Saturday, January 11, 2014

ടണ്‍കണക്കിന് റേഷന്‍ ഗോതമ്പ് പുഴുവരിച്ച് നശിക്കുന്നു

ഗോഡൗണുകളിലും റേഷന്‍കടകളിലുമായി ടണ്‍കണക്കിന് ഗോതമ്പ് കെട്ടിക്കിടന്ന് പുഴുവരിച്ച് നശിക്കുന്നു. സംസ്ഥാനത്തിനുള്ള ഗോതമ്പ് അലോട്ട്മെന്റ് നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വിചിത്രവാദം ഉന്നയിച്ചാണ് നേരത്തെ കിട്ടിയ ഗോതമ്പും കാര്‍ഡുടമകള്‍ക്ക് നല്‍കേണ്ടതില്ലെന്ന് അധികൃതര്‍ തീരുമാനിച്ചത്. റേഷന്‍ കടയില്‍ നിന്ന് ഗോതമ്പ് കിട്ടാത്തതിനാല്‍ ബഹുഭൂരിപക്ഷം കാര്‍ഡുടമകളും കൂടിയ വിലക്ക് സ്വകാര്യ കമ്പനികളുടെ ആട്ട പാക്കറ്റുകള്‍ വാങ്ങേണ്ട ഗതികേടിലാണ്. ടണ്‍കണക്കിന് ഗോതമ്പാണ് ആറുമാസമായി പുഴുവരിച്ചും എലിതിന്നും നശിക്കുന്നത്. കെട്ടിക്കിടക്കുന്ന ഗോതമ്പ് മറ്റേതെങ്കിലും പദ്ധതിയില്‍പ്പെടുത്തി വിതരണം ചെയ്യാന്‍ അനുവദിക്കുകയോ തിരിച്ചെടുക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് റേഷന്‍ ഡീലര്‍മാര്‍ അധികൃതരെ സമീപിച്ചു. എറണാകുളം ജില്ലയില്‍മാത്രം 10 ടണ്‍ ഗോതമ്പാണ് ആറുമാസമായി കെട്ടിക്കിടക്കുന്നത്. ഓരോ റേഷന്‍കടകളിലും രണ്ടുമുതല്‍ അഞ്ചുവരെ ക്വിന്റല്‍ ഗോതമ്പ് ആഗസ്ത്മുതല്‍ വിതരണം ചെയ്യാതെ കിടക്കുന്നു.

2009 മുതല്‍ ബിപിഎല്‍ പട്ടികയില്‍പ്പെട്ട കാര്‍ഡുടമകള്‍ക്ക് മൂന്നുമാസത്തേക്ക് അഞ്ചുകിലോ ഗോതമ്പ് 4.20 രൂപയ്ക്ക് വിതരണം ചെയ്യാന്‍ 2013ല്‍ കേന്ദ്ര ഭക്ഷ്യമന്ത്രാലയം കേരളത്തിന് നല്‍കിയിരുന്നു. നേരത്തെ വിവിധ കാര്‍ഡുടമകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഗോതമ്പിനു പുറമേയാണിത്. മെയ് മുതല്‍ ജൂലൈ വരെ ഗോതമ്പ് നല്‍കുകയും ചെയ്തു. ഈ ഇനത്തില്‍ രണ്ടുമുതല്‍ അഞ്ച് ക്വിന്റല്‍വരെ ഗോതമ്പ് റേഷന്‍കടകളില്‍ സ്റ്റോക്കുള്ളപ്പോള്‍ ആഗസ്ത് 31ന് ഗോതമ്പ് വിതരണം ചെയ്യേണ്ടതില്ലെന്ന് ഭക്ഷ്യമന്ത്രാലയത്തിന്റെ ഉത്തരവ് വന്നു. 8.90 രൂപയ്ക്ക് അരി ലഭിച്ചിരുന്ന കാര്‍ഡുടമകള്‍ക്ക് മൂന്നുകിലോ ഗോതമ്പുവീതം 6.70 രൂപയ്ക്കാണ് നല്‍കിയിരുന്നത്. രണ്ടുരൂപയ്ക്ക് അരി ലഭിക്കുന്ന ബിപിഎല്‍ കാര്‍ഡുടമകള്‍ക്കുമാത്രമാണ് ഇപ്പോള്‍ മൂന്നുകിലോ ഗോതമ്പ് രണ്ടുരൂപയ്ക്ക് കിട്ടുന്നത്. മറ്റുള്ളവര്‍ക്കുള്ള റേഷന്‍ഗോതമ്പ് വിതരണം പൂര്‍ണമായി നിലച്ചു. കൂടിയ തുകയ്ക്ക് ഗോതമ്പ് വില്‍ക്കേണ്ടതില്ലെന്ന് ഇതിനിടെ സപ്ലൈഓഫീസര്‍മാര്‍ക്ക് സിവില്‍ സപ്ലൈസ് ഡയറക്ടറുടെ സര്‍ക്കുലറും ലഭിച്ചു. ഇതോടെ ഗോതമ്പ് എന്തുചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് കടയുടമകള്‍. ഗോഡൗണുകളില്‍ വിതരണം ചെയ്യാതെ ഗോതമ്പ് നശിക്കുന്നുവെന്ന് കാണിച്ച് കേന്ദ്രസഹമന്ത്രി കെ വി തോമസിനും മന്ത്രി അനൂപ് ജേക്കബ്ബിനും മുതിര്‍ന്ന സിവില്‍ സപ്ലൈസ് ഓഫീസര്‍മാര്‍ക്കും ഓള്‍ കേരള റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ല. അഞ്ച് പതിറ്റാണ്ടായി കേരളത്തിന് ലഭ്യമായിരുന്ന വിഹിതമാണ് ഗോതമ്പ് അലോട്ട്മെന്റ് കേന്ദ്രം നിര്‍ത്തലാക്കിയതോടെ കേരളത്തിലെ 62 ലക്ഷത്തോളം കാര്‍ഡുടമകള്‍ക്ക് നഷ്ടമായത്.

deshabhimani

No comments:

Post a Comment