Saturday, January 11, 2014

എഫ്ഐആറില്‍ പേരില്ലാത്തവരെയും വിചാരണചെയ്യാം: കോടതി

എഫ്ഐആറിലും കുറ്റപത്രത്തിലും പേര് ചേര്‍ക്കാത്തവരെ ആവശ്യമെങ്കില്‍ അതേ കേസില്‍ പിന്നീട് വിചാരണ ചെയ്യാമെന്ന് സുപ്രീംകോടതി. കൃത്യത്തില്‍ ഇവര്‍ക്കുള്ള പങ്ക് വിചാരണക്കാലയളവില്‍ ആരോപിക്കപ്പെടുകയാണെങ്കില്‍ വിളിച്ചുവരുത്തി വിചാരണചെയ്യുന്നതില്‍ തടസ്സമില്ല. സാക്ഷികളെ വിസ്തരിക്കുന്ന ഘട്ടത്തിലല്ല ഇവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതെന്നും മറിച്ച് തെളിവുകള്‍ രേഖപ്പെടുത്തിയശേഷമാണ് ഇത് ചെയ്യേണ്ടത്- ചീഫ് ജസ്റ്റിസ് പി സദാശിവം, ജസ്റ്റിസുമാരായ ബി എസ് ചൗഹാന്‍, രഞ്ജന പ്രകാശ് ദേശായി, രഞ്ജന്‍ ഗോഗോയി, എസ് എ ബോബ്ഡെ എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ച് വിധിച്ചു.

ക്രിമിനല്‍ നടപടി ചട്ടത്തിലെ 319-ാം വകുപ്പ് പ്രകാരം കുറ്റാരോപിതനെ ഏത് ഘട്ടത്തിലും വിളിച്ച് വരുത്തി വിചാരണചെയ്യാന്‍ കോടതിക്ക് അധികാരമുണ്ട്. കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടെന്ന് അന്വേഷണഘട്ടത്തിലോ വിചാരണ നടക്കുമ്പോഴോ ആരോപിതനാകുന്നയാളെ മറ്റു പ്രതികള്‍ക്കൊപ്പം വിചാരണചെയ്യാന്‍ ഈ വകുപ്പനുസരിച്ച് കോടതിക്ക് അധികാരമുണ്ട്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം ഇത്. ക്രിമനല്‍നടപടി ചട്ടത്തിന്റെ 319-ാം വകുപ്പ് സംബന്ധിച്ച് സുപ്രീംകോടതി മൂന്നംഗ ബെഞ്ച് ഉന്നയിച്ച ചോദ്യങ്ങള്‍ പരിഗണിച്ചാണ് കോടതിയുടെ നിരീക്ഷണം. വിചാരണയുടെ ഏതു ഘട്ടത്തില്‍ 319-ാം വകുപ്പ് ഉപയോഗപ്പെടുത്താം, തെളിവെന്നത് സാക്ഷികളുടെ വിസ്താരത്തിനുശേഷം ഉരുത്തിരിയുന്നതാണോ അതോ സാക്ഷിമൊഴി മാത്രമാണോ, വിചാരണക്കാലയളവില്‍ ശേഖരിക്കുന്ന തെളിവുകള്‍ പരിഗണിക്കാമോ, ആരോപണവിധേയന്‍ കുറ്റക്കാരനെന്ന് കോടതിക്ക് ഉറപ്പുള്ള സമയത്ത് മാത്രമാണോ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാവൂ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്. 2ജി കേസ് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രത്യാഘാതം ഉണ്ടാക്കിയേക്കാവുന്ന വിധിയാണ് സുപ്രീംകോടതി വെള്ളിയാഴ്ച പുറപ്പെടുവിച്ചതെന്ന് നിയമവിദഗ്ധര്‍ പറയുന്നു. സിബിഐ തയ്യാറാക്കിയ എഫ്ഐആറില്‍ പേര് ചേര്‍ക്കപ്പെടാത്ത നിരവധി കമ്പനികളെയും വ്യക്തികളെയും വിചാരണക്കോടതി വിളിച്ചുവരുത്തിയിരുന്നു. ഇത്തരത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ഒരു വ്യവസായിയാണ് വിചാരണക്കോടതിയുടെ നടപടി ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. ഈ കേസ് പരിഗണിച്ച കോടതിയുടെ മൂന്നംഗ ബെഞ്ച് കേസ് ഭരണഘടനാ ബെഞ്ചിന് കൈമാറുകയായിരുന്നു.

എന്തുകൊണ്ട് സിബിഐ അന്വേഷണമില്ല: കോടതി

കൊല്‍ക്കത്ത: ബംഗാളില്‍ മധ്യംഗ്രാമില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിന് ശേഷം ചുട്ടുകൊന്ന സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടെന്ന് സംസ്ഥാനസര്‍ക്കാരിനോട് കൊല്‍ക്കത്ത കോടതി. കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛന്‍ രാംശങ്കര്‍ഝാ നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ടാണ് കോടതി വിശദീകരണം തേടിയത്. ഒരാഴ്ചയ്ക്കകം സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയില്ലെങ്കില്‍ കോടതി നേരിട്ട് സിബിഐ അന്വേഷണത്തിന് ഉത്തരവിടും. ഈ കേസിന്റെ സത്യാവസ്ഥ ജനസമക്ഷം കൊണ്ടുവരേണ്ടതുണ്ടെന്നും ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ ബെഞ്ച് അഭിപ്രായപ്പെട്ടു. ഉത്തര 24 പര്‍ഗാനാസിലെ മധ്യംഗ്രാമില്‍ ടാക്സി ഡ്രൈവറുടെ ഏകമകള്‍ ഒക്ടോബര്‍ അഞ്ചിനാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അതേ അക്രമികള്‍തന്നെ രണ്ടുദിവസം കഴിഞ്ഞ് പിടിച്ചു കൊണ്ടുപോയി വീണ്ടും ബലാത്സംഗംചെയ്തു. പെണ്‍കുട്ടി ജീവിച്ചിരുന്നാല്‍ പ്രശ്നമാകുമെന്നുകണ്ട് ഡിസംബര്‍ 23ന് അക്രമികള്‍ വീടാക്രമിച്ച് പെണ്‍കുട്ടിയെ ചുട്ടുകൊല്ലുകയായിരുന്നു. പൊള്ളലേറ്റ കുട്ടിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡിസംബര്‍ 31ന് മരിച്ചു. നേരത്തെ അക്രമികള്‍ക്കെതിരെ പെണ്‍കുട്ടി പരാതി നല്‍കിയെങ്കിലും കേസ് പൊലീസ് ഒതുക്കി. സംഭവത്തിന് ശേഷവും പൊലീസും അക്രമികളും കുടുംബത്തെ വേട്ടയാടി.

deshabhimani

No comments:

Post a Comment