Tuesday, September 15, 2009

മാധ്യമങ്ങള്‍ക്ക് എന്തുമാകാമെന്നോ?

വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുന്നത് മാധ്യമങ്ങള്‍ക്കുനേരെയുള്ള കടന്നാക്രമണമായി വിശേഷബുദ്ധിയുള്ളവര്‍ കരുതാനിടയില്ല. പ്രധാനപ്പെട്ട കേസുകളില്‍ വെളിപ്പെടുത്തലുണ്ടാകുമ്പോള്‍ അന്വേഷണത്തിന് സഹായകമാംവിധം അവ പൊലീസുമായി പങ്കുവച്ച് സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നത് മാധ്യമസ്വാതന്ത്ര്യം ഹനിക്കലാണെന്ന് വ്യാഖ്യാനിക്കുന്നവര്‍ ഏതുലോകത്താണ് ജീവിക്കുന്നതെന്ന് ചോദിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ട്. രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ നന്മയെക്കരുതി, തങ്ങളുടെ കൈവശമുള്ള ഒരു വിവരം കൈമാറിയാല്‍ എന്താണ് ഇടിഞ്ഞുപൊളിഞ്ഞുപോകാനുള്ളത്? മാധ്യമങ്ങള്‍ക്ക് സാമൂഹ്യപ്രതിബദ്ധത നിഷിദ്ധമാണോ? കേരളത്തില്‍ ഇന്ന് നടക്കുന്ന വിവാദങ്ങളില്‍ മുക്കാല്‍പങ്കും വാര്‍ത്ത സൃഷ്ടിച്ച് പേജുകളും വാര്‍ത്താ സമയവും നിറയ്ക്കാനുള്ള മാധ്യമങ്ങളുടെ വികലസൃഷ്ടികളില്‍ കവിഞ്ഞ ഒന്നുമല്ല എന്ന യാഥാര്‍ഥ്യം ഇവിടത്തെ മാധ്യമങ്ങളുടെ സദാചാര-സാമൂഹ്യ-രാഷ്ട്രീയ നിലവാരത്തെക്കുറിച്ചുള്ള ഗൌരവമായ ചര്‍ച്ച ആവശ്യപ്പെടുന്നതാണ്.

കഴിഞ്ഞദിവസം കണ്ണൂരില്‍ ഒരു കോണ്‍ഗ്രസ് എംപി നടത്തിയ പത്രസമ്മേളനവും അത് പ്രധാന മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്ത രീതിയും പരിശോധിച്ചാല്‍, മാധ്യമ മര്യാദ ഏത് ചെളിക്കുണ്ടിലാണ് കിടക്കുന്നതെന്നും ഏതുതരം രാഷ്ട്രീയ നെറികേടാണ് മാധ്യമ പരിലാളന അനുഭവിക്കുന്നതെന്നും ബോധ്യപ്പെടും. കെ സുധാകരന്‍ എന്ന മുന്‍മന്ത്രിയും കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാവുമായ പാര്‍ലമെന്റ് അംഗമാണ് പത്രസമ്മേളനം നടത്തിയത്. തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്ന് പരിഭവിച്ച ആ നേതാവ്, അതേ നാണയത്തില്‍ താനും തിരിച്ചടിക്കുകയാണ് എന്ന ന്യായീകരണത്തോടെയാണ് സിപിഐ എമ്മിനെതിരെ അസംബന്ധങ്ങള്‍ എഴുന്നള്ളിച്ചത്. ഇ പി ജയരാജന് വെടികൊണ്ടിട്ടേയില്ല എന്നാണ് അതില്‍ ഒന്ന്. കൊല്ലപ്പെട്ട പോള്‍ എം ജോര്‍ജിനോട് ദേശാഭിമാനിക്കുവേണ്ടി ഫണ്ട് ചോദിച്ചിരുന്നു എന്നത് രണ്ടാമത്തേത്. ഇ പി ജയരാജനെ കൊല്ലാന്‍ പതിനായിരം രൂപയും തോക്കും കൊടുത്തയച്ച ആളാണ്, ആ കേസില്‍ പ്രതിയായി ഓങ്കോള്‍ കോടതിയുടെ ജാമ്യവ്യവസ്ഥപ്രകാരം ദിവസങ്ങളോളം ഹൈദരാബാദില്‍ കൂട്ടുപ്രതി എം വി രാഘവനോടൊപ്പം കെട്ടിക്കിടക്കേണ്ടിവന്ന മാന്യനാണ് ഇപ്പോള്‍ വെടി വച്ചിട്ടേയില്ലെന്ന് പുലമ്പുന്നത്. ജയരാജനെ വെടിവച്ചു വീഴ്ത്തിയ പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നിവരെ പിടികൂടിയത് സിപിഐ എമ്മുകാരല്ല. തമിഴ്നാട്ടിലെയും ആന്ധ്രയിലെയും പൊലീസാണ്. പൊലീസിന് ആ കുറ്റവാളികള്‍ നല്‍കിയ മൊഴിയിലാണ്, തങ്ങളെ അയച്ചത് സുധാകരനും രാഘവനുമാണെന്ന് വെളിപ്പെട്ടത്. അങ്ങനെയാണ് ഇരുവരും പ്രതിപ്പട്ടികയിലെത്തിയത്. നിയമത്തിന്റെയും അധികാരത്തിന്റെയും പഴുതുകളിലൂടെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാകാന്‍ പലകുറി ശ്രമിച്ചെങ്കിലും പ്രശ്നം സുപ്രീംകോടതിയുടെ പരിഗണനയിലാണ് ഇന്ന്. ജയരാജന് വെടിയേറ്റതും തുടര്‍ന്ന് ചെന്നൈയിലും ലണ്ടനിലും നിരന്തര ചികിത്സ നടന്നതും വെടിയുണ്ടയുടെ ഒരംശം നീക്കം ചെയ്യാനാകാതെ അവശേഷിക്കുന്നതും സവിസ്തരം അന്ന് റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങള്‍ക്ക്, സുധാകരന്റെ പുതിയ സിദ്ധാന്തം വെള്ളംകൂട്ടാതെ വിഴുങ്ങാന്‍ ഒട്ടും ആത്മനിന്ദ തോന്നുന്നില്ല; നിങ്ങള്‍ എന്തിന് പച്ചക്കള്ളം പറയുന്നു എന്ന് സുധാകരനോട് ചോദിക്കാനുള്ള നട്ടെല്ലുണ്ടായില്ല- ഇതാണ് കൊട്ടിഘോഷിക്കപ്പെടുന്ന മാധ്യമ മര്യാദയുടെ ഒരു സാമ്പിള്‍.

ദേശാഭിമാനിക്കുവേണ്ടി ഒരു ഫണ്ട് പിരിവ് എവിടെയും നടക്കുന്നില്ല. പോള്‍ എം ജോര്‍ജിനോട് ഫണ്ട് ചോദിച്ചു എന്ന് സുധാകരന്‍ പറയണമെങ്കില്‍, പോള്‍ മരിക്കുംമുമ്പ് സുധാകരനോട് അങ്ങനെ പറഞ്ഞിരിക്കണം. അല്ലെങ്കില്‍ പോളിന്റെ അടുപ്പക്കാരായ ആരുമായെങ്കിലും സുധാകരന് ബന്ധമുണ്ടാകണം. ആര്, എങ്ങനെ എന്നെല്ലാം വെളിപ്പെടുത്താനുള്ള ബാധ്യത സുധാകരനുതന്നെയാണ്. അദ്ദേഹത്തെ ചോദ്യംചെയ്താല്‍ 'വലിയ രഹസ്യ'ങ്ങള്‍ക്ക് തുമ്പുണ്ടാകുമല്ലോ. അതല്ലെങ്കില്‍, തലയ്ക്കുവെളിവില്ലാതെ പലതും വിളിച്ചുപറയുന്നവനാണ് താനെന്ന് സുധാകരന് സമ്മതിക്കേണ്ടിവരും. സുധാകരന്‍ പറഞ്ഞതാകെ ആ നേതാവിന്റെ പ്രവൃത്തികള്‍പോലെതന്നെ ചീഞ്ഞ കള്ളമാണെന്ന് കണ്ണൂരിലെ മാധ്യമ സുഹൃത്തുക്കള്‍ക്കെങ്കിലും ബോധ്യപ്പെടാതിരിക്കുമോ? പ്രകടമായിത്തന്നെ അസംബന്ധവും അസത്യവുമെന്ന് മനസ്സിലാകുന്ന ഇത്തരം വിടുവായത്തങ്ങള്‍ അതേപടി വായനക്കാരെ തെറ്റിദ്ധരിപ്പിക്കുംവിധം വിളമ്പുന്നത് മാധ്യമ ധര്‍മത്തിന്റെ ഏതു കണക്കിലാണ് പെടുത്താനാവുക?

മാധ്യമങ്ങള്‍ തെളിവു നല്‍കി സഹകരിക്കണമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അഭ്യര്‍ഥിച്ചപ്പോള്‍ അതിനെ ഒരു മഹാപാതകമായും താന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നല്ല പറഞ്ഞത് എന്ന് അദ്ദേഹം വിശദീകരിച്ചപ്പോള്‍ അതിനെ 'കോടിയേരി അയഞ്ഞ'തായും എഴുതിയ ഞങ്ങളുടെ സഹജീവികള്‍ സ്വന്തം മുഖം ഒന്ന് കണ്ണാടിയില്‍ നോക്കേണ്ടതല്ലേ? പത്രങ്ങളുടെ നാവടക്കുക എന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരുകാലത്തെയും അജന്‍ഡയല്ല. എന്നാല്‍, കമ്യൂണിസ്റ്റുകാരെ സംഹരിക്കുക എന്നത് എക്കാലത്തെയും ബൂര്‍ഷ്വാ മാധ്യമങ്ങളുടെ മുഖ്യ ചുമതലയായിട്ടുമുണ്ട്. കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാല്‍ വിഷംകഴിച്ചു മരിക്കുമെന്ന് പ്രഖ്യാപിച്ച മാമ്മന്‍ മാപ്പിളയുടെ പത്രം ഇന്ന് നിഷ്പക്ഷതയെക്കുറിച്ചും സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെക്കുറിച്ചും എഡിറ്റോറിയലെഴുതുന്നതിനെ കാപട്യമെന്ന് വിളിക്കുമ്പോള്‍ ഉണ്ടാകുന്ന നീറ്റലിനും ചൊറിച്ചിലിനും കമ്യൂണിസ്റ്റുകാരെ പഴിച്ചിട്ട് കാര്യമില്ല. കെ സുധാകരനെയും പി സി ജോര്‍ജിനെയുംപോലുള്ള രാഷ്ട്രീയ നശൂലങ്ങളെ മാത്രമല്ല, നാട്ടിലെ മാന്യന്മാര്‍ക്കെതിരെ അപവാദങ്ങള്‍ എഴുതിപ്പരത്തിയും ഭീഷണിപ്പെടുത്തി കാശുപിടുങ്ങിയും ഉപജീവനം കഴിക്കുന്ന അശ്ളീല പത്രക്കാരനെയും വഞ്ചനയിലൂടെ പണം സമ്പാദിച്ച് കേസില്‍പ്പെട്ട വനിതാ ഡോക്ടറെയും ക്വട്ടേഷന്‍ സംഘത്തെ നയിച്ച് കൊലപാതകം നടത്തിയ പ്രതിയുടെ ബന്ധുക്കളെയും ഗുണ്ടാ നേതാക്കളുടെ കുടുംബാംഗങ്ങളെയും വിളിച്ചിരുത്തി അഭിമുഖം നടത്തി ദിവ്യപരിവേഷം നല്‍കുന്നത് നിങ്ങള്‍, ഈ നിഷ്പക്ഷ മാധ്യമങ്ങള്‍ തന്നെയല്ലേ? കുറ്റവാളികളുടെ വക്കീലിന്റെ വക്കാലത്ത് ഏറ്റെടുത്താലും നാണം തോന്നാത്തതാണോ നിങ്ങള്‍ പറയുന്ന മാധ്യമ സ്വാതന്ത്ര്യം? മാധ്യമങ്ങളുടെ അനാശാസ്യമായ ഇടപെടലിനെ ഹൈക്കോടതി വിമര്‍ശിച്ചപ്പോള്‍ ആ വിവരം മുക്കിവച്ച നിങ്ങള്‍തന്നെയല്ലേ, അതേ കാര്യം സിപിഐ എം സംസ്ഥാന സെക്രട്ടറി ആവര്‍ത്തിച്ചപ്പോള്‍ അപസ്മാരബാധിതരായത്? മാധ്യമങ്ങള്‍ക്ക് ദിവ്യദൃഷ്ടിയുണ്ടോ എന്ന ചോദ്യത്തിനോട് നിങ്ങള്‍ക്കെന്തിന് ഈ അസഹിഷ്ണുത? പോള്‍ വധക്കേസിന്റെ ഏതു തലത്തിലാണ് നിങ്ങള്‍ സിപിഐ എമ്മുമായി ബന്ധം കാണുന്നത്? മരിച്ച പോളുമായോ പോളിന്റെ കുടുംബസ്ഥാപനമായ മുത്തൂറ്റ് ഗ്രൂപ്പുമായോ സിപിഐ എമ്മിന് ബന്ധമൊന്നുമില്ല. അതേസമയം പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിക്ക് വ്യക്തിപരമായി ബന്ധുത്വമുണ്ടുതാനും.

സൂര്യനുതാഴെയുള്ളതെന്തും നിഷ്പക്ഷം റിപ്പോര്‍ട്ട് ചെയ്യുന്ന മാന്യന്മാരേ, നിങ്ങളാരെങ്കിലും ഉമ്മന്‍ചാണ്ടി-മുത്തൂറ്റ് ബന്ധത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടിയോ? അതിനുള്ള തന്റേടമുണ്ടോ നിങ്ങള്‍ക്ക്? പോളിനെ മുമ്പ് മയക്കുമരുന്നുകേസില്‍ പിടികൂടിയ വാര്‍ത്ത മുക്കിയ അതേ നിലവാരമല്ലേ, ഈ കേസില്‍ പോളിന്റെ ഭൂതകാലത്തെയും ബിസിനസ് ബന്ധങ്ങളെയുംകുറിച്ചുള്ള കാര്യങ്ങള്‍ മൂടിവയ്ക്കുന്നതില്‍ നിങ്ങള്‍ കാണിക്കുന്നത്? രണ്ടു ഗുണ്ടകളെയും കൂട്ടി ഊരുചുറ്റിയ സമ്പന്നകുമാരനെക്കുറിച്ചുള്ളതെല്ലാം മറച്ചുവച്ച്, കൂടെപ്പോയ ഒരു ഗുണ്ടയ്ക്ക് പണ്ട് മാര്‍ക്സിസ്റ്റ് ബന്ധമുണ്ടായിരുന്നെന്ന് അലറിവിളിച്ച്, കേസിനെയും സിപിഐ എമ്മിനെയും കൂട്ടിക്കുഴയ്ക്കാനും വിവാദങ്ങളുയര്‍ത്താനും ശ്രമിക്കുന്ന നിങ്ങള്‍ മനുഷ്യരോ അതോ...

മാധ്യമ സ്വാതന്ത്ര്യമെന്നാല്‍ കള്ളമെഴുതാനും കൊള്ളരുതായ്മ കാട്ടാനുമുള്ളതാണെന്ന് നിങ്ങള്‍ ധരിച്ചുപോയിട്ടുണ്ടെങ്കില്‍, കെ സുധാകരനെയും കാരി സതീശനെയും ടോട്ടല്‍ ഫോര്‍ യൂ രമണിയെയും നിങ്ങള്‍ ഊട്ടി വളര്‍ത്തുക. നിങ്ങളുടെ ഔദാര്യം തിന്ന് വിശപ്പടക്കാന്‍ ഇവിടെ ഒരു കമ്യൂണിസ്റ്റുകാരനും തയ്യാറല്ലെന്നുമാത്രം ഓര്‍ത്തുവച്ചാല്‍ നന്ന്.

ദേശാഭിമാനി മുഖപ്രസംഗം സെപ്തംബര്‍ 16, 2009

1 comment:

  1. നുണച്ചൂളയില്‍ പഴുപ്പിച്ച് എസ് ആകൃതിയില്‍ വളച്ചൊടിക്കപ്പെട്ട വാര്‍ത്തകള്‍ മാധ്യമസ്വാതന്ത്ര്യമായി കൊണ്ടാടപ്പെടുന്ന കാലത്ത്..മാധ്യമസ്വാതന്ത്ര്യത്തെപ്പറ്റി പറയുമ്പോള്‍ അവരുടെ ചില ശരികള്‍ മാത്രം തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്ന കാലത്ത്...നവാബ് രാജേന്ദ്രന്റെയോ, സമാനവ്യക്തിത്വങ്ങളുടെയോ ധീരതകളെ മൊത്തം മാധ്യമങ്ങള്‍ക്ക് മേല്‍ കിന്നരം ചാര്‍ത്താന്‍ ഉപയോഗിക്കുന്ന കാലത്ത്...മാധ്യമങ്ങളുടെ കൃത്യമായ രാഷ്ട്രീയ/വര്‍ഗ താല്പര്യം കാണാതെ പോകുന്ന കാലത്ത്...ചില പരുക്കന്‍ സത്യങ്ങള്‍ക്കും സ്ഥാനം വേണ്ടിയിരിക്കുന്നു...രാജാവ് നഗ്നനാണെന്ന് ആരെങ്കിലും മാധ്യമങ്ങളോട് പറയേണ്ടേ?

    ReplyDelete