിമാനത്താവളത്തിന്റെ നിര്‍മാണമെന്ന് അഭിഭാഷക കമീഷന്‍ റിപ്പോര്‍ട്ട്്. നിലവിലുള്ള വിമാനത്താവളത്തിന്റെ 150 കിലോ മീറ്ററിനുള്ളില്‍ ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളങ്ങള്‍ പാടില്ലെന്നാണ് മാര്‍ഗനിര്‍ദേശം. അനുമതി നല്‍കണമെങ്കില്‍ തന്നെ, പുതിയ വിമാനത്താവളം നിലവിലുള്ള വിമാനത്താവളങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പരിശോധിക്കണം. ആറന്മുളയിലെ നിര്‍ദിഷ്ട വിമാനത്താവളത്തില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കും നെടുമ്പാശേരിയിലേക്കും 98 കിലോ മീറ്റര്‍ മാത്രമാണ് വായുദൂരം. തിരുവനന്തപുരത്തുനിന്ന് ആറന്മുളയിലേക്ക് 115ഉം നെടുമ്പാശേരിയില്‍നിന്ന് ആറന്മുളയിലേക്ക് 136 കിലോമീറ്ററുമാണ് ദൂരം. ക്ഷേത്രത്തിന്റെ സ്വര്‍ണ കൊടിമരത്തിനു മുകളില്‍ വിളക്ക് സ്ഥാപിക്കണമെന്ന എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിര്‍ദേശം താന്ത്രികവിധികള്‍ക്കു വിരുദ്ധമാണ്. ക്ഷേത്രത്തിനു ചുറ്റുമുള്ള നാല് കുന്നുകള്‍ നികത്തണം, റബര്‍തോട്ടങ്ങള്‍ നീക്കണം തുടങ്ങി നിര്‍ദേശങ്ങളും പലവിധത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാക്കും. ക്ഷേത്രത്തിന്റെ രക്ഷാധികാരികളായ മലദേവന്മാരെയും ദേവതകളെയും പ്രതിഷ്ഠിച്ചിരിക്കുന്നത് ചുറ്റുമുള്ള കുന്നുകളിലാണെന്നും ഈ കുന്നുകളുടെ ഉന്മൂലനം ക്ഷേത്രവിശ്വാസത്തെയും ആചാരത്തെയും ഹനിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആറന്മുളയിലെ നിര്‍ദിഷ്ട വിമാനത്താവളം തിരുവാറന്മുള ശ്രീ പര്‍ഥസാരഥി ക്ഷേത്രത്തിന്റെ പരിപാവനതയ്ക്കും ഭാവിതലമുറയ്ക്കും ഭീഷണിയാണെന്ന പരാമര്‍ശത്തോടെയാണ് അഭിഭാഷക കമീഷന്റെ റിപ്പോര്‍ട്ട് അവസാനിക്കുന്നത്.

വിമാനത്താവള നിര്‍മാണത്തിനായി ആറന്മുള ക്ഷേത്രത്തിന്റെ ഘടനയില്‍ മാറ്റം വരുത്തേണ്ടിവരുമെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ദേവസ്വം ഓംബുഡ്സ്മാന്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. വിമാനത്താവള അനുമതിയുമായി ബന്ധപ്പെട്ട പഠനറിപ്പോര്‍ട്ടില്‍ കെജിഎസ് കമ്പനി മാറ്റം വരുത്തിയതായി കിറ്റ്കോ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിമാനത്താവള അനുമതിയുമായി ബന്ധപ്പെട്ട മുഴുവന്‍ റിപ്പോര്‍ട്ടും ഹാജരാക്കാന്‍ ജസ്റ്റിസ്മാരായ ടി ആര്‍ രാമചന്ദ്രന്‍നായരും ബി കമാല്‍പാഷയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് കെജിഎസ് കമ്പനിക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ചു. ഹര്‍ജിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയെയും കക്ഷിചേര്‍ക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസ് 22ന് പരിഗണിക്കാനായി മാറ്റി.

deshabhimani

No comments:

Post a Comment