1
എന്നു തുടങ്ങി ഈ ക്രമസമാധാന തകര്‍ച്ച?
ദുരൂഹതകളുടെയും ഗൂഢാലോചനാസിദ്ധാന്തങ്ങളുടെയും പുകമറ നീക്കിയാല്‍ പോള്‍ എം ജോര്‍ജ് വധക്കേസ് ഏറെയൊന്നും അവശേഷിപ്പിക്കുന്നില്ല. പൊലീസ് വെളിപ്പെടുത്തിയതുപോലെ, അറിയപ്പെടുന്ന രണ്ടു ഗുണ്ടകളുടെ അകമ്പടിയോടെ സഞ്ചരിക്കുമ്പോഴാണ് പോള്‍ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത ഒരു മൊബൈല്‍ സിം കാര്‍ഡ് വിലപ്പെട്ട തെളിവായപ്പോള്‍ രണ്ടുദിവസത്തിനകം പ്രതികള്‍ വലയിലായി. സാധാരണ ഗതിയില്‍ മാസങ്ങളെടുത്ത് പൂര്‍ത്തിയാക്കേണ്ട അന്വേഷണം ദിവസങ്ങള്‍കൊണ്ട് പൂര്‍ത്തിയാക്കി പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിടച്ച പോലീസിനും സര്‍ക്കാരിനും പക്ഷേ, വിവാദങ്ങളുടെ ശരശയ്യയാണ് മാധ്യമങ്ങളൊരുക്കിയത്. അതിവേഗത്തില്‍ കാര്യക്ഷമമായി അന്വേഷണം പൂര്‍ത്തിയാക്കിയ പോലീസ് നടപടി സാധാരണഗതിയില്‍ വ്യാപകമായ പ്രശംസയ്ക്ക് പാത്രമാകേണ്ടതാണ്. എന്നാല്‍, ആരോപണങ്ങളുടെയും വിവാദങ്ങളുടെയും കരിംപുകകൊണ്ട് ഒരു കൊലക്കേസിനെയും അതിന്റെ അന്വേഷണത്തെയും നിഗൂഢതയുടെ തമോഗര്‍ത്തമാക്കാനായിരുന്നു അപസര്‍പ്പകബുദ്ധികള്‍ക്ക് താല്‍പ്പര്യം. നിഷ്കളങ്കമായ സെന്‍സേഷണലിസം എന്നതിനപ്പുറം കൃത്യമായ അജന്‍ഡയുളള ഒരു രാഷ്ട്രീയ പ്രചാരണംതന്നെയാണ് ഈ കൊലക്കേസിന്റെ മറവില്‍ ഇടതുമുന്നണി സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
ഗുണ്ടാത്തലവന്മാരെ സിപിഎം സഹയാത്രികരായി ചിത്രീകരിക്കാന്‍ ഒരുവിഭാഗം മാധ്യമപ്രവര്‍ത്തകര്‍ തയ്യാറായതോടെയാണ് പോള്‍ എം ജോര്‍ജ് വധക്കേസിന് ഇന്നുണ്ടായ രാഷ്ട്രീയപ്രാധാന്യം കൈവന്നത്. വധിക്കപ്പെടുമ്പോള്‍ പോളിനൊപ്പമുണ്ടായിരുന്ന ഗുണ്ടാത്തലവന്മാര്‍ക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കിയത് ഭരണസ്വാധീനമാണെന്ന വിമര്‍ശനമായിരുന്നു ആദ്യം ഉയര്‍ന്നത്. അവര്‍ കസ്റ്റഡിയിലായതോടെ ആ മുനയുടെടെ മൂര്‍ച്ച പോയി. പ്രതിപ്പട്ടികയിലെ അവരുടെ സ്ഥാനത്തെച്ചൊല്ലിയായിരുന്നു പിന്നെ തര്‍ക്കം. കേസിനെക്കുറിച്ചോ അന്വേഷണത്തിലെ കണ്ടെത്തലുകളെക്കുറിച്ചോ ഇവിടെ പരിശോധിക്കുന്നില്ല. ലഭ്യമായ തെളിവുകള്‍ പൊലീസ് നിരത്തേണ്ടത് കോടതിക്കു മുമ്പിലാണ്. അതിന്മേല്‍ തീരുമാനമെടുക്കേണ്ടത് കോടതിയും.
ഈ കൊലക്കേസിന്റെ മറവില്‍ യുഡിഎഫും ചില മാധ്യമങ്ങളും കേരള സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ധാരണകളെ അങ്ങനെ അവഗണിക്കാനാവില്ല. കണ്ണും കാതും തുറന്ന് കേരളത്തില്‍ ജീവിക്കുന്ന ഏത് സാധാരണക്കാരന്റെയും യുക്തിയെയും അനുഭവത്തെയും പരിഹസിക്കുന്ന രണ്ട് തീര്‍പ്പുകളാണ് ഈ കൊലക്കേസിന്റെ മറവില്‍ കേരളത്തിന്റെ പൊതുബോധത്തിലേക്ക് വേരുറപ്പിക്കാന്‍ ശ്രമിക്കുന്നത്.
ഒന്ന്) കേരളത്തിലെ ക്രമസമാധാനം തകര്‍ച്ചയിലാണ്.
രണ്ട്) ഗുണ്ടകളുടെ സ്വൈരവിഹാരത്തിന് കാരണം, ഭരണകക്ഷിയായ സിപിഎം നേതാക്കളുമായുളള അവരുടെ അവിശുദ്ധ ബന്ധമാണ്.
പോള്‍ വധക്കേസ് ജനങ്ങള്‍ മറന്നാലും അവരുടെ ഉപബോധ മനസില്‍ മേല്‍പ്പറഞ്ഞ രണ്ടു ധാരണകള്‍ അവശേഷിക്കപ്പെടണമെന്ന രാഷ്ട്രീയ ലക്ഷ്യമാണ് വിവാദത്തിന്റെ ഉല്‍പ്പാദകര്‍ക്ക്. യാഥാര്‍ഥ്യത്തില്‍ നിന്ന് എത്രയോ അകലെയാണ് മുകളില്‍ പറഞ്ഞ രണ്ടു പ്രസ്താവനകളും.
ഒരു ലക്ഷം ജനങ്ങള്‍ക്ക് എത്ര കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കി ഇന്ത്യാ സര്‍ക്കാര്‍ ഓരോ സംസ്ഥാനങ്ങളുടെയും കുറ്റനിരക്ക് പട്ടിക വര്‍ഷം തോറും തയ്യാറാക്കാറുണ്ട്. ഇതില്‍ 2007ലെ കണക്കുകളെടുത്തുവച്ച് പ്രതിപക്ഷ നേതാവ് സര്‍ക്കാരിനു നേരെ വലിയൊരു കടന്നാക്രമണമാണ് നടത്തിയത്.
"കുറ്റകൃത്യങ്ങളുടെ നിരക്കില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുതന്നെയാണ് കേരളമിപ്പോള്‍. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിലെ കുറ്റകൃത്യനിരക്ക്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2007ലെ കണക്കു പ്രകാരം രാജ്യത്ത് കുറ്റകൃത്യനിരക്കില്‍ 319.1 പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്താണ്. ദേശീയ ശരാശരി 175.1 മാത്രം. അക്രമാസക്തമായ കുറ്റകൃത്യനിരക്കില്‍ കേരളം മൂന്നാമതാണ്(31.0). ദേശീയ ശരാശരി 19 മാത്രം. ക്രമസമാധാനം എന്തെന്നുപോലും അറിയാത്ത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ കടത്തിവെട്ടി കേരളത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തി ഇടതുസര്‍ക്കാര്‍.................''
ചെറിയൊരു മൊട്ടുസൂചി മതി പ്രതിപക്ഷ നേതാവിന്റെ ബലൂണ്‍ പൊട്ടിക്കാന്‍. യുഡിഎഫ് ഭരിച്ചിരുന്ന കാലത്ത് കുറ്റനിരക്ക് എത്രയായിരുന്നു? അദ്ദേഹം അതു നോക്കിയിട്ടില്ലെങ്കില്‍ ഞാന്‍ പറഞ്ഞുതരാം. യുഡിഎഫിന്റെ അഞ്ചുവര്‍ഷക്കാലത്ത് ദേശീയ ശരാശരി കുറ്റനിരക്ക് 167ഉം കേരളത്തിന്റേത് 316 ഉം ആയിരുന്നു. കേരളത്തിലെ കുറ്റനിരക്കിന്റെ നില അന്നും ഇന്നും ഒന്നു തന്നെ. എന്തെങ്കിലുമുണ്ടെങ്കില്‍ ദേശീയ ശരാശരിയെ അപേക്ഷിച്ച് ലവലേശമെങ്കിലും ഇപ്പോഴാണ് കുറവുണ്ടായിട്ടുളളത്. എന്തുകൊണ്ടാണ് യുഡിഎഫ് ഭരണകാലത്തും എല്‍ഡിഎഫ് ഭരണകാലത്തും കേരളത്തിലെ കുറ്റനിരക്ക് ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്നിരിക്കുന്നത്? കൊലപാതകങ്ങളും കൊലപാതക ശ്രമങ്ങളും കവര്‍ച്ചയും മോഷണവും ദിനംപ്രതി ഭീകരമായി നടക്കുന്നതുകൊണ്ടല്ല. കേരളത്തിലെ റോഡ് അപകടനിരക്കും ഗതാഗത കുറ്റകൃത്യങ്ങളും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ ഉയര്‍ന്നിരിക്കുന്നതുകൊണ്ടാണ്. പട്ടിക ഒന്നില്‍ വിവിധയിനം കുറ്റകൃത്യങ്ങളുടെ ഇന്ത്യയിലെ പൊതുവിലുളളതും കേരളത്തിലെ നിലയും തമ്മില്‍ താരതമ്യപ്പെടുത്തിയിരിക്കുന്നു. ഇതില്‍ 'മറ്റുളളവ' എന്ന ഇനത്തിലാണ് വാഹനാപകടക്കുറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. ഈയിനത്തിലെ കുറ്റനിരക്ക് ദേശീയ ശരാശരി 81 ആയിരിക്കുമ്പോള്‍ കേരളത്തില്‍ അത് 186 ആണ്. കേന്ദ്രസര്‍ക്കാര്‍ ലഹളയെന്ന് നിര്‍വചിച്ചിരിക്കുന്ന കുറ്റകൃത്യത്തില്‍ കേരളത്തിന്റെ ശരാശരി ദേശീയനിരക്കിന്റെ പല മടങ്ങാണ്. കാരണം വേറൊന്നുമല്ല, നാട്ടില്‍ നടക്കുന്ന പ്രകടനങ്ങളും യോഗങ്ങളുമൊക്കെ ലഹളയുടെ നിര്‍വചനത്തിലാണ് പെടുത്തിയിരിക്കുന്നത്. അനുവാദമില്ലാതെ നടത്തുന്ന പ്രകടനവും പൊതുയോഗവുമൊക്കെ ലഹളയുടെ അക്കൌണ്ടില്‍ പെടുത്തുമ്പോള്‍ ദേശീയ ശരാശരിയെ പിന്തള്ളി കേരളം ബഹുദൂരം കുതിക്കുന്ന അവസ്ഥയുണ്ടാകുന്നു. അടിപിടിയിലും മറ്റും കേസുമാത്രമല്ല കൌണ്ടര്‍ കേസും കേരളത്തില്‍ അനിവാര്യമാണ്. അതുകൊണ്ടാണ് പരിക്ക് പറ്റുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം കൂടിയിരിക്കുന്നത്. (പട്ടിക ഒന്ന് കാണുക).
ഈ കണക്കുവച്ച് കേരള സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള അഭ്യാസം നടത്തുകയാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. രാഷ്ട്രീയ പ്രചാരണത്തില്‍ സത്യസന്ധതയ്ക്ക് എന്തെങ്കിലും മാന്യത കല്‍പ്പിക്കുന്നുണ്ടെങ്കില്‍ തന്റെ ഭരണകാലത്തെ കണക്കുമായിക്കൂടി ഈ പട്ടികയെ ഉമ്മന്‍ചാണ്ടി താരതമ്യപ്പെടുത്തണം. ഒരുകാര്യം വ്യക്തമാക്കട്ടെ, കുറ്റകൃത്യങ്ങളുടെ ഗൌരവം കുറയ്ക്കുക എന്നതല്ല ഈ വിശദീകരണത്തിന്റെ ലക്ഷ്യം. കേരളത്തിലെ കുറ്റനിരക്ക് ഗണ്യമായി കുറച്ചേ മതിയാകൂ. ഇക്കാര്യത്തെക്കുറിച്ച് ഒരു തര്‍ക്കത്തിനും സാംഗത്യമില്ല. എന്നാല്‍ സ്വാര്‍ഥ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കു വേണ്ടി, ഔദ്യോഗിക കണക്കുകള്‍ അര്‍ഥമറിയാതെ താരതമ്യപ്പെടുത്തി അടിസ്ഥാനരഹിതമായ നിഗമനങ്ങളും ആരോപണങ്ങളും ഉല്‍പ്പാദിപ്പിക്കുന്ന കൂട്ടുകൃഷിക്കെതിരെ ജാഗ്രത വേണമെന്നുളള ഓര്‍മപ്പെടുത്തലാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.
ഇന്ത്യയില്‍ ഒരുലക്ഷം പേര്‍ക്ക് 5.5 എന്ന നിലയില്‍ കൊലപാതകമോ അതിനുളള ശ്രമമോ നടക്കുമ്പോള്‍ കേരളത്തില്‍ അത് ദേശീയ ശരാശരിയുടെ നേര്‍പകുതിയില്‍ താഴെയാണ് എന്ന വസ്തുത മറച്ചുവയ്ക്കുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെയാണ്. കൊളള, മോഷണം, കവര്‍ച്ച എന്നിവയുടെ നിരക്കും ദേശീയ ശരാശരിയേക്കാള്‍ താഴെയാണ് കേരളത്തിന്റേത്. സാധാരണ നിലയില്‍ പൌരസമൂഹം ഭയചകിതമാകുന്ന കാരണങ്ങളിലൊന്നും ദേശീയ ശരാശരിയെ അതിക്രമിക്കുന്ന കുറ്റനിരക്ക് കേരളത്തിലില്ല. യുഡിഎഫ് ഭരണത്തെ അപേക്ഷിച്ച് കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്ത് അക്രമാസക്ത കുറ്റങ്ങള്‍ കേരളത്തില്‍ കുറഞ്ഞിരിക്കുകയാണ്. പട്ടിക രണ്ടില്‍ കൊടുത്തിരിക്കുന്ന കണക്കുകളില്‍നിന്ന് ഇത് വ്യക്തമാണ്.
യുഡിഎഫ് ഭരണകാലത്ത് ഓരോ വര്‍ഷവും ശരാശരി 419 കൊലപാതകം നടന്ന സ്ഥാനത്ത് എല്‍ഡിഎഫ് ഭരണകാലത്ത് നടന്നത് 374 ആണ്. 2008ല്‍ ആകട്ടെ 362 കൊലപാതകങ്ങളാണ്. കഴിഞ്ഞ 15 വര്‍ഷക്കാലത്തിനിടയില്‍ രേഖപ്പെടുത്തപ്പെട്ട കൊലപാതകങ്ങളില്‍ ഏറ്റവും താഴ്ന്ന എണ്ണമാണ്. കൊലപാതകശ്രമങ്ങള്‍, കൊളള, ഭവനഭേദനം. ഗുണ്ട - ക്വട്ടേഷന്‍ സംഘങ്ങളെക്കുറിച്ച് വ്യാപകമായ ഭീതി ജനിപ്പിക്കുമ്പോഴും കേരളത്തിലെ കൊലപാതകങ്ങളില്‍ ഈ സംഘത്തിന്റെ സാന്നിധ്യം ചെറുതാണ്. (കേരളത്തില്‍ ഗുണ്ടാ - ക്വട്ടേഷന്‍ സംഘങ്ങളില്ലെന്നോ, ഭയപ്പെടേണ്ടവരൊന്നുമല്ല അവരെന്നോ അല്ല പറഞ്ഞു വരുന്നത്). 1-1-09 മുതല്‍ 31-7-2009 വരെ സംസ്ഥാനത്തുണ്ടായ 214 കൊലപാതകത്തില്‍ അഞ്ചെണ്ണം മാത്രമാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ നടത്തിയത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ എട്ടെണ്ണമേയുളളൂ. 83 എണ്ണം കുടുംബ വഴക്കുകളാണ്. 65 എണ്ണം മുന്‍വൈരാഗ്യമാണ്. ഇങ്ങനെയുളള ചില കൊലപാതകങ്ങളില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ പങ്കാളിത്തം ഉണ്ടാകാമെന്ന് സമ്മതിച്ചാല്‍പ്പോലും അതു പ്രചരിപ്പിക്കപ്പെടുംവിധം ഭയാനകമായ ഒരു എണ്ണമല്ല.
കേരളത്തിലെ ക്വട്ടേഷന്‍ സംഘങ്ങളുടെ ആവിര്‍ഭാവത്തെക്കുറിച്ചും അവ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ചും ഒട്ടും കുറച്ചു കാണുന്ന സമീപനം ഇടതുമുന്നണി സര്‍ക്കാരിനോ സിപിഎമ്മിനോ ഇല്ല. പൊതുജീവിതത്തിന്റെ സ്വസ്ഥതയ്ക്കുമേല്‍ ഭീതിയുടെ ചിറകുകള്‍ വിരിച്ച് സ്വച്ഛന്ദം വിഹരിക്കുന്ന രക്തദാഹികളായ അക്രമിസംഘങ്ങളെ ഉന്മൂലനം ചെയ്യണമെന്നു തന്നെയാണ് സര്‍ക്കാരിന്റെയും പാര്‍ടിയുടെയും നിലപാട്.
ക്രമസമാധാനപാലനത്തില്‍ അത്തരമൊരു ഇച്ഛാശക്തി പുലരുന്നത് എല്‍ഡിഎഫ് ഭരണത്തിലാണ് എന്ന സത്യം മൂടിവച്ച് അപവാദങ്ങളുടെ പ്രചാരകരാകുന്നവര്‍ യഥാര്‍ഥത്തില്‍ രക്തദാഹികള്‍ക്ക് കൊലനിലമൊരുക്കുകയാണ് ചെയ്യുന്നത്. സര്‍ക്കാരിനെയും പൊലീസിനെയും ആക്രമിക്കാന്‍ അസത്യങ്ങളും അര്‍ധ സത്യങ്ങളും യഥേഷ്ടം ഉപയോഗിക്കുന്നവര്‍ ഏതുവരെ പോകുമെന്ന് നോക്കുക. ക്രമസമാധാനത്തകര്‍ച്ചയെക്കുറിച്ച് നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ച യുഡിഎഫുകാര്‍ കേരളത്തിലെ ഡിജിപിയുടെ ചെലവില്‍ ഒരാക്ഷേപം ഉന്നയിച്ചു. ഹവാല, മണല്‍, റിയല്‍ എസ്റ്റേറ്റ്, പെവാണിഭം, ബ്ളേഡ് മേഖലകളിലായി കേരളത്തില്‍ അമ്പതിനായിരം കോടി രൂപയുടെ കള്ളപ്പണമൊഴുകുന്നുവെന്ന് ഡിജിപി പ്രസ്താവിച്ചിട്ടുണ്ടത്രേ! ശരിയാണ്. ഡിജിപി അങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്. ആ പ്രസ്താവന അച്ചടിച്ചുവന്നത് 2006 ആഗസ്തിലെ കലാകൌമുദിയിലാണ്. 2006 മെയ് 17ന് ഇടതുമുന്നണി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷമാണ് കേരളത്തില്‍ അമ്പതിനായിരം കോടിയുടെ കള്ളപ്പണം ഒഴുകിയതെന്ന് വിലയിരുത്താന്‍ അസാമാന്യമായ തൊലിക്കട്ടിതന്നെ വേണം. ആന്റണിയും ഉമ്മന്‍ചാണ്ടിയും ഭരിച്ചു തകര്‍ത്ത അഞ്ചുവര്‍ഷത്തെ യുഡിഎഫ് ഭരണത്തിന്റെ തിരുശേഷിപ്പായിരുന്നു 2006 ആഗസ്തില്‍ ഡിജിപി വെളിപ്പെടുത്തിയ അമ്പതിനായിരം കോടി രൂപയുടെ മാഫിയാ സാന്നിധ്യം.
ഇടതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നപ്പോഴൊക്കെ കോണ്‍ഗ്രസും മനോരമ പത്രവും ക്രമസമാധാനത്തകര്‍ച്ചയുടെ സങ്കടവും രോഷവും ജ്വലിക്കുന്ന കഥകള്‍ പാടിയിട്ടുണ്ട്. ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റ് ഒരാഴ്ച തികയുന്നതിനു മുമ്പുതന്നെ കേരളത്തിലെ തകര്‍ന്ന ക്രമസമാധാന നിലയെക്കുറിച്ച് അന്നത്തെ കോണ്‍ഗ്രസ് നേതാവ് ശ്രീമന്‍ നാരായണന്‍ പ്രസ്താവനയിറക്കി. ഒരു പ്രത്യേക ദിവസത്തിനുശേഷം തകര്‍ന്നുപോയ കേരളത്തിലെ ക്രമസമാധാന നിലയെക്കുറിച്ച് അക്കാലത്ത് ഒ വി വിജയന്‍ മാതൃഭൂമി വാരികയില്‍ അരക്ഷിതാവസ്ഥ എന്ന പേരിലൊരു കഥയുമെഴുതി. 1957 ഏപ്രില്‍ അഞ്ചാം തീയതി ഉച്ചയ്ക്ക് എന്റെ ഗ്രാമത്തില്‍ അരക്ഷിതാവസ്ഥയുണ്ടായി എന്ന കത്തുന്ന പരിഹാസത്തോടെയാണ് ആ കഥ തുടങ്ങുന്നത്. ചരിത്രം ആവര്‍ത്തിക്കുകയാണ്. അന്നത്തെ കൂലിത്തല്ലുകാര്‍ക്ക് ഇന്ന് ക്വട്ടേഷന്‍ സംഘമെന്നാണ് പേര്. ബോംബെയിലും മറ്റും അഴിഞ്ഞാടിയിരുന്ന അധോലോകസംഘങ്ങള്‍ കേരളത്തിലും രൂപംകൊണ്ടിരിക്കുന്നു. ഈ സംഘത്തെ സൃഷ്ടിച്ചതും പോറ്റിവളര്‍ത്തുന്നതും സിപിഎമ്മോ പാര്‍ടി നേതാക്കളോ അല്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിയോലിബറല്‍ പരിഷ്കാരങ്ങളുടെ അനിവാര്യസൃഷ്ടിയാണ് ഈ ഭസ്മാസുര സംഘം.
2
ഗുണ്ടകള്‍ ഉണ്ടാകുന്നത്
വാഹന വായ്പകളും മറ്റും വാരിക്കോരിക്കൊടുത്ത നവബാങ്കുകളും ബ്ളേഡുകളും പണം തിരിച്ചു പിടിക്കാന്‍ റിക്കവറി ഏജന്റുമാരെ ക്വട്ടേഷന്‍ വിളിച്ചതോടെയാണ് കൂലിത്തല്ലുകാര്‍ ക്വട്ടേഷന്‍ സംഘങ്ങളായത്. ഉദാരവല്‍ക്കരണകാലഘട്ടം മാര്‍ക്സ് വിശദീകരിച്ച പ്രാകൃത മൂലധന സഞ്ചയത്തിന്റെ ആധുനിക വെട്ടിപ്പിടിത്ത കാലംകൂടിയാണ്. ഇതിനു ചാവേറുകള്‍ കൂടിയേ തീരൂ. മുംബൈപോലുളള നഗരങ്ങളില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന ഈ അധോലോക സംഘങ്ങള്‍ ഇന്ന് രാജ്യമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലം ഇതാണ്. ആര്‍ഭാടത്തോടുളള ഒടുങ്ങാത്ത ആര്‍ത്തിയുമായി എങ്ങനെയും പണമുണ്ടാക്കാന്‍ വഴിവിട്ട മാര്‍ഗങ്ങള്‍ തേടുന്നതിന് പുതിയ തലമുറയെ പ്രേരിപ്പിക്കുന്നതും അതിനുളള സാഹചര്യമൊരുക്കുന്നതും ഉദാരവല്‍ക്കരണമാണ്. അവിഹിതമായി ഉണ്ടാക്കിയ വമ്പന്‍ സമ്പാദ്യസാമ്രാജ്യം നിലനിര്‍ത്താന്‍ ലോകമെമ്പാടുമുളള പുത്തന്‍പണക്കാര്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ സേവനം ആശ്രയിക്കുന്നു. പുത്തന്‍കൂറ്റ് മുതലാളിമാരും ക്വട്ടേഷന്‍ സംഘങ്ങളും തമ്മിലുളള നാഭീനാളബന്ധം അറിയുന്നവര്‍ക്ക് മുത്തൂറ്റ് സാമ്രാജ്യത്തിലെ ഇളമുറത്തമ്പുരാന്‍ ഗുണ്ടകളെയുംകൊണ്ട് കറങ്ങിയതെന്തിന് എന്ന ചോദ്യം ഉയര്‍ത്താതിരിക്കാനാകില്ല. മൂലധനശക്തികള്‍ തങ്ങള്‍ തമ്മിലുളള കുടിപ്പക തീര്‍ക്കുന്നതിനു മാത്രമല്ല അധ്വാനിക്കുന്നവരെ അടിച്ചമര്‍ത്തുന്നതിനും അധോലോകസംഘങ്ങളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സ്വാഭാവികമായി ഗുണ്ടകളുടെയും കൂലിത്തല്ലുകാരുടെയും ആക്രമണത്തിന് ഏറ്റവും കൂടുതല്‍ ഇരയായിട്ടുളളത് കമ്യൂണിസ്റ്റുകാരാണ്. അഴീക്കോടന്‍ രാഘവനും സഫ്ദര്‍ ഹഷ്മിയുമൊക്കെ അടങ്ങുന്ന നീണ്ട പട്ടികയാണ് അത്. നിലവിലുളള അധികാര വ്യവസ്ഥിതിക്കെതിരെ കമ്യൂണിസ്റ്റുകാരുടെ പോരാട്ടങ്ങള്‍ ശക്തിപ്പെട്ടിടത്തൊക്കെ പാര്‍ടി സഖാക്കളുടെ തല അരിയാന്‍ ഗുണ്ടാസംഘങ്ങള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. കമ്യൂണിസ്റ്റുകാരെ അടിച്ചൊതുക്കാന്‍ കൂലിത്തല്ലുകാരെ വാടകയ്ക്കെടുക്കുന്ന പാരമ്പര്യം മറന്നു കൊണ്ടാണ് ക്വട്ടേഷന്‍ സംഘങ്ങളുടെ പേരില്‍ ഇടതുപക്ഷ വിരുദ്ധ വിദ്വേഷ പ്രചാരണം പൊടിപൊടിക്കുന്നത്.
ഉമ്മന്‍ചാണ്ടിയും ചില മാധ്യമങ്ങളും പ്രചരിപ്പിക്കുന്നതുപോലെ, ഗുണ്ടകളെയും കൂലിത്തല്ലുകാരെയും ഉപയോഗിച്ചല്ല കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നത്; അവരെ ചെറുത്തും ചെറുത്തു തോല്‍പ്പിച്ചുമാണ്. കുറുവടിപ്പടയും ക്രിസ്റ്റഫര്‍ സേനയുമൊക്കെയുണ്ടാക്കി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ മര്‍ദിച്ചൊതുക്കാമെന്ന് വ്യാമോഹിച്ചവരെ ഉമ്മന്‍ചാണ്ടിക്ക് അറിയാമല്ലോ. ക്വട്ടേഷന്‍ സംഘങ്ങളാല്‍ സംരക്ഷിക്കപ്പെടുന്നതും കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് തഴച്ചുവളര്‍ന്നതുമായ അധോലോകത്തിന്റെ ഒരു വലിയ സാമ്രാജ്യം കേരളത്തിന്റെ ഡിജിപിതന്നെ തുറന്നു കാണിച്ചതിനെക്കുറിച്ച് മുകളില്‍ ചൂണ്ടിക്കാണിച്ചിരുന്നു. നാലായിരം കോടിയുടെ വ്യഭിചാരമാഫിയയും 10,000 കോടിയുടെ ഹവാലാ മാഫിയയും 9500 കോടിയുടെ മദ്യമാഫിയയും 12,000 കോടി രൂപയുടെ വാഹനമാഫിയയും 10,000 കോടിയുടെ റിയല്‍എസ്റ്റേറ്റ് മാഫിയയുമടങ്ങുന്ന ഭീകരമായൊരു അധോലോക സാമ്രാജ്യമാണ് അന്ന് ഡിജിപി വെളിപ്പെടുത്തിയത്. നഗരമെന്നോ നാട്ടിന്‍പുറമെന്നോ ഭേദമില്ലാതെ, വളര്‍ന്ന് പടര്‍ന്ന അധോലോകത്തെ സമൂഹമധ്യത്തില്‍ അവശേഷിപ്പിച്ചിട്ടാണ് യുഡിഎഫുകാര്‍ അധികാരമൊഴിഞ്ഞത്. ഇതുപോലുളള ഓരോ അധോലോക സംഘമേഖലകളിലെയും പ്രധാന കേസുകള്‍ പരിശോധിച്ചാല്‍ തെളിയുക യുഡിഎഫ് ബന്ധമാണ്.
കേരളത്തിലെ ഏറ്റവും പഴക്കമുളള കള്ളപ്പണമേഖല ഹവാലയാണ്. ആ മേഖലയിലെ ഒരു കുപ്രസിദ്ധ കഥാപാത്രമാണ് കോടാലി ശ്രീധരന്‍. ഹവാല പണം കൊണ്ടുപോകുന്ന വഴികള്‍ മനസ്സിലാക്കി ആ പണം കവര്‍ച്ച ചെയ്യുക, അതിനുവേണ്ടി കൊലപാതകങ്ങള്‍വരെ നടത്തുക ഇതൊക്കെയായിരുന്നു കോടാലി ശ്രീധരന്‍ നേതൃത്വം നല്‍കുന്ന അധോലോക സംഘത്തിന്റെ ചെയ്തികള്‍. പിടിയിലായ കോടാലി ശ്രീധരന്റെ മൊഴി കൈരളി ടിവിയും ദേശാഭിമാനിയും പുറത്തു കൊണ്ടു വന്നിട്ടുണ്ട്. പുണ്യാളക്കുപ്പായം ധരിച്ചു നടക്കുന്ന പല കോണ്‍ഗ്രസ് നേതാക്കളും കെപിസിസി ഭാരവാഹികളും കോടാലി ശ്രീധരനില്‍നിന്ന് പണം പറ്റിയതിന്റെ കണക്കുകള്‍ പുറത്തു വന്നപ്പോള്‍ ആദര്‍ശഗോപുരങ്ങളില്‍ പടര്‍ന്ന വിഷാദ കാളിമ കണ്ട് ജനം ഞെട്ടി.
കേരളത്തിലെ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകള്‍ മുഖംതിരിച്ചു കളഞ്ഞ ഒരു കഥാപാത്രം ഇപ്പോള്‍ ജയിലിലുണ്ട്. പേര് നാഗരാജ്. വാളയാര്‍ കടന്ന് കേരളത്തിലെത്തുന്ന സ്പിരിറ്റ് ലോറികളുടെ ചലനവും ദിശയും നിയന്ത്രിച്ചിരുന്നത് ഈ സര്‍വശക്തനാണ്. വാളയാറില്‍ അയാളുടെ സ്പിരിറ്റ് ലോറികള്‍ പിടിച്ചെടുക്കാനും അന്വേഷണം നടത്താനും ഒടുവില്‍ അതിസാഹസികമായി കര്‍ണാടകത്തില്‍ ഈ അധോലോക ഭീകരനെ അറസ്റ്റു ചെയ്യാനും ചങ്കുറപ്പ് കാണിച്ചത് കോടിയേരിയുടെ പൊലീസാണ്. ഈ നാഗരാജിനുവേണ്ടി ശുപാര്‍ശചെയ്യാന്‍ ഇടപെട്ടവരില്‍ കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രമുഖര്‍ മാത്രമല്ല കേരളത്തിലെ ഉന്നതരായ ചില കോണ്‍ഗ്രസ് നേതാക്കളുമുണ്ട്. പെണ്‍വാണിഭ കേസുകള്‍ ഇരു സര്‍ക്കാരും എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് താരതമ്യപ്പെടുത്തൂ. കിളിരൂര്‍ പെണ്‍വാണിഭത്തിന്റെ ഇരയായ പെകുട്ടിക്ക് സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സപോലും നിഷേധിക്കുന്ന തരത്തില്‍ അധികാരകേന്ദ്രത്തില്‍ വാണിഭമാഫിയ പിടിമുറുക്കിയ ഭീകരകാലമായിരുന്നു യുഡിഎഫ് ഭരണം. പീഡനക്കേസില്‍ അകപ്പെട്ട മന്ത്രിക്കെതിരെ വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകരുടെ തല തല്ലിപ്പിളര്‍ക്കാന്‍ പൊലീസിനെ ഉപയോഗിച്ച കാഴ്ചയും കേരളം കണ്ടു. എത്രയും വേഗം ഇരയെ കൊന്നുകളയാനും പീഡകനെ പരമാവധി സംരക്ഷിച്ചു പിടിക്കാനും അധികാരത്തെ നിര്‍ലജ്ജമായി യുഡിഎഫ് ഉപയോഗിച്ചു. ഇരുമ്പഴിയെണ്ണുന്ന സന്തോഷ് മാധവനെ വിലയിരുത്തേണ്ടത് ഈ പശ്ചാത്തലത്തിലാണ്. പോള്‍ മുത്തൂറ്റ് വധക്കേസിലെന്നപോലെ ഈ കേസിലും സിപിഐ എം നേതാക്കളെ വേട്ടയാടാന്‍ മാധ്യമങ്ങളുണ്ടായിരുന്നു. ആരോപണ വിധേയന്‍ ഇപ്പോള്‍ ജയിലിലാണ്. പഴുതടച്ച കുറ്റപത്രവും വിചാരണയും കോടതി വിധിച്ച ശിക്ഷയുമാണ് വിമര്‍ശകര്‍ക്ക് ഇടതുസര്‍ക്കാരിന്റെ മറുപടി. പെണ്‍വാണിഭക്കാരനെ സംരക്ഷിക്കാനല്ല, പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനാണ് ഇടതുസര്‍ക്കാര്‍ അധികാരം ഉപയോഗിച്ചത്.
രാഷ്ട്രീയ ശത്രുക്കളുടെ പോകട്ടെ, സ്വന്തം പാര്‍ടിക്കുള്ളിലെ ഗ്രൂപ്പുവൈരങ്ങള്‍ക്ക് പകവീട്ടാന്‍പോലും ഗുണ്ടകളെ ഉപയോഗപ്പെടുത്തുന്ന പാരമ്പര്യമല്ലേ കോണ്‍ഗ്രസിനുള്ളത്? കെപിസിസി ആസ്ഥാനത്ത് രാജ്മോഹന്‍ ഉണ്ണിത്താനെയും ശരത്ചന്ദ്രപ്രസാദിനെയും ഗുണ്ടാപ്പട തല്ലി പതംവരുത്തി പരസ്യമായി വസ്ത്രാക്ഷേപം ചെയ്തത് യുഡിഎഫ് ഭരണകാലത്താണ്. അന്ന്, തമ്മനം ഷാജിയെന്ന ഗുണ്ടാത്തലവന്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ട് തന്റെ കോണ്‍ഗ്രസ് ആഭിമുഖ്യം "അന്തസ്സോടെ'' വെളിപ്പെടുത്തിയതും ജനം മറന്നിട്ടില്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് എറണാകുളത്തെയും തൃശൂരിലെയും അറിയപ്പെടുന്ന ക്വട്ടേഷന്‍ സംഘം കണ്ണൂരിലേക്ക് നിയോഗിക്കപ്പെട്ട സംഭവത്തെ ഈ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായി വേണം കാണേണ്ടത്. അറസ്റ്റിലായ ഗുണ്ടകളെ ആള്‍ക്കൂട്ടത്തിന്റെ സഹായത്തോടെ പൊലീസ് സ്റേഷനില്‍നിന്ന് മോചിപ്പിക്കാന്‍ കെ സുധാകരന് ഒരു മടിയുമില്ലായിരുന്നു. അറിയപ്പെടുന്ന ക്രിമിനലുകളെ സ്വന്തം സുഹൃത്തുക്കളും ബിസിനസ് പങ്കാളികളെന്നും പറഞ്ഞാണ് സുധാകരന്‍ പരിചയപ്പെടുത്തിയത്. സുധാകരന്റെ ഈ ക്വട്ടേഷന്‍ സുഹൃത്തുക്കള്‍ ഇന്നും ഒളിവിലാണ്. തെളിവെടുപ്പിന് സുഹൃത്തുക്കളെ പൊലീസിനു മുന്നില്‍ ഹാജരാക്കണമെന്നും നിയമവ്യവസ്ഥയോട് സഹകരിക്കണമെന്നും സ്വന്തം പാര്‍ടിക്കാരനായ കെ സുധാകരനോട് ബഹുമാന്യനായ പ്രതിപക്ഷനേതാവ് ആവശ്യപ്പെടുമോ?
കേരളത്തിലെ ബ്ളേഡു മാഫിയകളും അധോലോക സംഘങ്ങളും തമ്മിലുളള ബന്ധത്തിന്റെ ഏറ്റവും ഭീകര ഉദാഹരണമായിരുന്നു കണിച്ചുകുളങ്ങര കൊലപാതകം. യുഡിഎഫിന്റെ ഭരണകാലത്ത് നടന്ന ഈ കൊലപാതകത്തിന്റെ പല സൂത്രധാരന്മാരും പിടിയിലായത് എല്‍ഡിഎഫ് ഭരണകാലത്താണ്. പല പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ക്കും ഹിമാലയന്‍ ബ്ളേഡ് മാഫിയ സംഭാവനകള്‍ നല്‍കിയിരുന്നെങ്കിലും ഇവരുടെ രാഷ്ട്രീയസംരക്ഷണം ഏറ്റെടുത്തിരുന്നത് മുന്‍ മന്ത്രിയായ കോണ്‍ഗ്രസിന്റെ ഒരു പ്രമുഖനേതാവാണെന്ന് കേരളത്തില്‍ ആര്‍ക്കാണ് അറിയാത്തത്?
ഭവനഭേദനത്തിനും കവര്‍ച്ചയ്ക്കും പിന്നില്‍ കൂട്ടായി പ്രവര്‍ത്തിക്കുന്ന അധോലോക സംഘങ്ങള്‍ ഒന്നൊന്നായി ഇടതുഭരണകാലത്ത് പിടിയിലാകുന്നു. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ട് പെരിയ ബാങ്ക് കവര്‍ന്ന തമിഴ് നാട്ടില്‍നിന്നുളള പ്രൊഫഷണല്‍ മോഷണസംഘത്തെ അതിവിദഗ്ധമായാണ് കേരള പൊലീസ് അറസ്റ്റു ചെയ്തത്. ചേലമ്പ്ര സൌത്ത് മലബാര്‍ ബാങ്ക് കുത്തിക്കവര്‍ന്ന് 80 കിലോ സ്വര്‍ണം അപഹരിച്ചവരെയും കെണിയില്‍ പെടുത്താനും കളവു മുതലത്രയും വീണ്ടെടുക്കാനും കേരള പൊലീസിന് കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്. നൈജീരിയ കേന്ദ്രമാക്കി ഇന്റര്‍നെറ്റ് തട്ടിപ്പു നടത്തുന്ന അധോലോക സംഘത്തെ വലവീശിപ്പിടിച്ച സൈബര്‍ സെല്ലിന്റെ പ്രവര്‍ത്തനവും കേരള പൊലീസിന്റെ കാര്യക്ഷമത തെളിയിക്കുന്നു.
മിടുക്കരും സത്യസന്ധരുമായ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണങ്ങളെപ്പോലും അവമതിക്കാനും അപമാനിക്കാനും കാണിക്കുന്ന അത്യുത്സാഹത്തിനു പിന്നിലെന്ത് എന്ന് കേരളം ഉറക്കെ ചിന്തിക്കണം. അധോലോക സംഘ പ്രവണതയ്ക്കെതിരെ ശക്തമായ നടപടി പൊലീസ് തുടരും. ഗുണ്ടാ ആക്ട് ഫലപ്രദമായി ഉപയോഗിച്ചും ആധുനിക കുറ്റാന്വേഷണ സങ്കേതങ്ങള്‍ ഉപയോഗിച്ച് കേസുകള്‍ തെളിയിച്ചും ശിക്ഷ ഉറപ്പാക്കിയും നിയമവാഴ്ച പരിരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ഇടതുമുന്നണി സര്‍ക്കാര്‍. പക്ഷേ, കേരളത്തിലെ ക്രമസമാധാനം പൊലീസിന്റെമാത്രം പ്രശ്നമല്ല. ക്രമസമാധാനപാലനത്തില്‍ ജനങ്ങളെക്കൂടി പങ്കാളിയാക്കുന്നതിനുളള പരിശ്രമമാണ് ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കമ്യൂണിറ്റി പൊലീസ്. ഇച്ഛാശക്തിയുളള രാഷ്ട്രീയ നേതൃത്വത്തിനുമാത്രം നടപ്പാക്കാന്‍ കഴിയുന്ന പരിഷ്കാരങ്ങളാണ് ആഭ്യന്തരവകുപ്പില്‍ ഈ സര്‍ക്കാര്‍ വന്നതിനു ശേഷമുണ്ടായത്.
അധോലോക സംഘങ്ങളുടെ വളര്‍ച്ചയുടെ വളമൊരുക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തെ തുറന്നു കാണിക്കുന്നതോടൊപ്പം എല്ലാ വിധ അധോലോക പ്രവണതകള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് പാര്‍ടി സഖാക്കള്‍ക്കും കഴിയണം. ആഗോളവല്‍ക്കരണത്തിന്റെ ഫലമായി സമൂഹത്തില്‍ വന്നുകൊണ്ടിരിക്കുന്ന പ്രവണതകള്‍ നമ്മളെയും സ്വാധീനിക്കാമെന്ന് തിരിച്ചറിഞ്ഞ് ജാഗ്രത പുലര്‍ത്തിയേ തീരൂ. ഇക്കാര്യത്തിലുണ്ടായിട്ടുളള അനവധാനതകളും വീഴ്ചകളും വിമര്‍ശന- സ്വയംവിമര്‍ശന ബുദ്ധ്യാ ഗൌരവമായി പരിശോധിക്കുന്നതിനും പാര്‍ടി കേന്ദ്രകമ്മിറ്റി ഒക്ടോബറില്‍ രൂപം നല്‍കാന്‍ പോകുന്ന തെറ്റുതിരുത്തല്‍ രേഖ ശക്തമായ ആയുധമാകും. കേരളത്തിലെ അധോലോക സംഘങ്ങളുമായി തങ്ങള്‍ക്കുളള ബാന്ധവം മറച്ചുവച്ച് സിപിഐ എമ്മിനെതിരെ കോണ്‍ഗ്രസും ചില മാധ്യമങ്ങളും നടത്തുന്ന പ്രചണ്ഡമായ പ്രചാരണങ്ങളുടെ ലക്ഷ്യം കേരളജനത തിരിച്ചറിയുമെന്ന് ഉറപ്പാണ്.
ഡോ. തോമസ് ഐസക് 2009 സെപ്തംബര്‍ 25-26 തീയതികളിലെ ദേശാഭിമാനി ദിനപ്പത്രത്തില്‍ എഴുതിയ ലേഖനം.
ദുരൂഹതകളുടെയും ഗൂഢാലോചനാസിദ്ധാന്തങ്ങളുടെയും പുകമറ നീക്കിയാല്‍ പോള്‍ എം ജോര്‍ജ് വധക്കേസ് ഏറെയൊന്നും അവശേഷിപ്പിക്കുന്നില്ല. പൊലീസ് വെളിപ്പെടുത്തിയതുപോലെ, അറിയപ്പെടുന്ന രണ്ടു ഗുണ്ടകളുടെ അകമ്പടിയോടെ സഞ്ചരിക്കുമ്പോഴാണ് പോള്‍ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത ഒരു മൊബൈല്‍ സിം കാര്‍ഡ് വിലപ്പെട്ട തെളിവായപ്പോള്‍ രണ്ടുദിവസത്തിനകം പ്രതികള്‍ വലയിലായി. സാധാരണ ഗതിയില്‍ മാസങ്ങളെടുത്ത് പൂര്‍ത്തിയാക്കേണ്ട അന്വേഷണം ദിവസങ്ങള്‍കൊണ്ട് പൂര്‍ത്തിയാക്കി പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിടച്ച പോലീസിനും സര്‍ക്കാരിനും പക്ഷേ, വിവാദങ്ങളുടെ ശരശയ്യയാണ് മാധ്യമങ്ങളൊരുക്കിയത്. അതിവേഗത്തില്‍ കാര്യക്ഷമമായി അന്വേഷണം പൂര്‍ത്തിയാക്കിയ പോലീസ് നടപടി സാധാരണഗതിയില്‍ വ്യാപകമായ പ്രശംസയ്ക്ക് പാത്രമാകേണ്ടതാണ്. എന്നാല്‍, ആരോപണങ്ങളുടെയും വിവാദങ്ങളുടെയും കരിംപുകകൊണ്ട് ഒരു കൊലക്കേസിനെയും അതിന്റെ അന്വേഷണത്തെയും നിഗൂഢതയുടെ തമോഗര്‍ത്തമാക്കാനായിരുന്നു അപസര്‍പ്പകബുദ്ധികള്‍ക്ക് താല്‍പ്പര്യം. നിഷ്കളങ്കമായ സെന്‍സേഷണലിസം എന്നതിനപ്പുറം കൃത്യമായ അജന്‍ഡയുളള ഒരു രാഷ്ട്രീയ പ്രചാരണംതന്നെയാണ് ഈ കൊലക്കേസിന്റെ മറവില്‍ ഇടതുമുന്നണി സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
ReplyDeleteപട്ടിക 2 മാറിപ്പോയിരുന്നു. ക്ഷമിക്കുമല്ലോ.
ReplyDeleteശരിയായ പട്ടിക ഇട്ടിട്ടുണ്ട്.
വിഷയാനുബന്ധ കമന്റ് :
ReplyDeleteപട്ടിക-1ലെ സ്ത്രീപീഡനം, ഗാര്‍ഹിക പീഡനം എന്നീവകുപ്പുകളിലെ കണക്ക് നോക്കിയാല്‍ കേരളത്തിന്റെ ഉയര്‍ന്ന കുറ്റനിരക്ക് reporting bias കൊണ്ടാണോ എന്ന് സംശയിക്കാം. അതായത്, നിയമാവബോധം കൊണ്ടോ അല്ലാതെയോ, കൂടുതല്‍ ആളുകള്‍ അധികാരികള്‍ക്കുമുന്നില്‍ ക്രൈം റിപ്പോട്ട് ചെയ്യുന്നു,കേസുകള്‍ കൂടുതല്‍ റെജിസ്റ്റര്‍ ചെയ്യപ്പെടുന്നു; തന്‍മൂലം കണക്കില്‍ വരുമ്പോള്‍ കുറ്റകൃത്യങ്ങള്‍ കൂടുതലായി തോന്നുന്നു. സ്ത്രീകള്‍ ഇരകളാകുന്ന ഗാര്‍ഹിക പീഡനവും മറ്റും കൂടുതലായി റിപ്പോട്ട് ചെയ്യപ്പെടുന്നത് ഉയര്‍ന്ന സ്ത്രീസാക്ഷരതയുടെയും നിയമ/അവകാശ അവബോധത്തിന്റെയും ലക്ഷണമാണ്.
ലോകത്തിലെ ഏറ്റവുമധികം കുറ്റകൃത്യങങളുള്ള പത്തു രാജ്യങ്ങളുടെ കണക്കെടുത്താല്‍ അതില്‍ ഒരു ഏഷ്യനോ ആഫ്രിക്കനോ രാജ്യം പോലുമില്ല എന്ന അത്ഭുതവും സമാനമായ കാരണങ്ങള്‍ കൊണ്ടുതന്നെ.
അതുകൊണ്ട് കണക്കുകള്‍ അവതരിപ്പിക്കുമ്പോള്‍ reporting bias-ന് അഡ്ജസ്റ്റ് ചെയ്യേണ്ടത് സംസ്ഥാനത്തെയും രാജ്യത്തെയും പറ്റി തെറ്റിദ്ധാരണകളൊഴിവാക്കാന്‍ അവശ്യം വേണ്ടതാണ്.
അതു ശരി.. അപ്പോളങ്ങനെയൊക്കെയാ കാര്യങ്ങൾ !!
ReplyDeleteബഹളം വെച്ച് നടന്നിരുന്ന ആ യൂത്തൻ ലിജുവിന്റെ അഡ്രസ്സ് ഇല്ലാതായല്ലൊ.. അവന്റെ കൂടെ ഉണ്ടായിരുന്ന ആ ഗുണ്ടയുടെ പടം പുറത്ത് വന്നതോടെ
ReplyDelete