Tuesday, September 29, 2009

സെബാസ്റ്റ്യന്‍ പോളിന്റെ പ്രതികരണം ഒഴിവാക്കാമായിരുന്നു

ഡോ. സെബാസ്റ്റ്യന്‍പോള്‍ മാതൃഭൂമിയിലെഴുതിയ 'സത്യാന്വേഷണം തുടരട്ടെ' എന്ന ലേഖനം അദ്ദേഹത്തിന്റെ മനസ്സില്‍ തിങ്ങിക്കൂടിയ ആശയക്കുഴപ്പത്തിന്റെയും മാനസികസംഘര്‍ഷത്തിന്റെയും പ്രതിഫലനം മാത്രമാണെന്ന് പറയേണ്ടി വന്നതില്‍ ഖേദമുണ്ട്. 12 വര്‍ഷം പാര്‍ലമെന്റിലും നിയമസഭയിലും സിപിഐ എം പതാക പറപ്പിക്കാന്‍ കഴിഞ്ഞതില്‍ അദ്ദേഹം അഭിമാനിക്കുന്നുണ്ടെന്നത് നല്ലതുതന്നെ. ഇനിയുള്ള കാലവും പാര്‍ടിയോടുള്ള ആശയപരമായ സഹയാത്ര തുടരുമെന്ന് പറഞ്ഞതും സ്വാഗതാര്‍ഹം. എന്നാല്‍, പാര്‍ടിയുടെ പൊളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയനെതിരെ പാര്‍ടി ശത്രുക്കള്‍ക്ക് ആവേശവും ആഹ്ളാദവും നല്‍കുന്ന തരത്തില്‍ ആക്ഷേപം പ്രകടിപ്പിച്ചതിന് കാരണമെന്തുതന്നെയായാലും ഒരു ന്യായീകരണവുമില്ല.

സെബാസ്റ്റ്യന്‍പോള്‍ ദീര്‍ഘകാലത്തെ പാരമ്പര്യവും പരിചയവുമുള്ള മാധ്യമപ്രവര്‍ത്തകനാണ്. കൈരളിയില്‍ മാധ്യമവിചാരം നടത്തി പൊതു അംഗീകാരം നേടിയ വ്യക്തിയാണ്. ഇതിനൊക്കെ സഹായകരമായ രീതിയില്‍ സിപിഐ എമ്മും പിണറായി വിജയനും വഹിച്ച നിര്‍ണായകമായ പങ്ക് ഒരു നിമിഷനേരത്തേക്കായാലും അദ്ദേഹം മറന്നുകളയരുതായിരുന്നു. ഇപ്പോള്‍ അദ്ദേഹം തന്റെ അഭിപ്രായപ്രകടനം വൈയക്തികമായിരുന്നെന്നും അടിയന്തരാവസ്ഥയില്‍ പീഡനം അനുഭവിച്ച പിണറായി വിജയനെപ്പറ്റി അത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത് തെറ്റായിപ്പോയെന്നും വീണ്ടുവിചാരം നടത്തിയത് സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. ഈ വീണ്ടുവിചാരം തികച്ചും ഉചിതമാണ്. അത് മുഖവിലയ്ക്കെടുക്കുകയും ചെയ്യുന്നു. അതുകൂടി കണക്കിലെടുത്താണ് ഈ പ്രതികരണം തയ്യാറാക്കിയതെന്ന വസ്തുതകൂടി തുടക്കത്തില്‍ത്തന്നെ സൂചിപ്പിക്കുകയാണ്.

സെബാസ്റ്റ്യന്‍പോള്‍ മാതൃഭൂമിയിലെഴുതിയ ലേഖനത്തില്‍ സമ്മതിച്ച ഒരു കാര്യം ആദ്യമേ ചൂണ്ടിക്കാണിക്കട്ടെ. 'ശത്രുവിന്റെ അതേ മാര്‍ഗം ഉപയോഗിച്ച് പ്രത്യാക്രമണം നടത്തുകയെന്നതാണ് ലെനിനിസ്റ്റ് മാധ്യമതത്വം. സോവിയറ്റ് വിപ്ളവത്തെ പരിഹസിക്കുന്ന അമേരിക്കന്‍ സിനിമകള്‍ക്കുള്ള മറുപടിയായിരുന്നു ലെനിന്‍ നിര്‍ദേശിച്ചതനുസരിച്ച് നിര്‍മിച്ച ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍. ഈ തത്വത്തിന്റെ കേരളത്തിലെ ആവിഷ്കാരമാണ് ദേശാഭിമാനിയും കൈരളി-പീപ്പിള്‍ ചാനലുകളും'. ദേശാഭിമാനിയിലും കൈരളിയിലും സെബാസ്റ്റ്യന്‍പോള്‍ വഹിച്ച പങ്കുകൂടി ഓര്‍ത്തുകൊണ്ടായിരിക്കും അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്. അതൊരു ബഹുമതിയായി ഞങ്ങള്‍ കാണുന്നു. പാര്‍ടിക്കെതിരെ ആരോപണമുണ്ടായാല്‍ പ്രതികരിക്കുക എന്നത് ലെനിനിസ്റ്റ് ശൈലിയാണ്. സെബാസ്റ്റ്യന്‍ പോളിന്റെ മാതൃഭൂമി ലേഖനത്തിന്റെ ഒരുവശം പാര്‍ടി ശത്രുക്കള്‍ക്ക് സഹായം നല്‍കുന്നതായിരുന്നു എന്ന് മാധ്യമങ്ങളും പാര്‍ടിശത്രുക്കളും പ്രതികരിച്ചതില്‍നിന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടുകാണും. പാര്‍ടി ശത്രുക്കള്‍ക്ക് സഹായകരമായ നിലപാട് സ്വീകരിക്കുമ്പോള്‍ പ്രതികരിക്കേണ്ടത് ദേശാഭിമാനിയുടെ ചുമതലയാണെന്നു സമ്മതിച്ചതോടെ കാര്യം എളുപ്പമായി. പ്രഭാവര്‍മയുടെ ലേഖനം പ്രസിദ്ധീകരിച്ചത് ശരിയായിരുന്നു എന്നും അത് ലെനിനിസ്റ്റ് രീതിയാണെന്നും ആദ്യലേഖനത്തില്‍ത്തന്നെ സമ്മതിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ദേശാഭിമാനിയില്‍ പ്രഭാവര്‍മ ലേഖനമെഴുതിയതില്‍ പ്രകോപിതനാകേണ്ടതില്ല.

വ്യക്തിപരമായ ആക്ഷേപമൊന്നും ലേഖനത്തിലില്ല. സെബാസ്റ്റ്യന്‍പോള്‍ മുമ്പ് സമ്മതിച്ച കാര്യങ്ങള്‍തന്നെയാണ് പ്രഭാവര്‍മ ചൂണ്ടിക്കാണിച്ചത്. അത് മനസ്സിലാക്കി അപ്പോള്‍ത്തന്നെ സ്വയം വിമര്‍ശത്തിന് സെബാസ്റ്റ്യന്‍പോള്‍ തയ്യാറാകേണ്ടതായിരുന്നു. വിമര്‍ശം അദ്ദേഹത്തിന്റെമാത്രം അവകാശമാണെന്നും അതിന് മറുപടി പ്രഭാവര്‍മയോ പത്രമോ നല്‍കാന്‍ പാടില്ലെന്നും ജനാധിപത്യവാദിയായ സെബാസ്റ്റ്യന്‍പോള്‍ ധരിച്ചത് അത്ഭുതകരമാണ്. രണ്ടാമത്തെ കാര്യം മാധ്യമങ്ങളുടെ സത്യാന്വേഷണമാണ്. "അടയാളപ്പെടുത്തിയ ട്രാക്ക് തെറ്റിയോടുന്നുവെന്നതാണ് മാധ്യമങ്ങള്‍ക്കെതിരെയുള്ള ഗുരുതരമായ ആരോപണം. എവിടെയും സമാന്തരപ്രവര്‍ത്തനത്തിലാണ് അവര്‍ക്ക് താല്‍പ്പര്യം. നീതിനിര്‍വഹണമെന്നത് ഭരണകൂടത്തിന്റെ ചുമതലയാണ്. അത് നന്നായി നടക്കുന്നുണ്ടോ എന്ന് മാധ്യമങ്ങള്‍ക്ക് പരിശോധിക്കാം. അതിനു പകരം സമാന്തരവിചാരണയാണ് മാധ്യമങ്ങള്‍ നടത്തുന്നത്.'' ഇത്രയും തുറന്നു സമ്മതിക്കുന്ന സെബാസ്റ്റ്യന്‍ പോള്‍ മാധ്യമങ്ങള്‍ക്ക് ദിവ്യദൃഷ്ടിയുണ്ടോ എന്ന് ചോദിച്ചതില്‍ പിണറായി വിജയനെ എന്തിന് കുറ്റപ്പെടുത്തണം?

പോള്‍ വധക്കേസില്‍ സത്യാന്വേഷണമാണോ, അന്വേഷണം വഴിതെറ്റിക്കാനാണോ ചില മാധ്യമങ്ങള്‍ ശ്രമിച്ചത്? കൊലനടത്തിയ പ്രതി കുറ്റം സമ്മതിച്ചു. കൊലപാതകം ആസൂത്രിതമായിരുന്നില്ല, തികച്ചും യാദൃച്ഛികമായിരുന്നു എന്ന് പൊലീസ് അന്വേഷിച്ചു കണ്ടെത്തി. അതുകാരണമായിരിക്കണം പ്രതി കുറ്റം സമ്മതിച്ചത്. എന്നാല്‍, കുറ്റം സമ്മതിച്ച പ്രതിയെ രക്ഷിക്കാന്‍ ബോധപൂര്‍വം ഒരു സമര്‍ഥനായ ക്രിമിനല്‍ വക്കീലിന്റെ പങ്കാണ് മാധ്യമങ്ങള്‍ ഏറ്റെടുത്തത്. പ്രതിക്കുവേണ്ടി വക്കാലത്തില്ലാതെ വാദിക്കുകയായിരുന്നു. പ്രതികുറ്റം സമ്മതിച്ചത് 15 ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്ന് സമ്മതിച്ചതിനാലാണെന്ന് ഒരു വാദം. പ്രതിയുടെ അമ്മ പറഞ്ഞത് പത്രങ്ങള്‍ ഏറ്റുപാടി. കത്തി കടലാസില്‍ പൊതിഞ്ഞ് പൊലീസ് ജനലില്‍കൂടി കട്ടിലിനടിയിലേക്ക് എറിഞ്ഞതാണ്. തുടര്‍ച്ചയായി കത്തി ഒരു കൊല്ലന്‍ പണിതു കൊടുത്തതായി കെട്ടുകഥ നിര്‍മിച്ചു. സാക്ഷിയായി കൊല്ലനെ ഹാജരാക്കി. ഓംപ്രകാശിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആരോപണമുന്നയിച്ചു. ആഭ്യന്തരമന്ത്രിയുടെ മകനെ ഓംപ്രകാശുമായി ബന്ധപ്പെടുത്താന്‍ നുണക്കഥകള്‍ ഒന്നിനു പിറകെ ഒന്നായി അവതരിപ്പിച്ചു. അബിയെ അറസ്റ്റു ചെയ്തതോടെ ക്വട്ടേഷന്‍സംഘത്തിന്റെ സാന്നിധ്യവും കരുനീക്കങ്ങളും പുറത്തുവന്നു. പോള്‍ വധക്കേസിന്റെ യഥാര്‍ഥ സത്യം പുറത്തുകൊണ്ടുവരുന്നതിലും തെളിവുകള്‍ കൂട്ടിയിണക്കുന്നതിലും പൊലീസ് അസാമാന്യമായ കുറ്റാന്വേഷണ വൈദഗ്ധ്യവും അര്‍പ്പണമനോഭാവവും ആര്‍ത്മാര്‍ഥതയും പ്രകടിപ്പിച്ചതായി നിഷ്പക്ഷമതികള്‍ സമ്മതിക്കും. ഇക്കാര്യത്തില്‍ പൊലീസിനെ അഭിനന്ദിക്കുന്നതിനു പകരം പൊലീസിനെ അകാരണമായി പഴിക്കാനും അപമാനിക്കാനുമാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്.

പല കേസിലും ദൃക്സാക്ഷികള്‍ തെളിവു നല്‍കാന്‍ തയ്യാറാകാതെ ഒഴിഞ്ഞുമാറുന്ന അനുഭവം പൊലീസിനുണ്ട്. തെളിയിക്കാനും സാക്ഷികളെ കണ്ടെത്താനുമുള്ള പൂര്‍ണ ചുമതല പൊലീസിന് മാത്രമാണെന്ന ധാരണയാണ് വളര്‍ന്നുവരുന്നത്. ഈ സാഹചര്യത്തില്‍ പൊലീസിന്റെ പ്രയാസം മാധ്യമങ്ങള്‍ സത്യാന്വേഷണം നടത്തുമ്പോള്‍ കാണാതിരിക്കുന്നതെങ്ങനെയാണ്. പോള്‍ വധക്കേസില്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് എന്തോ തെറ്റുപറ്റിയതായും സത്യം കണ്ടെത്തുന്നതില്‍ മാധ്യമങ്ങള്‍ വലിയ പങ്കുവഹിച്ചതായും സെബാസ്റ്റ്യന്‍പോള്‍ കണ്ടെത്തിയത് വിചിത്രമായി തോന്നുന്നു. ഒപ്പംതന്നെ സമാന്തര അന്വേഷണമാണ് മാധ്യമങ്ങള്‍ നടത്തിയതെന്നും പറയുന്നു. ഏതാണ് ശരി? മാധ്യമങ്ങള്‍ ബോധപൂര്‍വം അന്വേഷണം തെറ്റിക്കാനും ആഭ്യന്തരമന്ത്രിയെ കുറ്റപ്പെടുത്താനും ആഭ്യന്തരമന്ത്രിയുടെ കുടുംബത്തെത്തന്നെ ഇതിലേക്ക് വലിച്ചിഴയ്ക്കാനും ആഭ്യന്തരമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ടുവരാനും ശ്രമിച്ചത് പിണറായിയും കോടിയേരിയും കാഴ്ചക്കാരായി നോക്കിനില്‍ക്കണമെന്നാണോ? മാധ്യമങ്ങളുടെ വഴിവിട്ട നീക്കത്തെ പ്രകീര്‍ത്തിക്കുകയാണോ വേണ്ടത്! പോള്‍ വധക്കേസില്‍ കുറ്റം സമ്മതിച്ച ആള്‍ നിരപരാധിയാണെന്നും മറ്റുചിലരാണ് യഥാര്‍ഥ പ്രതികളെന്നും ഒരടിസ്ഥാനവുമില്ലാതെ രാഷ്ട്രീയ ലക്ഷ്യംമാത്രം മുന്‍നിര്‍ത്തി വാദിക്കുമ്പോള്‍ ആവര്‍ത്തിച്ച് ഗീബല്‍സിന്റെ മാതൃകയില്‍ നുണപറഞ്ഞ് സത്യമാണെന്ന രീതിയില്‍ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മാധ്യമങ്ങള്‍ക്ക് ദിവ്യദൃഷ്ടിയുണ്ടോ എന്ന് ചോദിച്ചതാണോ തെറ്റ്?

പിണറായിയും കോടിയേരിയും ചേര്‍ന്ന് കേരളത്തിലെ മാധ്യമങ്ങളെ ഹിംസിക്കാനൊരുങ്ങുന്നു എന്ന ധാരണ വ്യാപകമായിട്ടുണ്ടെന്ന് സെബാസ്റ്റ്യന്‍പോള്‍ പറയുന്നതില്‍ സത്യത്തിന്റെ കണികപോലും കാണാന്‍ കഴിയുന്നില്ല. സത്യം മറിച്ചാണ്. മാധ്യമങ്ങള്‍ ബോധപൂര്‍വം പിണറായിയെയും കോടിയേരിയെയും ഹിംസിക്കാന്‍ ഇടതടവില്ലാതെ നിരന്തരം ആവര്‍ത്തിച്ച് ശ്രമിച്ചുകൊണ്ടിരിക്കയാണെന്നതല്ലേ സത്യം? "കൊലയുടെ കുരുക്ക് അഴിക്കുകയാണെന്ന വ്യാജേന നടത്തിയ ചരിത്രാന്വേഷണം മാധ്യമങ്ങളുടെ പക്ഷപാതിത്വത്തെയാണ് വെളിപ്പെടുത്തിയതെന്ന് ഡോ. സെബാസ്റ്റ്യന്‍പോള്‍ തന്റെ മാതൃഭൂമി ലേഖനത്തില്‍ ഉറപ്പിച്ച് പറയുന്നതായി കാണുന്നു. പക്ഷപാതിത്വപരമായ സത്യാന്വേഷണം മാധ്യമങ്ങള്‍ തുടരണമെന്നാണോ സെബാസ്റ്റ്യന്‍പോള്‍ ആഗ്രഹിക്കുന്നത്?

മറ്റൊരാക്ഷേപം പിണറായി വിജയന്‍ തൃശൂരില്‍ പരസ്യമായി അഭിപ്രായപ്രകടനം നടത്തിയതിനെപ്പറ്റിയാണ്. 2007 മാര്‍ച്ചില്‍ സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസില്‍ അന്തരിച്ച അരവിന്ദാക്ഷന്റെ ഫോട്ടോ അനാച്ഛാദനവേളയില്‍ പിണറായി വിജയന്‍ ഒരു വിഷയത്തില്‍ പ്രതികരിച്ചു എന്നത് ശരിയാണ്. മാധ്യമസിന്‍ഡിക്കറ്റ് ഉണ്ടെന്ന വാദം ശരിയല്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ സിഐഎയില്‍നിന്ന് പണം വാങ്ങിയാണ് എഴുതുന്നതെന്ന് പറയുന്നത് വസ്തുത അല്ലെന്നും സെബാസ്റ്റ്യന്‍പോള്‍ പരസ്യമായി അഭിപ്രായപ്രകടനം നടത്തുകയുണ്ടായി. ഈ സാഹചര്യത്തിലാണ് സെബാസ്റ്റ്യന്‍പോള്‍ മാധ്യമങ്ങളുടെ വക്കാലത്ത് ഏറ്റെടുക്കേണ്ടതില്ലെന്ന് പറയാനിടയായത്. പരസ്യമായി പറയുന്ന കാര്യങ്ങള്‍ രഹസ്യമായി വിളിച്ച് ഉപദേശിച്ച് തിരുത്തേണ്ടതായ വിഷയമല്ല. തെറ്റിദ്ധാരണ നീക്കാന്‍ രഹസ്യമായി വിളിച്ച് സംസാരിക്കുകയൊക്കെയാകാം. എന്നാല്‍, പരസ്യമായി ഒരഭിപ്രായം പ്രകടിപ്പിച്ചു കഴിഞ്ഞാല്‍ മറുപടി പരസ്യമായിത്തന്നെ പറയുന്നതാണ് പാര്‍ടി രീതിയെന്ന് ഡോ. സെബാസ്റ്റ്യന്‍പോള്‍തന്നെ സമ്മതിച്ചതാണല്ലോ. ആ രീതിയാണ് നാളിതുവരെ സ്വീകരിച്ചുപോന്നത്.

എന്തായാലും പ്രഭാവര്‍മ എഴുതിയ ലേഖനത്തിന് പ്രകോപിതനായി മറുപടി പറഞ്ഞ സെബാസ്റ്റ്യന്‍പോള്‍ പിണറായി വിജയനെ ഒരാവശ്യവുമില്ലാതെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ലായിരുന്നു. അതേതായാലും അദ്ദേഹം തെറ്റ് സ്വയം തുറന്നുസമ്മതിച്ചത് സ്വാഗതാര്‍ഹമാണ്. ഉമ്മന്‍ചാണ്ടിക്കും അദ്ദേഹത്തിന്റെ സഹായികളായ മാധ്യമങ്ങള്‍ക്കും ഇനി വായടയ്ക്കാം. ഇടതുപക്ഷത്തിന്റെ പതാക ഉയര്‍ത്തിപ്പിടിക്കാനായത് അഭിമാനത്തോടെ ചൂണ്ടിക്കാട്ടുന്ന സെബാസ്റ്റ്യന്‍പോള്‍ തുടര്‍ന്നും പാര്‍ടിയോടൊപ്പം നില്‍ക്കുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തിലുണ്ടാകുന്ന വിമര്‍ശമോ പ്രതിവിമര്‍ശമോ അല്ലല്ലോ പൊതുനിലപാടുകളെ സ്വാധീനിക്കുന്നത്.

വി വി ദക്ഷിണാമൂര്‍ത്തി ദേശാഭിമാനി 29 സെപ്തംബര്‍ 2009

5 comments:

  1. ഡോ. സെബാസ്റ്റ്യന്‍പോള്‍ മാതൃഭൂമിയിലെഴുതിയ 'സത്യാന്വേഷണം തുടരട്ടെ' എന്ന ലേഖനം അദ്ദേഹത്തിന്റെ മനസ്സില്‍ തിങ്ങിക്കൂടിയ ആശയക്കുഴപ്പത്തിന്റെയും മാനസികസംഘര്‍ഷത്തിന്റെയും പ്രതിഫലനം മാത്രമാണെന്ന് പറയേണ്ടി വന്നതില്‍ ഖേദമുണ്ട്. 12 വര്‍ഷം പാര്‍ലമെന്റിലും നിയമസഭയിലും സിപിഐ എം പതാക പറപ്പിക്കാന്‍ കഴിഞ്ഞതില്‍ അദ്ദേഹം അഭിമാനിക്കുന്നുണ്ടെന്നത് നല്ലതുതന്നെ. ഇനിയുള്ള കാലവും പാര്‍ടിയോടുള്ള ആശയപരമായ സഹയാത്ര തുടരുമെന്ന് പറഞ്ഞതും സ്വാഗതാര്‍ഹം. എന്നാല്‍, പാര്‍ടിയുടെ പൊളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയനെതിരെ പാര്‍ടി ശത്രുക്കള്‍ക്ക് ആവേശവും ആഹ്ളാദവും നല്‍കുന്ന തരത്തില്‍ ആക്ഷേപം പ്രകടിപ്പിച്ചതിന് കാരണമെന്തുതന്നെയായാലും ഒരു ന്യായീകരണവുമില്ല.

    സെബാസ്റ്റ്യന്‍പോള്‍ ദീര്‍ഘകാലത്തെ പാരമ്പര്യവും പരിചയവുമുള്ള മാധ്യമപ്രവര്‍ത്തകനാണ്. കൈരളിയില്‍ മാധ്യമവിചാരം നടത്തി പൊതു അംഗീകാരം നേടിയ വ്യക്തിയാണ്. ഇതിനൊക്കെ സഹായകരമായ രീതിയില്‍ സിപിഐ എമ്മും പിണറായി വിജയനും വഹിച്ച നിര്‍ണായകമായ പങ്ക് ഒരു നിമിഷനേരത്തേക്കായാലും അദ്ദേഹം മറന്നുകളയരുതായിരുന്നു. ഇപ്പോള്‍ അദ്ദേഹം തന്റെ അഭിപ്രായപ്രകടനം വൈയക്തികമായിരുന്നെന്നും അടിയന്തരാവസ്ഥയില്‍ പീഡനം അനുഭവിച്ച പിണറായി വിജയനെപ്പറ്റി അത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത് തെറ്റായിപ്പോയെന്നും വീണ്ടുവിചാരം നടത്തിയത് സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. ഈ വീണ്ടുവിചാരം തികച്ചും ഉചിതമാണ്. അത് മുഖവിലയ്ക്കെടുക്കുകയും ചെയ്യുന്നു. അതുകൂടി കണക്കിലെടുത്താണ് ഈ പ്രതികരണം തയ്യാറാക്കിയതെന്ന വസ്തുതകൂടി തുടക്കത്തില്‍ത്തന്നെ സൂചിപ്പിക്കുകയാണ്.

    ReplyDelete

  2. പോള്‍ വധക്കേസിന്റെ യഥാര്‍ഥ സത്യം പുറത്തുകൊണ്ടുവരുന്നതിലും തെളിവുകള്‍ കൂട്ടിയിണക്കുന്നതിലും പൊലീസ് അസാമാന്യമായ കുറ്റാന്വേഷണ വൈദഗ്ധ്യവും അര്‍പ്പണമനോഭാവവും ആര്‍ത്മാര്‍ഥതയും പ്രകടിപ്പിച്ചതായി നിഷ്പക്ഷമതികള്‍ സമ്മതിക്കും.


    കേരളാ പോലീസിനെ കുറിച്ച് തന്നാണോ നിങ്ങളീ പറഞ്ഞത് ? ഗംഭീരം.... അതി ഗംഭീരം.....

    ReplyDelete
  3. പത്രാധിപരേ,
    സെബാസ്റ്റ്യൻ പോളിന്റെ ആ പ്രതികരണം വായിക്കാൻ സഖാവിനു മറ്റു പത്രങ്ങൾ നോക്കേണ്ടിവന്നിരിക്കും അല്ലേ? നൊമ്മടെ പത്രം അതു പൂഴ്ത്തിയല്ലോ! ഇങ്ങനെയൊക്കെയാണല്ലോ നാം ‘നേര് നേരത്തെ അറിയിക്കുന്ന’ത്?

    ReplyDelete
  4. തുടര്‍ച്ചയായി കത്തി ഒരു കൊല്ലന്‍ പണിതു കൊടുത്തതായി കെട്ടുകഥ നിര്‍മിച്ചു.

    !!!!!!

    ReplyDelete
  5. പീപ്പിള്‍ ടി വി, ഏഷ്യാനെറ്റിനെ ഒതുക്കാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ തൊലിയുരിഞ്ഞു പോയി!! എന്നിട്ട് മാധ്യമധര്‍മ്മം പ്രസംഗിക്കുന്നു.. ഹാ കഷ്ടം!!

    ReplyDelete